കവിതയുടെ കാർണിവൽ എന്നല്ലല്ലോ അല്ലേ, കാർണിവലിൽ കവിതയാവുന്ന നമ്മളല്ലേ, അതോ നമ്മൾ കാർണിവലാവുന്ന കവിതയോ? ക്രിക്കറ്റിനെ കാർണിവലാക്കിമാറ്റിയ എക്കാലത്തെയും കരീബിയൻ വസന്തം വിവ് റിച്ചാർഡ്സ് തന്റെ ജനതയെക്കുറിച്ച് പറഞ്ഞു: “ഞങ്ങൾ ശരിക്കുമുള്ള കരീബിയൻ ജനത കാർണിവൽ കൂട്ടരാണ്. ആകെ ഊർജ്ജം വിതറി തുള്ളിമറിയുന്ന ഒരു കൂട്ടം, ചത്തുമലച്ചുകിടക്കുന്ന ഒരു പറ്റമല്ല, ഞങ്ങൾക്ക് കൂടണം, ഞങ്ങളുടെ ഒച്ചകൾ കേൾക്കപ്പെടണം, ഞങ്ങൾക്ക് ആനന്ദോൽസവങ്ങളിൽ ആറാടണം.” നമ്മുടെ തൊലിയും നമ്മളെ കൊത്തിയാൽ പൊടിയുന്ന ചോരയും നമ്മൾ കൊട്ടിക്കേറുന്ന പറച്ചെണ്ടയും അവരുടേതുതന്നെയാണല്ലോ. നമ്മളും അകംപുറം കൂടലുകളുടെ ഇമ്പവും കളിമ്പവും കൊണ്ടാടുന്നവർ തന്നെയല്ലോ..
‘എന്തുകൊണ്ട് കാർണിവൽ?’ എന്നത് തുടക്കംതൊട്ടുള്ള ചോദ്യമാണ്. അത് മലയാളിയുടേതല്ലല്ലോ, മലയാളമല്ലല്ലോ എന്ന അടരിലായിരുന്നു ഒരു നെറ്റിച്ചുളിവ്. ഉത്തരം ഞങ്ങൾക്കറിയാമായിരുന്നു. പിൻബെഞ്ചിലെ കുട്ടിക്കൂട്ടങ്ങൾ പക്ഷേ, അതുപറയാതെ അടക്കിപിടിച്ച് ചോദ്യം ചോദിച്ചവരെ പതിവുപോലെ വിജയിപ്പിച്ചു. വേലപൂരങ്ങളുടെ നാട്ടിൽ അങ്ങനൊരു ചോദ്യം നാട്ടുന്നതിലെ ചിന്തയിൽ വേരുറച്ച മേൽപ്പുരഭാവനകളെ സൂക്ഷ്മമായി നിശ്ശബ്ദം നോക്കിക്കണ്ടു. നമുക്കുള്ളതല്ലേ കാർണിവൽ വേരുകൾ, ജാതിവേലികളെയൊക്കെ പൊളിച്ച് കാവുതീണ്ടുന്ന, ആണ്ടൊരിക്കൽ ഒരു വലിയ മൈതാനത്ത് പലമകൾ ഒന്നാകുന്ന, ഒരു പുരുഷാരമായി ഒടിമറയുന്ന, എല്ലാവരും അവരവരല്ലാതാകുന്ന, അല്ലെങ്കിൽ അവരവരെ കണ്ടെത്തുന്ന, അവരവരെ പുറത്തുചാടിക്കുന്ന ഉത്സവവേളയോളം വലിയ കാർണിവലെന്ത്?
കാർണിവലിനെന്തു മലയാളം എന്ന് ആലോചിച്ച സ്കറിയ മാഷ് ‘ബഹളസന്തോഷം’ എന്ന് ചതഞ്ഞൊരു മലയാളം വെച്ച് അതുപോരെന്ന് സ്വയം ഒന്ന് തിരുത്തി ചോദിച്ചു, അതല്ലേ കൊണ്ടാട്ടം ? ഒരു കാലം നമ്മൾ കിലുക്കിനടന്ന ഒരു വാക്കിനെ ചരിത്രത്തിന്റെ വെളിമ്പറമ്പിൽനിന്ന് കണ്ടെടുത്ത് അതിനുവീണ്ടും തിരിതെളിക്കുമ്പോൾ വിഷുപ്പിറ്റേന്ന് അമ്മ അടിച്ചുകൂട്ടിയ തുറുവിൽ പൊട്ടിത്തകർന്ന് കെട്ടഴിഞ്ഞ പടക്കങ്ങളിലെ മരുന്ന് കൂട്ടി ഒന്നുകൂടി തെരച്ചു മുറുക്കി പൊട്ടിച്ച നമ്മുടെ കുട്ടിക്കാലം അപ്പോൾ മാഷിന്റെ കണ്ണിൽ തിളങ്ങി. പി.പി രാമചന്ദ്രൻ ഒരിക്കൽ പറഞ്ഞു, ഈ പുതുമയാണ് പുതുക്കലാണ് കാർണിവൽ. പിന്നെയും പൊട്ടിക്കാൻ ‘ഇച്ചിരെ മരുന്ന്’ ബാക്കി കരുതുന്ന അയഞ്ഞ ഒരു ഓലമെടയൽ. ഒട്ടും പ്രൊഫഷണൽ അല്ലത്, ആവുകയുമരുത്. ഓരോ കാർണിവലും കഴിഞ്ഞ് ആളും ആരവവും ഒഴിഞ്ഞ മൈതാനത്ത് സ്വയം പൊട്ടിത്തകർന്ന് ഇനി വയ്യെന്ന് ഉറപ്പിച്ച് ഇരുട്ടിവെളുത്തപ്പോൾ പരസ്പരം ഉറക്കെ പറഞ്ഞത് പക്ഷെ, അത് അങ്ങനെ പോരാ, അടുത്ത തവണ നമുക്ക് നോക്കാം എന്നായിരുന്നല്ലോ. മുളയങ്കാവ് വേല കഴിഞ്ഞപ്പൊ ബാക്കി അടുത്ത കൊല്ലം തല്ലിത്തീർക്കാം എന്ന് പറഞ്ഞ് പിരിഞ്ഞ ദേശവൈരങ്ങൾ പോലെ.
