കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ആദ്യത്തെ അഞ്ചു ലോകരാഷ്ട്രങ്ങളില്‍ ഒന്നാണ് തെക്കുകിഴക്കന്‍ ആഫ്രിക്കയിലെ മലാവി. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, താമസം, പരിസ്ഥിതി തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലേയ്ക്കും പടര്‍ന്ന് കിടക്കുന്നു ആലങ്കാരികമായി ആ ദാരിദ്ര്യം.
2016 ല്‍ മലാവിയിലെ മ്ബാന്‍ഡോ ഗ്രാമത്തില്‍ മൂന്ന് പേര്‍ സ്വന്തം പോക്കറ്റുകളില്‍ നിന്നെടുത്ത ചെറിയ മൂലധനവും വലിയ ലക്ഷ്യങ്ങളുമായി ABUNDANCE എന്ന പേരില്‍ ഒരു സന്നദ്ധസംഘടനയ്ക്ക് രൂപം കൊടുത്തു. ഒറ്റപ്പാലത്ത് ജനിച്ച് ആഫ്രിക്കയില്‍ വളര്‍ന്ന ദീപ പുല്ലാനിക്കാട്ടില്‍ എന്ന ഒരു വ്യക്തി കൊണ്ടുനടന്ന സ്വപ്നത്തിന്‍റെ സാഹസികമായ സാക്ഷാല്‍ക്കാരമായിരുന്നു അത് .
അല്പം പശ്ചാത്തലം:
പഴയകാല എഴുത്തുകാരന്‍ ടാറ്റാപുരം സുകുമാരന്‍റെ ദൌഹിത്രിയാണ് ദീപ. PWD ജീവനക്കാരനായ അച്ഛന്‍ ഡെപ്യൂട്ടേഷനില്‍ ടാന്‍സാനിയയില്‍ ആയിരുന്നു – പിന്നീട് ലിസോട്ടോവിലും. ആ രണ്ടിടങ്ങളിലുമായി സ്കൂള്‍ വിദ്യാഭ്യാസം കഴിച്ച് കേരളത്തില്‍ എത്തി. എഞ്ചിനീയറിംഗും എം ബി എ യും പാസായി. ദന്തഡോക്റ്റര്‍ ആയ ഭര്‍ത്താവ് സജിത്തിനൊപ്പം വീണ്ടും ലിസോട്ടോവിലും അവിടെ നിന്ന് മലാവിയിലും എത്തി. അവിടെ കഴിഞ്ഞ അഞ്ചു കൊല്ലക്കാലം ഒരു സന്നദ്ധസംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. രാജ്യത്തെ ജീവിതസാഹചര്യങ്ങളുടെ വേദനിപ്പിക്കുന്ന ഒരുപാട് നേര്‍ചിത്രങ്ങള്‍ക്ക് അന്ന് സാക്ഷിയായി.
കുടുംബത്തോടൊപ്പം എസ്വാറ്റിനി – പഴയ സ്വാസിലാന്‍ഡ്– യിലേയ്ക്ക് മാറിപ്പോകുകയായിരുന്ന ദീപയ്ക്ക് പരിചയക്കാരും സുഹൃത്തുക്കളുമായ മലാവിക്കാര്‍ ഒരു യാത്രയയപ്പ് നൽകി. തന്നില്‍ നിന്ന് ഇനിയൊരു സേവനവും ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ആ ചടങ്ങില്‍ അവർ പ്രകടിപ്പിച്ച സ്നേഹവും കരുതലും അവിശ്വസനീയമായിരുന്നു.
തിരിച്ചുവരണമെന്നും മലാവിക്കാര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും മനസ്സിലുറപ്പിച്ചതും ABUNDANCE WORLDWIDE എന്ന് പിന്നീട് പേര് വീണ സന്നദ്ധസംഘടന ഒരാശയമായി മനസ്സില്‍ രൂപം കൊണ്ടതും ആ മണിക്കൂറുകളിലായിരുന്നു.

പരിസ്ഥിതി, കാലാവസ്ഥ സ്പെഷ്യലിസ്റ്റ്, യു എൻ ഡി പി (United nations development program )യിൽ Nationally determined contributions കോർഡിനേറ്റർ.
