പൂമുഖം വ്യൂഫൈൻഡർ തുളുനാടിന്‍റെ സ്വന്തം കമ്പള

തുളുനാടിന്‍റെ സ്വന്തം കമ്പള

ദക്ഷിണകർണാടകയിലെ തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണകന്നഡ എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പരമ്പരാഗതമായ ഒരു പോത്തോട്ടമത്സരമാണ് കമ്പള. പ്രധാനമായും തുളുനാട് എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തെ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായാണ് കമ്പള ആഘോഷിക്കപ്പെടുന്നത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പല ഭാഗങ്ങളിലും കമ്പള നടന്നിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

വിളവെടുപ്പിന് ശേഷം ദൈവങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമായാണ് പണ്ട് കാലത്ത് കമ്പള നടത്തിയിരുന്നത്. കാർഷികദേവനായ കദ്രി മഞ്ജുനാഥന് വേണ്ടിയുള്ള ഒരു വഴിപാടായും ഇതിനെ കണക്കാക്കുന്നു. ചെളി നിറഞ്ഞ കൊയ്ത്തു പാടങ്ങളിലാണ് ഈ മത്സരം നടന്നുവന്നിരുന്നത് . എന്നാൽ ഇന്ന് മത്സരത്തിനുവേണ്ടി പ്രത്യേകമായി നിർമ്മിച്ച ട്രാക്കുകളിലാണ് കമ്പള നടക്കുന്നത്. ഒപ്പം പരമ്പരാഗതശൈലിയിൽ മത്സരങ്ങൾ നടക്കുന്ന ചുരുക്കം ചില സ്ഥലങ്ങളും ഉണ്ട്.

സാധാരണയായി നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് കമ്പള സീസൺ.
രണ്ട് പോത്തുകളെ നുകത്തിൽ കെട്ടി, അവയെ ഒരു ജോക്കി (ഓടിക്കുന്നയാൾ) നിയന്ത്രിച്ചുകൊണ്ട് ചെളി നിറഞ്ഞ ട്രാക്കിലൂടെ ഓടിക്കുന്നതാണ് ഇതിന്റെ രീതി. പ്രത്യേക പരിശീലനം ലഭിച്ച പോത്തുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓട്ടക്കാരൻ പോത്തുകൾക്കൊപ്പം ട്രാക്കിലൂടെ ഓടുകയോ അല്ലെങ്കിൽ അവയുടെ പുറകിലുള്ള പലകയിൽ കയറി നിൽക്കുകയോ ചെയ്യുന്നു. ഒരേ സമയം രണ്ട് ട്രാക്കുകളിലായി മത്സരം നടക്കുന്നു. കമ്പളട്രാക്കുകൾക്ക് പൊതുവെ ഒരു നിശ്ചിതനീളം നിർബന്ധമില്ലെങ്കിലും, സാധാരണയായി 120 മീറ്റർ മുതൽ 145 മീറ്റർ വരെയാണ് ഇവയുടെ നീളം. എന്നാൽ മത്സരങ്ങൾ നടക്കുന്ന സ്ഥലത്തെ സ്ഥലസൗകര്യത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരാറുണ്ട്. സാധാരണയായി 10 മുതൽ 14 സെക്കന്റ് വേഗത്തിൽ പോത്തുകൾക്ക് 100 മീറ്റർ താണ്ടാൻ പറ്റാറുണ്ട് . എട്ടും ഒൻപതും സെക്കന്റ് കൊണ്ട് നൂറുമീറ്റർ പൂർത്തിയാക്കി ഞെട്ടിച്ചവരും കൂട്ടത്തിൽ ഉണ്ട് .

സാധാരണ ശനിയാഴ്ചകളിലാണ് മത്സരം നടക്കുന്നത്. ശനിയാഴ്ച രാവിലെ തുടങ്ങുന്ന മത്സരം പിറ്റേന്ന് രാവിലെ വരെ ഇടതടവില്ലാതെ നീളും.

വെറുമൊരു കായികവിനോദം എന്നതിലുപരി, തീരദേശ കർണാടകയിലെ ജനങ്ങളുടെ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് കമ്പള. പോത്തുകളെ വളർത്തുന്നതും അവയ്ക്ക് മികച്ച പരിശീലനവും ഭക്ഷണവും നൽകുന്നതും വലിയൊരു അഭിമാനമായാണ് ഈ നാട്ടുകാർ കരുതുന്നത്. ‘കാന്താര’ പോലുള്ള സിനിമകളിലൂടെ ഈ ആചാരം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് കമ്പള നിരോധിക്കപ്പെട്ടിരുന്നെങ്കിലും, സുരക്ഷിതമായ രീതിയിൽ ഈ പാരമ്പര്യം തുടരാൻ നിയമപരമായ അനുമതി പിന്നീട് ലഭിച്ചു. ഇന്ന് പതിനായിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു വലിയ ഉത്സവമായി കമ്പള മാറിയിരിക്കുന്നു.

മംഗലാപുരം മൂഡിബദ്രി എന്നിവിടങ്ങളിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇതോടൊപ്പം.

ചിത്രങ്ങളും എഴുത്തും : അനിൽ കുമാർ രാവണീശ്വരം

കവർ : സി പി ജോൺസൻ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.