‘എന്തുകൊണ്ട് കാർണിവൽ’ എന്നതിന്റെ രണ്ടാമുത്തരം, അത് പുതുകവിതയായതുകൊണ്ട് എന്നതായിരുന്നു.മലയാളത്തിൽ ലിറ്റററി ഫെസ്റ്റിവലുകൾ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. കെ. എൽ.എഫിനു തൊട്ടുപിറകെ രണ്ട് മാസം കഴിഞ്ഞാണ് ആദ്യ കാർണിവൽ വരുന്നത്. കോളേജിലെ ഇഴയുറപ്പുള്ള ഒരു ചെറുകൂട്ടായ്മയുടെ ‘അന്തക്കെടെ’ന്നു വിളിക്കാവുന്ന ഒരു പൊട്ടധൈര്യവും ‘മലയാളനാട്’ എന്നൊരു കൂട്ടായ്മയുടെ ആത്മസമർപ്പണവും മാത്രമായിരുന്നു കൈമുതൽ. ആദ്യ കെ. എൽ.എഫിൽ കവിതയ്ക്ക് വേണ്ടത്ര സ്പെയ്സില്ലായിരുന്നു എന്ന പരിഭവങ്ങൾ എയറിലുണ്ടായിരുന്നു. അങ്ങനെയാണ് കവിതയെക്കുറിച്ച് ആലോചിച്ചത്. വടവൃക്ഷങ്ങളും അടിക്കാടുകളും അടിക്കുറിപ്പുപോലുമല്ലാത്തവരും എന്ന പതിവുചരിത്രമെഴുത്തിന്റെ കാലം കവിതയിൽ അവസാനിച്ചല്ലോ എന്നോർത്തത്. പന്തിയിൽ കേമരാം കടലുകളേ വിട, പല പ്രതലങ്ങളിൽ, പലപാടൊഴുകുന്ന പലമകളുടെ നീർച്ചാലുകളുടെ ലോകമിത്. അതിൽ മേൽകീഴ് ക്രമങ്ങളില്ലാതെ പന്തിഭേദങ്ങളില്ലാതെ എല്ലാതരം കവിതകളും ഇടകലർന്നാടുന്ന അകം പുറങ്ങളില്ലാത്ത ഒരു തുറന്ന കാർണിവൽ മൈതാനമല്ലാതെ ഇനി കവിതയെന്ത് എന്ന തിരിച്ചറിവിൽനിന്നാണ് മുൻമാതൃകകളൊന്നുമില്ലാത്ത ആരുടേതുമല്ലാത്ത, എല്ലാവരുടേതുമായ കവിതയുടെ കാർണിവൽ ഉടലെടുക്കുന്നത്. ‘കടന്നാകുടുങ്ങി’ എന്ന ഇടം പോലെ കാർണിവലിൽ ഞങ്ങൾ, നമ്മൾ ഇന്നുമങ്ങനെ തുടർന്നുപോരുന്നത്. ഒന്നുമില്ലായ്മയിൽനിന്ന് തുടങ്ങി ഇത്ര ദൂരമെങ്ങനെ ഓടിയെത്തി എന്നതൊരു അമ്പരപ്പാണ്, പരസ്പരം കരുതലുള്ള ഒരു ചെറുകൂട്ടായ്മയുടെ വിയർപ്പുപ്പുമാത്രമാണ് ഉത്തരമായി തെളിയുന്നത്. ഒറ്റയായൊന്നുമില്ല, ഒറ്റയ്ക്കാവുകയുമില്ല എന്ന ഉശിരുറപ്പ്.
