ശരൽക്കാലം (autumn)ഇംഗ്ലണ്ടിൽ സെപ്റ്റംബർ , ഒക്ടോബർ , നവംബർ എന്നീ മൂന്ന് മാസങ്ങളിലാണ്. ശരല്ക്കാലാരംഭം മുതൽ പകൽ വെളിച്ചം കുറയുകയും രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യുന്നു. മനുഷ്യരേക്കാൾ കൂടുതലായി കാലാവസ്ഥയിലുള്ള മാറ്റം മനസ്സിലാക്കുന്നത് വൃക്ഷങ്ങളും പറവകളും മൃഗങ്ങളുമാണെന്നു തോന്നുന്നു.
ശരല്ക്കാലാരംഭത്തിൽ ഇലകളുടെ നിറം മാറുന്നു. സൂര്യപ്രകാശം കുറഞ്ഞുതുടങ്ങുമ്പോൾ ഇലകളിലെ ക്ലോറോഫിൽ മരങ്ങൾ സ്വയം പിൻവലിക്കുന്നു. സസ്യങ്ങൾക്ക് ആവശ്യമായ ആഹാരം നിർമ്മിക്കുന്നത് ഫോട്ടോസിന്തസിസ് വഴിയാണല്ലോ. ആ പ്രക്രിയയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സസ്യങ്ങൾക്കാവശ്യമായ കാര്ബോഹൈഡ്രേറ്റ് നിർമ്മിക്കുന്നത് ക്ലോറോഫില്ലിന്റെ സഹായത്തോടെയാണ്. സൂര്യപ്രകാശം കുറഞ്ഞാൽ ആഹാരം നിർമിക്കുന്ന ഈ പ്രക്രിയ സ്തംഭിക്കുന്നു. പ്രക്ര്യതി ഒന്നും പാഴാക്കുന്നില്ല. അതുകൊണ്ടാണ് ശരൽക്കാലത്ത് ഇലകളുടെ പച്ചപ്പ് ഇല്ലാതാവുന്നതും പകരം ഇലകൾ പലവർണ്ണങ്ങൾ സ്വീകരിക്കുന്നതും. ഇലകളിലെ പച്ച നിറം ക്ലോറോഫില്ലിൽ നിന്നും കിട്ടുന്നതാണ്. ക്ലോറോഫിൽ കൂടാതെ ഇലകളിൽ പലതരം വർണ സംയുക്തകങ്ങൾ ( pigments) ഉണ്ട്. അവ ശരൽക്കാലത്ത് ഇലകൾക്ക് മഞ്ഞ , ചുവപ്പു, മുതലായ പലനിറങ്ങൾ നൽകുന്നു.
ശരൽക്കാലം സമൃദ്ധിയുടെ കാലം കൂടിയാണ് . തോപ്പുകൾ നിറയെ പലതരം പഴവർഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. ആപ്പിൾ, പെയർ, പ്ലം മുതലായ പഴങ്ങൾ ഇക്കാലത്ത് ധാരാളം വിളഞ്ഞു നിൽക്കുന്നത് കാണാം.
എന്നാൽ ഏറ്റവും എന്നെ ആകർഷിക്കുന്നത് വേലിയോരങ്ങളിലുള്ള മരങ്ങളിൽ വിളയുന്ന പഴങ്ങളും ബെറികളും ആണ്. കിളികളും അണ്ണാറക്കണ്ണൻ മുതൽ ഡോർമൗസ് തുടങ്ങിയ കുഞ്ഞു കുഞ്ഞു മൃഗങ്ങൾ ഈ ബെറികളെയാണ് ആശ്രയിക്കുന്നത്, ഇല്ലായ്മയുടെ ശൈത്യകാലങ്ങളെ തരണം ചെയ്യാൻ.
ഹാത്തോൺ മരങ്ങളിൽ ചുവന്ന ബെറികൾ ധാരാളം വിളയുന്നു. ദേശാടനപ്പക്ഷികൾക്കും നാടൻ പക്ഷികൾക്കും ഈ ബെറികൾ ഒരനുഗ്രഹമാണ് ശൈത്യകാലത്ത് . തീരെ ചെറിയ മൃഗങ്ങളും ഈ ബെറികളെ ആശ്രയിക്കുന്നു.
ഓക്ക് മരത്തിൽ ഉണ്ടാകുന്ന ഏകോൺ അണ്ണാറക്കണ്ണന്റെ ഏറ്റവും ഇഷ്ടമുള്ള ആഹാരപദാർത്ഥമാണ് . ശിശിരത്തിൽ അണ്ണാൻ എകോണുകൾ സംഭരിച്ചു പലയിടങ്ങളിലായി കുഴിച്ചിടുന്നു. ശൈത്യകാലത്ത് ആഹാരം കിട്ടാതാകുമ്പോൾ അണ്ണാൻ ഈ കുഴിച്ചിട്ട ഏകോണുകൾ കണ്ടുപിടിച്ചു വിശപ്പടക്കുന്ന. കുഴിച്ചിടുന്നതിൽ 25 % മുതൽ 75 % വരെ മാത്രമേ അണ്ണാൻ കണ്ടെത്തുന്നുള്ളു. കാണാതെപോയ ഏകോണുകൾ മുളച്ചു കാലക്രമേണ ഓക്കുമരങ്ങളാകുന്നു. അണ്ണാൻ ഇങ്ങനെ ലോകത്തിലെ താപനില കുറയ്ക്കുവാൻ താനറിയാതെ ഒരു മഹാസേവനം നടത്തുന്നുണ്ട്.
വേലിയും കുറ്റിക്കാടുകളും നിറയെ സ്‌ലോബെറി എന്ന് പേരുള്ള, മനോഹരമായ purple നിറത്തിലുള്ള ഒരിനവും കാണാം. കാണുമ്പോൾ വായിൽ വെള്ളമൂറുമെങ്കിലും ഈ ബെറികൾക്കു അസഹ്യമായ ചവർപ്പാണ് ഉള്ളത്. ഈ ബെറികൾ “സ്‌ലോജിൻ” എന്നൊരു മദ്യം ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. സാധാരണകിട്ടുന്ന ജിന്നിൽ പഞ്ചസാര ചേർത്ത് സ്ലോ ബെറികൾ അതിൽ ഇട്ടു മൂന്നുമാസം വെയ്ക്കുന്നു. മൂന്നുമാസം കഴ്ഞ്ഞു നോക്കുമ്പോൾ ജിന്നിന് നല്ല നിറവും രുചിയും ഉണ്ടാകും .
ചില ശരൽക്കാല ചിത്രങ്ങൾ താഴെ:






