പൂമുഖം LITERATUREകഥ പ്രവാചകന്റെ മരണം

പ്രവാചകന്റെ മരണം

ഇരുട്ട് താണ്ഡവമാടി തുടങ്ങിയ, താഴ്വരയുടെ മുകളിലെ പാറക്കെട്ടുകൾക്കിടയിലൂടെ കരിമ്പടം വാരിപ്പുതച്ച്, എഹൂദ് പ്രവാചകൻ സാവധാനം താഴേക്കിറങ്ങി.

ഇരുതല മൂര്‍ച്ചയുള്ള ഒരസ്വസ്ഥതയിൽ തന്റെ മനസ്സ് മുറിവേൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട പല രാത്രികളിലും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ആരാണെന്റെ ദൈവം?

സുമേറിയക്കാരും ബാബിലോണിയക്കാരും ആരാധിച്ചിരുന്ന ദൈവത്തെയല്ല, ഞാനീ സമൂഹത്തിന് പരിചയപ്പെടുത്താൻ ആഗ്രഹിച്ചത്. പിന്നെ, ഏതാണെന്റെ ദൈവം?

എന്റെ ദൈവത്തിന് ഈജിപ്ത്യൻ ദൈവസങ്കൽപ്പവുമായി അഗാധമായ ബന്ധമുണ്ടെന്ന് ഷമാഷ് പറയുന്നു. അപ്പോൾ, ഞാനെന്റെ ദൈവത്തെ ഈജിപ്‍ത്യൻ സമൂഹത്തിൽ നിന്നും മോഷ്ടിച്ച് കൊണ്ട് വന്നതാണോ? അതോ, ഉന്മാദാവസ്ഥയിൽ എനിക്ക് തോന്നുന്ന വെറും അസംബന്ധമായ ചിന്തയാണോ ഈ പ്രവാചകത്വം!

അഹത്തൂൺ പർവ്വതത്തിന്റെ മുകളിൽ വെച്ചോ, അതുമല്ലങ്കിൽ ദോറസ് മലയില്‍ നിന്നോ ഒരു വെളിപാടും തനിക്ക് കിട്ടിയതായി സ്വബോധത്തിൽ തോന്നിയിട്ടില്ല, എന്നിട്ടും ആരെല്ലാമോ എന്നെ പ്രവാചകനായി കാണുന്നു!

എന്റെ പ്രബോധനം കേൾക്കാൻ അക്ഷമരായി കാത്തിരിക്കുന്ന ജനങ്ങൾക്ക് മുന്നിലേക്കിപ്പോൾ പോകാറില്ല. ആ സമൂഹത്തിൽ വിശ്വാസികൾക്കൊപ്പം അവിശ്വാസികളുമുണ്ടെന്ന് എനിക്കറിയാം. ദൈവനിഷേധികളെയും സ്വവർഗ്ഗരതിക്കാരെയും തിരിച്ചറിയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കുറച്ചുനാളുകളായി ഹൃദയത്തിൽ നിന്നും കൂടുതൽ ഉച്ചത്തിൽ കേൾക്കുന്ന ഒരേയൊരു ചോദ്യം ഞാനൊരു പ്രവാചകൻ തന്നെയാണോ?

ഷമാഷിന്റെ അടുത്തേക്കുള്ള ദൂരം കുറയുന്തോറും എഹൂദിന്റെ മനസ്സിലെ അസ്വസ്ഥയുടെ ഭാരവും കൂടി കൂടി വരികയാണ്.

ആരാണവൾ?

എവിടെ നിന്ന് വന്നു ഈ ഭൂമികയിൽ?

എങ്ങനെയെത്തി?

എല്ലാം അജ്ഞാതമാണ്.

അവളുടെ വശ്യമായ പുഞ്ചിരിയിലും കരിനീല കണ്ണുകളിലും നിഗൂഢമായ എന്തോ വലിയൊരു അപകടം ഒളിച്ചിരിപ്പുണ്ടന്ന് തന്റെ മനസ്സ് പലപ്പോഴും പറയുന്നു. അവളീ സമൂഹത്തിലേക്ക് വന്നതിന് ശേഷമാണ്, തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്. എന്റെ ചിന്തകളിൽ വിശ്വാസങ്ങളിൽ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കാൻ അവളുടെ വാക്കുകൾക്ക് കഴിഞ്ഞിരിക്കുന്നു.

ദൈവനിഷേധിയായ അവൾ, എന്നിലെ പ്രവാചകത്വത്തെ ഒരിക്കലും അംഗീകരിക്കാൻ തയാറാകുന്നില്ല. ദൈവത്തിന്റെ ദൂതരാണ്, മനുഷ്യാവതാരത്തിൽ പിറക്കുന്ന വിശുദ്ധരും പ്രവാചകന്മാരുമെന്ന ആശയത്തെ അവജ്ഞതയോടെയാണ് അവൾ കാണുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവുകളില്ലന്നും മനുഷ്യന്റെ ബുദ്ധിയിലുദിച്ച കേവലമൊരു സൃഷ്ടി മാത്രമാണ് ദൈവസങ്കൽപ്പമെന്നും അവൾ വാദിക്കുമ്പോൾ, എന്നിലെ പുരുഷത്വം പലപ്പോഴും പതറി പോവുകയാണ്.

ആത്മാവ്, മോക്ഷം, പരലോകം, സ്വർഗ്ഗം, നരകം ഇവയൊന്നുമില്ലെന്ന് അവൾ കവലകളിൽ നിന്നും ഉറക്കെ പ്രസംഗിക്കുന്നു.

ഷമാഷിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പൂർണ്ണമായ ഉത്തരങ്ങൾ നൽകാൻ കഴിയാതെ പലപ്പോഴും നിൽക്കേണ്ടി വന്നിരിക്കുകയാണ് തനിക്കിപ്പോൾ.

കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് താഴെ നിശബ്ദമായി ഒഴുകുകയാണ്, ബറാദ നദി. പാറക്കെട്ടുകൾക്ക് അടിയിൽ ചെറിയൊരു ഗുഹ. ആ ഗുഹാകവാടത്തിന്റെ ഇരുഭാഗത്തും കത്തിച്ച്‌ വെച്ച തീപ്പന്തങ്ങള്‍.

നിറഞ്ഞു നിൽക്കുന്ന നിശബ്ദതയിൽ, തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ, കാറ്റില്‍ അനുസരണയില്ലാതെ പാറി കളിക്കുന്ന മുടിയിഴകളെ ഒറ്റ വിരലിനാല്‍ നെറ്റിത്തടത്തില്‍ നിന്ന്‌ വകഞ്ഞ്‌ മാറ്റി തുകൽച്ചുരുളിൽ എഴുതിയിരിക്കുന്ന വാക്യങ്ങൾ വളരെ ശ്രദ്ധയോടെ വായിച്ചു കൊണ്ടിരിക്കുകയാണ് ഷമാഷ്.

അസ്വസ്ഥമായ മനസ്സോടെ എഹൂദ് ആ ഗുഹയ്ക്ക് മുന്നിൽ വന്നു നിന്നു, ഒന്ന് മുരടനക്കി അവിടെ കെട്ടി നിൽക്കുന്ന നിശബ്ദതയെ കീറിമുറിച്ചു.

ഷമാഷ് തുകൽച്ചുരുളിൽ നിന്നും കൺമുനകൾ മാറ്റാതെ ചോദിച്ചു,

“പ്രാർഥന കൊണ്ടോ ബലിയർപ്പണം കൊണ്ടോ, പ്രകൃതിയിൽ എന്തെങ്കിലും സ്വാധീനം ചെലുത്താൻ മനുഷ്യന് കഴിയുമോ എഹൂദ്? “

എഹൂദ് കണ്ണുകളടച്ചു മൗനത്തോടെ അൽപ്പനേരം നിന്നു. പിന്നെയൊന്ന് പുഞ്ചിരിച്ചു,

“വറ്റി വരണ്ട ഭൂമിയിൽ ബലിയർപ്പണം ചെയ്തും പ്രാർത്ഥിച്ചും മഴ പെയ്യിച്ച ചരിത്രമുണ്ട് ഷമാഷ്. ”

അതുകേട്ടപ്പോൾ ഷമാഷ് ദീർഘമായൊരു നിശ്വാസമെടുത്തു. പിന്നെ, തുകൽച്ചുരുളുകൾ ചുരുട്ടി ഗുഹയ്ക്കുള്ളിലെ അറയിൽ ഭദ്രമായി എടുത്തുവച്ച ശേഷം പുറത്തേക്ക് ഇറങ്ങി.

“എഹൂദ്, നിനക്കൊരു ചരിത്രം പറഞ്ഞു തരാം, യൂദരുടെ ചരിത്രം. അതിനുശേഷം എന്റെ ഒരേയൊരു ചോദ്യത്തിന് ഉത്തരം നൽകിയാൽ നിന്റെ പ്രവാചകത്വത്തെ ഞാൻ അംഗീകരിക്കാം. നിന്റെ ദൈവത്തിന് മുന്നിൽ വണങ്ങാം. “

എഹൂദ് വീണ്ടും മനോഹരമായൊന്ന് പുഞ്ചിരിച്ചുകൊണ്ട്, ശരി എന്ന അർത്ഥത്തിൽ തലയാട്ടി.


ഈബീസ് മലനിരകൾക്ക് അപ്പുറം അവിടെയാണ്, ശുദ്ധന്മാരായ നെഹമിയയുടെ പിൻതലമുറക്കാരായ കുറേ പാവങ്ങൾ‍ പാർ‍ത്തിരുന്ന യൂദഗ്രാമം. ആടുവളർത്തലും കൃഷിയും തൊഴിലാക്കിയവരായിരുന്ന യൂദരുടെ പ്രധാന ദൈവങ്ങൾ, ആകാശങ്ങളുടെ അധിപനായ സെർക്സസ് ദേവനും സെർക്സസ് ദേവന്റെ ഭാര്യയും മഴയുടെയും ഇടിമിന്നലിന്റെയും ദേവതയുമായ മെർലിക്സസുമായിരുന്നു.

