മൃദുല്‍ വി എം ന്റെ ‘കുളെ’ കാസര്‍ഗോഡ് ജില്ലയിലെ പ്രേതവിവാഹം എന്നൊരു സാമൂഹികാചാരത്തിന്റെ മാത്രം കഥയല്ല; ഇത്തരം സാമൂഹികവ്യവഹാരങ്ങളില്‍ അന്തര്‍ഭവിച്ച ജാതിയുടെ സൂക്ഷ്മചിത്രീകരണം കൂടിയാണ്. ജാതിയുടെയും അയിത്തത്തിന്റെയും ശുദ്ധിവാദത്തിന്റെയും അടയാളങ്ങള്‍ കഥയില്‍ കാണാം. ആലോചന,നിശ്ചയം,പ്രേത കല്യാണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ആഖ്യാനം. രാജീവന്‍, സജീവന്‍,രാഘവന്‍ നായര്‍ ,സത്യഭാമ എന്നിങ്ങനെ വരനും വരന്റെ വീട്ടുകാരും , മുന്ദനും സരോജിനിയും ബീനയും ബിനീഷും എന്നിങ്ങനെ വധുവും വധുവിന്റെ വീട്ടുകാരും കഥയില്‍ പ്രധാനമായും ഇടപെടുന്നു. കൂടാതെ പ്രേതസാന്നിദ്ധ്യമെന്നോണം കാറ്റും അമ്പിളിപ്പൂവിന്റെ ഏലും കഥയില്‍ കാണാം.
പല തരം സംഘര്‍ഷങ്ങളുടെ ഭൂമികയാണ് ഈ കഥ.
1.ജാതിയുടെ രണ്ട് ലോകങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം.
2.മരിച്ചവരും ജീവിക്കുന്നവരും പാര്‍ക്കുന്ന രണ്ട് ലോകങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം
3.സ്നേഹവും സ്നേഹരാഹിത്യവും പാര്‍ക്കുന്ന രണ്ട് ലോകങ്ങള്‍ തമ്മിലുള്ളത്.
ഈ സംഘര്‍ഷങ്ങളെ പൊതുവില്‍ ഒഴിവാക്കലും ഉള്‍ക്കൊള്ളലും എന്ന സംജ്ഞകള്‍ ഉപയോഗിച്ച് വിശദീകരിക്കാം. ഒഴിവാക്കലില്‍ വ്യക്തി ഒരു ബാധ്യതയാണ്. ആ ബാധ്യത ഒഴിവാക്കല്‍ എന്ന പ്രക്രിയയിലൂടെ പൂര്‍ണ്ണമായും ചുറ്റുപാടുമായി വേര്‍പെടുന്നു. ഉള്‍ക്കൊള്ളല്‍ ആത്മാവുമായി അഗാധമായി ചേരലാണ്. അവിടെ സഹഭാവത്തിന്റെയും സ്നേഹത്തിന്റെയും ചേര്‍ത്തുനിര്‍ത്തലിന്റെയും മുദ്രകള്‍ കാണാം. ഈ രണ്ട് ചിന്തകളാല്‍ നിര്‍മ്മിതമാണ് കഥയുടെ ആത്മാവ്.ഈ ലേഖനം അതിന്റെ വിശദീകരണമാണ്.

