പൂമുഖം വ്യൂഫൈൻഡർ വ്യൂ ഫൈൻഡർ – ബുദ്ധശിലാ തല്പത്തിൽ

വ്യൂ ഫൈൻഡർ – ബുദ്ധശിലാ തല്പത്തിൽ

മുംബൈ നഗരത്തിൽനിന്ന് അല്പമകലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് കടൽയാത്ര ചെയ്താൽ പ്രശസ്തമായ എലിഫൻഡ ഗുഹകൾ സന്ദർശിക്കാം.എന്നാൽ മുംബൈ നഗരമധ്യത്തിലെ ജനസാന്ദ്രമായ ബോറിവിലിക്കടുത്ത് ബുദ്ധവിഹാരങ്ങൾ നിറഞ്ഞൊരു മലഞ്ചെരുവ് നീണ്ടുനിവർന്നു ശയിക്കുന്നത് പലരും അറിഞ്ഞുകാണില്ല.മുംബൈയിൽ വർഷങ്ങളായി ജീവിച്ചുവരുന്ന മലയാളിസമൂഹത്തിന് അത്ര പരിചിതമല്ല കണേരി ഗുഹാസമുച്ചയം എന്നപേരിലറിയപ്പെടുന്ന ഈ താഴ് വര. ബോറിവിലിയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽനിന്ന് ഒന്നര കി മീ കാട്ടുവഴിയിലൂടെ യാത്ര ചെയ്താൽ കണേരിഗുഹകൾക്ക് മുന്നിലെത്തും. മുംബൈയിൽ നിന്ന് 25 കി മീ വടക്കു സ്‌ഥിതിചെയ്യുന്ന സാൾസെറ്റ് ദ്വീപിലെ കൃഷ്ണഗിരിയാണ് കണേരിയായി ലോപിച്ച ബുദ്ധഗുഹാപരമ്പര.

ആന്ധ്ര രാജവംശത്തിലെ ഗൗതമിപുത്ര ശാതകർണിയാണ് ബുദ്ധഗുഹകളുടെ നിർമാണം ആരംഭിച്ചത്. ( ഏ ഡി 173 – 202 ) ഏ ഡി ഒമ്പതാം ശതകത്തോടെ കണേരിയുടെ നിർമിതി പൂർത്തിയായി എന്ന് കരുതപ്പെടുന്നു. മലയിടുക്കിൻ്റെ ഇരു പാർശ്വങ്ങളിലുമായി പരസ്പരം അഭിമുഖമായിട്ടാണ് ഗുഹയുടെ കിടപ്പ്. ആകെ 109 ഗുഹകളാണ് ഉത്ഘനനത്തിൽ കണ്ടെത്തിയത്. നിരനിരയായിട്ടുള്ള അറകളും കിണറുകളും ഭോജനശാലകളും പ്രഭാഷണ മന്ദിരങ്ങളും ചൈത്യങ്ങളും ശ്‌മശാന ങ്ങളും അവയെ പരസ്പരം ബന്ധിക്കുന്ന കൽപ്പടവുകളും സന്ദർശകർക്ക് കാണാം. ആദ്യകാലഘട്ടങ്ങളിൽ ഹീനയാനബുദ്ധമതക്കാരും പിൽക്കാലം മഹായാന പ്രസ്‌ഥാനക്കാരും കണേരിയിൽ വസിച്ചിരുന്നതായി കരുതപ്പെടുന്നു.

​​കൂട്ടത്തിൽ, കൈകളിൽ പൂക്കളുമായി പുഷ്‌പാഞ്‌ജലിക്കായി നിൽക്കുന്ന മട്ടിലുള്ള ദമ്പതീ ശിൽപം ജീവചൈതന്യം തുടിക്കുന്നതാണ്.അതിഭാവുകത്വം കലരാത്ത ലളിതമായ ശൈലിയിലാണ് ഇവയുടെ നിർമാണം. ഭാരതീയ ശില്പകലയിലെ വഴിത്തിരിവായിട്ടാണ് കണേരിയിലെ ശില്പസൗഭഗം വിലയിരുത്തപ്പെടുന്നത്. ചൈത്യത്തിനുള്ളിൽ ഇരുവശത്തുമായി നിരനിരയായി അനേകം തൂണുകൾ നിർമിച്ചിട്ടുണ്ട്. തൂണുകളുടെ മുകളറ്റത്ത് മൃഗങ്ങളുടെ ശില്പങ്ങൾ കൊത്തിയിട്ടുണ്ട്.

മറ്റൊരു നീണ്ട ഗുഹയാണ് ദർബാർ ഗുഹ. ബുദ്ധഭിക്ഷുക്കൾക്ക് ഒത്തുചേരാനുള്ള ധർമശാലയാണ് ഇത്. അതിപുരാതനമായ ഒരു സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന കണേരിഗുഹകൾ പുരാവസ്തു ശാസ്ത്രജ്ഞരെയും സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നു. കണേരിയിലെ കുന്നിൻചരിവുകളിൽ കാണപ്പെട്ട വിവിധജാതി വൃക്ഷങ്ങളും വെള്ളച്ചാട്ടവും കരിങ്കൽഫലകങ്ങളും ബഞ്ചുകളും ഇരിപ്പിടങ്ങളും ചുമരിലെ അറകളും തണുപ്പാർന്ന ശിലാതളിമങ്ങളും തണൽ വീഴ്ത്തിയ ബോധിച്ചുവടുകളും നമ്മെ ബുദ്ധസംസ്കൃതിയുടെ പുരാതനമായ ഓർമകളിലേക്ക് കൊണ്ടുപോകും. അജന്തയിലും എല്ലോറയിലും നാസിക്കിലും എലിഫൻഡാ ഗുഹകളിലും കാണപ്പെട്ട ധർമകായം കണേരിയിലും നാം അനുഭവിക്കാതെ വരില്ല.

Comments

You may also like