പൂമുഖം അനുഭവം ഊരാക്കുരുക്കുകൾ

ഊരാക്കുരുക്കുകൾ

വീടു വിറ്റ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് മാറേണ്ടി വന്നപ്പോൾ വേരുകൾ നഷ്ടപ്പെടരുതെന്നും താമസിയാതെ തിരിച്ചു പോകാമെന്നും കരുതിയാണ്‌ അവിടെ കുറച്ച് സ്ഥലം വാങ്ങിയിടാം എന്നു തീരുമാനിച്ചത്. ജനിച്ചു വളർന്നതും, കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കോഴിക്കോടിനെ ഒരു ദിവസം കൊണ്ട് ഉപേക്ഷിച്ച് വരാൻ കഴിയില്ലായിരുന്നു…

ഒരു പരിചയക്കാരനായ ബ്രോക്കറാണ് സ്ഥലം കൊണ്ടു കാണിച്ചത്. “L” ഷെയ്പ്പിലൊരു സ്ഥലം. അതിലേക്ക് നേരെ വാഹനം കയറും. പുറകിലൊക്കെയുള്ള വസ്തുവിലേക്ക് ടൂവീലർ മാത്രമേ പോകൂ. ഈ L Shape; rectangle ആക്കാൻ വേണ്ട ഒരു 3 സെന്റ് തൊട്ടടുത്ത് കാടുപിടിച്ചു കിടക്കുന്നുണ്ട്. വള്ളിപ്പടർപ്പുകളും അഞ്ചാറ് വലിയ മരങ്ങളും ഒരു പനയും കുറേ കിളികളും എല്ലാം കൂടി ഒരു കുഞ്ഞു കാട്! അതും കൂടി നമുക്ക് വാങ്ങാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ബ്രോക്കർ പറഞ്ഞു. അതാരുടെയാണെന്ന് പോലുമറിയില്ല. അവരാരും നോക്കാൻ കൂടി വരാറില്ല. നിങ്ങൾക്ക് അടിക്കാടൊക്കെ വെട്ടി വൃത്തിയാക്കിയിടാം.
അതിനിടയ്ക്ക് ഇതിലും വില കുറഞ്ഞ പുറകിലെ സ്ഥലം വാങ്ങാൻ ബ്രോക്കർ നിർബന്ധിക്കുന്നുണ്ട്. ഉയർന്ന ഏറ്റവും നല്ല കാഴ്ച ഉള്ള ഈ സ്ഥലം വേണ്ടാന്ന് വച്ച് ടൂവീലർ മാത്രം കയറുന്ന പുറകിലെ സ്ഥലം ആരെങ്കിലും വാങ്ങുമോ എന്ന് ഞങ്ങൾ പരസ്പരം കളിയാക്കിച്ചിരിച്ചു. അപ്പോൾ തന്നെ അഡ്വാൻസും കൊടുത്തു. വീണ്ടും വീണ്ടും ഉറപ്പാണല്ലൊ എന്ന് അയാൾ ചോദിച്ചു കൊണ്ടിരുന്നു.. ഡബിൾ ഓക്കേ ആണെന്ന് ഞങ്ങളും!

വീട്ടിൽ വന്ന് ഞങ്ങൾ സ്വപ്നങ്ങൾ കണ്ടു തുടങ്ങി.
ആ കാടിന്റെ ഉടമസ്ഥരെ കണ്ടു പിടിച്ച് അതും കൂടി വാങ്ങണം. അതിന്റെ അടിക്കാട് വൃത്തിയാക്കി അവിടെ ചാരു കസേരയൊക്കെയിട്ട് പുസ്തകം വായിച്ചിരിയ്ക്കാം, പാട്ടുകേൾക്കാം, സ്വപ്നങ്ങൾ കാണാം. രാവിലെ കിളികളുടെ കൂജനം കേട്ടുണരാം. ആഹാ… മൊത്തത്തിൽ ഒരു ബഷീറിയൻ ടച്ച്!!.. ഇടയ്ക്ക് കോഴിക്കോട് പോകുമ്പോൾ അവിടെ പോയി നോക്കി വീണ്ടും ബഷീറിയൻ സ്വപ്നം repeat ചെയ്തു പോരും.

ഒരു ദിവസം തേങ്ങ എടുക്കാൻ ഏല്പിച്ച അവിടെ അടുത്തുള്ള ഒരു ബന്ധുവിന്റെ ഭാര്യ വേവലാതിപ്പെട്ട് വിളിച്ചിട്ട് പറഞ്ഞു.

