പൂമുഖം Travelയാത്ര അസം ഓർമ്മകൾ – ഭാഗം 1

അസം ഓർമ്മകൾ – ഭാഗം 1

നാലാം ക്ലാസ് സാമൂഹ്യ പാഠപുസ്തകത്തിൽ കണ്ട ചുറ്റും നാട്ടിയ മുളയുടെ കാലുകൾക്കുമുകളിൽ നിർമ്മിച്ച പുല്ലുമേഞ്ഞ ചെറിയ വീട്. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന, ഇന്ന് മേഘാലയയിലുള്ള ചിറാപ്പുഞ്ചി. ബ്രഹ്മപുത്രയിലൂടെ ഒഴുകിയെത്തുന്ന കണക്കറ്റ ജലം ജൂൺ – ജൂലായ് മാസങ്ങളിലും മറ്റും തീർക്കുന്ന വെള്ള പ്പൊക്കത്തെക്കുറിച്ചുള്ള പത്ര വാർത്തകൾ. ഇത് അസം എന്നു കേൾക്കുമ്പോൾ ഉള്ളിൽ തെളിയാറുള്ള ചിത്രം…അതിജീവനത്തിനായി കുടുംബത്തെയുപേക്ഷിച്ച് ഉള്ളിൽ ദുരിത പർവ്വങ്ങളുടെ മാറാപ്പും തോളിൽ തുണി സഞ്ചിയും തൂക്കി നമ്മുടെ മുമ്പിൽ കൈ നീട്ടാനെത്തുന്ന ‘വെള്ളപ്പൊക്കക്കാർ’ ഒരു നേർക്കാഴ്ചയും.

തീർച്ചയായും 1990 ജൂലായ് ഒരു വഴിത്തിരിവിന്‍റെ കാലം തന്നെ. ഭാവി സുരക്ഷിതമാക്കാൻ ബി.എഡ് എന്ന ഒരു പ്രൊഫഷണൽ ഡിഗ്രി കൂടി വേണമെന്ന മോഹം തളിരിട്ടത് ആയിടയ്ക്കാണ്. എന്നാൽ ഇക്കാലമത്രയും കണ്ട സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല ഇങ്ങനെയൊരു ദീർഘയാത്ര.

അതെ, സംഭവബഹുലമായ ചരിത്രമുറങ്ങുന്ന നിരവധി സംസ്ഥാനങ്ങൾ പിന്നിട്ട് സാംസ്കാരിക വൈവിധ്യങ്ങളുടെ ഭൂമികയായ അസം താഴ്‌വരയിലേക്ക്. ഒരു ഡിഗ്രി സർട്ടിഫിക്കറ്റിനൊപ്പം ബി.എഡ് നും ടി.ടി.സി.ക്കും പഠിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിരവധി ചാർട്ടുകൾ എഴുതിയ പരിചയവും പിന്നെ മൂന്നു വർഷത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ വാധ്യാർ പണിയുടെ അനുഭവങ്ങളുമാണ് കൈമുതൽ. എങ്കിൽ പിന്നെ എന്തിന് മടിക്കണം? പ്രതീക്ഷയോടെ വണ്ടി കയറുകതന്നെ. ഏതായാലും ഒരു കൂട്ടുണ്ട്. മ്മളെ കാപ്പിൽ പവിത്രൻ ഭായ്.