തന്‍റെ ആശയത്തോട് ഐക്യം പ്രകടിപ്പിച്ച രണ്ട് സുഹൃത്തുക്കളോടൊപ്പം 2016 ഏപ്രിലില്‍ ദീപ മലാവിയില്‍ തിരിച്ചെത്തി. ആവശ്യാധിഷ്ഠിതവിലയിരുത്തലിലൂടെ മച്ചിങ്ങ ജില്ലയിലെ മ്ബാന്‍ഡോ ഗ്രാമത്തെ ദത്തെടുത്തുകൊണ്ട് ABUNDANCE അതിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
രാജ്യത്തെ ജീവിതനിലവാരം ചെറിയ തോതിലെങ്കിലും മെച്ചപ്പെടുത്താന്‍ പല പദ്ധതികള്‍ ഒരുമിച്ച് നടപ്പിലാക്കേണ്ട അവസ്ഥയായിരുന്നു.ഒരു ഗ്രാമത്തെ കേന്ദ്രീകരിച്ച് അതിനൊരു തുടക്കമിടുക എന്നതായിരുന്നു ലക്ഷ്യം.

വിറകടുപ്പുകളായിരുന്നു മലാവിക്കാര്‍ ഉപയോഗിച്ചിരുന്നത്. ത്രികോണാകൃതിയില്‍ വെച്ച, എടുത്തുമാറ്റാവുന്ന, മുമ്മൂന്ന് കല്ലുകളായിരുന്നു അവ. വിറകിനും മരക്കരിക്കുമായി വ്യാപകമായ വനനശീകരണം നടക്കുന്നുണ്ടായിരുന്നു. അറുപത് കൊല്ലം കഴിയുമ്പോള്‍ രാജ്യത്ത് ഒരു മരവും ശേഷിക്കാനിടയില്ല എന്നു പഠനറിപ്പോര്‍ട്ട് വന്നു .അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട അടുപ്പുകളുടെ ഉപയോഗം ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കി.
ഗ്രാമവാസികളെ വെറും ഉപഭോക്താക്കളായി കണ്ടുകൊണ്ടുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നില്ല സംഘടന മനസ്സില്‍ കണ്ട ലക്ഷ്യം. ദൈനന്ദിന ജീവിതത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടും കുറച്ചുകൊടുക്കാന്‍ സഹായിക്കുന്നതോടൊപ്പം ഒരു ജനതയെ കഴിയാവുന്നത്ര സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതായിരുന്നു.
അതിന് പ്രവര്‍ത്തനം രണ്ട് മേഖലകളിലേയ്ക്ക് കൂടി അടിയന്തിരമായി വ്യാപിപ്പിക്കേണ്ടതുണ്ടായിരുന്നു– വിദ്യാഭ്യാസവും ആരോഗ്യവും.
ഒരു ശതമാനം പേരാണ് മ്ബാന്‍ഡോയിൽ വൈദ്യുതി ലഭിക്കുന്നവരായി ഉണ്ടായിരുന്നത്. പഴയ കഥയല്ല.ഏഴ് വർഷം മുൻപ് ABUNDANCE രൂപീകൃതമാവുന്ന കാലത്തെ അവസ്ഥയാണ്. ഇന്‍റർനെറ്റ് ഇല്ല. വായനശാല ഇല്ല. മൊബൈൽ ഫോൺ സൗകര്യം പേരിന് മാത്രം. ഇന്നത്തെ ലോകത്ത് ഇങ്ങനെയൊരു ചുറ്റുപാടിൽ ജീവിക്കേണ്ടിവരുന്ന ഒരു സമൂഹത്തിന് വിദ്യാഭ്യാസരംഗത്ത് എത്ര ദൂരം പോകാനാവുമെന്നത് ഊഹിക്കാവുന്നതേയുള്ളു. കുട്ടികള്‍ക്ക് മാത്രമല്ല അദ്ധ്യാപകര്‍ക്കുമുണ്ടായിരുന്നു പഠനസാമഗ്രികളുടെ ദൌര്‍ലഭ്യമോ അഭാവമോ കൊണ്ടുള്ള പരിമിതികള്‍.
ആരോഗ്യകാര്യത്തില്‍ രാജ്യത്തിന്‍റെ പിന്നോക്കാവസ്ഥയ്ക്കും കാരണം ദാരിദ്ര്യം മാത്രമായിരുന്നില്ല.
