പൂമുഖം LITERATUREകഥ വേനൽപരപ്പുകൾ

വേനൽപരപ്പുകൾ

പാതി നിറച്ച ഗ്ലാസിലെ വെള്ളം ആർത്തിയോടെ വലിച്ചു കുടിക്കുന്നതിനിടയിൽ, മുന്നിലൊരു മുരടനക്കം കേട്ട് താര തലയുയർത്തി.

ബിട്ടു, ആർക്കും ഉടമസ്ഥാവകാശം സ്ഥാപിക്കാനില്ലാത്ത, തെരുവിലെ അഴുക്കുചാലിൽ വളർന്ന ഒരു ഭീകരൻ നായ!! വിളറി പിടിച്ചോടുന്ന കുട്ടികളും പാതിരാത്രിയിൽ ഒറ്റയ്ക്ക് വരുന്ന യാത്രികരുമാണവന്‍റെ പ്രധാന ഇര. അവന്‍റെ കടിയേല്ക്കാത്ത നാട്ടുകാർ വിരളം. ആ ഭ്രാന്തൻ നായയെ കൊല്ലാൻ പലരും പലതവണ ശ്രമിച്ചതാണ്. പക്ഷെ എല്ലാവരെയും കബളിപ്പിച്ചവൻ എപ്പോഴും രക്ഷപ്പെടും.

ഇപ്പോഴിതാ, തന്‍റെ മുന്നിൽ, നാട്ടുകാരെ വിറപ്പിച്ചിരുന്ന ആ കടിയൻ നായ… ഒരു പൂച്ചക്കുഞ്ഞിനെ പോലെ… ഒരിറ്റു ദാഹജലത്തിനായി! താരയ്ക്ക് തന്നോട് തന്നെ മതിപ്പ് തോന്നി. അവൾ ഗ്ലാസിലെ ശേഷിച്ച വെള്ളം, മറിഞ്ഞു കിടന്ന ഒരു ചിരട്ട നിവർത്തി പൊടി തട്ടിക്കളഞ്ഞ് അതിലൊഴിച്ചു കൊടുത്തു. ബിട്ടു ആർത്തിയോടെ വെള്ളം നക്കി തുടയ്ക്കുന്നത് കണ്ടവളുടെ ചുണ്ടിന്‍റെ കോണിൽ ഒരു ചെറുമന്ദഹാസം വിടർന്നു.

പുറകിലൊരനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് രൂക്ഷമായ കണ്ണുകളോടെ നിൽക്കുന്ന അമ്മയെയാണ്.

“നിന്നോട് പറഞ്ഞിട്ടില്ലേ വെള്ളം ഇങ്ങനെ കണ്ട പട്ടിക്കും പൂച്ചയ്ക്കും ഒക്കെ കൊടുത്തു തീർക്കരുതെന്ന്. ഇനി വെള്ളം ചോദിച്ചിങ്ങോട്ട് വാ, കാണിച്ചുതരാം.”

ദേഷ്യത്തെക്കാളേറെ സങ്കടത്തോടെ അമ്മ അകത്തേക്ക് കയറിപ്പോയി.

താര ഒന്നും സംഭവിക്കാത്ത മട്ടിൽ ബിട്ടുവിനെ നോക്കി. ദാഹം ശമിച്ച അവൻ സംതൃപ്തിയോടെ താരയെ നോക്കി വാലാട്ടി. ബിട്ടുവിനൊരു പുഞ്ചിരി സമ്മാനിച്ചിട്ടവൾ അകത്തേക്ക് നടന്നു.

അകത്ത് അനുജൻ കല്ലുപെൻസിൽ കൊണ്ട് ചുവരിൽ ചിത്രങ്ങൾ കോറിയിടുന്ന തിരക്കിലാണ്. അടുത്ത് ജനാലയ്ക്കരികിലെ മേശയ്ക്ക് മുന്നിൽ തല കുമ്പിട്ടിരിക്കുന്ന അച്ഛനും.

അടുക്കളയിൽ പാത്രങ്ങൾ വലിച്ചെറിയുന്നതിന്‍റെ ശബ്ദവും ഒപ്പം അമ്മയുടെ അലർച്ചയും.

“ഇനിയെന്തുണ്ടാക്കിയിട്ട് പിള്ളേർക്ക് കൊടുക്കും? ഇന്നെങ്കിലും എന്തെങ്കിലും കിട്ടുംന്ന് വിചാരിച്ചതാ. കുടിക്കാനാണേൽ ഒരു തുള്ളി വെള്ളം പോലുമില്ല. മഴയൊട്ടു പെയ്യുന്നുമില്ല. അതിനെടേലാ അവൾടെ ഒരു പട്ടി സ്നേഹം.”

അമ്മയുടെ അരിശം തന്‍റെ നേരെ നീളുന്നു എന്ന കണ്ടവൾ അച്ഛന്‍റെ അടുത്തു ചെന്ന് മടിയിൽ ഇരിപ്പുറപ്പിച്ചു. സ്വാഭാവികമായ കൗതുകത്തോടെ അവൾ ചോദിച്ചു, “അച്ഛനല്ലേ പറഞ്ഞത് മഴയിപ്പൊ വരുംന്ന്. എന്നിട്ടമ്മയെന്തിനാ ഒച്ച വെക്കുന്നത്?”