എത്രപേരെ വിളിച്ചാലും അതിനുമിരട്ടി പുറത്താവുന്നവരുടെ സങ്കടങ്ങൾ, രോഷങ്ങൾ അതേ ഉൾത്താപത്തോടെ ഉൾക്കൊള്ളാനാവുന്നത് എല്ലാവർക്കും അവകാശമുള്ള ഒരിടമുണ്ടാക്കിയെടുത്തു എന്ന അഭിമാനം കൂടി ചേർത്താണ്. ഒരു അക്കാദമിക് സ്പെസിൽ നടക്കുന്നത് എന്ന വ്യത്യസ്തതകൊണ്ട് ഓരോ കാർണിവലിലും സവിശേഷമായ ഒരു സാമൂഹികപ്രമേയത്തെ കവിതയുടെ ടെമ്പ്ലെറ്റിൽ അക്കാദമികലോകത്തേക്കെത്തിക്കുന്ന ഒരു പരിപ്രേക്ഷ്യവും അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സിലബസ്സും ചേർന്ന നൂലിഴ കൊണ്ട് എല്ലാ ചെറുവേലകളെയും ചേർത്തെടുക്കുന്ന ഒരു ശില്പസംവിധാനം നിഷ്കർഷിക്കാറുണ്ട്. അതൊന്നും തീർപ്പുകളല്ല തേടലുകളാണ്. ഫെസ്റ്റിവലുകളെത്ര വന്നാലും പോയാലും കാർണിവലിനെ കാർണിവലാക്കി നിർത്തുന്നത് ഈ അനന്യതയാണ്.
വർഷങ്ങളായി കലണ്ടറുകളോരോന്നും ഓരോ കാർണിവലായാണ് എന്നിലൂടെ കടന്നുപോകുന്നത്. നിർമമമായി നോക്കിനിൽക്കുമ്പോഴും കൊട്ടിക്കയറ്റങ്ങളും കൊടിയിറക്കങ്ങളും നിറഞ്ഞ ഈ കാലയളവിലൊക്കെ പൂക്കാതിരിക്കാനെനിക്കാവാതില്ലേ എന്ന കണ്ണിറുക്കിയുള്ള ഒരു പണിക്കർ കള്ളച്ചിരി എന്നിലുണ്ട് എന്നതുനേര്. ഓരൊ ആണ്ടറുതിയെയും പുത്താണ്ടിലേക്ക് മറിച്ചിടുന്ന കണിച്ചിരി. എഴുത്തിലേക്ക് ആ വാൽസല്യചിരികൊണ്ട് എന്നെ കിഴുക്കിയിരുത്തിയ ദേശികൻ. പട്ടാമ്പിയിൽ കാർണിവൽ പറമ്പൊരുക്കും മുന്നെ ശരിയായി കളിതീർന്ന് അരങ്ങൊഴിഞ്ഞ നട്ടുവൻ. ഒടുക്കത്തെ കളിയും തീർന്ന് ഗൃഹാതുരതകളൊന്നുമില്ലാതെ തലകുനിച്ച് പൂരപ്പറമ്പിന്റെ കഴായ കടന്നുപോകാനിരിക്കെ ആ മനുഷ്യനെയോർക്കുന്നു. അതിൽ എല്ലാ മനുഷ്യരുമുണ്ട്. എല്ലാ കാർണിവലുമുണ്ട്.
മറ്റൊരു ഗുരുസ്പർശം കെ ജി എസ്സാണ്. ആദ്യ കാർണിവലിലൊന്നിൽ ഞങ്ങൾ രണ്ടാളുടെയും കുടുംബങ്ങളെ ചേർത്തുനിർത്തി കെ. ജി. എസ്സ് ഒരുറപ്പു ചോദിച്ചു വാങ്ങിച്ചു. “അടുത്ത കാർണിവലിനു നമ്മൾ കാണുന്നതിനുമുമ്പ് നിന്റെ പുസ്തകമാണ്.” പിന്നെയും കാർണിവലുകൾ വന്നു, പോയി. കെ. ജി. എസ്. വന്നുപോയി പിന്നെയും വാക്കുറപ്പിച്ചു. പിന്നെപ്പൊഴാ രണ്ടാളും മറന്നു. കാർണിവലിനിയും വരും, പോകും, ആ കടവും തീരും. രണ്ടാൾക്കുമറിയാം ..
വിപണിക്കുള്ളതൊന്നും ഇവിടില്ല. നാട്ടുവിളയാണ്. വിളവല്ല, വിത്താണ് ബാക്കിയാവുന്നത്. പല മുളകൾ, പല പാടങ്ങൾ, പല കാലങ്ങൾ, പല തലമുറകൾ, പല ജന്മങ്ങളിലേക്കുള്ള പകർച്ചകളായി നമ്മളൊടുങ്ങുന്ന, തുടരുന്ന ജീവിതം പോലൊരു കാർണിവൽ മറ്റെന്ത്? അകം അറിഞ്ഞ് അനേകമെന്ന് തെളിഞ്ഞ് അനേകരേകമായൊഴുകിപരക്കുന്ന ഈ വേലയിൽ അടുത്തതെന്ത്? അടുക്കാത്തതെന്ത്? സ്വസ്തി!
കവർ: ജ്യോതിസ് പരവൂർ