“അത് കാവാണ്. അവിടെ നിറയെ പാമ്പുണ്ടെന്ന് അടുത്തുള്ള ഇത്താത്ത പറഞ്ഞു. എനിയ്ക്ക് രണ്ട് പെൺമക്കൾ വളർന്നു വരുന്നതാ. ഞങ്ങൾക്ക് തേങ്ങയും വേണ്ട മടലും വേണ്ട”.

അത്യാവശ്യം കായ്ക്കുന്ന ഏഴെട്ട് തെങ്ങുകളുണ്ട്. അവർക്ക് അതൊരു സഹായമായിക്കോട്ടെ എന്ന് കരുതി ഏൽപ്പിച്ചതാണ്. പാമ്പിന്റെ പേരും പറഞ്ഞ് വേണ്ടാന്ന് വച്ചിരിക്കുന്നു!.. ഞങ്ങൾ പതിനഞ്ചും ഇരുപതും രൂപ കൊടുത്ത് തേങ്ങ വാങ്ങുകയാണ്. എന്തു ചെയ്യും ഇത്രയും ദൂരെ കൊണ്ടു വരാൻ കഴിയില്ലല്ലൊ… അടുത്ത പ്രാവശ്യം ഞങ്ങൾ പോയപ്പോൾ പാമ്പുണ്ടെന്ന് പറഞ്ഞ സ്ത്രീയെ കണ്ടു ചോദിച്ചു. പാമ്പിനെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അത് പാമ്പിൻ കാവാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. അതുകേട്ട് ബന്ധുക്കൾ പേടിച്ചു പോയെന്ന് പറഞ്ഞപ്പോൾ അവർക്ക് വിഷമമായി. ഞാനങ്ങിനെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് പറഞ്ഞു. അവരും പ്രാരാബ്ധമുള്ളവരായിരുന്നു. അവസാനം അവരോട് തന്നെ തേങ്ങ എടുത്തോളാൻ പറഞ്ഞു.

ഞങ്ങൾ ആ 3 സെന്റിന്റെ ഉടമസ്ഥരെ തേടിയിറങ്ങി. കുറച്ചകലെയുള്ള വീട്ടിലെ രണ്ട് പ്രായമായ സ്ത്രീകളായിരുന്നു അവർ. പണ്ട് അവർ സ്വത്ത് ഭാഗം ചെയ്യുമ്പോൾ, നാട്ടിലില്ലാത്ത ഏതോ ബന്ധുവിന് കൊടുക്കാമെന്ന് കരുതി അച്ഛൻ മാറ്റി ഇട്ട സ്ഥലമാണത്! അങ്ങിനെ കാടുപിടിച്ചു പോയതാണ്. ഇനിയത് വിൽക്കണമെങ്കിൽ പത്ത് നൂറു പേര് ഒപ്പിടണം. പലരും പലയിടത്താണ്. ഞങ്ങൾക്ക് എല്ലാവരേയും ഓർമ്മ പോലുമില്ല. നിങ്ങൾ ചെറിയ മരങ്ങളൊക്കെ വെട്ടി വൃത്തിയാക്കിക്കൊ എന്ന് പറഞ്ഞു. അത് വാങ്ങൽ നടക്കില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ അടിക്കാടുകൾ വെട്ടിച്ചു. അവിടെ പാമ്പ് പോയിട്ട് ഒരു പഴുതാരയെപ്പോലും എങ്ങും കണ്ടില്ല. ഇത് പല വർഷങ്ങൾ ആവർത്തിച്ചു.

അപ്പോഴേക്കും കോഴിക്കോട്ടേക്ക് തിരിച്ചു പോകാമെന്ന മോഹമൊക്കെ ജോലി, സ്കൂൾ, ഭർത്താവിന്റെ ഉമ്മയുടെ രോഗം എന്നീ കാരണങ്ങൾ കൊണ്ട് സാങ്കേതികമായി നടക്കില്ലെന്ന് മനസ്സിലായി. പതിയെ ഇവിടെ വേരു പിടിച്ചും തുടങ്ങിയിരുന്നു. തിരുവനന്തപുരം തന്നെ
വീടു വച്ചു സെറ്റിലാകാം. റിട്ടയർമെന്റിന് ശേഷം വേണമെങ്കിൽ തിരിച്ചു പോകാമെന്നും കരുതി.
ആ സ്ഥലം വിൽക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ഞങ്ങൾ പെട്ടു പോയത് ഒരു കെണിയിലാണെന്ന് മനസ്സിലായത്.