ഒന്ന്
കുളെ വായിച്ചപ്പോള്‍ സി അയ്യപ്പന്റെ ‘പ്രേതഭാഷണം ‘ ‘കാവല്‍ഭൂതം ‘ എന്നീ കഥകള്‍ ഓര്‍മ്മ വന്നു. മരണാനന്തരം പ്രേതമായി വന്നു , ജീവിച്ച കാലത്ത് പറയാന്‍ സാധിക്കാത്ത പലതും തുറന്ന് പറയുന്നവരെ അയ്യപ്പന്റെ കഥകളില്‍ കാണാം. ജീവിച്ചിരുന്നപ്പോള്‍ ഉള്ളു തുറക്കാന്‍ സാധിക്കാത്ത വിധം ഈ മനുഷ്യരെ അടച്ചിട്ട വ്യവസ്ഥിതിയെ രൂക്ഷമായി നോക്കുന്നുണ്ട് അയ്യപ്പന്റെ കഥകള്‍. അയ്യപ്പന്‍ കഥകളില്‍ പ്രേതവും മനുഷ്യരും മിത്തും ഇടകലര്‍ന്ന ഒരു ലോകം എപ്പോഴും സന്നിഹിതമാണ്. ജീവിതത്തിന്റെ വേദനകളെ പറയുന്നത് പ്രേതങ്ങളും ഭൂതങ്ങളുമാണ്. ഓര്‍മ്മയുടെ അജ്ഞാത പ്രദേശങ്ങളിലെവിടെയോ ഇരുന്നു അവര്‍ വ്യഥകള്‍ പങ്കുവെക്കുന്നു. അദൃശ്യശരീരങ്ങളായും ആത്മാക്കളായും പ്രേതമായും ചരിത്രം പുറന്തള്ളിയവരുടെ തീവ്രസാന്നിധ്യമാണ് ആ കഥകളില്‍ കാണാന്‍ കഴിയുന്നത്. പുലയന്റെ ശരീരത്തില്‍ ആത്മാവുണ്ടോ എന്ന് ചോദ്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശയില്‍ മലയാളസാഹിത്യത്തില്‍ നിന്ന് മുഴങ്ങി കേട്ട ചോദ്യമാണ്.
ആ കഥകളുടെ തുടര്‍ച്ചയോ ആവര്‍ത്തനമോ അല്ല മൃദുല്‍ വി എം ന്റെ കഥ. എന്നാല്‍ ആ കഥകളുടെ സത്ത മറ്റൊരുവിധത്തില്‍ ഈ കഥയുടെ അടിയടരില്‍ തൊട്ടു നില്‍ക്കുന്നുണ്ട്. കാവല്‍ഭൂതം എന്ന കഥയില്‍ അയ്യപ്പന്‍ എഴുതുന്നു. ”ഞാനിത്രയും വിവരിച്ചു പറഞ്ഞത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്. സ്നേഹം എന്തൊരു രൗദ്രമൂർത്തിയാണെന്നോ? ആ രൗദ്രത്തിന്റെ കനലാണ് എന്റെ ആത്മാവിനെ ഇപ്പോഴും തണുപ്പിച്ചു നിർത്തുന്നത്. എന്നാൽ ചിലപ്പോൾ കോപച്ചെന്തീ ചിതറുന്ന എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീരുറന്നു പോകുന്നു. അപ്പോൾ, ലോകം മുഴുവൻ ഞെട്ടുന്ന ശബ്ദത്തിൽ അലറിക്കരഞ്ഞിട്ട് ഞാൻ ചോദിക്കാനാശിച്ചുപോകുന്നു.
ദേവീ, നമ്മുടെ ജീവിതം കല്ലേലിട്ട കലംപോലെ തകർന്നു പോകാനുള്ള കാരണമെന്താണ്? ”
കല്ലേലിട്ട കലം പോലെ തകര്‍ന്ന ജീവിതത്തിന്റെ കഥയാണ് കുളെയിലെ ‘കറുത്തു ഭംഗിയുള്ള, ചുരുണ്ട മുടിയുള്ള ബീന’യുടേത്. ബീന തൂങ്ങിക്കിടന്നപ്പൊഴും അവളുടെ കയ്യിലുണ്ടായിരുന്ന അമ്പിളി പൂക്കളെപ്പറ്റി ഓര്‍ക്കുന്ന സരോജിനിയെ കഥയില്‍ കാണാം.