ഗ്രാമത്തിന്റെ മധ്യത്തിൽ അധികം വലിപ്പമില്ലാത്ത വൃത്താകൃതിയിൽ നിർമ്മിച്ച കളിമൺതട്ടിന്റെ മുകളിലായിട്ടാണ്, ആ രണ്ട് ദൈവങ്ങളുടെ ചെറുതും മരം കൊണ്ടുള്ളതുമായ പ്രതിമകൾ സ്ഥാപിച്ചിരുന്നത്.

ഗോത്രപിതാവായിരുന്ന നെഹമിയ പതിറ്റാണ്ടുകൾക്ക് മുമ്പേ മരത്തൊലികളിലും തുകൽ ചുരുളുകളിലുമായി യൂദർക്കായുള്ള നീതിയും നിയമങ്ങളും വിശ്വാസങ്ങളും എഴുതി തയ്യാറാക്കി വെച്ചിരുന്നു. നിയമങ്ങള്‍ എപ്രകാരമായിരിക്കണം; അവയെങ്ങനെ നടപ്പാക്കണം നിയമലംഘനം നടത്തുന്നവർക്ക് എന്ത് ശിക്ഷകൾ നൽകണം അങ്ങനെയെല്ലാം അവരെ പഠിപ്പിച്ചിരുന്നു. ആ നിയമങ്ങളിലൂടെ സ്വാതന്ത്ര്യവും സ്ഥിതിസമത്വവും ശാന്തിയും സമാധാനവും നിറഞ്ഞു നിൽക്കുന്ന യൂദസമൂഹത്തെ വാർത്തെടുത്തു. അതുകൊണ്ട് തന്നെ അവർക്കിടയിൽ പുരോഹിതവർഗ്ഗമോ ന്യായാധിപന്മാരോ ഉണ്ടായിരുന്നില്ല.

ഒരിക്കലൊരു വിശുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ഈബീസ് മലനിരകൾക്ക് മുകളിൽ എത്തിച്ചേർന്നു.

“ആ കാണുന്ന ഗ്രാമം ആരുടേതാണ്? ”

വിശുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു.

“നെഹമിയയുടെ പിൻതലമുറക്കാരായ യൂദരുടെ ഗ്രാമമാണ് ഗുരുവേ.”

വിശുദ്ധൻ അൽപ്പനേരം കണ്ണുകളടച്ചു നിന്നതിന് ശേഷം, ശിഷ്യരുടെ കൂട്ടത്തിൽ നിന്നുമൊരുവനെ അടുത്തേക്ക് വിളിച്ചു,

“നീ യൂദരുടെ അടുത്തേക്ക്പോവുക; എന്നിട്ട് അവരോട് പറയുക ദൈവവും വിശുദ്ധരും അവരുടെ പിൻഗാമികളും വഴി നിരവധി പ്രബോധനങ്ങൾ നിങ്ങൾക്ക് കൈവന്നിട്ടുണ്ട്. ആ പരമ്പരയിൽ തെളിഞ്ഞു നിൽക്കുന്നൊരു വിശുദ്ധൻ നിങ്ങളുടെ മണ്ണിലേക്ക് വരുന്നു. അവനിൽ നിന്നും പ്രബോധനം കേൾക്കാൻ അവനെ സ്വികരിക്കാൻ നിങ്ങൾ തയ്യാറാവുക. “

സൂര്യനുദിക്കുന്നതോടെ ആട്ടിന്‍പറ്റവുമായി മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് പോയിരുന്ന ഇടയന്മാരും നിലങ്ങളിൽ പണിയെടുക്കുന്ന കർഷകരും തങ്ങളുടെ ഗ്രാമത്തിലേക്ക് വിശുദ്ധൻ വരുന്നുവെന്ന വാർത്തയറിഞ്ഞ നിമിഷം തന്നെ കുടിലുകളിലേക്ക് തിരികെ വന്നു. മുളയും മേച്ചില്‍പുല്ലും കൊണ്ട് മേഞ്ഞ മണ്‍കുടിലുകളിൽ സൂക്ഷിച്ചിരുന്ന വിലപിടിച്ച വസ്തുക്കൾ എല്ലാമെടുത്ത് അവർ തങ്ങളുടെ ഗ്രാമത്തെ ഒരുക്കി.

വിശുദ്ധൻ ഗ്രാമത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ അപ്രീതിക്ക് കാരണമാകാതിരിക്കാൻ, അനിഷ്‌ഠമായതൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി, ആടുമാടുകളെ സെർക്സസ് ദേവന്റെയും മെർലിക്സസ് ദേവതയുടെയും മുന്നിൽ ബലിയർപ്പിച്ചു. അർദ്ധപട്ടിണിയിലും അവർ വിശുദ്ധനെ സ്വികരിക്കാൻ വിഭവസമൃദ്ധമായ സദ്യയൊരുക്കി.

യൂദർ ഒന്നടങ്കം ഗ്രാമത്തിന്റെ അതിർത്തിയിലേക്ക് ചെന്ന് വിശുദ്ധനെ സ്വികരിക്കാൻ കാത്തുനിന്നു. ഏറെനേരം കഴിഞ്ഞപ്പോൾ വിശുദ്ധനും ശിഷ്യന്മാരും യൂദരുടെ അടുത്തേക്ക് നടന്നടുത്തു. യൂദർ ഒന്നാകെ, വിശുദ്ധന്റെ കാലിൽ സാഷ്ടാംഗം പ്രണമിച്ചു. കൂട്ടത്തിൽ നിന്നും കന്യകയായ പെൺകുട്ടി മുന്നോട്ട് വന്ന് വിശുദ്ധന്റെ കാലുകൾ കഴുകിയതിനു ശേഷം, എല്ലാവരും കൂടി ഗ്രാമത്തിലേക്ക് ഘോഷയാത്രയായി വിശുദ്ധനെ ആനയിച്ചു.

വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷം ഗുരുവും ശിഷ്യന്മാരും അൽപ്പനേരമൊന്ന് മയങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ വിശുദ്ധൻ പെട്ടന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ആ കണ്ണുകൾ ചുകന്നു, കവിൾത്തടം വിറച്ചു. വിശുദ്ധൻ കടുത്ത കോപത്തോടെ രൂക്ഷമായി ഗ്രാമീണരെ നോക്കി.

വിശുദ്ധനിൽ വന്ന ഭാവമാറ്റം ഗ്രാമീണരെ ആകെ ഭയപ്പെടുത്തി. അവർ പേടിച്ചു വിറച്ചു, കൈകൾ കൂപ്പി ഭയഭക്തിയോടെ വിശുദ്ധന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

വിശുദ്ധന്റെ സ്വരം മാറി, അവ്യക്തമായ എന്തോ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു. അതോടെ, അദ്ദേഹത്തിന്റെ ശരീരം വിറക്കാൻ തുടങ്ങി!

ആ കാഴ്ച കണ്ടതും ഗ്രാമവാസികൾ കൂടുതൽ ഭയചകിതരായി. അവർ തങ്ങൾ ബലിയർപ്പിച്ച ഭാഗത്തേക്ക് നോക്കി.

പെട്ടന്ന് വിശുദ്ധൻ എഴുന്നേറ്റ് ഗ്രാമത്തിന്റെ മധ്യത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ച കളിമൺതട്ടിന്റെ മുകളിലേക്ക് ചെന്ന് ദൈവങ്ങളുടെ പ്രതിമയ്ക്ക് മുന്നിൽ ശിരസ്സും താഴ്ത്തി അൽപ്പനേരം നിന്നു. പിന്നെ, തന്റെ തവിട്ടു നിറമുള്ള ഉത്തരീയം കൊണ്ട് സെർക്സസ് ദേവന്റെ പ്രതിമയെ തുടച്ചു വൃത്തിയാക്കി അതിനുശേഷം, വിശുദ്ധൻ ശിഷ്യന്മാരിൽ നിന്നും ഒരുവനെ വിളിച്ചു മെർലിക്സസ് ദേവതയുടെ പ്രതിമയെ തുടച്ചു വൃത്തിയാക്കാൻ കൽപ്പിച്ചു.

വിശുദ്ധൻ യൂദരെ നോക്കി.

അദ്ദേഹത്തിൽ നിന്നും എന്ത് ശാപമാണ് തങ്ങൾക്ക് കാത്തിരിക്കുന്നത് എന്ന ഭയത്തോടെ അവർ കൈകൾ കൂപ്പി നിൽക്കുകയാണ്.

വിശുദ്ധൻ ഗൗരവത്തോടെ ചോദിച്ചു,

‘നിങ്ങളൊക്കെ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കഴിയുന്നു. എന്റെ ദൈവത്തിന്റെ രൂപമതാ വെയിലേറ്റു പൊള്ളുന്നു, മഴയേറ്റ് നനയുന്നു, കാറ്റേറ്റ് തളരുന്നു, മഞ്ഞേറ്റു വിറയ്ക്കുന്നു! നിങ്ങൾക്ക് ദൈവത്തോടുള്ള ഭക്തി കാപട്യമില്ലാത്തതായിരിക്കട്ടെ, നിങ്ങൾ വിതയ്‌ക്കുന്നതു തന്നെ നിങ്ങൾക്ക് കൊയ്യാൻ കഴിയട്ടെ. “

അത്രയും പറഞ്ഞു വിശുദ്ധൻ കളിമൺതട്ടിൽ നിന്നും താഴേക്ക് ഇറങ്ങി. പിന്നെ ആകാശത്തേക്ക് നോക്കി പറഞ്ഞു,

“ലോകത്തിന്റെ പ്രകാശമേ, അങ്ങ് വിശുദ്ധന്മാരായ ചിലരെ തിരഞ്ഞെടുത്തു മനുഷ്യരൂപം നൽകി ഭൂമിയിലേക്ക് അയച്ചു. മുൻകാലങ്ങളിൽ വിശുദ്ധന്മാർ മനുഷ്യരുടെ കൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തത് പോലെ ഞാനും ഇവരുടെ ആതിഥ്യം സ്വികരിച്ചു. പക്ഷേ, ഇവർ അധഃപതിച്ച മനോഭാവങ്ങൾ ഉള്ളവരും നന്ദികെട്ടവരും അവിശ്വസ്തരുമാണെന്ന് എനിക്ക് ബോധ്യം വന്നിരിക്കുന്നു. എന്നിരുന്നാലും അവിടെത്തെ കോപവും ശാപവും ഇവരുടെ മേൽ പ്രയോഗിക്കരുതേ. ഈ സമൂഹത്തെ നീ നശിപ്പിക്കരുതേ.”

