പൂമുഖം LITERATUREനിരൂപണം കഥാവാരം 29

കഥാവാരം 29

ചെറുകഥകളുടെ ദൈർഘ്യത്തെക്കുറിച്ച് കൂടെക്കൂടെ ചർച്ചകൾ ഉണ്ടാകാറുണ്ട്. തീരെച്ചെറുതോ അമിത വലിപ്പമുള്ളവയോ ആകരുത് ചെറുകഥ എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാൻ പറ്റൂ. രണ്ടോ മൂന്നോ പേജുകളിൽ ഒരു ജീവിതത്തെ മുഴുവനായി പറയാൻ പ്രാഗത്ഭ്യം ഉള്ള കഥാകൃത്തുക്കൾ ഉണ്ടായിരുന്നു നമുക്ക്. ഇന്നുമുണ്ട്. പക്ഷേ, ഈയടുത്തായി സുദീർഘങ്ങളായ കഥകളുടെ എണ്ണം കൂടി വരുന്നു. രണ്ടോ മൂന്നോ എന്നത് പോയി അഞ്ചും ആറും പേജുകളിലേക്ക് അവ പരന്നു. ഇന്നിപ്പോൾ മുഖ്യധാരാ വാരികകളുടെ പേജ് ലേ ഔട്ട്, എ ഫോർ സൈസിലാണ്. എന്നുവെച്ചാൽ പുസ്തകങ്ങളുടെ രണ്ടുപേജ് ഒരു പേജിന് സമം. അപ്പോൾ മുൻപ് നാല് പേജിൽ ചുരുക്കി എഴുതിയിരുന്ന കഥ ഇന്നത്തെ വാരികകളിൽ രണ്ടു പേജിൽ നമുക്ക് അനുഭവിക്കാൻ കഴിയണം. പക്ഷേ ഇപ്പോൾ വരുന്ന കഥയുടെ ദൈർഘ്യമോ? ആറു പേജ് എന്നത് പത്തു പേജായി. ചിലപ്പോൾ പന്ത്രണ്ട് പേജും! അപ്പോഴും അവയെ ക്ഷമയോടെ ഇരുന്ന് വായിക്കുന്ന ചെറുകഥാ പ്രേമികൾക്ക്, ഒന്നിൽ കൂടുതൽ ലക്കങ്ങൾ കൊണ്ട് ഖണ്ഡശ ചെറുകഥയെ അനുഭവിപ്പിക്കാം എന്ന പുതിയ ഒരു ട്രെൻഡ് പ്രസാധകർ സ്വീകരിച്ചു വരുന്നോ എന്ന് സന്ദേഹിച്ചുപോകുന്നു.

ഇപ്രാവശ്യം മാധ്യമം വാരികയിൽ പ്രിൻസ് അയ്മനം എഴുതിയ കഥയ്ക്ക് ഈയാഴ്ച നീക്കിവെച്ചത് പത്ത് പേജുകളാണ്. ഇതിനൊരു ഭാഗം കൂടി വരാനുണ്ട് പോലും! ഒരു ചെറുകഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ മാത്രം ഏറ്റവും ചുരുക്കിപ്പറഞ്ഞുകൊണ്ട്, മിതമായ വാചകങ്ങളിൽ കഥ പറയാൻ പറ്റാതിരിക്കുന്നത് ഒരു പോരായ്മ തന്നെയാണ്. ചെറുകഥ അനേകം പേജുകളിലേക്ക് വ്യാപിച്ചുകിടക്കുകയും, ഒന്നിൽ കൂടുതൽ ലക്കങ്ങളിലേക്ക് അതിനെ പരക്കാൻ അനുവദിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയായി കാണാൻ കഴിയുന്നില്ല.

