പൂമുഖം LITERATUREകവിത രക്ഷകൻ

രക്ഷകൻ

അക്കരപറ്റാൻ
അച്ഛൻ തുഴഞ്ഞതോണി.
മിച്ചമൂല്യമായക്ഷരം.
നീളെത്തുഴയെറിഞ്ഞു
സ്വപ്നസൂര്യനിൽ
നങ്കൂരമിട്ടൊന്നു പാടാൻ.

എന്റെ ലോകം
ഋതുക്കൾ രജസ്വല
മുദ്രതേടു-
മാഗ്നേയശ്രുതിക-
ളതെത്ര കണ്ണു കത്തിച്ചു.

എന്റെ ആകാശം
മേഘജ്വലനങ്ങൾ
പെയ്തുപെയ്തുർവ്വരമായ
ഭൂവിസ്തൃതികൾ.

അക്ഷരത്തണൽ
താഴ്ന്നിങ്ങുണർത്തുന്ന
സ്വച്ഛമാം കുളിർകാറ്റെന്റെ
ബോധിപ്രഭ.

ഏതൊരു
കൊടുംക്രൂരനിശിതവും
അരിഞ്ഞെരിക്കു-
മൊരാദിമരക്ഷകൻ.

അച്ഛനങ്ങനെ
ആഴിക്കുമപ്പുറം.
അക്ഷരം തോണി
തുഴയെന്റെ രക്ഷകൻ.

Comments
Print Friendly, PDF & Email

You may also like