വിശുദ്ധനിൽ നിന്നും ആ വചനങ്ങൾ കേട്ടപ്പോൾ യൂദർ ഒന്നടങ്കം വിശുദ്ധന്റെ കാലിൽ സാഷ്ടാംഗം കിടന്നു പൊട്ടിക്കരഞ്ഞു മാപ്പപേക്ഷിച്ചു.

“ഞങ്ങൾ കാണിച്ച അനുസരണക്കേടിനെയും ഞങ്ങളുടെ മനുഷ്യനിർമ്മിതമായ നിയമങ്ങളെയും പുറത്തു നിർത്തുന്നു. ദൈവകോപത്തിൽ നിന്നും രക്ഷ നേടാൻ, ഞങ്ങൾ എന്ത് ചെയ്യണം പ്രഭുവേ? ”

വിശുദ്ധൻ കണ്ണുകളടച്ചു വീണ്ടും ആകാശത്തിലേക്ക് നോക്കി, അവ്യക്തമായ ഏതോ ഭാഷയിൽ എന്തെല്ലാമോ വിളിച്ചു പറഞ്ഞതിന് ശേഷം, യൂദരെ നോക്കി.

“ആകാശങ്ങളുടെ അധിപനായ സെർക്സസ് ദൈവം യൂദരോട് അരുൾ ചെയ്യുന്നു, ഞാൻ പറയുന്നതായ അളവിലും ഞാൻ പറയുന്നതായ സ്ഥലത്തും നിങ്ങൾ എനിക്കായി ഒരു ക്ഷേത്രം നിർമ്മിക്കണം. അവിടെ നിങ്ങൾ എനിക്കായി ബലിയർപ്പിക്കുക.”

ദൈവകോപത്തിൽ നിന്നും തങ്ങളെ രക്ഷിച്ച വിശുദ്ധനെ, അവർ പൂവിട്ട് പൂജിച്ചു. യൂദർ തങ്ങളുടെ സമ്പാദ്യമെല്ലാമെടുത്തു, വിശുദ്ധൻ പറഞ്ഞ അളവിൽ അദ്ദേഹം കാണിച്ചു കൊടുത്ത സ്ഥലത്തായി ക്ഷേത്രനിർമ്മാണം ആരംഭിച്ചു. തന്റെ ദൈവത്തിനൊരു ക്ഷേത്രം പണിതുയർത്തുന്നത് കണ്ടപ്പോൾ വിശുദ്ധന് സന്തോഷമായി.

ക്ഷേത്രനിർമ്മാണം പൂർത്തിയായി ശിലകളുടെ താഴ്വരയായ മൊരേഷെത്തിൽ നിന്നും പരിശീലനം സിദ്ധിച്ച മലയുടുമ്പുകളുടെ മുതുകിൽ കെട്ടിവെച്ചു കൊണ്ട് ദൈവങ്ങളുടെ വലിയ പ്രതിമകളുമായി വിശുദ്ധന്റെ ശിഷ്യന്മാർ യൂദഗ്രാമത്തിലേക്ക് എത്തി. ശിലയിൽ തീർത്ത ദൈവങ്ങളുടെ പുതിയ പ്രതിമകൾ പ്രതിഷ്‌ഠിക്കുന്ന ചടങ്ങ് ആരംഭിച്ചു.

ക്ഷേത്രാങ്കണത്തിലേക്ക് കടന്നു വന്ന വിശുദ്ധൻ ആദ്യം തന്നെ ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽ ഏഴടി ഉയരമുള്ള രണ്ട് പ്രതിമകൾ സ്ഥാപിച്ചു. ആ പ്രതിമകൾ, യൂദരുടെ മിഴികൾക്ക് മുന്നിൽ തെളിഞ്ഞതോടെ അവരുടെ മുഖങ്ങളിലെല്ലാം വലിയൊരു സംശയം നിഴലിച്ചു.

തങ്ങൾ ഇതുവരെ കാണാത്ത, ആരാധിക്കാത്ത, ഏതോ ദൈവങ്ങളുടെ മുഖമായിരുന്നു ആ പ്രതിമകൾക്ക്! എന്നാൽ, അതേത് ദൈവപുത്രന്മാരാണെന്ന് ചോദിക്കാൻ അവർക്കാർക്കും ധൈര്യമില്ലായിരുന്നു. ആ ചോദ്യങ്ങൾ ഇനിയും ശാപങ്ങളും ദുരിതങ്ങളും നൽകുമോ എന്നവർ ഭയപ്പെട്ടു. അവർ മിണ്ടാതെ സന്തോഷവാന്മാരെ പോലെ അഭിനയിച്ചു.

ക്ഷേത്രത്തിന്റെ അകത്തളത്തേക്ക് പ്രവേശിച്ച വിശുദ്ധൻ ഉയർന്ന ബലിപീഠത്തിന്റെ മുകളിൽ പത്തടി ഉയരമുള്ള വിശ്വരൂപ സൃഷ്ടിയായ സെർക്സസ് ദേവന്റെ ശിലയെ പ്രതിഷ്‌ഠിച്ചു. പിന്നീട്, സെർക്സസ് ദേവന്റെ ശിലയുടെ അരികിൽ നിന്നും രണ്ടടി പിറകിലായി ഏഴടി ഉയരത്തിലുള്ള മെർലിക്സസ് ദേവതയുടെ ശിലയെ പ്രതിഷ്‌ഠിച്ചു. എന്നിട്ട് യൂദരോടായി അരുൾ ചെയ്തു,

“സർവ്വവ്യാപിയായ നിങ്ങളുടെ ദൈവമായ സെർക്സസ് അരുൾ ചെയ്യുന്നു, ഞാനല്ലാതെ എനിക്ക് മുകളിൽ മറ്റൊരു ദൈവവും നിങ്ങൾക്കുണ്ടാകരുത്. എന്റെ വാക്കുകളെ ധിക്കരിക്കുന്ന സമൂഹത്തോട് എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ? അവരുടെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിച്ചിരുന്നു! ”

യൂദരിൽ ചിലരുടെ മുഖത്തു സംശയങ്ങൾ ബാക്കിയായിരുന്നു. അവരുടെ കണ്ണുകളിൽ അപ്പോഴും ഉത്തരം കിട്ടാത്ത, ക്ഷേത്രകവാടത്തിലെ ദൈവപുത്രന്മാരുടെ പ്രതിമകളായിരുന്നു. അവരുടെ സംശയം ദൂരീകരിക്കുന്നതിനായി വിശുദ്ധൻ ക്ഷേത്രാങ്കണത്തിലേക്ക് ഇറങ്ങി പ്രതിമകളിലേക്ക് വിരൽ ചൂണ്ടി,

“സൂര്യദേവനായ ഈലും ചന്ദ്രദേവനായ ലഹമുമാണ് ദൈവപുത്രന്മാരായ അവർ രണ്ടുപേരും. ഹേ യൂദരെ, പകൽ നിങ്ങളുടെ സംരക്ഷകനായി സൂര്യദേവനെയും രാത്രിയിൽ നിങ്ങളുടെ രക്ഷകനായി ചന്ദ്രദേവനെയുമാണ് ആകാശങ്ങളുടെ അധിപതിയായ സെർക്സസ് നിയോഗിച്ചിരിക്കുന്നത് അവരെയും നിങ്ങൾ അനുസരിക്കുക.”

അത്രയും പറഞ്ഞതിന് ശേഷം വിശുദ്ധൻ വീണ്ടും കണ്ണുകളടച്ചു മൗനയായി നിന്നു. പിന്നെയും അവ്യക്തമായ ഭാഷയിൽ എന്തോ ഉച്ചത്തിൽ സംസാരിച്ചു.

അല്പനേരത്തിന് ശേഷം പ്രസന്നവദനനായി അദ്ദേഹം യൂദരെ ഒന്നാകെ നോക്കി. വിശുദ്ധന്റെ മുഖം തെളിഞ്ഞു നിൽകുന്നത് കണ്ടപ്പോൾ യൂദരുടെ മുഖത്ത് ആശ്വാസവും സന്തോഷവും കളിയാടി. തെളിഞ്ഞ മന്ദസ്മിതത്തോടെ വിശുദ്ധൻ തന്റെ ശിഷ്യഗണത്തെ അടുത്തേക്ക് വിളിച്ചു,.

“നിങ്ങളിൽ നിന്നും ഒരുവനെ തിരഞ്ഞെടുക്കാൻ എന്നോട് കൽപ്പിച്ചിരിക്കുന്നു. ആ ഒരുവനെ, നാഥന്റെ ആലയ സൂക്ഷിപ്പിക്കാരനായും ആ തിരുസ്വരൂപത്തിന്റെ മുന്നിൽ നേർച്ചകൾ അർപ്പിക്കാനും നിവേദ്യങ്ങൾ നൽകാനും ചുമലതപ്പെടുത്തുന്നു. ആ ഒരുവൻ അന്ധകാരത്തിൽ നിന്നും അവന്റെ അത്ഭുതപ്രകാശത്തിലേക്ക് യൂദരെ നയിക്കാൻ പ്രാപ്തിയുള്ളവനായിരിക്കും.”

