പ്രണയിക്കുന്ന
രണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ
അവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധം
അന്തരീക്ഷത്തിൽ
വലയം ചെയ്യും!
കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായി
ഒരു ഹംസം
ചിറകടിച്ചു പറക്കും!
നാലുമണിപ്പൂവുപോലെ
ഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.
അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയും
ഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും!
പ്രണയികളായ പുരുഷന്മാർ
മേനികൊണ്ട് വരച്ച ചിത്രങ്ങളിൽ
ആശയുടെ കടലിരമ്പാറുണ്ട്!
അവരുടെ ഉള്ളാഴങ്ങളിൽ
സ്നേഹത്തിന്റെ ചെതുമ്പലുകളിളക്കി
കാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും!
പൂവിട്ട ചില്ലകൾതാഴ്ത്തി
ഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായി
അവരുടെ കണ്ണുകളിളകും!
പ്രണയിക്കുന്ന
രണ്ട് ആണുങ്ങൾ
പരസ്പരം കാണുമ്പോൾ
സ്വവർഗ്ഗപ്രണയത്തിന്റെ
ഭാഷയറിയാത്തവർക്ക് ആസ്വദിക്കാനാവാത്ത
ഒരു കവിത ജനിക്കുന്നു.
കവർ : ജ്യോതിസ് പരവൂർ