കൂട്ടുകാരോടൊപ്പം ഇടത് വശത്ത് ലേഖകന്‍ അസമില്‍ (1990)

വൈകുന്നേരങ്ങളിൽ അത്തോളി ‘വിദ്യ’യിൽ ഒത്തുകൂടുമ്പോൾ പവിത്രന്‍റെ ഏട്ടൻ ദേവൻ ഇടയ്ക്ക് പറയും…”അല്ല…ങ്ങക്ക് രണ്ടാക്കും ബി.എഡ്. എടുക്കാൻ ഒറീസ്സേലേക്കോ അസമിലേക്കോ വിടരുതോ?” അങ്ങനെയെന്തെങ്കിലും നോക്കണമെന്ന് തന്നെയായിരുന്നു അപ്പോഴൊക്കെ എന്‍റെ മറുപടി. ആയിടയ്ക്ക് വീട്ടിൽ അച്ഛനും ഇത്തരം ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. സത്യത്തിൽ ഇത് വലിയൊരു പ്രചോദനമായിരുന്നു. അക്കാലത്ത് ബി.എഡ് എടുക്കാൻ കേരളത്തിൽ നിന്ന് ഒറീസയിലേക്കും മറ്റും ഒരൊഴുക്കുണ്ടായിരുന്നു. അല്ല, ഡിഗ്രി കഴിഞ്ഞ് വർഷങ്ങൾ ഓരോന്നായങ്ങനെ കടന്നു പോകുകയല്ലേ. ഏതെങ്കിലും ഒരു വഴി കണ്ടെത്തണമല്ലോ. അങ്ങനെയാണ് പവിത്രൻഭായിയുമായുള്ള കൂട്ട് സജീവമായത്. നാടോടിക്കാറ്റിൽ വിജയനും ദാസനും എന്ന പോലെ. ട്രെയിൻ ടിക്കറ്റ് റിസർവ്വ് ചെയ്തുകൊണ്ട് യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങി. അങ്ങെത്തിച്ചേരാൻ ചിലപ്പോൾ 4 ദിവസം വരെ യെടുത്തേക്കുമെന്നതിനാൽ റിസർവ്വേഷൻ ഫോം പൂരിപ്പി ക്കുമ്പോൾ ഒരു ചെറിയ ചങ്കിടിപ്പ് ഉണ്ടായിരുന്നു. കാരണം ഇത്രയും ദൂരം തുടർച്ചയായി ഇതുവരെ യാത്ര ചെയ്തിട്ടില്ല എന്നതു തന്നെ.

ഏതെല്ലാം സംസ്ഥാനങ്ങളിൽ കൂടിയാണ് യാത്ര എന്നറിയാൻവീട്ടിലെ ഓഫീസ്റൂമിൽ തൂക്കിയിട്ട ഇന്ത്യയുടെ ഭൂപടം പരിശോധിക്കാൻ ഇതിനിടയിൽ മറന്നിട്ടില്ലായിരുന്നു. ഗുവാഹത്തി യൂണിവേഴ്സിറ്റിക്ക് കീഴിലെ മംഗൽദായ് ബി എഡ് കോളജിൽ പഠിക്കുന്ന കൂമുള്ളിയിലെ കണ്ടോത്ത് രാജന്‍റെ അഡ്രസ് സംഘടിപ്പിച്ച്, പുതു തലമുറയെ വാർത്തെടുക്കാനുള്ള അധിക പരിശീലനം നേടാനായി രണ്ടു പേർ കൂടി കേരളക്കരയിൽ നിന്ന് അങ്ങോട്ട് എത്തുന്നുണ്ട് എന്ന വിവരം കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. അത്രമാത്രം. സത്യത്തിൽ രാജനെ അതിന് മുമ്പ് ഞങ്ങൾ കണ്ടിട്ടു പോലുമില്ല. ചന്ദ്രനിൽ ചെന്നാൽ അവിടെയും മലയാളിയുടെ ഒരു ചായക്കടയെങ്കിലും കാണുമെന്നാണല്ലോ. പിന്നെ എന്തിനു ഭയപ്പെടണം?