”മിറ്റത്ത് അമ്പിളിപ്പൂക്കള്‍ ഇടവിട്ട് പൂത്തു തുടങ്ങിയത് സരോജിനിയെ സന്തോഷിപ്പിച്ചിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍, തൂങ്ങിക്കിടക്കുമ്പോഴും ബീനയുടെ മുടിയില്‍ വിടാതെ പറ്റിപ്പിടിച്ച പൂക്കളെ ഓര്‍മ്മവന്നപ്പോള്‍ സരോജിനി കണ്ണ് നിറച്ചുകൊണ്ട്, കാറ് പോയ ദിക്കിലേക്ക് നോക്കിനിന്നു. ”
ഓര്‍മ്മയുടെയും മരണാനന്തര ജീവിതത്തിന്റെയും കഥയുടെ അകപ്പൊരുളിനെ നിര്‍ണ്ണയിക്കുന്നത് ജാതി എന്ന താക്കോല്‍വാക്കാണ്. ഭക്ഷണത്തില്‍,രുചിക്കൂട്ടില്‍ ചടങ്ങില്‍,ജീവിക്കുന്ന ഇടത്തില്‍ ജാതി സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ കാണാം.
എസ് ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ‘ ജാതിയുടെ സൂക്ഷ്മവ്യവഹാരങ്ങളെ അടയാളപ്പെടുത്തിയ കഥയായിരുന്നു. അതില്‍ നിന്നും കുളെ യെ വ്യ ത്യസ്തമാക്കുന്നത് ഈ കഥയുടെ പുരാവൃത്ത സമാനമായ പ്രമേയതലവും അതിനെ ജീവിതത്തിന്റെ ഉള്‍പ്രകൃതിയുമായി സന്നിവേശിപ്പിക്കുന്നതില്‍ കഥാകൃത്ത് കാട്ടിയ അപാരമായ ശ്രദ്ധയുമാണ്. ഭക്ഷണത്തിലും വസ്ത്രത്തിലും പാര്‍പ്പിടത്തിലും വാണിജ്യത്തിലും നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന , വിവിധ രൂപഭേദങ്ങളോടെ ഇന്നും നിലനില്‍ക്കുന്ന ജാത്യാടിസ്ഥാനത്തിലുള്ള വ്യത്യസ്തത പി ഭാസ്കരനുണ്ണിയുടെ “പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള”ത്തില്‍ കാണാം. പക്ഷെ ആ ചരിത്രപുസ്തകത്തില്‍ നിന്ന് ഭിന്നമായി വികാരപരവും അനുഭവപ്രധാനവുമായ ജാതിയുടെ ആവിഷ്കാരം ‘കുളെ ‘യില്‍ കാണാം.
ഫിക്ഷന്‍ ഒരു ജനതയുടെ വൈകാരികമായ ചരിത്രം എഴുതുന്നത് ഈ വിധമാണ്. ചരിത്രവിജ്ഞാന ഗ്രന്ഥങ്ങളില്‍ കാണാത്ത ചരിത്രത്തിന്റെ സാന്ദ്രമായ വിവരണം ഫിക്ഷനില്‍ കണ്ടെത്താന്‍ സാധിക്കും.
ഒരു ദേശത്തിന്റെ അടരുകളെ ഭാഷയുടെ വിന്യാസത്തിലൂടെ കഥാകൃത്ത് അവതരിപ്പിക്കുന്നു. കാരകുഴിച്ചാലും കപ്പണയും ഇരിയ കരിങ്കുട്ടികോളനിയും ഇടക്കുഴി കരിഞ്ചാമുണ്ടിയും കരിങ്കുട്ടി മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളും പുദുമ നെല്ലിവീടും അടങ്ങുന്ന ദേശചിത്രത്തില്‍ ജാതിചിത്രവും, ഇടത്തിന്റെ ചിത്രവും തെളിയുന്നു.