സ്ത്രീകളില്‍ ആറ് ശതമാനം പേര്‍ക്ക് മാത്രമാണ് സാനിറ്ററി പാഡുകള്‍ വാങ്ങി ഉപയോഗിക്കാൻ പറ്റിയ സാഹചര്യമുണ്ടായിരുന്നത്. സ്കൂളില്‍ നാലോ അഞ്ചോ ദിവസത്തെ ക്ലാസുകള്‍ മുടക്കുകയായിരുന്നു പെണ്‍കുട്ടികളുടെ പതിവ്. സാനിറ്ററി പാഡുകള്‍ക്ക് പകരം വര്‍ത്തമാന പത്രങ്ങളുടെ താളുകളും പഴയ തുണിക്കഷണങ്ങളും ആയിരുന്നു മിക്കവരും ഉപയോഗിച്ചുകൊണ്ടിരുന്നത്. അവയാകട്ടെ ഭദ്രമായി ശരീരത്തില്‍ ബന്ധിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ചെറിയ വയസ്സിലെ ഗര്‍ഭധാരണം, എച്ച് ഐ വി / എയ്ഡ്സ് അടക്കമുള്ള ലൈംഗിക രോഗങ്ങള്‍, അവയുടെ പ്രതിരോധം, കുടുംബാസൂത്രണം തുടങ്ങി ഗ്രാമത്തെ കാര്യമായി ബാധിച്ചിരുന്ന പല വിഷയങ്ങളിലും അന്ധവിശ്വാസങ്ങളോ അപകടകരമായ അറിവില്ലായ്മയോ ആയിരുന്നു ഗ്രാമവാസികള്‍ക്കുണ്ടായിരുന്നത്. ദാരിദ്ര്യത്തിനും പട്ടിണിക്കും നടുവില്‍ ആയിരുന്നപ്പോഴും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുള്ള കുടുംബാസൂത്രണത്തിന് ആരും തയ്യാറായിരുന്നില്ല. അത്തരം ഇടപെടലുകള്‍ ഗര്‍ഭധാരണശേഷി ഇല്ലാതാക്കാന്‍ അഥവാ വന്ധ്യതയ്ക്ക് കാരണമാവും എന്ന് അവര്‍ വിശ്വസിച്ചു.
ഗ്രാമത്തില്‍ വാഹനസൌകര്യം തീരെ കുറവായിരുന്നു. ഏറ്റവും അടുത്തുള്ള മ്ബോസ ക്ലിനിക്കിലെത്താന്‍ രോഗികള്‍ക്ക് മണ്‍പാതയിലൂടെ ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരം നടക്കേണ്ടിയിരുന്നു. വാടകയ്ക്ക് കിട്ടുന്ന സൈക്കിൾ ആയിരുന്നു അവലംബിക്കാവുന്ന ഏക വാഹനം. ശാരീരിക അവശതകള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും അതൊട്ടും സൌകര്യപ്രദമായിരുന്നില്ല. ചികിത്സാ ചെലവിന്‍റെ കൂടെ യാത്രച്ചെലവ് കൂടി വഹിക്കാന്‍ പറ്റിയ സാമ്പത്തിക ചുറ്റുപാടുകളുമായിരുന്നില്ല മിക്കവര്‍ക്കും.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനോ ജീവിതനിലവാരം ഉയര്‍ത്തുന്നതിനോ സഹായകമായേയ്ക്കാവുന്ന സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ യുവതയെ പ്രേരിപ്പിക്കുന്ന ഒന്നും എവിടേയും ഉണ്ടായിരുന്നില്ല.
തൊണ്ണൂറ്റഞ്ച് കുടുംബങ്ങള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച അടുപ്പുകള്‍ സൌജന്യമായി വിതരണം ചെയ്തുകൊണ്ടാണ് സംഘടന അതിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത്. പുക കുറഞ്ഞതും ഇന്ധനക്ഷമത കൂടുതലുള്ളതുമായ ഈ അടുപ്പുകള്‍ പ്രധാനമായും ഉന്നം വെച്ചത് വിറകിന്‍റേയും കരിയുടേയും ഉപയോഗം കുറയ്ക്കുന്നതിലായിരുന്നു.

അവയുടെ ഉപയോഗം തീര്‍ത്തൂം അവസാനിപ്പിക്കാന്‍ ഉതകുന്ന മട്ടില്‍ ജൈവമാലിന്യങ്ങളില്‍ നിന്ന് ബയോഗാസ് ഉത്പാദിപ്പിക്കാനാവുമോ എന്ന അന്വേഷണവും ഒരു വശത്ത് പുരോഗമിക്കുന്നുണ്ടായിരുന്നു.
