പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ അതിലൊന്ന് ഒരാണും!

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഇതൾ- ആറ്🌿

“ഈരേഴു ഭുവനങ്കള്‍ പടൈത്തവനേ
കൈയില്‍ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ
എന്ന തവം സെയ്തനൈ യശോദാ
എന്ന തവം സെയ്തനൈ…”

“എന്നട ചെല്ലക്കുട്ടി? അമ്മാവോടെ ചെല്ലമാക്കുമാ?… അമ്മാവോടെ തങ്കം എങ്കെ? എന്ന വേണം.. അപ്പാക്കിട്ടെ പോലാമാ? “

പാൽ നിറഞ്ഞിരിക്കുന്ന വായ മുലക്കണ്ണിൽനിന്നും
മാറ്റി അമ്മയുടെ മുഖത്തുനോക്കി മതിമറന്ന് ചിരിക്കുകയാണെന്റെ ഉണ്ണിക്കൃഷ്ണൻ. വായിലൂടെ പാലൊഴുകുന്നു. ഇന്നോളം കണ്ടതിൽ ഏറ്റവും അഴകാന കാഴ്ച.

പുതുമണ്ണിൽ ആദ്യമായ് വിത്തുമുളച്ചിരിക്കുകയാണ്. ബാലികയുടെയും മകളുടെയും ഭാര്യയുടെയും എണ്ണിയാലൊടുങ്ങാത്ത ആടിത്തീരാത്ത വേഷങ്ങൾക്കിടയിൽ പുതിയതായ് ഒന്നുകൂടി എന്റെയീ അമ്മവേഷം. സ്വന്തമായ് ജീവനുള്ളൊരു പാവക്കുട്ടിയെ കിട്ടിയിരിക്കുന്നു.
ആദ്യമായ് താത്തായും ആച്ചിയും ആയതിന്റെ ആഹ്ളാദത്തിലാണ് അപ്പായും അമ്മായും.

പ്രസവശേഷം ഞാൻ തിരിച്ചെത്തിയിട്ട് ഒന്നരമാസമായിരിക്കുന്നു. സാവിത്രിയും മകൾ ഗായത്രിയും സുഖമായിരിക്കുന്നു.
കനകത്തിന് പകരം സാവിത്രി കൂട്ടിക്കൊണ്ട് വന്ന ജോലിക്കാരി മാരിയമ്മ നല്ല സാമർത്ഥ്യമുള്ള സ്ത്രീയാണ്.എപ്പോഴും സാവിത്രിക്കും മകൾക്കും ചുറ്റും സംരക്ഷണവലയംപോലെ അവരുണ്ടാവും. വീട്ടിൽ നിന്ന് ആരേയും സഹായത്തിന് കൊണ്ടുവരാത്ത എന്നോട് അവൾക്ക് ലേശം പുച്ഛമൊക്കെയുണ്ട്. പുച്ഛരസം വരുമ്പോഴുള്ള അവളുടെ ചുണ്ടിന്റെ ആ ഭാവം… ഞാൻ കനകത്തെയോർക്കും.
അവൾ സുഖമായിരിക്കുന്നുവോ?

തികച്ചും അപ്രതീക്ഷിതമായ വഴിയി ലൂടെയുള്ള ഈ സഞ്ചാരത്തിന് ജീവിതമെന്ന് പേരിട്ടതാരായിരിക്കാം? ഒന്നും ഒന്നും ഞാൻ കരുതിയതുപോലെ ആയിരുന്നില്ല.
നമ്മെ ചുറ്റിയിരിക്കുന്നവരുടെ വ്യക്തിജീവിതം എങ്ങനെയാണ് അതിന്റെ ഗുണത്തിനോ ദോഷത്തിനോ അവകാശിയല്ലാത്ത, വെറും കാഴ്ചക്കാരിമാത്രമായ ഒരുവളുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കുന്നത്? കഴിഞ്ഞ ഒന്നരവർഷമായ് അനുഭവത്തിലൂടെ അറിയുന്നു.

പെരിയണ്ണായുടെ പല നേരംപോക്കുകൾക്കും സ്വയമറിയാതെ ഞാൻ സാക്ഷിയാകുകയാണ്. പണത്തിനുവേണ്ടി(?) യജമാനനെ പ്രീതിപ്പെടുത്തുന്ന ജോലിക്കാരികൾ. മാരിയമ്മയും!
ഇത്തരം നേരംപോക്കുകൾക്ക് സമ്മതമില്ലാത്തവളെ യജമാനന് വേണ്ടി രഹസ്യമായി പരുവപ്പെടുത്തി യജമാനന്റെ പ്രീതിനേടുക എന്നതും ചിലർ കടമയായ് കരുതുന്നു.

ഒരുമയുടെയും, സ്വാതന്ത്ര്യത്തിന്റെയും, സമാധാനത്തിന്റെയും കാറ്റ്, എന്റെ ഗ്രാമത്തിലെ നെൽപ്പാടങ്ങളിൽ ചുറ്റിസഞ്ചരിച്ചിരുന്ന ആ കാറ്റ് ഇവിടേക്ക് എന്നാണെത്തുക?