ആദ്യം ബ്രോക്കർമാരെയാണ് സമീപിച്ചത്. റിയൽ എസ്റ്റേറ്റു വിഷയത്തിൽ കോഴിക്കോടിന്റെ ഒരു പ്രത്യേകത, പീടികക്കോലായിലും കലുങ്കിന്റെ പുറത്തും, കയ്യാലപ്പുറത്തും ഇരിക്കുന്നവനും, ചെറുകിട കച്ചവടക്കാരും മീൻകാരും എന്നു വേണ്ട വഴിയിൽ കാണുന്ന എല്ലാവരും ബ്രോക്കർമാരാണ്എന്നതാണ്. ബാങ്കിൽ നിന്ന് പലിശ പോലും സ്വീകരിക്കാത്തവർ കുത്തിത്തിരിപ്പുണ്ടാക്കി ബ്രോക്കറേജ് അടിച്ചു മാറ്റാൻ മിടുക്കരാണ്. കഥയുണ്ടാക്കി മടുപ്പിച്ച് വിലയിടിക്കുന്ന കാര്യത്തിൽ അവിടുത്തെ ബ്രോക്കർമാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ!…

കുറച്ചു നാളുകൊണ്ട് നാട്ടുകാരും ബ്രോക്കർമാരും കൂടി പറഞ്ഞു പറഞ്ഞു ആ മൂന്നു സെന്റൊരു പാമ്പിൻ കാവാക്കി മാറ്റി. പലരും വന്നു നോക്കി. അവിടെ വീടു വച്ചാൽ മത്സ്യ മാംസാദികൾ പാചകം ചെയ്യാൻ പറ്റില്ലെന്നും, ആർത്തവമുള്ള സ്ത്രീകൾക്ക് താമസിക്കാൻ പറ്റില്ലെന്നും, മുസ്ലീംങ്ങൾക്ക് അപകടം സംഭവിക്കുമെന്നും പലതരം കഥകൾ മെനഞ്ഞു പരത്തി!.. തേങ്ങ എടുക്കുന്നവരും, നാട്ടുകാരും, ബ്രോക്കർമാരുടെ ശത്രുതയും എല്ലാം കൂടി വാങ്ങാൻ വരുന്നവരെ ഓടിച്ചു വിട്ടു. മാർക്കറ്റ് വിലയേക്കാളും മൂന്നിലൊന്ന് വില കുറച്ച് കൊടുത്താൽ നാട്ടുകാർക്ക് പാമ്പും, കാവും ഒന്നും പ്രശ്നമല്ലത്രെ… അതിനിടയിൽ ചില ബുദ്ധിജീവികളും കലാകാരൻമാരുമൊക്കെവന്നിട്ട് “ഹാ എന്തു മനോഹരമായ സ്ഥലം. പാമ്പുണ്ടെങ്കിൽ ഒരു കൂട്ടായി ” എന്നും പറഞ്ഞ് പോയിട്ട് പിന്നീട് നൈസായി ‘അമ്മ സമ്മതിക്കുന്നില്ല, ഭാര്യ സമ്മതിക്കുന്നില്ല’ എന്നൊക്കെ പറഞ്ഞൊഴിഞ്ഞു…

പിന്നീട് ഞങ്ങൾ പത്രത്തിൽ പരസ്യം കൊടുത്തു. അപ്പോഴും വരുന്നവരെ എല്ലാവരും കൂടി പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. അതിൽ ഒരു വക്കീലും ഉണ്ടായിരുന്നു… ബ്രോക്കർമാരെ ഒഴിവാക്കി അവധി കിട്ടുമ്പോഴൊക്കെ കോഴിക്കോട് പോയി വീണ്ടും വീണ്ടും ഞങ്ങൾ പത്രപ്പരസ്യം കൊടുത്തുകൊണ്ടിരുന്നു. അതു പോലെ തന്നെ ആ പറമ്പിലെ അടിക്കാടുകളും ഓരോ പ്രാവശ്യവും വൃത്തിയാക്കേണ്ടിയും വന്നു.