വൈദ്യുതിയും ഇന്‍റര്‍നെറ്റും ഇല്ലാത്ത, പേരിന് മാത്രം മൊബൈല്‍ ഫോണ്‍ സൌകര്യമുള്ള മ്ബാന്‍ഡോ തീര്‍ത്തൂം ഒരു ‘ഓഫ് – ദ – ഗ്രിഡ്’ ഗ്രാമമാണ്. സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും അതിന്‍റെ സഹായത്തോടെ ഒരു ഇ ലേണിങ് സെന്‍റര്‍ വിജയകരമായി കൊണ്ടുനടത്താനും കഴിയും എന്ന് ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന വഴി ABUNDANCE മനസ്സിലാക്കി. ലോകത്തെ മികച്ച വിദ്യാഭ്യാസ സൈറ്റുകളുടെ ഓഫ് ലൈന്‍ പതിപ്പുകള്‍ ലഭ്യമാക്കുന്ന RACHEL സാങ്കേതികതയും കീപോഡ്സ് ഫ്ലാഷ് ഡ്രൈവുകളും നവീകരിച്ചെടുത്ത പഴയ ലാപ്ടോപ്പുകളും ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടു. പരിമിതമായ സാമ്പത്തികശേഷി ഉപയോഗിച്ച് 150 കീപോഡ്സ് പദ്ധതിക്കായി സംഘടിപ്പിച്ചു . പരിശീലനക്ലാസുകളില്‍ പങ്കെടുത്തിരുന്നവരുടെ ആവശ്യപ്രകാരം നേതൃത്വപാടവം, കാലാവസ്ഥാവ്യതിയാനം, സോപ്പ് നിര്‍മ്മാണം , വെല്‍ഡിംഗ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ‘Do It Yourself’ വീഡിയോകള്‍ ലഭ്യമാക്കി. ചിലിംബ സെക്കന്‍ററി സ്കൂളിലെ ഒരു മുറിയാണ് ഇ ലേണിംഗ് സെന്‍റര്‍ ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ജീവിതത്തില്‍ മൊബൈല്‍ ഫോണോ ലാപ്ടോപ്പോ കണ്ടിട്ടില്ലാത്തവരുമുണ്ടായിരുന്നു യുവാക്കളുടെ കൂട്ടത്തില്‍. ആള്‍ക്കൂട്ടധനസമാഹരണവും അഭ്യുദയകാംക്ഷികളുടെ കൈയയച്ച സംഭാവനകളും സുമനസ്സുകളുടെ സന്നദ്ധസേവനവും വഴി ആവശ്യത്തിനുള്ള മൂലധനം കണ്ടെത്തി. യുവാക്കളില്‍ പലരും ചെറിയ തൊഴില്‍ സംരംഭങ്ങളിൽ താത്പര്യവുമായി സംഘടനയെ സമീപിച്ചിരുന്നു. ഇ ലേണിംഗ് സെന്‍ററില്‍ ഏതന്വേഷണത്തിനുമുള്ള ഉത്തരം വിരല്‍ത്തുമ്പിലായിരുന്നു. നാല്‍പ്പത്തഞ്ചു പേര്‍ക്ക് ഒരേ സമയം പരിശീലനം കൊടുക്കാവുന്ന സംവിധാനമാണ് സെന്‍ററിൽ ഉള്ളത്. പഠനസാമഗ്രികളും സൌകര്യവും ഗ്രാമത്തിന്‍റെ മുക്കിലും മൂലയിലും എത്തിക്കുക എന്നതാണ് ലക്ഷ്യം.


അടുത്ത ശ്രമം സഹകരണാടിസ്ഥാനത്തില്‍ ഒരു ഗ്രന്ഥശാല തുടങ്ങാനായിരുന്നു. ശിശുപരിപാലന സെന്‍ററില്‍ ഒരു മുറിയാണ് ലൈബ്രറിയായി രൂപാന്തരപ്പെട്ടത്. മേശകളും കസേരകളും പുസ്തകങ്ങളും വ്യക്തികളില്‍ നിന്ന് സംഭാവനയായി കൈപ്പറ്റി. സംഘടനയുടെ സഹായത്തോടെ, തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി, ആശാരിപ്പണിയില്‍ പരിശീലനം സിദ്ധിച്ച ഒരാളാണ് പുസ്തകം സൂക്ഷിക്കാന്‍ രണ്ട് അലമാറകള്‍ നിര്‍മ്മിച്ചൂകൊടുത്തത്. ലൈബ്രേറിയനായി ചുമതലയേല്‍ക്കാന്‍ കൂട്ടത്തില്‍ നിന്നൊരാള്‍ തയ്യാറായി. പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് അധികൃതരുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ടാക്കി.