രണ്ട്
കുളെയില്‍ സജീവനെ എപ്പോഴും അലട്ടുന്നത് ചെറുപ്പത്തില്‍ മരണപ്പെട്ടു പോയ ചേട്ടന്‍ രാജീവന്റെ പ്രേതമാണ്. പതിനാലാം വയസ്സില്‍ കപ്പണക്കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് സജീവന്റെ ചേട്ടന്‍ മരിക്കുന്നത്. മരണത്തിനു ശേഷം ഇരുപത്തിനാലു കൊല്ലം കഴിഞ്ഞും സജീവനെ ആ പ്രേതം പിന്തുടരുന്നു. പല വിധം പീഡകള്‍ ഏട്ടന്റെ പ്രേതത്തില്‍ നിന്നു ഏറ്റുവാങ്ങുന്നത് സജീവനെ അസ്വസ്ഥനാക്കുന്നു. മരണാനന്തരവും ജീവിതവേദനകളില്‍ നിന്ന് മോചനം ലഭിക്കാതെ അശരീരിയായി അയാള്‍ അനുജനോടൊപ്പം തുടരുന്നു. അയാള്‍ക്ക് മോക്ഷം കിട്ടാനുള്ള പ്രക്രിയയായിട്ടാണ് പ്രേതവിവാഹത്തെ വീട്ടുകാര്‍ കാണുന്നത്.
സജീവനെ ഭയം സദാസമയം പിടികൂടിയിട്ടുണ്ട് . അയാളുടെ ജേഷ്ഠൻ പാതിരാസ്വപ്നങ്ങളില്‍ ഒരു നശിച്ച നിമിഷമായി ഉറക്കത്തില്‍ വന്ന് ചേക്കേറാറുണ്ട്. അയാളുടെ ആവശ്യം വിവാഹമാണ്. മരണാനന്തരവും ബാധ പോലെ പിന്തുടരുന്ന ജീവിതപദപ്രശ്നങ്ങളില്‍ നിന്ന് ആ ആത്മാവും മുക്തനല്ല. മരിച്ചെന്നല്ലാതെ മറ്റൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. വിവാഹവും അനുബന്ധജീവിതവും മുറപോലെ തുടരാന്‍ മരണാനന്തരവും അയാള്‍ സന്നദ്ധനാണ്. അയാളുടെ മരണാനന്തരജീവിതത്തെ മരണത്തിനു മുന്‍പുള്ള സാമൂഹികജീവിതക്രമങ്ങള്‍ മുറ തെറ്റാതെ പിന്തുടരുന്നു.
സജീവന്റെ മനോനിലയില്‍ ആകമാനം അസ്വസ്ഥതയും ധൃതിയും പ്രകടമാണ്. അമ്മയായ സത്യഭാമയോടുള്ള ഇടപെടലും രാജീവന്റെ പ്രേതവിവാഹനേരത്തുള്ള ഇടപെടലിലും ധൃതിയും വെപ്രാളവും കാണാം. ആ ധൃതിയുടെ മൂലകാരണങ്ങളില്‍ ജാതിയഹന്തയും ആണഹന്തയും തെളിനീരുള്ള പുഴ പോലെ അടിത്തട്ട് കാട്ടി നില്‍ക്കുന്നുണ്ട്.ബീനയുടെ അനുജനോട് കല്യാണവേളയിലുള്ള ഇടപെടലിലും കല്യാണത്തിനുശേഷം അവിടെ നിന്ന് ഭക്ഷണമൊന്നും കഴിക്കാതെ ഇറങ്ങാന്‍ ധൃതി കാട്ടുന്നതിലും സജീവനെ വ്യക്തമായി കാണാം. സജീവന് രാജീവന്‍ എന്ന പ്രേതബാധ്യതയുടെ ഒഴിവാക്കല്‍ മാത്രമാണ് ഈ വിവാഹം. പക്ഷെ സത്യഭാമയ്ക്ക് അത് ഒഴിവാക്കല്‍ അല്ല. തന്റെ മകനോടുള്ള ചൂടാറാത്ത വാത്സല്യത്തിന്റെ കൈമാറ്റമാണ്. ആ വാത്സല്യചൂട് ബീനയിലേക്കും പടരുന്നതായി കാണാം.