അവസാനത്തെ പരസ്യം വന്നതിന്റെ പിറ്റേന്നു രാവിലെ അവിടെ കരിയിലകൾ പെറുക്കി മാറ്റുന്നതിനിടയിൽ കൈ ഒരു കല്ലിൽ തട്ടി. ഇലകൾ മാറ്റി നോക്കിയ ഞാൻ ഞെട്ടിപ്പോയി… (പഴക്കം തോന്നിപ്പിക്കാൻ ആയിരിക്കും) മണ്ണ് കുഴച്ചു തേച്ച ഒരു ചെറിയ കരിങ്കൽ നാഗശില്പം!. തേച്ച മണ്ണ് ശരിക്കും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. തലേന്നും സ്ഥലം കാണാൻ വന്നവരെയൊക്കെ ഞങ്ങൾ ആ പറമ്പ് നടന്ന് കാണിച്ചതാണ്. അപ്പോഴൊന്നും കാണാതെയിരുന്നത്… രാത്രിയിൽ മനപൂർവ്വം ആരോ കൊണ്ടിട്ടതാണ്. വല്ലാതെ മനസ്സിടറിപ്പോയ നിമിഷങ്ങൾ… പെട്ടെന്ന് തന്നെ ഞങ്ങളതെടുത്ത് മതിലിലെ ഒരു പൊത്തിൽ കൊണ്ടു മറച്ചുവച്ചു… പരസ്യം വന്നിട്ട് മൂന്നാല് ദിവസം കഴിഞ്ഞു. ഒന്നും ശരിയായില്ല. ഇനി വിൽപ്പനയും, തിരുവനന്തപുരത്തെ വീടെന്ന സ്വപ്നവും നടക്കില്ലെന്നോർത്ത് ഞങ്ങൾ നിരാശരായി. അടുത്ത പ്രാവശ്യം ഞങ്ങൾ വരുമ്പോഴേക്കും അവർ മനപൂർവ്വം അതൊരു വിളക്കു വെക്കുന്ന നാഗക്കാവാക്കി മാറ്റുമെന്ന് ഞങ്ങൾക്ക് മനസ്സിലായി…

അന്ന് വൈകുന്നേരം ഒരു മനുഷ്യൻ വിദേശത്തുള്ള മകനുവേണ്ടി സ്ഥലം നോക്കാൻ വന്നു. അയാൾക്ക് നന്നായി ഇഷ്ടപ്പെട്ടു. രണ്ടാഴ്ചക്കുള്ളിൽത്തന്നെ റെജിട്രേഷൻ നടത്താം. പിറ്റേന്ന് അയാളുടെ നഗരത്തിലെ വീട്ടിൽ പോയാൽ എഗ്രിമെന്റ് ഒപ്പിട്ട് അഡ്വാൻസും തരാം എന്നു പറഞ്ഞു. ഞങ്ങൾക്ക് ഒട്ടും സന്തോഷിക്കാൻ കഴിഞ്ഞില്ല. നേരത്തേയുള്ള അനുഭവവും അന്നത്തെ നടുക്കുന്ന അനുഭവവും വച്ച് പിറ്റേന്നാകുമ്പോഴേക്കും അത് മുടങ്ങിപ്പോകുമെന്ന് തന്നെ ഞങ്ങൾ വിശ്വസിച്ചു. ആശങ്കകൾ കൊണ്ട് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് തിരിച്ചു പോകാൻ തീരുമാനിച്ചു….

രാവിലെ ഞങ്ങൾ നെഞ്ചിടിപ്പോടെ അയാളുടെ വീട്ടിൽ പോയി . അയാൾ വളരെ മാന്യനായിരുന്നു. അപ്പോൾ തന്നെ എഗ്രിമെന്റ് സൈൻ ചെയ്ത് അഡ്വാൻസും തന്നു. രണ്ടാഴ്ച കൊണ്ട് റെജിസ്ട്രേഷനും നടന്നു. അതിനു ശേഷം അയാൾ ഞങ്ങളെ വിളിച്ചപ്പോൾ ആ വില്പന തടയാൻ ആളുകൾ ശ്രമിച്ച കാര്യമൊക്കെ പറഞ്ഞു.
“എല്ലാം കേട്ടിട്ടും നിങ്ങളെ വിശ്വസിക്കാനാണ് എനിക്ക് തോന്നിയത്” എന്നാണയാൾ പറഞ്ഞത്. കണ്ണുനിറഞ്ഞു പോയ അനുഭവമാണ്. നാട്ടിൽ പോകുമ്പോൾ പിന്നീടങ്ങോട്ട് പോയി നോക്കാൻ ഇതുവരെ മനസ്സനുവദിച്ചിട്ടില്ല…

ആ മനുഷ്യൻ അന്നു വന്നില്ലായിരുന്നെങ്കിൽ… പേരിലൊരു സ്ഥലം എന്നല്ലാതെ ഞങ്ങൾക്ക്
അതിൽ ഒന്നും ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായിപ്പോകുമായിരുന്നു… സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടിയുള്ള മനുഷ്യന്റെ ചെയ്തികൾ മറ്റുള്ളവരുടെ ജീവിതം എങ്ങിനെയൊക്കെ മാറി മറിഞ്ഞു പോകാമെന്ന്
ഈ അനുഭവം വച്ച് എപ്പോഴും ചിന്തിക്കും….

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like