കോവിഡ് സമയത്ത് ABUNDANCE തുണി മാസ്ക്കുകള്‍ നിര്‍മ്മിച്ച് ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. നേരത്തേ സൂചിപ്പിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ അവസരം ഉപയോഗപ്പെടുത്തി തുന്നൽ ജോലി പഠിച്ച ഒരു സ്ത്രീയാണ് ഇതിന് മേല്‍നോട്ടം വഹിച്ചത്. ലോകത്തോടൊപ്പം കൊട്ടിയടച്ച മ്ബാന്‍ഡോയില്‍ മുടക്കമില്ലാതെ, നാട്ടില്‍ തന്നെ നിർമ്മിച്ച സോപ്പ് വിതരണം ചെയ്തതും സംഘടനയായിരുന്നു.
കൃഷി ചെയ്തും മത്സ്യം പിടിച്ചും ജീവിതം കൊണ്ടുനടത്താന്‍ കാലാവസ്ഥയിലെ അപ്രതീക്ഷിതമാറ്റങ്ങളും പ്രകൃതികോപങ്ങളും നാട്ടുകാരെ അനുവദിക്കുന്നുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് തൊഴിലും സുസ്ഥിരവരുമാനവും ഉറപ്പാക്കൂന്ന ഒരു സ്ഥാപനം മ്ബാന്‍ഡോയില്‍ തുടങ്ങണം എന്ന ആശയം പൊങ്ങിവന്നത് അങ്ങനെയാണ് .
ഡയറക്റ്റര്‍ മിസ് റൂത്ത് മുംബയുടെ നേതൃത്വത്തില്‍ നടന്ന യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ പൊതുസംരംഭമായി ഒരു അരിമില്ല് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണമായും ഒരു സ്ത്രീ സംരംഭമായിരുന്നു അത്. പരിശീലനം കിട്ടിയ പതിനാറ് സ്ത്രീകള്‍ ചേര്‍ന്ന് അതിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. സമൂഹത്തിന് മൊത്തം പ്രയോജനപ്പെടുന്നതും കൂട്ടായ ശ്രമത്തിന് അവസരം തരുന്നതുമായ സ്ഥാപനമായി അത് വളര്‍ന്നു. ഗ്രാമവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ധാന്യങ്ങള്‍ ഉമി കളഞ്ഞ് മേടിക്കാം. സേവനങ്ങള്‍ക്ക് അടയ്ക്കേണ്ട തുക സാധനങ്ങളായും നല്കാം. ഇങ്ങനെ കിട്ടുന്ന സാധനങ്ങള്‍ അപ്പോഴപ്പോള്‍ മെംബര്‍മാരുടെ തീരുമാനമനുസരിച്ച് അവര്‍ക്കിടയില്‍ തന്നെ വീതിക്കപ്പെട്ടു. മില്ലില്‍ നിന്ന് ഉമി വാങ്ങി പുതിയ ഗാസ് കുക്കറുകളില്‍ വാതക ഇന്ധനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം. ഉമി കളഞ്ഞ് പോളിഷ് ചെയ്ത ധാന്യങ്ങള്‍ കൂടുതല്‍ വിലയ്ക്ക് കമ്പോളത്തില്‍ വില്‍ക്കാം എന്നതുകൊണ്ടും ദൂരെയുള്ള മില്ലുകളിലേയ്ക്കുള്ള യാത്രാസമയവും ചെലവുകളും ലാഭിയ്ക്കാമെന്നതുകൊണ്ടും ഇത് നാട്ടുകാരുടെ സാമ്പത്തിക നിലവാരത്തില്‍ ഗുണകരമായ മാറ്റം വരുത്തി.

സുഗമമായ പ്രവര്‍ത്തനത്തെ ഒരിടപെടല്‍ വഴി പ്രകൃതി ഇടയ്ക്കൊന്ന് തകരാറിലാക്കി. അരിമില്ല് നടന്നുവന്നിരുന്ന കെട്ടിടം കനത്ത ഒരു ചുഴലിക്കാറ്റില്‍ നിലംപൊത്തി. അത് വീണ്ടും കെട്ടിയുയര്‍ത്തുക എന്നത് സാമ്പത്തികമായും അല്ലാതെയും ശ്രമകരമായ ജോലിയായിരുന്നു.