“എന്നാച്ച്? ഒടമ്പ് മുടിയലെയാ?
നാൻ എവളവ് വാട്ടി ഉൻകിട്ടൈ സൊല്ലിയിരിക്ക് തേവയില്ലാത്തതിലെ പോയ് തല മാട്ട വേണ്ടാ വേണ്ടാ ന്ന്
കേക്കമാട്ടയേ…
ഇപ്പൊ എന്ന പുതുസാ? “

“എതുവുമിലൈയ്, നിങ്കോ പഠീങ്കോ.. പഠിച്ചിക്കിട്ടേ ഇരീങ്കോ. എതുവും പഴക്കവും വേണ്ടാ.. കേക്കവും വേണ്ടാ…”

“അമുദം.. എനക്ക് എല്ലാമേ തെരിയും. ആനാ നാൻ തെരിഞ്ചതിനാലേ എന്ത പ്രയോജനവും കിടയാത്.. അതെ ഉനക്കും തെരിയും. നമ്മോടെ പയ്യൻ കൊഞ്ചോണ്ട് പെരുസാവട്ടുമേ.. നാലരമാസം താനേ ആയിരുക്ക് അവനുക്ക്. വേല വിഷയമാ ട്രാൻസ്ഫർ വാങ്ങി എങ്കയാവത് ഒരിടത്ത്ക്ക് നിമ്മതിയാ നമ്മൊ പോലാം. ഇപ്പോതുക്ക് ഉന്നോടെ മാമിയാ ഉനക്ക് കൊടുത്ത സാ (ചാ)വിയെ വെച്ച് നല്ലപടിയാ വീടെയ് പാര്”

“മാമിയാ എൽപ്പിച്ച ചാവി” അതൊരു വലിയ ബാധ്യതയാണ്. മൂത്തമരുമകൾക്ക് നൽകേണ്ടതായ വീടിന്റെ പരമാധികാരത്തിന്റെ താക്കോൽക്കൂട്ടം അത്ത ഇളയവളായ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പലരുടെയും മുറുമുറുപ്പുകളെ കാര്യമാക്കാതെയായിരുന്നു ആ നീക്കം.
കുരുക്കുകൾ മുറുകുകയാണ്! അതിനിടയിലാണ് അദ്ദേഹത്തിന്റെ വകയായുള്ള ഇത്തരം മോഹിപ്പിക്കലുകൾ. ജോലിസംബന്ധമായ് അദ്ദേഹം മറ്റൊരു നാട്ടിലേക്ക് മാറ്റത്തിന് ശ്രമിക്കുന്നത് ഇപ്പോൾ പ്രധാനമായും മകനെക്കൂടി കരുതിയാണ്. മത്സരങ്ങളുടെ , താരതമ്യങ്ങളുടെ, അനീതികളുടെ ലോകത്തുനിന്ന് അവനെ മാറ്റിനിർത്തുക എന്ന ഉദ്ദേശം.
കിനാവ് കാണുകയാണ്….!


ഈ നാട്ടിലേക്ക് പോരുമ്പോൾ എന്തെങ്കിലും തരത്തിലുള്ള പ്രതീക്ഷകളോ, ആഗ്രഹങ്ങളോ എനിക്കില്ലായിരുന്നു. വിവാഹരാത്രിയിൽത്തന്നെ കഴുത്തിൽ താലികെട്ടിയ ആളുടെ യഥാർത്ഥമുഖം തിരിച്ചറിഞ്ഞതാണ്. അവിടുന്നിങ്ങോട്ട് എത്രയെത്ര രാത്രികളും പകലുകളും കഴിഞ്ഞിരിക്കുന്നു. എന്റെ ഭർത്താവ് ജോലിചെയ്യുന്ന ഈ രാജ്യം പണ്ടെന്നോ എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. ഭാര്യയുടെ വേഷം കെട്ടിയല്ല, ഒരു സഞ്ചാരിയുടെ വേഷത്തിൽ, വായിച്ച കഥകളിൽ ഏറെ മോഹിപ്പിച്ച
ഈ രാജ്യത്തിന്റെ ഊടുവഴികളിലൂടെ എന്നെങ്കിലുമൊരിക്കൽ യാത്ര ചെയ്യുന്നത്..
ഇന്നിപ്പോൾ സ്വപ്നങ്ങളില്ലാത്ത, ആഗ്രഹങ്ങളില്ലാത്ത ഒരുവളായ്… അൽപ്പം ഭക്ഷണത്തിന് ആരുടെയോ ദയ കാത്ത്… കാണാൻ പാടില്ലാത്തത് കണ്ടതിനുള്ള ശിക്ഷയാണിത്.
ശരിക്കും ആര് ആരെയായിരുന്നു ശിക്ഷിക്കേണ്ടിയിരുന്നത് ?

