പൂമുഖം OPINION നമ്മൾ ജാനുവിനെയാണ് തോൽപ്പിച്ചത്

നമ്മൾ ജാനുവിനെയാണ് തോൽപ്പിച്ചത്

ടി കൊണ്ട് നീരുവന്ന കവിളുമായി പോലീസ് ബന്തവസ്സിൽ  കോടതിയിലേക്ക് നടന്നു  പോകുന്ന ജാനുവിന്‍റെ ചിത്രമായിരിക്കണം ഒരു പക്ഷെ അക്കാലം വരെയും  ജാനു ഉയർത്തിയ മുദ്രാവാക്യങ്ങളേക്കാൾ ശക്തമായി  നമ്മളോട് സംസാരിച്ചത് . ആ ചിത്രം കണ്ട ഒരു കേരളീയനും  മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിച്ചില്ല. എന്തിന്, കോടതി പോലും പോലീസ് കസ്റ്റഡിയിലെ പ്രതിയുടെ അവകാശ ലംഘനങ്ങളെ കുറിച്ച് ഒരു പരാമർശവും നടത്തിയില്ല. കാരണം അവർ നമ്മുടെ സമൂഹത്തിലെ ബഹിഷ്കൃതരുടെ പ്രതിനിധിയായിരുന്നു, ദളിതന്‍റെ പ്രതിനിധി ആയിരുന്നു, ആദിവാസിയുടെ പ്രതിനിധി ആയിരുന്നു. ആദിവാസിക്കെന്ത് മനുഷ്യാവകാശം?
ഭൂമിയുടെ അവകാശത്തെ കുറിച്ചും വിതരണത്തെ കുറിച്ചും ഏറ്റവും ഗൗരവമായ ചോദ്യങ്ങൾ ഉയർത്തിയ  മുത്തങ്ങാ സമരത്തെ   നിഷ്ടുരമായി അടിച്ചമർത്തിയ എ. കെ. ആന്‍റണി നമുക്ക് ഇന്നും പുണ്യാളനാണ്, രാജ്യത്തിന്‍റെ പരമോന്നത പദവി അലങ്കരിക്കാൻ പോലും യോഗ്യൻ. ആദിവാസികളുടെ അന്തസ്സും  സ്വയം ഭരണാവകാശവും   ഭൂമിക്കു വേണ്ടിയുള്ള ശബ്ദവും ആദ്യമായി ഉച്ചത്തിൽ  കേൾപ്പിച്ച ജാനു നമുക്ക് എന്നും   ബഹിഷ്കൃത തന്നെയായിരുന്നു.
ഇന്ന് ജാനു നമ്മളെയല്ല തോൽപ്പിച്ചത്, നമ്മൾ ജാനുവിനെയാണ്. ജാനു ഇതുവരെ ഉയർത്തി പിടിച്ചിരുന്ന പാർശ്വവത്കൃതന്റെ  രാഷ്ട്രീയത്തെയാണ്.

പിന്നീട് ജാനുവിനെ  ഞാൻ കാണുന്നത് നേരിട്ടാണ്. ഒരു സന്ധ്യാസമയത്ത്, നല്ല മഴയത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍. ജാനുവിനെ നമ്മൾ മഴയത്ത് നിർത്തിയിരിക്കുകയായിരുന്നു. നൂറിലധികം ദിവസങ്ങള്‍ നീണ്ടു നിന്ന നിൽപ്പ്. സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റിയ നിൽപ്പ് സമരം. സത്യത്തിൽ അത്  ആർക്കും വേണ്ടാത്തവരുടെ അവസാനത്തെ അഭ്യാസങ്ങളിലൊന്നായിരുന്നു. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താനുള്ള ദയനീയ ശ്രമങ്ങളിലൊന്ന്. കുറെ നേരം അവരോടൊപ്പം നിന്നു. സമര പന്തലിൽ ആകെ മൂന്നോ നാലോ പേര് മാത്രം ബാക്കിയായി. വഴി പോക്കർ പോലും ശ്രദ്ധിക്കാതെ കടന്നു പോകുന്നു. ജാനുവിന്‍റെ ആശങ്ക  സമര സഖാക്കളുടെ അടുത്ത ദിവസത്തെ വണ്ടിക്കൂലിയും ഭക്ഷണ ചെലവും എങ്ങനെ കണ്ടെത്തും എന്നതായിരുന്നു. ആ സമരത്തെ തന്ത്രശാലിയായ ഉമ്മൻ ചാണ്ടിയും കൌശലക്കാരനായ സുധീരനും ചേർന്ന്  ജയിച്ചതായി പ്രഖ്യാപിച്ചു തോൽപ്പിച്ചു. നമ്മൾ പതിവു പോലെ നിസ്സംഗരായി  നോക്കി നിന്നു.

ഇന്ന് ജാനു നമ്മളെയല്ല തോൽപ്പിച്ചത്; നമ്മൾ ജാനുവിനെയാണ്. ജാനു ഇത് വരെ ഉയർത്തി പിടിച്ചിരുന്ന പാർശ്വവല്കൃതന്‍റെ  രാഷ്ട്രീയത്തെയാണ്. നമ്മൾ എന്നെന്നും അവഗണിച്ച ആ മുദ്രാവാക്യങ്ങളെയാണ്, ഇന്ന് നമ്മൾ തന്നെ ആവേശത്തോടെ ആക്ഷേപഹാസ്യത്തിന്‍റെ അകമ്പടിയോടെ കുഴിയെടുത്തു മൂടുന്നത്.

ഭൂമിയുടെ അവകാശത്തെക്കുറിച്ചും ഭൂവിതരണത്തിലെ അസന്തുലനത്തെ കുറിച്ചും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ സംസാരിച്ച ആദിവാസി ഗോത്രമഹാസഭയെ ഒരു പക്ഷെ ഏറ്റവും നിർദ്ദയം അവഗണിച്ചത് നമ്മുടെ ഔദ്യോഗിക കമ്യൂണിസ്റ്റു പാർട്ടികൾ തന്നെയായിരിക്കും എന്നതാണ് ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ഫലിതം. ചരിത്രപരമായ മണ്ടത്തരങ്ങൾ നിരന്തരം തുടർന്നുകൊണ്ടേയിരിക്കുക എന്നതാണല്ലോ അടവ് നയം

ജാനുവിന്‍റെ ഈ രാഷ്ട്രീയ ആത്മഹത്യയ്ക്ക് നമ്മൾ കുറ്റപ്പെടുത്തേണ്ടത്  നമ്മളെത്തന്നെയാണ്. രാജ്യമെങ്ങും ദളിതന്‍റേയും അധ:കൃതന്‍റേയും പാർശ്വവല്ക്കരിക്കപ്പെട്ടവന്‍റേയും ശബ്ദം  കൂടുതൽ ഉച്ചത്തിൽ ഉയർന്നു തുടങ്ങുമ്പോൾ നിന്നു കാലുകഴച്ച ജാനു  ഇരിപ്പിടം തേടുകയാണ്, മനുവാദികളുടെയൊപ്പം.  താൻ ഇത് വരെ പ്രതിനിധീകരിച്ച എല്ലാറ്റിനെയും ഒറ്റുകൊടുത്തുകൊണ്ട്

നമുക്ക് നാണിച്ചു തല താഴ്ത്താം. പുതിയ ഹീറോകളെ തേടാം. ആവേശം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങൾ കേട്ട് കരയ്ക്കിരുന്നു കയ്യടിക്കാം.


 

Comments
Print Friendly, PDF & Email

You may also like