വിശുദ്ധൻ തനിക്ക് മുന്നിൽ വിധേയവിനീതരായി പഞ്ചപുച്ഛമടക്കി അടിമകളെപ്പോലെ നിൽക്കുന്ന യൂദരോടായി പറഞ്ഞു.

“പ്രേഷിതദൗത്യവുമായി ഞങ്ങൾ അടുത്ത ഗ്രാമത്തിലേക്ക് യാത്രയാവുകയാണ്. നിരവധി ഗ്രാമങ്ങളിലായി സെർക്സസ് ദേവന് ക്ഷേത്രങ്ങൾ പണിതുയർത്തേണ്ടതുണ്ട് അതിനായി ഞാൻ തുനിഞ്ഞിറങ്ങുകയാണ്. സെർക്സസ് ദേവനാൽ തിരഞ്ഞെടുത്ത എന്റെ ശിഷ്യനെ നിങ്ങൾ ബഹുമാനിക്കുക. അവൻ ഇനി മുതൽ പുരോഹിതൻ എന്ന നാമത്തിൽ അറിയപ്പെടും അവൻ നിങ്ങൾക്ക് ന്യായവും അന്യായവും പഠിപ്പിച്ചു തരും.”

ദൈവകോപത്തെ ഭയപ്പെട്ട യൂദസമൂഹം നേർച്ചകളും ബലിയർപ്പണവുമെല്ലാം സെർക്സസ് ദേവന് മാത്രം നൽകി. അതോടെ മെർലിക്സസ് വെറുമൊരു ഉപദേവത മാത്രമായി മാറി. കാലചക്രം തിരിയുന്നതിനനുസരിച്ച് ആകാശത്തിന്റെ അധിപനിൽനിന്നും സെർക്സസ്, ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും ഏക ദൈവമായി മാറി കഴിഞ്ഞിരുന്നു. മെർലിക്സസ് ദേവതയെ, യൂദർ ഇരുളിന്റെ മറയിലേക്ക് മാറ്റി നിർത്തി പകരം ചന്ദ്രദേവനായ ലഹമും സൂര്യദേവനായ ഈലും ഉയർന്ന സ്ഥാനം പിടിച്ചു.

പുതിയ ആചാര അനുഷ്ഠാന സമ്പ്രദായങ്ങൾ യൂദരുടെ ഇടയിൽ ഉടലെടുത്തു. ദൈവപ്രീതിക്കായി അവർക്കറിയാത്ത ഏതോ ഭാഷയിലെ മന്ത്രങ്ങളും സൂക്തങ്ങളും സ്തോത്രങ്ങളും ഉരുവിടാൻ തുടങ്ങി. ഗ്രാമീണ ജീവിതരീതിയിൽ നിന്നും യൂദർ പതുക്കെ പതുക്കെ നാഗരിക സമൂഹമായി വളരാൻ തുടങ്ങി. അതുവരെ, നേതാവില്ലാത്ത നേതൃത്വമില്ലാത്ത യൂദർക്ക് പുതിയ ന്യായാധിപന്മാർ പിറന്നു. പുരോഹിതന്മാരായ പുതിയ ന്യായാധിപന്മാർ ന്യായങ്ങളും നിയമങ്ങളും സൃഷ്ടിച്ചു. പുതിയ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി കന്യകളായ സുന്ദരിപ്പെൺകിടാങ്ങളെ ചന്ദ്രദേവനായ ലഹമിനെയും സൂര്യദേവനായ ഈലിനേയും പരിചരിക്കുന്ന ക്ഷേത്രദാസികൾ എന്ന പേരിൽ നിർബന്ധപൂർവ്വം ദത്തെടുത്തു.

അത്തരം ആചാരങ്ങളെ വിശ്വാസങ്ങളെ എതിർക്കുന്നവർക്ക് മുകളിൽ സെർക്സസ് ദേവന്റെ കോപത്തിന്റെ, ശാപത്തിന്റെ വചനങ്ങൾ ഉയർന്നു കേൾക്കപ്പെട്ടു. ദൈവങ്ങളും പൗരോഹിത്യവും മതവും ശുദ്ധന്മാരായിരുന്ന യൂദരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.


ഒരുനാൾ, ഈബീസ് മലനിരകൾക്ക് മുകളിൽ ഒരു വിശുദ്ധൻ പ്രത്യക്ഷപ്പെട്ടു.

വിശുദ്ധൻ ശിഷ്യന്മാരോടെ ചോദിച്ചു,

“ആ കാണുന്ന നഗരവാതിൽ പണികഴിപ്പിച്ചിരിക്കുന്നത് ഏത് ദൈവത്തിന്റെ പേരിലാണ്? “

“സെർക്സസ് ദേവന്റെ നാമത്തിൽ യൂദർ കെട്ടിപ്പണിതുയർത്തിയ നഗരവാതിലാണ് ഗുരുവേ.”

“എങ്കിൽ യൂദരോട് പറയുക,

വിശുദ്ധനെ സ്വീകരിക്കാൻ നഗരവാതിൽ മലർക്കെ തുറന്നിടാൻ. ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് ജനങ്ങളോട് നഗരവീഥികളിൽ നിരന്നു നിൽക്കാൻ കൽപ്പിക്കുക.”

വിശുദ്ധനെ സ്വികരിക്കാൻ യൂദർ നഗരത്തെ ഒരുക്കി. വിശുദ്ധന്റെ പ്രീതിക്കും അനുഗ്രഹത്തിനും വേണ്ടി ലക്ഷണമൊത്ത കൊമ്പുകളും കരുത്തുറ്റ പേശിയോടെ ഉയർന്നു നിൽക്കുന്ന മുതുകുകളുമായി നിലം ഉഴുന്ന ആറു കാളകളെയും ഏറ്റവും കൊഴുപ്പും അഴകുമുള്ള പതിനഞ്ച് കാളക്കിടാക്കളെയും മുപ്പത് വീതം ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും ബലിയറുക്കപ്പെട്ടു.

ആടുമാടുകളുടെ രക്തത്തിൽ സെർക്സസ് ദേവന്റെ സ്വരൂപം മുങ്ങിക്കുളിച്ചു!

വിശുദ്ധനെ ആദരിപ്പാന്‍ ആബാലവൃദ്ധം ജനങ്ങളും നഗരത്തിലേക്ക് ഒഴുകിയെത്തി.

ന്യായാധിപന്മാർ ആദരവോടെ വിശുദ്ധനെ സ്വീകരിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധൻ നഗരത്തിൽ പ്രദക്ഷണം നടത്തി.

പത്ത് ക്ഷേത്രദാസികൾ ശുഭ്രവസ്ത്രം ധരിച്ച്, വിശുദ്ധനെ ശുശ്രൂഷിക്കുന്നതിൽ പങ്കാളികളായി. വിഭവസമൃദ്ധമായ സദ്യയൊരുക്കി അവർ വിശുദ്ധന്റെ ആഗമനത്തെ അതിഗംഭീരമായി ആഘോഷിച്ചു.

വിശുദ്ധനും ശിഷ്യഗണങ്ങളും ന്യായാധിപന്മാരും ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടി. പെട്ടന്ന്, വിശുദ്ധൻ കോപത്താൽ പൊട്ടിത്തെറിച്ചു കൊണ്ട് ഉച്ചത്തിൽ അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചു. ജനങ്ങളും ന്യായാധിപന്മാരും ആ കാഴ്ച കണ്ടു പകച്ചുനിന്നു! അവരുടെ കണ്ണുകളിൽ ഭയത്തിന്റെ തേരോട്ടമാരംഭിച്ചു.

“സെർക്സസ് ദേവനിൽ നിന്നും അരുളപ്പാട് ഉണ്ടായിരിക്കുന്നു.

ആകാശത്തിനും ഭൂമിക്കും മധ്യേ നിറഞ്ഞു നിൽക്കുന്ന ഏകനാണ് ഞാൻ. ജനിമൃതികൾക്ക്‌ അതീതനായ എന്നെ നിങ്ങൾ കേവലം ശിലാനിർമ്മിത രൂപപ്രതിമയിൽ കുടിയിരുത്താമെന്ന് കരുതിയോ? എങ്കിൽ ഈ സമൂഹത്തിന് തെറ്റ് പറ്റിയിരിക്കുന്നു. എന്റെ ശാപം നിങ്ങളിലേക്ക് പടരുകയാണ്. ആ ശാപത്തിന്റെ പരിണിതഫലത്തിൽ നിങ്ങളുടെ ഭവനങ്ങളും കാവല്‍പ്പുരകളും ശിലാനിര്‍മ്മിത വാതിലുകളുമെല്ലാം നിശ്ശേ‌ഷം അഗ്നിക്കിരയായി തീരും.”

വിശുദ്ധനിൽ നിന്നും അരുളപ്പാട് കേട്ട നിമിഷം മുതൽ യൂദരുടെ മുഖങ്ങളിൽ ഭയത്തിന്റെ കാർമേഘങ്ങൾ നിറഞ്ഞു. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് ആ കാല്പാദങ്ങളിൽ അഭയം പ്രാപിച്ചു.

വിശുദ്ധൻ കണ്ണുകളടച്ച് ആകാശത്തിലേക്ക് നോക്കി. ഏറെനേരത്തിന് ശേഷം, ആ മുഖം ശാന്തത പ്രകടിപ്പിക്കാൻ തുടങ്ങി. വെട്ടിത്തിളങ്ങുന്ന ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ പ്രത്യക്ഷപ്പെട്ടു.

