പൂമുഖം LITERATUREകവിത നേർച്ച

മഞ്ഞ നിറമുള്ള ഞായറാഴ്ച്ച.
മുറ്റം വിരിച്ചിട്ട ചിക്കുപായ.
വെയിലിലലഞ്ഞു വിയർത്തൊലിച്ച്
വിറയുള്ള കൈയ്യാൽ നര ചൊറിഞ്ഞ്,
പലവട്ടം തയ്ച്ച ചെരുപ്പുമിട്ട്
പതിവില്ലാതെത്തുന്നു ജോണിച്ചായൻ.

വേളാങ്കണ്ണിക്കാണ്ടുതോറുമുള്ള
പോക്കിന്ന്, നേർച്ചക്കുവേണ്ടിയോരോ
വീടും കയറിത്തളർന്നു,ദാഹം
തീരാതിനിച്ചോടിനാവതില്ല.
മൊന്തയിൽ നീട്ടിയ കഞ്ഞിവെള്ളം
തൊണ്ടയും കൊന്തയും തൊട്ടിറങ്ങി,
ചില്ലറ വാങ്ങി, മുഷിഞ്ഞ മുണ്ടിൻ
കോന്തല പൊക്കി മുഖം തുടച്ചു,
ഒരുവേരൻ പൂത്ത പറമ്പിറങ്ങി
പൊരിവെയ്ലിന്നറ്റം തിരഞ്ഞുനീങ്ങി.
കിട്ടിയ നേർച്ചയെണ്ണാതൊരുങ്ങി
പത്തനംതിട്ടയ്ക്കു വണ്ടി കേറി.

സൂര്യൻ വേളാങ്കണ്ണിപ്പള്ളിക്കുമേൽ
ചൂടിൻ്റെ പന്തൽ ചെരിച്ചുകെട്ടും
നേരം, എലിമുള്ളുംപ്ലാക്കൽ* ആന –
ച്ചൂരുള്ള പാതയോരത്തിറങ്ങി
ഉരുളന്തടിപ്പടിക്കെട്ടു താണ്ടി
ഇരുളും മുമ്പവളുടെ വീട്ടിലെത്തി.

പത്രക്കടലാസാൽ നോട്ടുബുക്കിൻ
ചട്ട പൊതിയുന്നുണ്ടുണ്ണിയീശോ
കുറ്റിയടുപ്പിന്നടുത്തിരിപ്പൂ
കെട്ട്യോനുപേക്ഷിച്ചുപോയ മേരി.
നേർച്ചപ്പണത്തിൻ പൊതി തുറന്ന്
നേടിയതെല്ലാം നിലത്തു വച്ച്,
പോക്കറ്റിലുച്ചയ്ക്കു വാങ്ങിയിട്ട
പോപ്പിൻസ്, കുട്ടിയ്ക്കു നേരെ നീട്ടി,
ഭിത്തിയിലൊട്ടിച്ച കന്യാമേരി –
ച്ചിത്രത്തിൻ മുന്നിൽ തിരിതെളിച്ച്
മുട്ടുകുത്തുമ്പോൾ, മുറിക്കകത്തേ –
ക്കെത്തുന്ന കാറ്റിൽ കടൽത്തണുപ്പ്.

  • എലിമുള്ളുംപ്ലാക്കൽ – പത്തനംതിട്ടയിലെ ഒരു വനപ്രദേശം

കവർ ഡിസൈൻ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like