അയാൾ ഒന്നും പറഞ്ഞില്ല. ഇത് മഴക്കാലത്തിന്‍റെ തുടക്കമല്ല, അവസാനമാണ് എന്നെങ്ങനെ പറയാൻ. അവൾ പ്രതീക്ഷിക്കുന്ന മഴ ഇനി പെയ്യില്ല എന്ന് പറയാനയാളുടെ നാവ് പൊന്തിയില്ല. അഥവാ പെയ്താൽ തന്നെ തങ്ങൾ അത് വരെ അവശേഷിക്കുമോ എന്നോർത്തപ്പോൾ അയാൾക്ക് വല്ലാത്ത ഭയം തോന്നി. മടിയിലിരിക്കുന്ന കൊച്ചുമകളെയും ചുമരിൽ പടം വരയ്ക്കുന്ന അവളുടെ കൊച്ചനുജനെയും നോക്കി, പിന്നെ കണ്ണിൽ പൊടിച്ചുവന്ന നനവ് ആരും കാണാതെ തുടച്ചുകൊണ്ടയാൾ ജനാലയിലൂടെ പുറത്തേക്ക് ദൃഷ്ടി പായിച്ചു.

ചുറ്റും തവിട്ടുനിറത്തിൽ ഉണങ്ങിവരണ്ട് നിൽക്കുന്ന ഭൂമിയും പാതി വീഴാറായ മരങ്ങളും. വരൾച്ച മൂലം അവയുടെ ഇലകളിലെ പച്ചപ്പ് അല്പംപോലും ശേഷിച്ചിരുന്നില്ല. ഉണങ്ങിവരണ്ട പാടങ്ങൾ. ഇതിനെല്ലാം പുറമേ കൂനിന്മേൽ കുരു എന്ന പോലെ, ഭൂമിയിൽ നിന്ന് ശേഷിക്കുന്ന തുള്ളി പോലും ഊറ്റിയെടുക്കുന്ന കോളക്കമ്പനി. അതിനെതിരെ നാട്ടുകാർ തലേദിവസം നടത്തിയ പ്രക്ഷോഭത്തിന്‍റെ നോട്ടീസുകൾ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്നു.

ചുവരിലെ ചിത്രരചന പാതിവഴിക്ക് നിർത്തിയ അനുജൻ താരയെ നോക്കി മന്ത്രിച്ചു, “വെള്ളം.” അച്ഛന്‍റെ മടിയിൽ നിന്ന് ചാടിയിറങ്ങി, ഗ്ലാസ്സുമായി വെള്ളം വച്ചിരിക്കുന്ന പാത്രത്തിനരികിലേക്ക് അവൾ നടന്നു. ശേഷിച്ച വെള്ളം ഗ്ലാസിലേക്ക് പകർത്തി അനുജന് നൽകി. അവനതിൽ നിന്നൊരു കവിൾ കുടിച്ച ശേഷം തിരിഞ്ഞു.

“വാവയ്ക്ക് മതിയായോ?”

“ഉം” എന്നൊരു മൂളലോടെ അവൻ വീണ്ടും ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലായി.

ഗ്ലാസിൽ ബാക്കി വന്ന വെള്ളം കുടിക്കുവാനായി താര ഗ്ലാസ് ചുണ്ടോടു ചേർത്തു. “നിനക്ക് നേരത്തെ വെള്ളം തന്നതല്ലേ? അതു പട്ടിക്ക് കൊടുത്തിട്ട് ഇവന്‍റെ വെള്ളം കൂടി കുടിക്കാൻ നടക്കുന്നോ?” അലർച്ചയോടെ അമ്മ അവളെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒന്നും മിണ്ടാനാവാതെ അച്ഛൻ തലതിരിച്ചു.

“ആ നശിച്ച മഴയൊന്നു പെയ്തിരുന്നെങ്കിൽ… കണ്ട ഓടേന്നെങ്കിലും കോരിക്കൊടുക്കാമായിരുന്നു. പൊയ്ക്കോണം എന്‍റെ മുമ്പീന്ന്!”

അവൾ വീടിനു വെളിയിലേക്ക് ഇറങ്ങി. പുറത്ത് നോക്കെത്താ ദൂരം ഉണങ്ങി വരണ്ടു കിടക്കുന്ന പാടശേഖരം. അവൾ തിരിഞ്ഞ് അമ്മയെ നോക്കി. കീറിപ്പറിഞ്ഞ ബ്ലൗസിന്‍റെ കൈ കൊണ്ട് കണ്ണുനീർ തുടച്ച ശേഷം വിക്കി വിക്കി പറഞ്ഞു, “അച്ഛൻ പറഞ്ഞല്ലോ മഴയിപ്പൊ വരുംന്ന്.” അതു പറഞ്ഞുകൊണ്ടവൾ തിരിഞ്ഞു പാടത്തേക്ക് ഓടി.