മഴക്കാലവും വേനല്‍ക്കാലവുമായി മലാവിക്കാര്‍ക്ക് രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ. ഈ കാലങ്ങളില്‍ ഉണ്ടാവുന്ന നനഞ്ഞതും അല്ലാത്തതുമായ ജൈവമാലിന്യം ഒരേപോലെ ഉപയോഗിക്കാനാവുന്ന ഗാസ്പ്ലാന്‍റ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു. ബയോഗാസും ബയോസിന്‍ ഗാസും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയത് ഗ്രാമത്തിലെ ചിലിംബ പ്രൈമറി സ്കൂളിന്‍റെ അടുക്കളയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനാണ്. ഇന്ധനം ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ജൈവമാലിന്യം മുടങ്ങാതെയും തരം തിരിച്ചും ശേഖരിക്കേണ്ടതുണ്ടായിരുന്നു. ഗ്രാമത്തിലെ അരിമില്ലില്‍ നിന്ന് ഉമിയും ചെറിയ കൃഷിയിടങ്ങളില്‍ നിന്ന് ചാണകവും കരിമ്പിന്‍ ചണ്ടിയും പതിവായിത്തന്നെ ശേഖരിക്കാന്‍ ഏര്‍പ്പാടാക്കി. പദ്ധതിയില്‍ ജനപങ്കാളിത്തം ഉറപ്പിക്കാന്‍ ലഭിച്ച ആദ്യ അവസരമായി അത്. അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്ന ചെറുപ്പക്കാരുടെ ഒരു പത്തംഗ സംഘത്തിന് ABUNDANCE രൂപം നല്കി. അവരെ ബോധവത്ക്കരിക്കാന്‍ വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു. ജൈവമാലിന്യശേഖരണത്തിന് ആവശ്യമായ തൊഴില്‍ പരിശീലനം നല്കി. കൈയൂറകളും ബക്കറ്റുകളുമായി മാലിന്യശേഖരണത്തിനാവശ്യമായ സാമഗ്രികളും നല്കി.
അന്തരീക്ഷ – പരിസര മലിനീകരണങ്ങളും വനനശീകരണവും കാലാവസ്ഥാവ്യതിയാനവും കൂട്ടത്തില്‍ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും കുറച്ചും പരിസ്ഥിതി സൌഹാര്‍ദ്ദപരമായി പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം കൂട്ടിയും ചെറിയ തോതിലെങ്കിലും തൊഴില്‍മേഖലയെ പുഷ്ടിപ്പെടുത്തിയും ഇത് ഭാവിയില്‍ സ്വയംപര്യാപ്തതയുടെ വഴിയില്‍ രാജ്യത്തിന് ഏറെ ഗുണകരമായി തീരും എന്ന് ABUNDANCE വിശ്വസിക്കുന്നു.
ഇതിനിടെ ചെറിയ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും മുതിര്‍ന്നവര്‍ക്ക് സ്പോര്‍ട്ട്സ് സാമഗ്രികളും എത്തിച്ചുകൊടുക്കാനും സംഘടന ശ്രദ്ധിച്ചു. ആ വഴിക്കുള്ള ചെലവിന്‍റെ ഒരു ഭാഗം സ്വന്തം ശ്രമത്തിലൂടെ സ്വരൂപിച്ചെടുത്ത് ഗ്രാമത്തിലെ ചെറുപ്പക്കാര്‍ അവരുടെ കൂട്ടുത്തരവാദിത്വബോധം പ്രകടമാക്കി. ABUNDANCE ന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു അതും. കൈയില്‍ ഒതുങ്ങുന്ന കാരുണ്യപ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. തണുപ്പ് കാലം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് 117 വൃദ്ധജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ കൊടുത്തുകൊണ്ട് 2016 ല്‍ തന്നെ അതിനും തുടക്കം കുറിച്ചു
പണമായും സാധനങ്ങളായും സേവനങ്ങളായും ABUNDANCE ന് അതിന്‍റെ ശ്രമങ്ങളില്‍ കൂട്ടായവരില്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉണ്ട്. അവയെ അന്വേഷിച്ചു കണ്ടെത്തുന്നതിലും ഒരുമിപ്പിക്കുന്നതിലും വേണ്ട ശ്രദ്ധ പുലര്‍ത്തുന്ന ഒരു ഭരണ – നിര്‍വാഹക കൂട്ടായ്മ ദീപയുടെ നേതൃത്വത്തില്‍ അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്നു.