മലയാളസാഹിത്യത്തിൽ ചെറുകഥയ്ക്ക് അത്രത്തോളം ദാരിദ്ര്യം ഉണ്ട് എന്നും തോന്നുന്നില്ല. അതിനാൽ തന്നെ ഏതെങ്കിലും ഒരു നോവലിന്റെ, ഏതെങ്കിലും ഒരു അധ്യായം ചെറുകഥ എന്ന ലേബലിൽ കൊടുക്കുന്നതും ആശാസ്യമല്ല തന്നെ. നോവലിനെക്കുറിച്ചും ചെറുകഥകളെ കുറിച്ചും ആധികാരികമായ ധാരണയുള്ള എഴുത്തുകാർക്ക്, ഒരു ചെറുകഥയെ നോവലിന്റെ ഭാഗമാക്കുന്നതോടെ തന്നെ, അതിന് ചെറുകഥ എന്ന സ്വതന്ത്രമായ അസ്തിത്വം നൽകുവാനും കഴിയുന്നു. ഈ ‘ഇൻഡിപെൻഡന്റ് ഐഡന്റിറ്റി’ ഒരു നോവൽ ഖണ്ഡത്തിന് ഉണ്ടാകണമെങ്കിൽ, അതിന്റെ രചയിതാവ് ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാകണം. ഇത് രണ്ടുമല്ല എന്നുറപ്പുള്ളവർ ഇത്തരം സാഹസത്തിന് മുതിരരുത്.

എം ജി ബാബു

മാതൃഭൂമിയിൽ എം ജി ബാബു എഴുതിയ കഥയാണ് ക്രിമറ്റോറിയം. കോവിഡ്കാല പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒന്ന്. മിക്കവാറും കോവിഡിന്റെ തുടക്കകാലത്ത് എഴുതപ്പെട്ടതാകണം ഇത്. വാരികകളിലേക്ക് അയച്ചാൽ രണ്ട് രണ്ടര വർഷങ്ങൾക്കുശേഷമാണ് പ്രസിദ്ധീകരിച്ചു വരുന്നതെങ്കിൽ, കഥയുടെ കാലികപ്രസക്തി നഷ്ടപ്പെടും. കോവിഡ് കഴിഞ്ഞുവെന്ന് പറയാം. പരക്കെയുണ്ടായിരുന്ന അതിന്റെ ഭീതിയും കഴിഞ്ഞു. പശുവും ചത്തു; മോരിന്റെ പുളിയും തീർന്നു. പക്ഷേ മാതൃഭൂമിക്ക് ക്രിമറ്റോറിയം എന്ന കഥ ഇപ്പോഴേ കൊടുക്കാൻ പറ്റിയുള്ളൂ.

ഏതൊരു സാഹിത്യ കൃതിയും കാലികം എന്നതിനേക്കാൾ സാർവകാലികവും സാർവദേശീയവും ആകണം. കമ്യൂവിന്റെ പ്ലേഗ്, ഏതുകാലത്തും മഹത്തരം ആകുന്നത് അതിന്റെ അനിതര സാധാരണമായ സാഹിത്യ ഭംഗി കൊണ്ടാണ്. ഒരു മഹാമാരിയുടെ അന്തരീക്ഷത്തിൽ പറയുന്ന ഈ കഥ എപ്പോൾ വായിച്ചാലും വായനക്കാരിൽ സ്തോഭം ഉണ്ടാക്കും. വായനയിൽ ഉടനീളം ആ അനിശ്ചിതത്വവും ഭയവും അനുവാചകരിൽ സഞ്ചരിക്കും.

റോയ് എന്ന ആംബുലൻസ് ഡ്രൈവറുടെ കഥയാണ് ‘ക്രിമിറ്റോറിയം’. കഥ തുടങ്ങുമ്പോൾ തുടർച്ചയായി ആംബുലൻസ് ഓടിച്ച് പരീക്ഷീണിതനായ റോയിയെ നമ്മൾ കാണുന്നു. അവിടെ നിന്ന് കഥാകൃത്ത് പല സ്ഥലങ്ങളിലേക്കും നമ്മളെയും കൊണ്ട് ചാടുന്നു. റോയിയിൽ നിന്ന് ജോർജ് ജേക്കബ് മാഷിലേക്ക്. അയാളുടെ പൂർവകാലം. കണക്ക് പഠിപ്പിക്കുന്നത്. കണക്കിൽ റോയ് പരാജയമാണ് എന്ന് സമർത്ഥിക്കുന്നത്. പിന്നെ ജാനറ്റിനെ കുറിച്ചും സുദീർഘമായി പറയുന്നു. അവരുടെ മിശ്രവിവാഹം.