അമ്മ സങ്കടത്തോടെ അച്ഛനെ നോക്കി, പിന്നെ അവളെയും. അച്ഛൻ പറഞ്ഞ ആ മഴ ഇനി വരില്ല എന്ന് വിളിച്ചുപറയാനൊരുങ്ങിയതാണ്. പക്ഷേ ഉറച്ച പ്രതീക്ഷയോടെയുള്ള അവളുടെ ഓട്ടം കണ്ടപ്പോൾ അത് വേണ്ടെന്നുവെച്ചു. ഉള്ളിൽ തികട്ടി വന്ന ദുഃഖം കണ്ണുനീർതുള്ളികളായി അവരുടെ കവിളിലൂടൊഴുകി.
അപ്പോഴും താര ഓടുകയായിരുന്നു. അച്ഛൻ പറഞ്ഞ ആ മഴ വരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അമ്മയ്ക്കതറിയില്ല. അച്ഛനിതേവരെ തന്നോട് കള്ളം പറഞ്ഞിട്ടില്ല. എപ്പോ വേണമെങ്കിലും ആ മഴ പെയ്യാം. നാളെ, ചിലപ്പോൾ ഇന്ന് തന്നെ, എന്തിന് ഇപ്പൊ തന്നെ പെയ്തേക്കാം ഒരു പുതുകാലത്തിന്‍റെ പ്രതീക്ഷകളും പേറി അവൾ ഓടിക്കൊണ്ടേയിരുന്നു.

പാടത്ത് പാറിനടക്കുന്ന നോട്ടീസുകൾക്കും കരിയിലകൾക്കുമിടയിലൂടെ അവൾ ഓടുന്നത് അവർ കണ്ണീരോടെ നോക്കിനിന്നു. പൊട്ടി വന്ന തേങ്ങലുകൾ അടക്കാനാവാതെ അമ്മ തിരിഞ്ഞ് അകത്തേക്ക് നടന്നു.

കടുംവേനലിന്‍റെയും തീരാകണ്ണീരിന്‍റെയും രൂക്ഷഗന്ധം കീറിമുറിച്ചുകൊണ്ടുള്ള ആ ഓട്ടം ചെന്നു നിന്നത് ഉണക്കപാടത്തിന്‍റെ മറുപുറത്തുകൂടി ഒഴുകുന്ന താഴ്ചയുടെ അരികിലാണ്.

പണ്ട് അവിടെയൊരു തടാകമുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ധാരാളം വെള്ളം ഉള്ള, ധാരാളം മീനുകൾ ഉള്ള, ഒരു കൊച്ചു തടാകം. കുട്ടികൾക്ക് കളിക്കാനും കുളിക്കാനും, കൃഷിയാവശ്യത്തിനും മറ്റും ഉപകാരപ്രദമാകുന്ന തരത്തിലുള്ള, ധാരാളം ഉറവകൾ ഉള്ള തടാകം. ആ നാട്ടിലെ കിണറുകളിലെ വെള്ളത്തിന്റെ പിൻബലം ആ തടാകമായിരുന്നു… ആ ഉറവകളായിരുന്നു. എന്നാലാഉറവകൾ ഏറെ ആകർഷിച്ചത് ജലത്തെക്കാളേറെ അത് ചൂഷണം ചെയ്യുന്നവരെയായിരുന്നു എന്ന് മാത്രം.

പിൻതലമുറക്കാർ പറഞ്ഞു പഴകിയ തടാകത്തിന്റെ മധുരസ്മരണകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു. ഇപ്പോളവിടെ വെറുമൊരു തരിശുതുണ്ട് മാത്രം. അവൾ അതിനരികിലുള്ള കല്ലിൽ ഇരിപ്പുറപ്പിച്ചു. അവളുടെ പ്രതീക്ഷയുടെ പിന്തുടർച്ചയെന്നവണ്ണം ബിട്ടുവും അവിടെയെത്തി. അവന്റെ കിതച്ച ശരീരം അവളുടെ കാലിനോട് ചേർത്തു ചൂട് പകർന്നുകൊണ്ട് മുട്ടിയുരുമ്മി നിന്നു.

നിറഞ്ഞ പ്രതീക്ഷയുടെ വീർപ്പുമുട്ടലുകളും പേറി കൊണ്ടവൾ ബിട്ടുവിനെ നോക്കി, പിന്നെ ആകാശത്തേയ്ക്കും. കൂടെ ബിട്ടുവും.

അങ്ങകലെ മാനത്ത് മേഘങ്ങൾ ഉരുണ്ടുകൂടി വലിയ രൂപം പ്രാപിക്കുകയും ആ രൂപം കറുപ്പ് നിറമാകുന്നതുമായി അവർക്ക് തോന്നി. ആ വരണ്ട ഭൂമിയിൽ, ഇനിയും വരൾച്ച സ്പർശിക്കാത്ത മനസ്സുകളിൽ അപ്പോഴൊരു മഴവില്ല് രൂപപ്പെടുകയായിരുന്നു.

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like