ഡയരക്റ്റര്‍ റൂത്ത് മുംബയുടെ മേല്‍നോട്ടത്തില്‍ സാനിട്ടറി പാഡുകളുടെ നിര്‍മ്മാണവും ശരിയായ ഉപയോഗരീതികളും എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പ് നടത്തി. പെണ്‍കുട്ടികളും സ്ത്രീകളുമായി എണ്‍പതിലധികം പേര്‍ പരിപാടിയില്‍ പങ്കുകൊണ്ടു. ബട്ടണുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി ശരീരത്തില്‍ ബന്ധിക്കാവുന്നതും ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതും ആയ തുണി പാഡുകളുടെ നിര്‍മ്മാണത്തില്‍ അന്‍പതിലേറെ പെണ്‍കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനം നല്കി. തുണിയും തുന്നല്‍ സാമഗ്രികളും ഉള്‍പ്പെടുന്ന പാഡ് നിര്‍മ്മാണ കിറ്റുകള്‍ അവര്‍ക്കിടയില്‍ വിതരണം ചെയ്തു.
ആരോഗ്യസംരക്ഷണത്തോടൊപ്പം തൊഴിലും എന്ന ആശയം ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. സ്കൂളിലെ ഹാജര്‍ നിലവാരത്തോടൊപ്പം പെണ്‍കൂട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യവും മെച്ചപ്പെടുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ കണ്ടുതുടങ്ങി.
|അന്ധവിശ്വാസങ്ങളുടെയും അറിവില്ലായ്മയുടെയും കെട്ടുപാടുകളില്‍ നിന്ന് യുവജനങ്ങളെ ആവുന്നത്ര മോചിപ്പിച്ച് അവര്‍ക്കിടയില്‍ ആരോഗ്യകരമായ ലൈംഗിക ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ബോധവത്ക്കരണക്ലാസുകള്‍ സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ലിറ്റില്‍ ബിഗ് പ്രിന്‍റ്സ് എന്ന സന്നദ്ധസംഘടനയുടെ ക്ഷണമനുസരിച്ച് സോംബായിലെ ചിരുംഗാ സ്കൂളിലും ABUNDANCE ഇതേ തരത്തിലുള്ള വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി
നേരത്തേ സൂചിപ്പിച്ച മ്ബോസ ക്ലിനിക്കിലേയ്ക്ക് രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാന്‍ ചെലവ് കുറഞ്ഞ വാഹനം എന്ന നിലയില്‍ ഒരു സൈക്ക്ള്‍ ആംബുലന്‍സ് 2016 അവസാനത്തോടെ ABUNDANCE സംഭാവന ചെയ്തു. ഗിയറുള്ള സൈക്ക്ളിന് പിന്നില്‍, ചക്രങ്ങള്‍ ഘടിപ്പിച്ച സ്റ്റ്രെച്ചര്‍ ബന്ധിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മലാവിയന്‍സ് ഇന്‍ ടെക്സാസ് എന്ന സംഘടനയുടെ വക രണ്ടാമത്തെ സൈക്ക്ള്‍ ആംബുലന്‍സും ലഭിച്ചു. ഒരു വിമാനയാത്രയില്‍ പരിചയപ്പെടാനിടയായ ആന്‍ഡ്രൂ ക്രോഞ്ഞെ എന്ന മനുഷ്യസ്നേഹിയുടെ ശ്രമമായിരുന്നു അതിന് പിന്നില്‍ എന്ന് ഓര്‍മ്മിക്കവേ ദീപ പറയുന്നു :
“ആകസ്മികമായ കൂടിക്കാഴ്ചകള്‍ നാം കരുതുന്നതുപോലെ ആകസ്മികമാവണമെന്നില്ല . മഹത്തായ ഏതോ ആശയ സാക്ഷാല്‍ക്കാരത്തിനായി സംഭവിക്കുന്നയാവാം അവ.”
മ്ബാന്‍ഡോയില്‍ മലേറിയ പടര്‍ന്നപ്പോള്‍ നാല്‍പ്പതിലധികം കുട്ടികളെ ക്ലിനിക്കിലേയ്ക്കും തിരിച്ച് വീടുകളിലേയ്ക്കും എത്തിക്കുന്നതില്‍ വലിയ സേവനമാണ് സൈക്ക്ള്‍ ആംബുലന്‍സുകള്‍ക്ക് നിര്‍വഹിക്കാനായത്.