പത്തടി ഉയരമുള്ള വിശ്വരൂപം സെർക്സസ് ദേവന്റെ ശിലയെ ക്ഷേത്രത്തിലെ ഉയർന്ന ബലിപീഠത്തിൽ നിന്നും യൂദർ പൊളിച്ചെടുത്ത്, ഈബീസ് മലയുടെ മുകളിൽ കൊണ്ട് പോയി കളഞ്ഞു. അതിനൊപ്പം തന്നെ, മെർലിക്സസ് ദേവതയുടെയും ചന്ദ്രദേവനായ ലഹമിന്റെയും സൂര്യദേവനായ ഈലിന്റെയും പ്രതിമകളെയും അനാഥരെ പോലെ ആ മലമുകളിൽ ഉപേക്ഷിച്ചു. വിശുദ്ധന്മാരുടെ വാക്കുകള്‍ യൂദർക്ക് വേദവാക്യമായിരുന്നു. ദൈവം അവരുടെ കയ്യിലാണല്ലോ! അവരെ ധിക്കരിച്ചാല്‍ തങ്ങൾക്ക് മേൽ പതിക്കുന്ന ശാപത്തെയും ദുരന്തങ്ങളെയും അവർ ഭയപ്പെട്ടു, അതുകൊണ്ടവര്‍ ഉടനടി അതനുസരിച്ചു.

തന്റെ വാക്കുകള്‍ യൂദർ അനുസരിക്കുന്നതു കണ്ടപ്പോൾ വിശുദ്ധൻ സന്തുഷ്ടനായി.

വിശുദ്ധനും സംഘവും അടുത്ത സമൂഹങ്ങളിൽ ഉയർന്നു നിൽക്കുന്ന സെർക്സസ് ദേവന്റെ ശിലാപ്രതിമകളെ വേരോടെ പിഴുതെറിയാന്‍ യാത്രയായി.

യാത്രയ്ക്ക് തയ്യാറാക്കും മുമ്പ് തന്റെ ശിഷ്യഗണത്തിൽ നിന്നും ഒരുവനെ വിളിച്ചു, യൂദർക്ക് പുതിയ ആചാരങ്ങളും അനുഷ്‌ഠനങ്ങളും പഠിപ്പിക്കാൻ നിയോഗിച്ചു.

ദൈവപ്രതിമകൾ തകർത്തെങ്കിലും യൂദരുടെ മനസ്സുകളിലും വലിയൊരു അസ്വസ്ഥത പടർന്നു കഴിഞ്ഞിരുന്നു. ആട്ടിടയന്മാരായ യൂദർ, സെർക്സസ് ദൈവത്തിനോടെപ്പം തന്നെ ചന്ദ്രദേവനായ ലഹമിനും ഏറെ പ്രാധാന്യം നൽകിയിരുന്നു. അവർ രാത്രികാലങ്ങളിൽ തങ്ങളുടെ ആട്ടിൻപറ്റങ്ങളുടെ സംരക്ഷണം ചന്ദ്ര ദേവനായ ലഹമിൽ ഏൽപ്പിച്ചായിരുന്നു സ്വസ്ഥമായി ഉറങ്ങിയിരുന്നത്. വയലുകളിൽ ധ്യാനം വിളയിക്കുന്ന കൃഷീവലന്മാരായ യൂദർ, സൂര്യദേവനായ ഈലിനെയായിരുന്നു സെർക്സസ് ദൈവത്തിനോടൊപ്പം പ്രാധാന്യം നൽകി പ്രാർത്ഥിച്ചിരുന്നത്.

ദിനങ്ങൾ കടന്നു പോകുന്തോറും യൂദരുടെ ദൈന്യംദിന ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു.

രാത്രികാലങ്ങളിൽ, ഇടയന്മാർ ഉറങ്ങാതെ ആട്ടിൻപറ്റങ്ങൾക്ക് കവലിരിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ മേച്ചില്‍പ്പുറങ്ങളിൽ പകൽ സമയങ്ങളിൽ ക്ഷീണത്താൽ അവർ ഉറക്കത്തിലാണ്ടു പോവുക പതിവായി. ആ നേരങ്ങളിൽ അവരുടെ ആട്ടിൻപറ്റങ്ങളിൽ നിന്നും ആടുകൾ അപ്രത്യക്ഷമാവുകയും വന്യജീവികൾ ആടുകളെ ആക്രമിക്കുകയും ചെയ്തു തുടങ്ങി. അതോടെ, അവരുടെ സ്വസ്ഥതയും സമാധാനവും കൂടുതൽ നഷ്ടപ്പെട്ടു.

പൗർണ്ണമി നാളിൽ ഇടയന്മാരായ യൂദർ പ്രത്യേകമായി ഒരു സ്ഥലത്തു ഒത്തുകൂടി, ഒരുമിച്ചു ഉപവാസം എടുക്കുകയും ചില ആചാരാനുഷ്‌ഠങ്ങളിൽ മുഴുകുകയും ചെയ്തു. ഏഴ് ആട്ടുകൊറ്റന്മാരെയും ഏഴ് കോലാടുകളെയും ഊനമില്ലാത്ത ഒരു വയസ്സു പ്രായമുള്ള പതിനഞ്ച് കുഞ്ഞാടുകളെയും ഇടയന്മാർ ചന്ദ്രദേവന്റെ മുന്നിൽ ബലിയർപ്പിച്ചു. അതിനുശേഷം, എണ്ണ ചേർത്ത മാവ് കൊണ്ടവർ ആഹാരമുണ്ടാക്കി രാത്രിയിൽ ഭക്ഷിച്ചു. അന്നേദിവസം, ഇടയന്മാരുടെ ഭവനങ്ങളിലെല്ലാം ദീപം തെളിച്ചു.

പൗർണ്ണമി വ്രതത്തിന് ശേഷമവർ, നിലാവ് പൊഴിഞ്ഞു നിൽക്കുന്ന ആകാശവീഥിയിലേക്ക് മിഴികൾ കൂർപ്പിച്ചു. അപൂർവ്വമായൊരു ആകാശദൃശ്യമായിരുന്നു അവരുടെ മിഴികളിലേക്ക് കടന്നു വന്നത്! ആ വിസ്മയ കാഴ്ചയിൽ എല്ലാം മറന്നു നിൽക്കുന്ന ഇടയന്മാരുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു!

സാധാരണയിലും കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും ചോരച്ചുവപ്പോടെ പൂർണ്ണചന്ദ്രനായി ഈബീസ് മലനിരകളുടെ വളരെയടുത്തു ഉദിച്ചു നിൽക്കുന്ന ലഹമിനെ കണ്ടപ്പോൾ അവരുടെ മനസ്സും മുഖവും നിറഞ്ഞു. തങ്ങൾ നോറ്റ വത്രവും ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളെയും ദേവൻ സന്തോഷപൂർവ്വം സ്വീകരിച്ചുവെന്ന് അവർക്ക് മനസ്സിലായി.

ആഹ്‌ളാദത്തോടെ, ആരവത്തോടെ ലഹമിനെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്തോത്രങ്ങളുമായി ആ രാത്രിയിൽ ഇടയന്മാർ ആ സ്ഥലത്തു തന്നെ കഴിഞ്ഞുകൂടി.നിലാവിൽ കുളിച്ചു തെളിഞ്ഞു നിൽക്കുന്ന ഭൂമി, സാധാരണയിലും കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും!

ചോരച്ചുവപ്പോടെ ഉദിച്ചു നിൽക്കുന്ന ചന്ദ്രദേവനായ ലഹം!

സന്തോഷത്തോടെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ഇടയന്മാർ!

ആ കാഴ്ചകൾ കർഷകരായ യൂദരുടെ ഉറക്കം കെടുത്തുകയാണ്. ആ രാത്രിയിൽ ഒത്തുകൂടി, ഒരേ സ്വരത്തിൽ ഒരു പ്രതിജ്ഞയെടുത്തു.

പ്രഭാതത്തിൽ തന്നെ കൃഷീവലന്മാരുടെ വലിയൊരു സംഘം ഈബീസ് മലനിര ലക്ഷ്യമാക്കി ഊരുകളിൽ നിന്നും യാത്രയായി.

ദുര്‍ഘടം പിടിച്ച മലമടക്കുകളുടെ ഇടവഴികളിലൂടെയുള്ള യാത്രയിൽ പല ഇടയന്മാർക്കും അത്യാഹിതങ്ങളും അപകടങ്ങളും സംഭവിച്ചു കൊണ്ടിരുന്നു. പലവുരി മരണത്തെ മുഖാമുഖം കണ്ടിട്ടും അവയൊന്നിനെയും വകവെയ്ക്കാതെ ആ സംഘം ഒരേയൊരു ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടന്നു.

ക്ലേശകരമായ ആ യാത്രയ്ക്കൊടുവിൽ ചെങ്കുത്തായി നിൽക്കുന്ന ഈബീസ് മലനിരയുടെ മുകളിലേക്ക് വലിഞ്ഞു കയറി, ഈബീസ് മലയുടെ മുകളിൽ അനാഥനെ പോലെ കിടക്കുന്ന സൂര്യദേവനായ ഈലിന്റെ ശിലാപ്രതിമയെ കൃഷീവലന്മാരായ യൂദർ ആദരവോടെ പൊക്കിയെടുത്തു ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. മഹാവിഷുവദിനത്തിൽ പ്രത്യേക പൂജയോടെ സൂര്യദേവനായ ഈലിന് അവർ പുതിയ ക്ഷേത്രം പണിതുയർത്തി, ആരാധനയും അനുഷ്‌ഠാനവും തുടങ്ങി.