റോയിയുടെ ആത്മഗതമായിട്ട് വളരെ ബാലിശമായ കാര്യങ്ങൾ കൂടി കഥയിൽ ചേർക്കാൻ എഴുത്തുകാരൻ മറന്നിട്ടില്ല.

“പക്ഷേ ജീവിതത്തിൽ റീപ്ലേ എന്നൊന്നില്ല. മലമുകളിലെ ക്രിമറ്റേറിയത്തിലേക്കുള്ള വഴി പോലെയാണ് ജീവിതം. വളഞ്ഞു പോകുമ്പോൾ വിഭ്രമം അനുഭവപ്പെടും. പിന്നിട്ട വഴിയിലൂടെ തന്നെയായിരുന്നോ? വഴിയായ വഴിയെല്ലാം അഴിച്ചെടുക്കുമ്പോൾ മനസ്സിലാകും ആവർത്തനമില്ലെന്ന്.” ഇതാണ് കഥയിൽ ഗംഭീര സിദ്ധാന്തമായിട്ട് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. അതിനുശേഷം, മരിച്ചുപോയ ജാനറ്റിന്റെ പൂർവകാലം പറയുന്ന രംഗമുണ്ട്. വിവാഹ വാർഷിക കേക്ക് ഉണ്ടാക്കുന്ന ജാനറ്റ്. ബേക്കറിയിൽ നിന്നും കേക്കിന് ഓർഡർ ചെയ്താൽ പോരേ എന്ന റോയിയുടെ ചോദ്യത്തിന് ജാനറ്റ് കൊടുക്കുന്ന മറുപടി നോക്കുക-

“എന്റെ സ്നേഹത്തിലും കൈപ്പുണ്യത്തിലും ഒക്കെ നിനക്ക് വിശ്വാസം നഷ്ടപ്പെട്ടു അല്ലേ. എനിക്കറിയാം നിന്റെ ഉള്ളിൽ എന്താണെന്ന്. നീ പഴയതെല്ലാം മറന്നു. നിനക്കെന്നോട് ഒട്ടും സ്നേഹമില്ല. ഇതിലൊന്നും സന്തോഷം കണ്ടെത്താൻ ആവില്ലെങ്കിൽ നിനക്ക് പോകേണ്ടതെവിടെയാണെന്ന് വച്ചാൽ പൊയ്ക്കോളൂ. എല്ലാം ഉപേക്ഷിച്ച് ഞാനും പൊയ്ക്കോളാം. “

ഇങ്ങനെയുള്ള ശുദ്ധ പൈങ്കിളിയും മാതൃഭൂമിയിൽ കഥയായി അച്ചടിച്ചു വരും എന്ന് മാത്രം വായനക്കാർ വിശ്വസിക്കുക.
പി.പി.ആർ കിറ്റു ധരിപ്പിച്ച, കോവിഡ് ബാധിച്ചു മരിച്ച മൃതദേഹങ്ങളെ ക്രിമിറ്റോറിയത്തിലേക്ക് എത്തിക്കുന്ന റോയിയുടെ മരണം കാണിച്ചുതരുന്നു കഥാവസാനം. അപ്പോൾ എന്തൊക്കെയോ എഴുത്തുകാരൻ പറയുന്നുണ്ട്. മനുഷ്യ ജീവിതത്തിന്റെ അവസാനഘട്ടമെന്ന പോലെ. വൃക്ഷക്കൊമ്പുകളിലെ കറുത്ത ചിറകുള്ള വലിയ പക്ഷികൾ! അവ ചിറകിട്ടടിച്ച് ശബ്ദം ഉണ്ടാക്കുന്നത്. ഡ്രൈവർ ഇല്ലാത്ത ആംബുലൻസ് സ്വയമേ പിന്നോട്ട് പിന്നോട്ട് ഇറങ്ങിപ്പോകുന്നത്. അവസാനം ആംബുലൻസിന്റെ തകർന്ന നിലവിളിയും! ജീവിതത്തിന്റെ നിരർത്ഥകത, മരണം എന്ന മഹാസത്യം, ഭീതിപ്പെടുത്തുന്ന ഏകാന്തത, മനുഷ്യകുലത്തിന്റെ തന്നെ അന്ത്യം, ലോകാവസാനത്തിന്റെ ഭയപ്പെടുത്തുന്ന അന്തരീക്ഷം ഇവയൊക്കെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കാനുള്ള കഥാകൃത്തിന്റെ ശ്രമം. പക്ഷേ, കഥ ഭാവനാശൂന്യവും ശുഷ്കവുമായി ഒടുങ്ങുന്നു.