കഴിഞ്ഞ കുറച്ച് നാളുകളായി എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് ? ഒരുറക്കത്തിലെ എന്റെ ദുഃസ്വപ്നമായിരുന്നു ഇവയെങ്കിൽ…

മരിച്ചുപോയ അനുജന്റെ മകൾക്കായ് ഏറെ അന്വേഷിച്ച് വല്യച്ഛൻ കണ്ടെത്തിയ ബന്ധം. സന്ദീപ് കാനഡയിൽ ജോലിചെയ്യുന്ന സുമുഖൻ. നല്ല കുടുംബം,മദ്യപിക്കാത്തവൻ,
നല്ല വിദ്യാഭ്യാസം, തൊഴിൽ, സ്ത്രീധനം ആവശ്യപ്പെടാൻ മാത്രം സംസ്ക്കാരമില്ലാത്തവരായിരുന്നില്ല ആ കുടുംബം വിവാഹദിവസംവരെ ഏവരും വാഴ്ത്തിപ്പാടിയ പെൺകുട്ടിയുടെ ഭാഗ്യങ്ങൾ! ഭാഗ്യങ്ങൾ നിർഭാഗ്യങ്ങളാകുന്നത് എങ്ങനെയെന്ന് തുടർന്നുള്ള ദിവസങ്ങളിൽ അറിയുകയായിരുന്നു.

നവവധുവിന്റെ അതിലോല വികാരവിചാരങ്ങൾക്കുമേൽ ഒരു കൊടുങ്കാറ്റുപോലെ പടർന്നുകയറിയ പുരുഷൻ. തുടർന്നുള്ള ദിവസങ്ങൾ ആവർത്തനങ്ങളുടേതായിരുന്നു.
ഒരുമിച്ചുള്ള നേരങ്ങളെ ഭയപ്പെട്ട് തുടങ്ങിയിരുന്നു. ഇഷ്ടമില്ലാതെയാണോ ഇദ്ദേഹം തന്നെ വിവാഹം കഴിച്ചത് എന്നൊരു ചോദ്യം ഉത്തരമില്ലാതെ കുഴക്കി.
പതിനഞ്ചാംനാൾ അവധിതീർന്ന് ജോലിസ്ഥലത്തേക്ക് ഒരുമിച്ചുള്ള യാത്ര. , മറ്റാരുമില്ലാത്ത തങ്ങളുടേതായ ഒരിടത്തെത്തുമ്പോൾ സമീപനത്തിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്തോ കടുത്ത പകയുള്ളതുപോലുള്ള പെരുമാറ്റം ആൾ തുടരുകയായിരുന്നു… ആയിടക്കാണ് ഒരു ദിവസം ആൾക്കൊപ്പം അയാൾകൂടി ഇവിടേക്ക് വന്നത്

“ഹായ് പ്രഭാ, ഞാൻ വിനീത്.
സന്ദീപ് പറഞ്ഞിരുന്നോ എന്നെക്കുറിച്ച്?”

ഉവ്വെന്നോ ഇല്ലെന്നോ അറിയാനാകാത്തവിധം ഞാൻ ഒരു ചിരിയൊട്ടിച്ചുനിന്നു.

“ഞാൻ ഏട്ടത്തിയെന്നേ വിളിക്കുള്ളൂ. നാടൊക്കെ കാണണ്ടേ? ഞാൻ വരാം . ഇപ്പോഴത്തെ തിരക്കൊന്ന് കഴിയട്ടെ.”

തുടർന്നും അയാളെന്തൊക്കെയോ പറഞ്ഞു. ക്ളീൻ ഷേവ് ചെയ്ത ആ മുഖത്തെ കുട്ടിത്തം, എന്നിലേക്ക് നീളുന്ന ചെറുചിരി . അയ്യാൾക്കൊപ്പം ചിരിച്ചുമിണ്ടുന്ന സന്ദീപ് .

“ഇവൻ രണ്ടുദിവസം ഇവിടെയുണ്ടാകും. നിനക്ക് നിന്റെ പാചകമൊക്കെ ഇവന്റെടുത്ത് പരീക്ഷിക്കാം. ഭക്ഷണമെടുത്ത് വെയ്ക്ക്. “

ആദ്യമായാണ് ആളെന്നോട് ഈ വിധം ചിരിച്ച്, മൃദുവായി മിണ്ടുന്നത്. ഭാര്യയെന്ന അംഗീകാരത്തോടെ സംസാരിക്കുന്നത്.
തുടർന്നുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു. രാത്രി ഏറെ നേരം ജോലിക്കാര്യങ്ങളുമായ് അവർ ഒരുമിച്ചായിരിക്കും. വീട് വീടാകുന്നതുപോലെ…
മനസ്സ് കാലുഷ്യമൊഴിഞ്ഞ് സ്വസ്ഥമാകുകയും!

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ


Comments
Print Friendly, PDF & Email

You may also like