കരുണയോടെ ലോകത്തെ കാണുന്ന പ്രകൃതമാണ് സത്യഭാമയുടെയും സരോജിനിയുടെയും. രാഘവന്‍ നായരിലും രാജീവനിലുമുള്ള ആണഹന്തയുടെയും ജാത്യാഭിമാനത്തിന്റെയും ക്രൗര്യമൊന്നും അവരില്‍ കാണാനാവില്ല.അധീശത്വത്തിന്റെ അടയാളങ്ങളൊന്നുമില്ലാത്ത ഇടപെടലാണ് ഈ കഥയിലെ സ്ത്രീകളിലുള്ളത്. വിഭജനരേഖകള്‍ കാട്ടി ഭയപ്പെടുത്തിയാലും പേടിക്കാത്തൊരാളായി സത്യഭാമ സരോജിനിയോട് ‘പുളിശ്ശേരിയുടെ കൂട്ട് എങ്ങനെ’യാണെന്ന് ചോദിക്കുന്നു. മടിച്ചുനിന്ന രാഘവന്‍നായരെയും സജീവനെയും ഗൗനിക്കാതെ കനമില്ലാത്ത കക്കത്താലി ബീനയുടെ കഴുത്തിലിട്ട് കൊടുക്കുന്നു.(സരോജിനി കനമുള്ള താലി രാജീവന്റെ കഴുത്തിലും ആ വേള ഇടുന്നുണ്ട്. രാജീവന്റെ വീട്ടുകാര്‍ കല്യാണത്തെ ഒഴിവാക്കലായും ബീനയുടെ വീട്ടുകാര്‍ കല്യാണത്തെ ചേര്‍ത്തുപിടിക്കലായും കാണുന്ന സ്നേഹത്തിന്റെ ഭാഷ കൂടി ആ പ്രവൃ ത്തിയിലുണ്ട് ) ഒടുക്കം അമ്പിളിപ്പൂവിന്റെ ഏല് ചോദിക്കുന്ന സത്യഭാമയെയും കാണാം.”അതുവരെ മണ്ണുടല്‍ പൊതിഞ്ഞ ആള്‍രൂപത്തില്‍ ചുരുങ്ങിയിരിക്കുകയായിരുന്ന ബീന, പിടഞ്ഞെണീറ്റ് ഏലുകള്‍ പോലെ തളിര്‍ത്ത വിരലുകള്‍ നീട്ടി അവരെ സ്‌നേഹത്തോടെ തൊടാനാഞ്ഞു ” തൊടല്‍ എന്ന പ്രവൃത്തിയില്‍ സത്യഭാമ മാത്രമാണ് ഏര്‍പ്പെടുന്നത്. തൊടലിനെ ഭയന്നാണ് രാഘവന്‍ നായരും സജീവനും ജീവിക്കുന്നത്. സത്യഭാമയും സരോജിനിയും പരസ്പരം തൊടുന്നു. സത്യഭാമ ബീനയുടെ ചിത്രത്തില്‍ ഉമ്മ കൊടുക്കുന്നു, ബീനയുടെ ആള്‍രൂപത്തില്‍ താലിചാര്‍ത്തുന്നു,ഭക്ഷണം കഴിക്കുന്നു, അമ്പിളിപ്പൂവിന്റെ ഏല് ചോദിക്കുന്നു.ഈ പ്രവൃത്തികളെല്ലാം ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയത്തെയാണ് തെളിച്ചുകാട്ടുന്നത്. സരോജിനിയുടെയും ബീനയുടെ കുടുംബത്തിന്റെയും ഇടപെടലുകള്‍ സമാനമായ ശരീരഭാഷയിലാണ്. സ്നേഹത്തിന്റെ ആര്‍ദ്രത അതില്‍ പ്രതിഫലിക്കുന്നു. ബലിഷ്ഠതയാര്‍ന്ന നില്‍പ്പും, പെട്ടെന്ന് അവസാനിപ്പാക്കുവാനുള്ള വ്യഗ്രതയും, ഭക്ഷണം കഴിക്കാതെ പല കള്ളങ്ങള്‍ പറയലും, ജാതിശുദ്ധി കാക്കാനുള്ള സാമര്‍ത്ഥ്യവുമാണ് സജീവനിലും രാഘവന്‍ നായരിലും കാണുന്നത്. വാക്കിലും ഇടപെടലിലും നോട്ടത്തിലും ഒഴിവാക്കലിന്റെയും സ്നേഹരാഹിത്യത്തിന്റെയും അടയാളങ്ങളാണ് അവരില്‍ നിറയുന്നത്.