എങ്കിലും പരിചയമില്ലാത്ത ഒരു നാട്ടിലെത്തുമ്പോൾ ആരോടെങ്കിലും കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനു പകരം വിശ്വസനീയമായ ചില സ്രോതസുകൾ കണ്ടെത്തുന്നത് ചിലപ്പോൾ ഏറെ ഉപകാരപ്പെടുമല്ലോ. അതിനുള്ള മാർഗമെന്ന നിലയിൽ ഗുവാഹത്തി എൽ. ഐ.സി. ഓഫീസിൽ ബന്ധ പ്പെടാനായി എംപ്ലോയീസ് യൂണിയന്‍റെ കോഴിക്കാട് ജില്ലാ സെക്രട്ടറിയുടെ ഒരു കത്തും ഞങ്ങൾ സംഘടിപ്പിച്ചിരുന്നു. ബോധി കോളജിൽ ക്ലാസ്സെടുത്തിരുന്ന കോതങ്കലിലെ രമേശൻ ഞങ്ങളുടെ യാത്രയെക്കുറിച്ചറിഞ്ഞപ്പോൾ അത്യാവശ്യത്തിന് ബന്ധപ്പെടാനായി കാംരൂപിലുള്ള അവരുടെ യുവജന സംഘടന നേതാവിനു ഞങ്ങളെപരിചയപ്പെടുത്തു ന്നതിനായി ഒരെഴുത്ത് തന്നിരുന്നു. കൂട്ടത്തിൽ അവിടെ ബി.എഡ് ചെയ്യുന്ന മറ്റാരെങ്കിലും ഉണ്ടോ എന്നും ഞങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഏതായാലും ഇറങ്ങി പുറപ്പെടുകയല്ലേ. എവിടെയെങ്കിലും രണ്ടുപേർക്കും അഡ്മിഷൻ കിട്ടാനുള്ള എല്ലാ വഴികളും നോക്കണമല്ലോ. അങ്ങനെ യാണ് പിൽക്കാലത്ത് ഞങ്ങളുടെ സുഹൃത്തായ, ഇന്ന് നമ്മുടെയെല്ലാം ഓർമ്മയായി മാറിയ, കുന്നത്തറയിലെ ശാന്തന്‍റെ അഡ്രസ് കൂടി വാങ്ങിച്ചത്.

Photo Credit: Biju Boro / AFP/ Scroll.in

തേസ്പൂരിലായിരുന്നു ശാന്തൻ പഠിച്ചിരുന്ന സ്ഥാപനം. അഡ്രസ് വാങ്ങാനായി ഞാനും പവിത്രനും വൈകീട്ട് കുന്നത്തറയിൽ ബസ്സിറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴ. കർക്കടക മാസമല്ലേ. അടുത്തുള്ള കടയിൽ നിന്നും ശാന്തന്‍റെ വീടന്വേഷിച്ചു. വെള്ളം നിറഞ്ഞ് വിശാലമായി കിടക്കുന്ന പാടത്തിനപ്പുറത്തുള്ള വീട് ചൂണ്ടി കാണിച്ചു തന്നു. അങ്ങോട്ടുള്ള വഴി ഏതാണെന്നു തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇടയ്ക്കിടെ വെള്ളപ്പൊക്കമുണ്ടാവുന്ന ബ്രഹ്മപുത്രയൊഴുകുന്ന നാട്ടിലേക്ക് പോകാനൊരുങ്ങുന്നവർ ഈയൊരു പാടത്തെ വെള്ളക്കെട്ട് കണ്ട് ഭയപ്പെടുന്നതെങ്ങനെ? ഇറങ്ങി നടന്നു. പലയിടത്തും മുട്ടിനു മുകളിലുണ്ട് വെള്ളം. മഴയാണെങ്കിൽ തോരുന്ന മട്ടുമില്ല. വെള്ളം നീന്തി ഏതായാലും ഞങ്ങൾ ആ ദൗത്യം നിർവ്വഹിച്ച് തിരിച്ചു പോന്നു.

കവര്‍: വിത്സണ്‍ ശാരദാ ആനന്ദ്‌

(തുടരും)

Comments
Print Friendly, PDF & Email

You may also like