വനനശീകരണത്തിന്‍റെ ദൂരവ്യാപകമായ ദോഷഫലങ്ങളും കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതില്‍ പരിസ്ഥിതിസംരക്ഷണത്തിനുള്ള പങ്കും ജനങ്ങളെ ബോദ്ധ്യപ്പെടുത്തി, നഷ്ടപ്പെട്ട വനസമ്പത്ത് തിരികെ കൊണ്ടുവരാന്‍ ഉള്ള ശ്രമം ABUNDANCE തുടങ്ങിവെച്ചു. രാജ്യത്ത് ഒരു ലക്ഷം മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു പദ്ധതി. വിത്തുശേഖരണത്തിലും മുളപ്പിച്ച വിത്തുകള്‍ ഉപയോഗിച്ച് വൃക്ഷത്തൈകളുടെ നഴ്സറി തയ്യാറാക്കുന്നതിലും വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ക്ലാസുകള്‍ നടന്നു. വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഗ്രാമത്തിലെ യുവതലമുറ ഈ ഉദ്യമങ്ങളില്‍ പങ്ക് ചേര്‍ന്നു. ക്ലാസുകളില്‍ പങ്കെടുത്ത യുവാക്കള്‍ അതില്‍ നിന്നു കിട്ടിയ ആവേശവുമായി ചുവന്ന പയര്‍ കൃഷി ചെയ്യുന്ന ഒരു പ്രൊജക്റ്റ് സ്വന്തമായി കണ്ടെത്തി നടപ്പാക്കി.
ഗ്രാമത്തിന്‍റെ ബഹുമുഖമായ വളര്‍ച്ചയ്ക്കായി ABUNDANCE നടത്തിയ ഇടപെടലുകള്‍ക്ക് കനത്ത പ്രഹരമാണ് മഹാമാരി ഏല്‍പ്പിച്ചത്. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും മന്ദഗതിയിലാവുകയും ചെയ്തു. ലോക സാമ്പത്തിക ശക്തികള്‍ പോലും ഒരാഗോളമാന്ദ്യത്തിന്‍റെ ഭയപ്പാടില്‍ പതറുമ്പോള്‍ മലാവിയെ പോലുള്ള രാഷ്ട്രത്തിന്‍റെ അവസ്ഥ പറയേണ്ടതില്ലല്ലോ. ചുറ്റുപാടുകള്‍ സാധാരണ ഗതിയിലേയ്ക്ക് തിരിച്ചു വന്ന് കഴിഞ്ഞതോടെ വീണുകിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ മ്ബാന്‍ഡോവും ശ്രമം തുടങ്ങിയിട്ടുണ്ട്..
ഇക്കഴിഞ്ഞ ദിവസം ABUNDANCE ന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മ്ബാന്‍ഡോ ഗ്രാമത്തിന്‍റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും ദീപയുമായി നേരില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു.

ചെയ്യേണ്ടതായി ഇനിയും ഒരുപാടുണ്ട് എന്ന് സംഘടനയ്ക്കറിയാം. കോവിഡിനെ തുടര്‍ന്ന് പടര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം കാരണം മലാവിയിലെ കറന്‍സിക്ക് വലിയ മൂല്യത്തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ ദൈനംദിനജീവിതത്തെ വീണ്ടും ദുരിതത്തിലേയ്ക്ക് തള്ളിയിട്ടിരിക്കുന്നു. പ്രതിസന്ധി തരണം ചെയ്യാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു.
ഫ്രെഡ്ഡി ചുഴലിക്കാറ്റ് മലാവിയില്‍ വീശിയടിച്ചതായാണ് പുതിയ വാര്‍ത്ത. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും 65 വീടുകളെങ്കിലും തകര്‍ന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്…………
സംഘടനയുടെ ചരിത്രം കേട്ടുകൊണ്ടിരുന്നപ്പോള്‍ എന്‍റെ മനസ്സില്‍ ‘കുടുംബശ്രീ’യെ കുറിച്ച് അതിന്‍റെ ശാഖകളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂര്‍ദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘ഇനി ഞങ്ങള്‍ പറയാം’ എന്ന പരമ്പര ആയിരുന്നു.
കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