രാജീവന്‍ ചെറിയ കാലം മാത്രമാണ് ജീവിച്ചത്. അപകടത്തിലൂടെ മരണമടഞ്ഞ് അവസാനിക്കുന്നു. ബീന സ്വയം വരിച്ച മരണമാണ്. ജീവിതം അവളെ അതിന് നിര്‍ബന്ധിതയാക്കിയതാവാം. ”സ്‌കൂള്‍ യൂണിഫോമില്‍, തൂങ്ങിക്കിടക്കുമ്പോഴും ബീനയുടെ മുടിയില്‍ വിടാതെ പറ്റിപ്പിടിച്ച പൂക്കളെ ” ഓര്‍ത്ത് സരോജിനി നെടുവീര്‍പ്പെടുന്നുണ്ട്.പൂക്കളെ മരണാനന്തരവും ബീന വിട്ടുകളയുന്നില്ല. അമ്പിളിപ്പൂവായും കാറ്റായും അവള്‍ ആ പരിസരത്തിന്റെ ഗന്ധത്തില്‍ അലിഞ്ഞുനില്‍ക്കുന്നു. ആ ഗന്ധം വേദനയാര്‍ന്ന ഓര്‍മ്മയായി എല്ലാവരിലും നിറഞ്ഞു നില്‍ക്കുന്നു. ഒരാള്‍ അവശേഷിപ്പിച്ചതെല്ലാം അയാളുടെ ശൂന്യതയെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.ആ ഓര്‍മ്മ വേദനയുടെ ഹിമാലയമായി മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നു.
രാജീവന് മരണാനന്തരം സത്യഭാമയില്‍ നിന്നു മാത്രമാണ് പരിഗണന കിട്ടുന്നത്.മറ്റുള്ളവര്‍ക്ക് അവനൊരു പേടിസ്വപ്നമാണ്.സത്യഭാമയ്ക്ക് അവന്‍ വാത്സല്യക്കനിയും. ഇവിടെയും രണ്ട് ലോകങ്ങളുടെ സമീപനവൈജാത്യം കാണാം.