യമ

യമയുടെ ‘ഹൂഡിനി’ എന്ന കഥയുണ്ട് ഈയാഴ്ചയിലെ സമകാലിക മലയാളം വാരികയിൽ. പരമാവധി ശ്വാസം ഉള്ളിലേക്ക് എടുത്തുവേണം ആദ്യത്തെ വാക്യം വായിക്കാൻ. അതുകൊണ്ടുതന്നെ കഥാവസാനത്തോടുകൂടി ഫിലോസഫിക്കിൽ ആകുന്ന ഹൂഡിനിയിലേക്ക് അനായാസം ഇറങ്ങി ചെല്ലാൻ പ്രയാസമുണ്ടാകുന്നു വായനക്കാർക്ക്. എഴുതിക്കഴിഞ്ഞ കഥയെ ഫൈൻ ട്യൂൺ ചെയ്തില്ലെങ്കിൽ എഡിറ്റിങ്ങിന്റെ പോരായ്മ നന്നായി തെളിഞ്ഞു കാണും. സർഗാത്മക എഴുത്തുകളിൽ ഭാഷ പ്രധാനപ്പെട്ട ഘടകം തന്നെയാണ്.

“എന്നാൽ, സത്യമായും അയാൾക്ക് മടുത്തിരിക്കുന്നു. വർഗീസ് എന്ന അയാൾ ദീർഘമായി ഒന്നു രണ്ടു വട്ടം ശ്വസിച്ചു. മൂന്നു തലമുറക്ക് ജീവിക്കാനുള്ള സ്വത്ത് അയാൾ ഉണ്ടാക്കിയിട്ടുണ്ട്. ഇടുന്ന വസ്ത്രത്തിലോ കഴിക്കുന്ന ഭക്ഷണത്തിലോ പണം കൊടുത്ത് കാൽക്കീഴിൽ ആക്കുന്ന ചെറിയ സ്ഥാപനങ്ങളിലോ ഒന്നും തന്നെ അയാൾക്ക് വിശേഷിച്ച് താൽപര്യം ഇല്ലാതായിരിക്കുന്നു.”

അവിദഗ്ദ്ധമായ എഡിറ്റിങ്ങിന് നല്ല ഒരു ഉദാഹരണമാണ് മുകളിൽ പറഞ്ഞ ഖണ്ഡിക. നാലു വാചകങ്ങളിലും ‘അയാൾ’ എന്നതിന്റെ ആവർത്തനം.