ക്ഷേത്ര അകത്തളത്തിലെ ഈൽദേവന്റെ പ്രതിമക്ക് അഭിമുഖമായി സൂര്യന്റെ പ്രഭാത കിരണങ്ങള്‍ ഏറ്റവുമാദ്യം എത്തുന്ന തരത്തിലായിരുന്ന ആ ക്ഷേത്രത്തിന്റെ നിർമ്മാണം. ക്ഷേത്രത്തിന്റെ മുൻവശത്തു തന്നെ പന്ത്രണ്ട് പടികളോട് കൂടിയ വലിയ കുളം നിർമ്മിച്ച് കൃഷിക്കും മറ്റും ആവശ്യമായ ജലസംഭരണിയായി ഉപയോഗിച്ചു.

അന്നുവരെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചു നിന്നിരുന്ന യൂദർക്കിടയിൽ അപ്പോഴേക്കും കടുത്ത ഭിന്നതകൾ ഉടലെടുത്തു കഴിഞ്ഞിരുന്നു.

ഇടയന്മാരുടെയും കർഷകരുടെയും വിശ്വാസങ്ങളും കര്‍മ്മങ്ങളും തമ്മിൽ ഇഴചേരാത്തതായി നെഹമിയ എഴുതി വച്ച നിയമസംഹിതകൾ അവർ പൂർണ്ണമായും അനുസരിക്കാതെയായി.

കൃഷീവലന്മാരും ഇടയന്മാരും ഒരുമിച്ചു താമസിച്ചിരുന്ന ഊരുകൾ മെല്ലെ മെല്ലെ ഒരുകൂട്ടരുടെ മാത്രം ഊരുകളായി മാറി.

ചന്ദ്രദേവനായ ലഹമിന് ചെത്തി മിനുക്കിയ കല്ലിലും തടിയിലുമായി ഇടയന്മാർ മനോഹരമായ പുതിയ ക്ഷേത്രം പണികഴിപ്പിച്ചു. മരത്തിൽ തീർത്ത ഉത്തരവും അതിനുമുകളിലായി പനയോല കൊണ്ട് മേഞ്ഞ മേൽത്തരം മേൽക്കൂരയോട് കൂടിയ ക്ഷേത്രത്തിൽ ശിലകളുടെ താഴ്വരയായ മൊരേഷത്തിൽ നിന്നും കൊണ്ടുവന്ന ഒറ്റശിലയിൽ തീർത്ത പന്ത്രണ്ട് അടിയോളം ഉയരമുള്ള ചന്ദ്രദേവനായ ലഹമിന്റെ പ്രതിമ ഇടയന്മാർ ആ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.

വസന്തവും ഗ്രീഷ്മവും ശിശിരവും പലതവണ കടന്നു പോകുന്തോറും വംശപരമായി തങ്ങളാണ് ശ്രേഷ്ഠരെന്നുള്ള ചിന്ത മെല്ലെ മെല്ലെ കർഷകരുടെയും ഇടയന്മാരുടെയും മനസ്സുകളിൽ കുടിയേറി കഴിഞ്ഞിരുന്നു. അവർ സ്വയം ഈൽ ഗോത്രമെന്നും ലഹമം ഗോത്രമെന്നും അഭിസംബോധന ചെയ്യാൻ തുടങ്ങി. അതോടെ, അവർക്കിടയിൽ വെറുപ്പും വേർതിരിവും വിവേചനവും പടർന്നു പിടിച്ചു.

തങ്ങളുടെ ഗോത്രത്തിനും ആചാരത്തിനും വിശ്വാസത്തിനും വെളിയിലുള്ള മറ്റെന്തും ഈൽ ഗോത്രക്കാരെയും ലഹമം ഗോത്രക്കാരെയും സംബന്ധിച്ച് വെറുക്കപ്പെടുന്ന വസ്തുതകളായി അപ്പോഴേക്കും രൂപാന്തരപ്പെട്ടു തുടങ്ങി. ഈ വെറുപ്പ് ക്രമേണ അവരുടെ ഭക്ഷണത്തിലേക്കും ഭാഷയിലേക്കും വസ്ത്രധാരണത്തിലേക്കും വ്യാപിപ്പിച്ചു.


പുലർകാലത്തിന്റെ നീലിമ ആകാശത്തിൽ തെളിഞ്ഞു. മഞ്ഞു പുതച്ചു കിടക്കുന്ന ഈബീസ് മലനിരകൾക്ക് മുകളിൽ സൂര്യൻ ഉദിച്ചുയർന്നു!

മഞ്ഞുതുള്ളികൾ വീണു കിടക്കുന്ന പാതയിലൂടെ ആട്ടിന്‍പറ്റങ്ങളെയും തെളിച്ച് ഇടയന്മാർ മലയടിവാരങ്ങളിലേക്ക് യാത്രയായി.

ഉഴവുമാടുകളും കലപ്പയുമായി കൃഷീവലന്മാർ കൃഷിഭൂമിയിലേക്ക് ഇറങ്ങി. മണ്ണ് ഇളക്കി മറിച്ച്, ചാലു കീറി വിത്ത് ഇടുന്ന പണി തുടങ്ങി. പെട്ടന്ന്, ആകാശം ഇരുണ്ടുമൂടി മേഘങ്ങൾ ചന്നഭിന്നമായ് തെന്നിത്തെറിച്ചൊഴുകുൻ തുടങ്ങി! കാർമേഘം നിറഞ്ഞ ആകാശത്തിന് താഴെ ഭൂമിയിൽ ഇരുളിന്റെ നിഴലുകൾ വ്യാപിച്ചു.

എന്തോ ദുരന്തം വരാനിരിക്കുന്നുവെന്ന് മുന്‍കൂട്ടി തിരിച്ചറിയും പോലെ നാൽക്കാലികൾ അലമുറയിട്ടു.

ഇര തേടി പറന്ന പക്ഷികളെല്ലാം പെട്ടന്ന് തന്നെ തിരികെ കൂടണഞ്ഞു.

മേഘങ്ങൾക്ക് താഴെ പരുന്തുകൾ വട്ടമിട്ടു പറന്നു ഭൂമിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിരീക്ഷണം നടത്തുന്നു.

പ്രകൃതിയിലെ അപ്രതീക്ഷിത നിമിഷത്തിലുണ്ടായ മാറ്റങ്ങൾക്ക് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകപ്പോടെ അതിലേറെ പേടിയോടെ നിൽക്കുകയാണ് യൂദജനത. എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവർ ആകാശത്തിലേക്ക് നോക്കി.

ജ്വലിച്ചു നിന്നിരുന്ന സൂര്യദേവനായ ഈൽ താനേ ഇരുണ്ടു പോകുന്നു!

ആ കാഴ്ച കണ്ടതോടെ കൃഷീവലന്മാരായ യൂദർക്ക് മനസ്സിലായി, ഈ ഭൂമിയിൽ തങ്ങളുടെ ഗോത്രത്തിന്റെ സമ്പൂർണ്ണ നാശമാണ് സംഭവിക്കാൻ പോകുന്നതെന്ന്! അതോടെ അവർ അലറി നിലവിളിച്ചു.

ആ നിമിഷം ഈൽ ഗോത്രത്തിലെ ന്യായധിപനായ ഒരു പുരോഹിതൻ വിളിച്ചു പറഞ്ഞു,

“നിങ്ങൾ പ്രതീക്ഷിക്കാത്ത ആ നാളും നാഴികയും സംജാതമായിരിക്കുന്നു. ഈ ലോകം അവസാനിക്കുകയാണ്! “

പുരോഹിതനിൽ നിന്നും ആ വാക്കുകൾ കേട്ടതോടെ കർഷകരായ യൂദർ അദേഹത്തിന്റെ കാലുകളിൽ അഭയം തേടി. അതേസമയം ആട്ടിന്‍പറ്റങ്ങളെ ചേർത്ത് പിടിച്ചു ഇടയന്മാർ മലയടിവാരത്തെ ഗുഹകളിൽ അഭയം തേടാൻ ശ്രമിക്കുകയാണ്. പെട്ടന്നൊരു ഇടയൻ ആർത്തു വിളിച്ചു തുള്ളിച്ചാടി കുറച്ചു ഉയർന്ന നിൽക്കുന്ന ഒരു പാറയ്ക്ക് മുകളിൽ കയറി നിന്നുകൊണ്ട് ചന്ദ്രദേവനായ ലഹമിനെ സ്തുതിക്കുന്ന മന്ത്രങ്ങൾ ഉരുവിട്ടു.

ആ കാഴ്ച കണ്ട ഇടയന്മാർ എന്താണ് സംഭവിച്ചതെന്നറിയാൻ ആകാശത്തിലേക്ക് നോക്കി. സൂര്യദേവനായ ഈലിനെ പൂർണ്ണമായി വിഴുങ്ങി ചന്ദ്രദേവനായ ലഹമം ആകാശത്തിന്റെ അനന്തതയിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് അവർ കാണുന്നത്!

