പൂമുഖം വ്യൂഫൈൻഡർ വ്യൂ ഫൈൻഡർ 5

വ്യൂ ഫൈൻഡർ 5

എയർഇന്ത്യയുടെ ലോഹപ്പക്ഷി ആൻഡമാൻ ദ്വീപുകൾക്ക്‌ മീതെ ചിറകൊതുക്കാൻ തുടങ്ങുമ്പോൾ ഇത്തിരി ജാലകത്തിലൂടെ കൈക്കുടന്നയിലെ മരതകത്താലം പോലെ ദ്വീപസമൂഹം ഒന്നൊന്നായി തെളിഞ്ഞുവരും ഇന്ദ്രനീലം പീലിനീർത്തിയപോലെ നിത്യഹരിതയായ വനസസ്യങ്ങൾ ദ്വീപുകൾക്ക്‌ കസവു ചാർത്തിനിൽക്കുന്നു . സൂര്യൻ പുലർച്ചെ അഞ്ചുമണിക്കുതന്നെ ആൻഡമാനിലെത്തും. ചാറ്റൽമഴ ഇടയ്ക്കിടെ ഒളിച്ചുകളിച്ച്‌ അന്തരീക്ഷത്തിന് വ്യത്യസ്തഭാവം പകരും.തിരക്കും ബഹളവുമൊഴിഞ്ഞ അതീവശാന്തമായ ഭൂപ്രകൃതി. വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാർക്കിലും തികഞ്ഞ നിശബ്ദത \ സീസണിൽ ടൂറിസ്റ്റുകൾ സൃഷ്ടിക്കുന്ന ചില്ലറ ആരവമല്ലാതെ ആൻഡമാനിലെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല.

ആൻഡമാനിൽ ‘നിഗ്രിറ്റോ ‘ വർഗവും നിക്കോബാറിൽ ‘മംഗളോയിഡ്‌’ വർഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വർഗക്കാർ മധ്യ- ഉത്തര ആൻഡമാനിലെ തീരഭൂമിയിൽ അധിവസിക്കുന്നു. ഓൻഗകൾ, ജവരകൾ, സെന്റിനലുകൾ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്കൃതസമൂഹവുമായി വലിയ ബന്ധം പുലർത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു.

ഹാവ് ലോക്ക്, നീൽ, റോസ് എന്നിങ്ങനെ നീലജലത്തിൽ അങ്ങിങ്ങു് കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകൾ .. ആൻഡമാനിലെത്തുന്ന സഞ്ചാരികളുടെ പറുദീസ

ബർമയിലെ അരക്കൻ- യോമ പർവതശൃംഖലയുടെ തുടർച്ചയിൽ നീഗ്രായിസ് മുനമ്പ്‌ മുതൽ അച്ചിൻഹെഡ് വരെ നീളുന്ന സമുദ്രാന്തര പർവതങ്ങളുടെ എഴുന്നുനില്ക്കുന്ന പാർശ്വങ്ങളാണ് ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ.കാടും കടലും ആകാശവുമാണ് ആൻഡമാൻ്റെ കവചം.സമുദ്രാന്തരമലനിരകളുടെ ജലപ്പരപ്പിനു മീതെ എഴുന്നുനില്ക്കുന്ന ഈ ദ്വീപുകൾ സ്വാഭാവികമായും നിമ്നോന്നതവും സങ്കീർണവുമായ പ്രകൃതി അകമേ വഹിക്കുന്നു.

അനേകം ഉടവുകളും ഉൾക്കടലുകളും നിറഞ്ഞ തടരേഖയിൽ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തിൽ രൂപംകൊണ്ടിട്ടുണ്ട്.

വെള്ളിത്തിളക്കമാർന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകൾ ചിലവിടുന്ന സഞ്ചാരികൾ ആൻഡമാൻ ദ്വീപുകളിൽ നിന്നു മടങ്ങുന്നത് വർണങ്ങൾ ഒളിപ്പിച്ച സമുദ്രഗർഭയുടെ ഓർമകളും കൊണ്ടാണ്.

ലൈംസ്ടോ ണ്‍ ഗുഹയിലേക്കുള്ള വഴികളിൽ സമൃദ്ധമായ മുളംകാടുകൾ ദൃശ്യമാ​ണ് ​വിവിധയിനം മുള,ചൂരൽ,പന,ഈറ എന്നിവയും ആൻഡമാൻ കാടുകളിൽ യഥേഷ്ടം വളരുന്നു. തെങ്ങിൻതോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉൾപ്രദേശങ്ങളിൽ ധാരാളം വളർത്തുന്നു.

വർണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതൽപത്തിനു താഴെ ദൃശ്യമാണ്

ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടൽ വനസസ്യങ്ങളാണ് ആൻഡമാന്ൻ്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്

വൻകരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്

Comments
Print Friendly, PDF & Email

You may also like