വർഗീസ് എന്ന കോടീശ്വരനും ചന്ദ്രൻ എന്ന കള്ളനും തമ്മിലുള്ള ഒളിച്ചുകളിയാണ് കഥ. ഈ ചന്ദ്രൻ ഒരു പ്രത്യേകതരം കള്ളനാണ്. കളവു മുതൽ ആവശ്യമില്ലാത്ത, എന്നാൽ ഏത് പൂട്ടും തുറക്കാൻ സാധിക്കുന്ന കള്ളൻ. അതുമാത്രമല്ല, ഒളിപ്പിച്ചു വെക്കപ്പെട്ട ഏതൊരു വസ്തുവും തന്റെ മനക്കണ്ണുകൊണ്ട് കാണാൻ പ്രത്യേക കഴിവുമുണ്ട്. ഒന്നുകിൽ നോസ്ട്രഡാമസ്, അല്ലെങ്കിൽ അയ്യർ ദി ഗ്രേറ്റിലെ മമ്മൂട്ടി. മൊത്തത്തിൽ കഥ നടക്കുന്ന സ്ഥലം വെള്ളരിക്കാപ്പട്ടണം. അവിശ്വസനീയമായ വസ്തുതകളെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടുപോയ ഒരു കഥ.

ലിൻസി വർക്കി

ദേശാഭിമാനിയിൽ ലിൻസി വർക്കി എഴുതിയ കഥയാണ് ‘ഓഷുൻ.’ വിദേശ പശ്ചാത്തലത്തിൽ താരതമ്യേന ഉയർന്ന വിതാനത്തിൽ പറയുന്ന കഥയായി തുടക്കം അനുഭവപ്പെടുന്നു. മൂന്നു ഭാഗങ്ങളിലായി പറയുന്ന കഥ, പക്ഷേ പരിപൂർണ്ണമായും വായനക്കാരെ അതിൽ തളച്ചിടാൻ പര്യാപ്തമാകുന്നില്ല. കഥയ്ക്ക് ഏറ്റവും അത്യാവശ്യമായത് മാത്രം പറയുക എന്നതിൽ നിന്നും, വിവരണാത്മകമായ ലേഖന സ്വഭാവത്തിലേക്ക് കഥ വീണ് കഴിഞ്ഞാൽ ഫിക്ഷൻ എന്ന രൂപത്തിൽ നിന്നും അത് മാറിപ്പോകും. ഭാവന ഉയർന്നുനിൽക്കാത്ത കഥകൾ എല്ലാം തന്നെ വികാരശൂന്യമായി ഒടുങ്ങും.

കോട്ടയംകാരനായ ജോൺ എന്ന ജോനപ്പനും നൈജീരിയക്കാരിയായ ഫോളാഷാഡിയും തമ്മിലുള്ള ക്യാമ്പസ് പ്രണയമാണ് ഒന്നാമത്തെ ഭാഗം.

തറവാടിത്തം വേണ്ടുവോളമുള്ള, കുലീനതയും ആഢ്യത്വവും രാജകീയ പ്രൗഢിയും സമ്പത്തും എല്ലാം ഉള്ള തറവാട്ടിലെ കുഞ്ഞന്നാമ്മ ആണ് രണ്ടാം ഭാഗത്തിലെ കേന്ദ്ര കഥാപാത്രം. എന്നുവച്ചാൽ ജോണിന്റെ അമ്മൂമ്മ.

നിറവയറുമായി രാത്രിയിൽ നമുക്കറിയാത്ത ഏതൊക്കെയോ അന്തരീക്ഷത്തിൽ, നൈജീരിയൻ ഗോത്രവർഗ്ഗക്കാരുടെ ചില ആഭിചാരക്രിയകൾ നടത്തുന്ന ഫോളാഷാഡിയാണ് മൂന്നാമത്തെ ഭാഗത്തിലെ പ്രധാന ഘടകം. കഥാവസാനം വല്യമ്മച്ചിയുടെ തിരോധനവും ഫോളാഷാഡിയുടെ പ്രസവവും, ഇരട്ടക്കുട്ടികളിൽ രണ്ടാമത്തെ കുഞ്ഞ് വല്യമ്മച്ചിയെപ്പോലെ മോണ കാട്ടി ചിരിക്കുന്നതും കഥാകൃത്ത് പറയുന്നുണ്ട്.
കറുത്ത ചർമ്മത്തോട് തൊലി വെളുപ്പുള്ളവർ കാണിക്കുന്ന തൊട്ടുകൂടായ്മ, അതിന്റെ നിരർത്ഥകതയെ കുറിച്ച് പറയാനാണെന്നു തോന്നുന്നു കഥയുടെ രചന.