മിഴികൾക്ക് കുളിർമ പകർന്ന ആ കാഴ്ചയിൽ നിന്നും കണ്ണുകൾ പിൻവലിക്കാൻ കഴിയാതെ അവർ ഉറക്കെ ഉച്ചത്തിൽ മന്ത്രധ്വനികൾ മുഴക്കി കൊണ്ട് ചന്ദ്രദേവനായ ലഹമിനെ പ്രകീർത്തിച്ചു.
തങ്ങളുടെ ദേവനെ ഇടയന്മാരുടെ ദേവനായ ലഹമം വിഴുങ്ങിയ കാഴ്ച കണ്ടുനിൽക്കാൻ കഴിയാതെ കൃഷിക്കാരായ യൂദരിൽ പലരും തളർന്നു വീണു!
ചിലർ, സ്ഥലകാലബോധമില്ലാതെ ഭ്രാന്തന്മാരെ പോലെ പെരുമാറാൻ തുടങ്ങി. സങ്കടം സഹിക്കാൻ കഴിയാതെ ചിലർ കുഴഞ്ഞു വീണു മരിച്ചു!
സൂര്യദേവനായ ഈൽ ഇല്ലാത്ത ലോകത്തിൽ നിന്നും ഞങ്ങളും പോകുന്നുവെന്ന് ഒരു കൂട്ടമാളുകൾ ഒരുമിച്ചു പ്രതിജ്ഞയെടുത്തു, സ്വയം മരണം വരിച്ചു.
കൂട്ടനിലവിളിയും ആർത്തനാദങ്ങളും കൊണ്ട് കൃഷിക്കാരായ യൂദരുടെ ഊരുകൾ ശ്മശാനഭൂമിയായി മാറി.
ആ കാഴ്ചകളെല്ലാം കണ്ണ് നിറഞ്ഞു കാണുകയായിരുന്ന ന്യായാധിപനായ പുരോഹിതൻ ഉറക്കെ പറഞ്ഞു,
“ഞാൻ അറിയുന്നു, എനിക്ക് അറിയാൻ കഴിയുന്നു, ലഹമിന്റെ പന്ത്രണ്ട് അടി ഉയരമുള്ള പ്രതിമയാണ് നമ്മുടെ ദേവനെ വിഴുങ്ങിയത്! ആ പ്രതിമ തകർക്കണം.”
ആ വാക്കുകൾ കേട്ടതും കൃഷിക്കാരായ യൂദർ, കൈയിൽ കിട്ടിയ ആയുധങ്ങളും മറ്റുമായി ലഹമം ദേവന്റെ ക്ഷേത്രം ആക്രമിക്കാൻ തുടങ്ങി. ആ നേരം ചന്ദ്രന്റെ നിഴലിൽ നിന്നും സൂര്യൻ മെല്ലെ മെല്ലെ പുറത്തേക്ക് ഇറങ്ങി.
പന്ത്രണ്ടടിയിൽ തീർത്ത ചന്ദ്രദേവന്റെ ശിലയിൽ ആദ്യത്തെ പ്രഹരമേറ്റതും ആകാശത്തിന്റെ അനന്തതയെ കിഴടക്കി നിന്നിരുന്ന കാർമേഘങ്ങൾ എങ്ങോട്ടോ ഓടിയൊളിച്ചു.
നിമിഷങ്ങൾക്കകം പൂർവ്വാധികം ഊർജ്ജത്തോടെ കത്തിജ്വലിക്കുന്ന അഗ്നിവളയം പോലെ ആകാശത്തിന്റെ അപാര നീലിമയിൽ സൂര്യരഥം തേരോട്ടമാരംഭിച്ചു.
ആ കാഴ്ചയിൽ മതിമറന്ന സൂര്യഭക്തർ ലഹമിന്റെ പ്രതിമയെയും ക്ഷേത്രത്തെയും തച്ചുതകർത്തു നാമാവശേഷമാക്കി. ക്ഷേത്രവും ചന്ദ്രദേവന്റെ പ്രതിമയും ആക്രമിക്കുന്നത് തടയാൻ ഓടിയെത്തിയ ഇടയ ബാലന്മാരെയും സ്ത്രീകളെയും അവർ അടിച്ചോടിച്ചു. രക്തം വാർന്നൊഴുകുന്ന മുഖവുമായി നിലവിളിച്ചു കൊണ്ട് അവർ, ഇടയന്മാരുടെ അടുത്തേക്ക് ഓടി. തെരുവോരങ്ങളിൽ പകയുടെ തീജ്വാലകൾ ഉയർന്നു പൊങ്ങി. നിമിഷാര്‍ദ്ധം കൊണ്ട് യൂദഭൂമി കലാപഭൂമിയായി മാറിക്കഴിഞ്ഞു!
പാതിവെന്ത മനുഷ്യശരീരത്തിന്റെ രൂക്ഷഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുകയാണ്. കയ്യും കാലുമില്ലാത്ത വികൃതമാക്കപ്പെട്ട ഉടലുകളെ കൊത്തിവലിക്കാൻ കഴുകന്മാർ വട്ടമിട്ടു പറക്കുന്നു. തളംകെട്ടി നിൽക്കുന്ന രക്തം, നക്കി കുടിക്കാൻ നായകളും കുറുനരികളും മത്സരിക്കുന്നു, എങ്ങും ഉയർന്ന് കേൾക്കുന്ന നിലവിളികൾ!
യൂദരുടെ വാസസ്ഥലം ഒരു പ്രേതഭൂമിയായി മാറിയിരിക്കുന്നു.


കുറച്ചു നേരമായി തളംകെട്ടി നിൽക്കുന്ന നിശബ്ദതയ്ക്ക് വിരാമം നൽകി കൊണ്ട് ഷമാഷ് ചോദിച്ചു,
“സൂര്യനേയും ചന്ദ്രനേയും പ്രകൃതി പ്രതിഭാസങ്ങൾ മാത്രമായി കാണുകയാണോ വേണ്ടത് അതോ അവയ്ക്ക് മുകളിൽ ദൈവവും ദൈവീകശക്തിയുമുണ്ടന്ന് വിശ്വസിക്കുകയാണോ ചെയേണ്ടത്? ”
എഹൂദ് പ്രവാചകൻ അൽപ്പനേരം മൗനിയായി നിന്നു. പിന്നെ, ആകാശത്തിലേക്ക് മിഴികൾ നട്ടുകൊണ്ട് പറഞ്ഞു,
“പ്രപഞ്ചത്തിന്റെ നാഥനായ എന്റെ ദൈവമാണ്, പ്രകൃതി ശക്തികളായ പ്രതിഭാസങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത്. എന്റെ നാഥന്റെ സാന്നിധ്യമില്ലാത്ത ഒന്നും ലോകത്തില്ല.”
ഷമാഷ് മുഖമുയര്‍ത്തി പുച്ഛത്തോടെ ഏഹൂദിനെ അടിമുടിയൊന്ന് നോക്കി ശേഷം, ശാന്തമായി ഒഴുക്കുന്ന ബറാദ നദിയിലേക്ക് നോക്കികൊണ്ട് പറഞ്ഞു,
“തുടക്കമോ ഒടുക്കമോ ഏതെന്നറിയാത്ത പ്രകൃതിയോടുള്ള ജിജ്ഞാസയും ഭയവും അരക്ഷിതാവസ്ഥയും പ്രത്യാശയിൽ നിന്നുമാണ് മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചത്. പ്രവാചകന്മാരും വിശുദ്ധന്മാരും ചേർന്ന്, ആ ദൈവങ്ങൾക്ക് മതങ്ങൾ സൃഷ്ടിച്ചു കൊടുത്തു. പുരോഹിതന്മാർ ആ മതത്തെ ഉപയോഗിച്ചു കൊണ്ടിരുന്നു. പൗരോഹിത്യം, അന്ധവിശ്വാസങ്ങൾ വളർത്തുകയും ചിലതരം അറിവുകൾ കുത്തകയാക്കി വെയ്‌ക്കുകയും ചെയ്തു.”
ഷമാഷ് പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് കഴിഞ്ഞപ്പോൾ എഹൂദ് പ്രവാചകൻ ഒന്ന് പുഞ്ചിരിച്ചു.
“ഈ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ വേണ്ടിയാണ് എന്നെ ദൂതനായി ഭൂമിയിലേക്ക് അയച്ചത്. എന്റെ നാഥൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഈ ഭൂമിയിലുള്ള മുഴുവൻ മനുഷ്യരെയും അവനെ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ആക്കാമായിരുന്നു പക്ഷെ, നാഥന്റെ അനുമതി കൂടാതെ ഒരു മനുഷ്യാത്മാവിനും വിശ്വാസിയാവുക സാധ്യമല്ല.”
എഹൂദ് പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ, ഷമാഷ് പൊട്ടിച്ചിരിച്ചു. പിന്നെ പരിഹാസം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു,
“മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിച്ചു.
ആ ദൈവങ്ങൾക്ക് അവന്റെ രൂപവും സ്വഭാവവും നൽകി. അവനെ പോലെ സ്നേഹിക്കുന്ന, പിണങ്ങുന്ന, ഇണ ചേരുന്ന, അസൂയയും പ്രതികാര ദാഹവുമുള്ള ദൈവങ്ങളായി അവരെ വളർത്തി. എന്നിട്ട്, അവൻ തന്നെ ആ ദൈവങ്ങളെ പരിപാലിച്ചു കൊണ്ടിരിക്കുന്നു, അതാണ് സത്യം എഹൂദ്.”
അത്രയും പറഞ്ഞ്, ഷമാഷ് വീണ്ടും പൊട്ടിച്ചിരിച്ചു.
പൊട്ടിച്ചിരിക്കുന്ന ഷമാഷിനെ നോക്കി ആത്മഗതത്തോടെ എഹൂദ് പ്രവാചകൻ പറഞ്ഞു,
“പകലിന്റെ നിയമമല്ല, ഇരുളിന്.”
എഹൂദ് പ്രവാചകൻ ആകാശത്തിലേക്ക് കൈകളുയർത്തി,
“എന്നിൽ വിശ്വാസമുള്ളവർ എന്നെ വിശ്വസിക്കട്ടെ, അവിശ്വസിക്കുന്നവർ അവിശ്വസിക്കട്ടെ.”
എഹൂദ് പ്രവാചകൻ ആ വചനങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നു.


