
ഇളംവെയിൽ. ഒരു ശ്രാവണമാസ പ്രഭാതം . തൊട്ടടുത്തുള്ള തെങ്ങിൽ നിന്ന് ഞാന്നുകിടന്നൊരു ചിലന്തിവല തിളങ്ങി. ഒത്ത നടുക്കൊരു ചിലന്തി മൗനമുദ്രയിൽ ഇര പാർത്തുകിടപ്പുണ്ട്. മൂന്നുനാലു ദിവസമെങ്കിലുമായിക്കാണും അതവിടെ വല വിരിച്ചിട്ട്.എന്തേ എന്റെ ശ്രദ്ധയിൽ പ്പെടാതെ പോയി?



നോക്കിനിൽക്കെ, ചിലന്തി പതിയെ നൂലിൽ തൂങ്ങി ഒരറ്റത്തേക്കു നടന്നുപോയി. അന്നത്തെ ഇരപിടിത്തം കഴിഞ്ഞിരിക്കും. അറ്റത്തു എവിടെയോ ബന്ധിച്ചിരുന്ന നൂലറ്റം പൊട്ടിച്ചുമാറ്റി. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അനേകം നൂലറ്റങ്ങൾ നാലുപാടും കോർത്തു കോർത്തിട്ടാണല്ലോ വല നെയ്തിരിക്കുന്നത് . അതാ അവൻ തൊട്ടടുത്ത കണ്ണിയും വിഛേദിക്കുന്നു. അതുകഴിഞ്ഞു അടുത്തത്. അവിടെനിന്നു തിരിച്ചുവന്നു എതിർദിശയിലെ നൂൽ ബന്ധവും അറുത്തുമാറ്റി. ഇത്രയുമായപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ വീണത്. ചിലന്തി പോകുന്നവഴിക്കു അവൻ വല കെട്ടാനുപയോഗിച്ച നൂലും അവനിലേക്ക് തിരിച്ചുപോകുന്നു. എന്തൊരദ്‌ഭുതം! ഒരു സർക്കസ് കൂടാരം അഴിച്ചുമാറ്റുന്ന ലാഘവത്തോടെ ആ ചിലന്തി തനിക്കു ചുറ്റുമുള്ള വലക്കണ്ണികൾ ഒന്നൊന്നായി അറുത്തുമാറ്റി. വല അവനോടൊപ്പം മാഞ്ഞുപോകുന്നുമുണ്ടായിരുന്നു. അവസാനം ഒരേയൊരു നൂല് ബാക്കിയായി. അന്നേരം മൃദുവായൊരു കാറ്റ് അവനെയും തലോടി കടന്നുപോയി. ആ നൂലിൽ തൂങ്ങിയാടിയ ചിലന്തി അവൻ്റെ എട്ടു കാലുകളും ചുരുക്കി പതുക്കെ മേലോട്ട് കേറാൻ തുടങ്ങി. അവശേഷിച്ച ഒരൊറ്റ നൂലിൽ ആടിയാടി ഉയരത്തിലേക്ക്.


അവിടെനിന്നു അന്തരീക്ഷത്തിൽ എവിടെയോ വിലയം കൊണ്ടതുപോലെ കാഴ്ചയിൽ. നിന്നു മറഞ്ഞു. അരമണിക്കൂറിനുള്ളിൽ നടന്ന ഇതത്രയും നിർന്നിമേഷനായി നോക്കിനിന്നപ്പോൾ ദൃശ്യം ക്യാമറയിൽ പകർത്തിയെടുക്കാൻ കഴിയാതെ പോയി. ഒട്ടുമില്ല ഖേദം. ഒരു മാത്ര അവിടെനിന്നു മാറിനിന്നാൽ ലീലാപടമഴിയുന്നആ മായകാഴ്ച എനിക്ക് നഷ്ടപ്പെടുമായിരുന്നു.
ഇതായിരിക്കുമോ ഉപനിഷത്തിൽ പറയുന്ന ‘ഊർണനാഭി’? സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം അനേകകാലം നിലനിന്ന് ആദി സ്രോതസ്സിൽ തന്നെ വിലയം പ്രാപിക്കുന്നത് ചിലന്തി താൻ നെയ്ത വല ഒടുവിൽ തന്നിലേക്ക് തന്നെ വലിച്ചെടുക്കുമ്പോലെയാണെന്ന് ഉപനിഷത്ത് പറയുന്നുണ്ട് . കണ്ട കാഴ്ച അവിശ്വസനീയമായ ഒരു തിരിച്ചറിവായിരുന്നു.
അനുബന്ധം :
വളരെക്കാലത്തിന് ശേഷം ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ കണ്ട കാഴ്ച ശ്രീ ആഷാമേനോനുമായി പങ്കുവെച്ചിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ചു കൊല്ലം മുമ്പുണ്ടായ ഒരനുഭവത്തിൻ്റെ പകർച്ച അദ്ദേഹം അതേ അദ്‌ഭുതത്തോടെ ഏറ്റുവാങ്ങി. തൻ്റെ ഏറ്റവും പുതിയ പുസ്തകത്തിൽ കടപ്പാട് രേഖപ്പെടുത്തികൊണ്ട് ഈ അനുഭവത്തെ പുനരാവിഷ്ക്കരിക്കാൻ അനുവദിക്കണം എന്നും അഭ്യർഥിക്കുകയുണ്ടായി.
ആഷാ മേനോൻ്റെ ‘ഭവസാഗരം’ എന്ന കൃതിയുടെ ആമുഖം ഈ അനുഭവം കൊത്തിവെച്ചു, ഒരുപക്ഷെ ഇതിനേക്കാൾ കാവ്യാത്മകമായിത്തന്നെ.