കഥയ്ക്ക് ഒന്നോ രണ്ടോ മൂന്നോ നാലോ എത്ര ഭാഗങ്ങൾ വേണമെങ്കിലും ആയിക്കോട്ടെ. കഥാന്ത്യത്തിലേക്ക് വായനക്കാർ എത്തിച്ചേരുമ്പോൾ, ഓരോ ഭാഗവും രചനയുടെ പൂർണ്ണതയ്ക്ക് എന്താണ് സംഭാവന ചെയ്തത് എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നല്ല തുടക്കം ആയിരിക്കെ തന്നെ, അതിനെ തുടർന്ന് ജോണിന്റെയും ഫോളാഷാഡിയുടെയും ചരിത്രം പറയേണ്ടുന്നത് ചെറുകഥയ്ക്ക് അത്യാവശ്യമായിരുന്നോ എന്ന് നോക്കുക. പ്രണയകഥകളിലെ നായികാനായക സങ്കൽപ്പങ്ങളുടെ ക്ലീഷേ അവതരണമാണ് അവിടെ നമ്മൾ കാണുന്നത്. രണ്ടാം ഭാഗത്തിലെ വല്യമ്മച്ചിയുടെ ചിത്രീകരണം എത്രയെത്രയോ വട്ടം കണ്ടും കേട്ടും അനുഭവിച്ചതാണ്. മൂന്നാം ഭാഗത്തിലെ നൈജീരിയൻ ഗോത്രവർഗ്ഗക്കാരുടെ ആഭിചാരകർമം വിശ്വസനീയമായ രീതിയിൽ കഥയിൽ ഉൾ ചേർക്കുന്നതിൽ എഴുത്തുകാരിയുടെ പ്രാഗത്ഭ്യം തെളിഞ്ഞു കാണാൻ സാധിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഭാവന കൊണ്ട് തെളിയിക്കപ്പെടേണ്ട കഥ, വായനക്കാരന് അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതാണോ എന്ന് സന്ദേഹിക്കുമ്പോൾ കഥയിൽ നിന്നും കലാംശം ചോർന്ന് അനുഭൂതിരഹിതമായ എഴുത്തായി മാറുന്നു.

കെ പി ജയകുമാർ

ഈ കുറിപ്പിന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ നോവലിൽ നിന്നും ഒരു ഭാഗം കഥയാക്കുമ്പോൾ, അതിന് സ്വതന്ത്രമായ നിലനിൽപ്പ് ആവശ്യമാണ്. മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ച കെ പി ജയകുമാറിന്റെ ‘ശിക്കാർ’ എന്ന കഥ എന്തടിസ്ഥാനത്തിലാണ് ചെറുകഥയാകുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു അധോലോകത്തിന്റെ അന്തരീക്ഷം എവിടെയൊക്കെയോ ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങൾക്കു മുമ്പുള്ള സിനിമകളിൽ കാണുന്ന ഭാവതലം. ഭാഷ, ആവിഷ്കാരം തുടങ്ങി ഒന്നിലും ഒരു പുതുമയും കാണാൻ പറ്റുന്നില്ല. കഥയുടെ ആശയം മലയാളത്തിൽ പറയാൻ പറ്റിയ വാക്ക് കൈവശമില്ലാത്തത് കൊണ്ട് ‘റബിഷ്’ എന്ന് മാത്രം സൂചിപ്പിക്കട്ടെ. നോവലിലേക്ക് ആൾക്കാരെ ക്ഷണിക്കാനുള്ള പ്രമോഷൻ ആയിട്ടാണ് ഈ കഥ മാധ്യമം വാരിക വഴി കഥാകൃത്ത് കൊടുത്തത് എങ്കിൽ, ആ നോവലിനെ കുറിച്ച് ഞാനെന്തു പറയാൻ!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like