അസ്തമയസൂര്യൻ കൂടുതൽ ശോഭയോടെ ദോറസ് മലനിരകൾക്ക് അപ്പുറത്തേക്ക് യാത്രയായി.
ഇരുൾ വീണു തുടങ്ങി, മഞ്ഞു പുതച്ചു കിടക്കുന്ന ദോറസ്!
ഹിമഗിരിനിരകൾക്ക് മുകളിൽ അന്തമില്ലാത്ത ആകാശത്തിന്റെ മുകളിൽ ഇളംചുവപ്പു കലർന്ന തവിട്ടുനിറത്തിൽ നെയ്തെടുത്ത അനന്തതയിൽ സ്വർണ്ണത്തളിക പോലെ ചന്ദ്രൻ വിളങ്ങി നിൽക്കുന്നു!
ഏറെനാളുകൾക്ക് ശേഷം, എഹൂദ് പ്രവാചകന് തന്റെ മനസ്സിലെ ഭാരമെല്ലാം പെയ്തൊഴിഞ്ഞതു പോലെ അനുഭവപ്പെട്ടു. സ്വസ്ഥതയോടെ സമാധാനത്തോടെ എല്ലാം മറന്ന് അദ്ദേഹം ആ രാത്രി സുഖമായി ഉറങ്ങി.
അടുത്ത പ്രഭാതത്തിൽ, കണങ്കാൽ വരെ നീളമുള്ള പുതിയ വെളുത്ത കുപ്പായവും അതിനുമുകളിൽ ഒരു മേലങ്കിയും ധരിച്ചുകൊണ്ട് പ്രസന്നതയോടെ എഹൂദ് പ്രവാചകൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിചെന്നു. ഏറെനാളുകൾക്ക് ശേഷം, തങ്ങളുടെ പ്രവാചകനെ കണ്ടപ്പോൾ വിശ്വാസികളായ ജനക്കൂട്ടം അദ്ദേഹത്തിന് ചുറ്റും വളഞ്ഞുനിന്ന് ദൈവസ്തുതികൾ മുഴക്കി.
നഗരമധ്യത്തിൽ അല്പം ഉയരത്തിൽ പണിത ചുണ്ണാമ്പ്കല്ലിന്റെ തട്ടിൽ കയറി നിന്നുകൊണ്ട് എഹൂദ് പ്രവാചകൻ ആകാശത്തിലേക്ക് രണ്ട് കൈകളുമുയർത്തി അല്പനേരം മൗനത്തോടെ നിന്നു ശേഷം, തനിക്ക് ചുറ്റും നിൽക്കുന്ന വിശ്വാസി സമൂഹത്തെ ഒന്നാകെ നോക്കി.


“എന്റെ സമൂഹമേ, നിങ്ങളുടെ മുന്‍പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും പുരോഹിതന്മാരാൽ അനുഗ്രഹിക്കപ്പെട്ടവരും വിശുദ്ധന്മാരും പ്രവാചകന്മാരും പിറവിയെടുത്ത ദൈവത്തിന്റെ സ്വന്തം ജനതയാണ്. നമ്മുടെ ദൈവത്തിന്റെ കല്പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹവും ദൈവ മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ച് അജ്ഞാതമായ വിശ്വാസങ്ങൾക്ക് പുറകേ പോയാല്‍ ശാപവുമാണ് പരിണിതഫലം. “
അത്രയും പറഞ്ഞതിന് ശേഷം, എഹൂദ് പ്രവാചകൻ വീണ്ടും ആകാശത്തിലേക്ക് മുഖമുയർത്തി അൽപ്പനേരം നിന്നു. എന്നിട്ട് വളരെ ശാന്തതയോടെ പറഞ്ഞു,
“സൃഷ്ടാവ് നിങ്ങളെ അറിയിച്ചതിൽ നിന്ന് വ്യത്യസ്തമായ ആശയമോ വിശ്വാസമോ ഒരുവനോ ഒരുവളോ നിങ്ങളോടു വന്നു പറഞ്ഞാൽ അവരെ സൃഷ്ടാവ് ശപിച്ചിരിക്കുന്നു. അവർ നിങ്ങൾക്ക് മുമ്പിൽ അറിയാത്ത ഭാഷകള്‍ സംസാരിക്കും ഉഗ്രവിഷമുള്ള ഉരഗങ്ങളെ കൈയിലെടുത്തു മാന്ത്രിക വിദ്യകൾ കാണിക്കും പക്ഷെയവർ പിശാചുക്കളെ ആരാധിക്കുന്നവരാണ് ശാപമേറ്റവരാണ് ആയതിനാല്‍, ശപിക്കപ്പെട്ടവരുടെ വചനങ്ങൾ കേൾക്കുന്നവർ ശപിക്കപ്പെട്ടവരായി തീരും. അതുകൊണ്ട്, നിങ്ങളെ നയിക്കുന്നവൻ വിശ്വസ്തനും പരിശുദ്ധനുമാണ്, നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. “
എഹൂദ്‌ പ്രവാചകൻ മിഴികൾ പൂട്ടി കൈകൾ ആകാശത്തിലേക്ക് ഉയർത്തി തുടർന്നു,
“പ്രപഞ്ചസത്യം ഒന്നേയുള്ളു, അത് ദൈവസത്യമാണ്. ജനിമൃതികളുടെ നാഥനായ ദൈവത്തിന്റെ ഭൂമിയില്‍ പ്രതിനിധികളാണ് പ്രവാചകന്മാരും വിശുദ്ധന്മാരും. എനിക്ക് മുന്നേ വന്ന, പ്രവാചകന്മാരുടേയും എനിക്ക് ശേഷം, വരാനിരിക്കുന്ന പ്രവാചകന്മാരുടെയും കർത്തവ്യം ദൈവത്തില്‍ നിന്നും സന്ദേശങ്ങള്‍ കേള്‍ക്കുകയും അനന്തരം ആ സന്ദേശങ്ങൾ മനുഷ്യകുലത്തിൽ അറിയിക്കുകയും അവരെ നന്മയിലേക്ക് നയിക്കുകയുമാണ്. “
അത്രയും പറഞ്ഞതിന് ശേഷം, എഹൂദ് പ്രവാചകൻ കണ്ണുകൾ തുറന്ന് ആകാശത്തിലേക്ക് മിഴികളുയര്‍ത്തി. അടുത്തനിമിഷം; അദ്ദേഹത്തിന്റെ മുഖം ചുവന്നു, കവിൾത്തടം പൊങ്ങി ഉഗ്രതയോടെ കൃഷ്ണമണികൾ പുറത്തേക്ക് തള്ളി വന്നു. ഗൗരവ മുഖഭാവത്തോടെ ഗാംഭീര്യം നിറഞ്ഞ ശബ്ദത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്ന വിശ്വാസികളോട് ചോദിച്ചു,
“ദൈവനാമത്തെ അധിക്ഷേപിക്കുന്ന നാവിനെ എന്ത് ചെയ്യണം? ”
വിശ്വാസി സമൂഹം ഒന്നിച്ചു പറഞ്ഞു,
“അറുത്തു മാറ്റണം.”
“ആ ഹിതം ഞാൻ നടപ്പിയിരിക്കുന്നു. ”
“ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന മനുഷ്യരെ എന്ത് ചെയ്യണം? ”
അവർ ഉറക്കെ പറഞ്ഞു,
“ആ തലകൾ അറുത്തുമാറ്റണം.”
എഹൂദ് പ്രവാചകൻ നഗരകവാടത്തിലേക്ക് വിരൽ ചൂണ്ടി, വിശ്വാസികൾ അങ്ങോട്ട് നോക്കി.
തലയറുക്കപ്പെട്ട ഉടലുമായി ഷമാഷിന്റെ ശരീരം!
ആ ശവശരീരത്തിലേക്ക്
വിരൽ ചൂണ്ടി എഹൂദ് പ്രവാചകൻ ഉറക്കെ വിളിച്ചു പറഞ്ഞു,
“ദൈവഹിതം ഞാൻ നടപ്പാക്കിയിരിക്കുന്നു. അവിശ്വാസിയും ദുർനടപ്പുകാരിയുമായ ഷമാഷിന്റെ മേൽ ശാപങ്ങൾ പതിയട്ടെ.”
അത്രയുംപറഞ്ഞ്, എഹൂദ് പ്രവാചകൻ ആകാശത്തിലേക്ക് തന്റെ കൈകൾ ഒരിക്കൽ കൂടി ഉയർത്തി ശേഷം, തനിക്ക് ചുറ്റും കൂടിനിൽക്കുന്ന വിശ്വാസി സമൂഹത്തെ അനുഗ്രഹിച്ചു
വിശ്വാസി സമൂഹം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു,
“വിശുദ്ധനായ എഹൂദ് പ്രവാചകൻ ഉന്നതനാവട്ടെ. അവിശ്വാസികൾക്കും ദുർനടപ്പുകാർക്കും മേൽ സൃഷ്ടാവിന്റെ ശാപങ്ങൾ പതിയട്ടെ.”
എഹൂദ് പ്രവാചകൻ തലയുയർത്തി ഒരിക്കൽ കൂടി നഗരകവാടത്തിലേക്ക് ദൃഷ്ടി പായിച്ചു. വശ്യമായ പുഞ്ചിരിയോടെ, അറുത്തുമാറ്റിയ ഷമാഷിന്റെ ശിരസ്സും ചേതനയറ്റ ശരീരവും നഗരകവാടത്തിൽ അനാഥയെ പോലെ കിടക്കുകയാണ്. അവളുടെ കറുപ്പ് നിറം നിറഞ്ഞ കണ്‍പീലികൾ അപ്പോഴും അടഞ്ഞിരുന്നില്ല.
എഹൂദ് പ്രവാചകൻ അൽപ്പനേരം ഇമചിമ്മാതെ അവളുടെ കരിനീല കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ആ കരിനീല കണ്ണുകളിൽ നിന്നും നിഗൂഢമായ ചോദ്യങ്ങൾ തന്നോട് വീണ്ടും ചോദിക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി.
പരിഭ്രമത്തോടെ, എഹൂദ് പ്രവാചകൻ വേഗം തന്നെ വിശ്വാസികളുടെ ഇടയിലേക്ക് ഇറങ്ങി നിന്നു

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : മനു

Comments
Print Friendly, PDF & Email