മൂന്ന്
അവമതിക്കപ്പെട്ട അപരത്വം എന്ന്
അധഃകൃതരെന്ന് വിളിക്കപ്പെട്ട് സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശം നഷ്ടമായ സമൂഹത്തെ ഗോപാല്‍ ഗുരു വിശേഷിപ്പിക്കുന്നുണ്ട്. സഞ്ചരിക്കുന്ന ശവശരീരങ്ങള്‍ എന്ന വി എസ് നയ്പാളിന്റെ പ്രയോഗത്തെയും ഇന്ത്യന്‍ ദളിത് അവസ്ഥയെ വിശദമാക്കാന്‍ അദ്ദേഹം ഉപയോഗിക്കുന്നു. ബ്രാഹ്മണമതം സാമൂഹികവ്യവഹാരങ്ങളില്‍ നിന്നെല്ലാം ഒരു കൂട്ടം മനുഷ്യരെ അകറ്റിനിര്‍ത്തുന്ന പ്രക്രിയ ഇന്നും പല നിലയില്‍ തുടരുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്.ക്ഷേത്രപ്രവേശനവിളംബരം നടന്ന നാട്ടില്‍ ഇന്നും ദളിതര്‍ പ്രവേശിച്ചാല്‍ ക്ഷേത്രത്തിലേക്ക് കയറ്റാത്ത അവസ്ഥയും അവര്‍ കയറിയാല്‍ അവിടെ പുണ്യാഹം തെളിച്ച് ശുദ്ധമാക്കുന്ന ഏര്‍പ്പാടുമുണ്ട്. പ്രണയിച്ച് രണ്ടുപേര്‍ക്ക് വിവാഹം കഴിക്കണമെങ്കില്‍ ജാതി അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കേണ്ട അവസ്ഥയുള്ള , സ്വയം നിര്‍ണ്ണയാവാകാശം എല്ലാരീതിയിലും ഇല്ലാതായ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ദുരഭിമാനക്കൊലകളുടെ വലിയ ചരിത്രം നമുക്ക് പറയാനുണ്ടല്ലോ.

ജാതിവിവേചനം അതിന്റെ രൂക്ഷതകളെല്ലാം പ്രകടിപ്പിച്ച് മനുഷ്യവിരുദ്ധമായ സമീപനങ്ങളിലൂടെ നമ്മുടെ നാട്ടില്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.ഭക്ഷണം, വസ്ത്രം ,പാര്‍പ്പിടം,വിവാഹം,പ്രണയം തുടങ്ങിയ സര്‍വ്വവ്യവഹാരങ്ങളുടെയും വിധിനിര്‍ണ്ണയ ഘടകമായി ഈ ജാതിവിവേചനം തുടരുന്നു. ചടങ്ങുകളിലും ഭക്ഷണത്തിലും സാമൂഹിക ഇടപെടലുകളിലും ദൃഢമായി നിലനില്‍ക്കുന്ന ജാതിയെ അടയാളപ്പെടുത്തുന്നതിനോടൊപ്പം, നിസ്സംഗരായി ജീവിക്കുന്ന മനുഷ്യരെ നോക്കുന്ന മരിച്ചവരെ കഥ തൊടുന്നു. അമ്മ വിവേചനങ്ങളുടെ ഭാരമൊന്നും ഉള്‍വഹിക്കാതെ ഉയിരാര്‍ന്ന ഇടപെടല്‍ വിവാഹവേളയില്‍ നടത്തുന്നത് കാണാം.ഒഴിവാക്കലിന്റെയും ഉള്‍ക്കൊള്ളലിന്റെയും രണ്ട് ലോകങ്ങളാണ് കഥയിലൂടെ അനാവൃതമാകുന്നത്. അത് തുടക്കം മുതല്‍ ഒടുക്കം വരെ പല രൂപങ്ങളിലൂടെ കഥയില്‍ ഇടപെടുന്നു.
കുളെ ഭാഷയുടെ വിന്യാസത്താലും ആഖ്യാനരീതിയാലും പ്രമേയസ്വീകരണത്താലും ഉയര്‍ന്ന ശിരസ്സോടെ മലയാളകഥയുടെ വര്‍ത്തമാനമായി നില്‍ക്കുന്നു. കേവലമുദ്രാവാക്യമാവാതെ കഥപറച്ചില്‍ എന്ന കലയുടെ സകല മായികതയും ആഖ്യാനത്തില്‍ സന്നിവേശിപ്പിച്ച് കഥ പറയാന്‍ മൃദുല്‍ വി എം ന് കുളെയിലൂടെ സാധിക്കുന്നു.
കവർ : വിത്സൺ ശാരദാ ആനന്ദ്