പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

ഇതൾ : ഒൻപത്. ശങ്കരി

” നോക്കൂ മായാ, ഗർഭിണികൾക്ക് ആഹാരംപോലെ പ്രധാനപ്പെട്ടതാണ് ഉറക്കവും. ഉറങ്ങാതിരുന്നാൽ പിന്നീടത് പല കോംപ്ളിക്കേഷനുകൾക്കൂം കാരണമാകും. വിദ്യാഭ്യാസമുള്ള ആളല്ലേ മായാ, എന്നിട്ടാണോ ഇങ്ങനെ?”
“ഞാൻ ഇവളോട് നാട്ടിൽ ഇവളുടെ അമ്മയുടെയടുക്കൽ കൊണ്ടുവിടാം, കുറച്ചുദിവസം അവിടെ നിൽക്കുമ്പോൾ ഒന്ന് റിഫ്രഷാകുംന്ന് പറഞ്ഞതാണ്.
പക്ഷേ, വേണ്ടാ എന്ന് ഇവൾക്ക് ഒരേ നിർബന്ധം.”
” തത്ക്കാലം ഞാൻ ഉറങ്ങാനൊരു മരുന്ന് എഴുതാം ഇത്കൊണ്ടും ശരിയായില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കാണാം.. അത് ഗുണം ചെയ്യും. ഏതിനും നമുക്ക് നോക്കാം. ടെൻഷൻ ഒന്നും വേണ്ട. ചില സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ ഇങ്ങനെയുണ്ടാവാറുണ്ട്.”
ക്ളീനിക്കിൽ നിന്ന് തിരികെവരുമ്പോഴൊക്കെയും തന്നെ ആശ്വസിപ്പിക്കാൻ ഓരോന്നുപറയുകയായിരുന്നു ജീവൻ. ആദ്യമായ് ഗർഭിണിയാകുന്നതിന്റെ ടെൻഷനാണത്രേ തനിക്ക്..
ആദ്യത്തെ ഗർഭം! വിളിക്കാതെവരുന്ന ചിന്തകളുടെ തോരാമഴയാണ് മനസ്സിൽ.
എത്ര ആഗ്രഹിച്ചതും കാത്തിരുന്നതുമാണ് വയറ്റിൽക്കിടക്കുന്ന ഈ കുഞ്ഞിനെ. പക്ഷേ ഒട്ടും സന്തോഷിക്കാനാവുന്നില്ല പകരം, ഉള്ളിൽ തോന്നുന്നത് ഭയമാണ്. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നതുപോലെ.
അരുതാത്തത്.
അത് സംഭവിച്ചുകഴിഞ്ഞല്ലോ! ഉറക്കം കണ്ണുകളെ വിഴുങ്ങുമ്പോഴൊക്കെയും അവളുടെ മുഖമാണ് മുന്നിൽ, കളങ്കം ലവലേശം തീണ്ടിയിട്ടില്ലാത്ത ആ ചിരി, സംസാരം, മാക്കാ. എന്ന നീട്ടിയുള്ള അവളുടെ വിളി..
ജീവന്റെ അവസാനത്തെത്തുള്ളിയെയും തീയെടുക്കുമ്പോൾ എന്തായിരുന്നിരിക്കും അവളുടെ മനസ്സിൽ? ആ നേരങ്ങളിൽ അവൾ തന്നെക്കുറിച്ച് എന്താവാം ചിന്തിച്ചിട്ടുണ്ടാവുക?
കൂടപ്പിറപ്പിനെപ്പോലെ തന്റെ പിന്നാലെ ചുറ്റിനടന്നവൾ. മാതാപിതാക്കളുടെ പക്കൽനിന്നും പണം നൽകി അവളെ തമിഴ്‌നാട്ടിലെ ഏതോ ഒരു കുഗ്രാമത്തിൽനിന്ന് മണികണ്ഠൻ എന്ന എന്റെ അച്ഛൻ വാങ്ങിക്കൊണ്ട് വരുമ്പോൾ ഒൻപത് വയസ്സായിരുന്നു അവളുടെ പ്രായം. തനിക്ക് പതിമൂന്നും. അമ്മക്കൊരു സഹായം, തനിക്കൊരു കളിക്കൂട്ട്. ആ ദിവസങ്ങളിൽ അവളെക്കാണാൻ അയൽവീടുകളിൽ നിന്നും ബന്ധുവീടുകളിൽനിന്നും ആളുകൾ വരിക പതിവായിരുന്നു.
” ശോ എന്നാലും നായ്ക്കുട്ടികളെയൊക്കെ വാങ്ങുന്നപോലെ ക്‌ടാങ്ങളെ കാശുകൊടുത്തുവാങ്ങല്.. തന്തേം തള്ളേം ഒക്കെ ഉള്ളത് തന്നെയല്ലേ?”
“അല്ലേലും ഇവറ്റോൾക്ക് കുഞ്ഞെന്നും കുടുംബമെന്നുമൊന്നും ണ്ടാവൂല്ലാന്നേ.”
” ഓൾക്കൊരു ചന്തോംക്കെണ്ട് സൂക്ഷിച്ചോണം, ആണുങ്ങളൊക്കെ വരുന്നതാ”
“ഇതുപോലെ ഒന്നിനെ കിട്ടുംച്ചാ മണിയേട്ടാ എനിക്കൂടി ഒന്നിനെ വാങ്ങിത്തരോ? അധികം വിലയുള്ളത് ആവരുത്, ഇത്ര ചന്തോം വേണ്ടാ കറുത്തേതിനെ മതീട്ടോ” അച്ഛൻ പെങ്ങളുടേതായിരുന്നു ആ വാക്കുകൾ.
ഒരു കാഴ്ചവസ്തുവായ് ഓരോ അഭിപ്രായങ്ങളിലും അന്യതാബോധത്തോടെ അവൾ വെറും തറയിൽ തലകുനിച്ചിരുന്നു.


തന്റെ മുറിയിലായിരുന്നു അവളുടെ ഉറക്കം. കട്ടിലിനോട് ചേർന്ന് തറയിൽ പായവിരിച്ച് അവൾ കിടന്നു. രാത്രിയിൽ അവളുടെ ഏങ്ങലടികേട്ട് താൻ പാതിയുറക്കത്തിലുണർന്നു.
കരയേണ്ട എന്ന് പറയാനും അവളെ ആശ്വസിപ്പിക്കാനും തോന്നി, പക്ഷേ ചെയ്തില്ല. പുതപ്പ് മുഖത്തിന് മുകളിലേക്ക് വലിച്ചിട്ടു.
അവൾ താനാണെന്നും, മാതാപിതാക്കളും ഉറ്റവരുമില്ലാത്ത ഏതോ വിദൂരനഗരത്തിൽ താനലയുകയാണെന്നും തോന്നി..
കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി, എന്നിട്ടും താനവളെ ആശ്വസിപ്പിച്ചതേയില്ല
ഏങ്ങലടി നേർത്തുപോകുന്നതും അവൾ ഉറങ്ങുന്നതും ഇളംനീല സീറോവാട്ട് ബൾബിന്റെ വെളിച്ചത്തിൽ നോക്കിക്കിടന്ന് എപ്പോഴോ താനും ഉറങ്ങി.

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like