പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം 22

കഥാവാരം – ഭാഗം 22

ഏതെങ്കിലും ഒരു ദർശനത്തെയോ രാഷ്ട്രീയത്തെയോ വ്യക്തമാക്കാൻ വേണ്ടി എഴുതപ്പെടുന്ന കഥകൾക്ക് ഒരു പരിമിതിയുണ്ട്. ഒന്നുകിൽ അതിൽ പറയുന്ന രാഷ്ട്രീയം വളരെ മുഴക്കമുള്ളതാകും. എടുത്തടിച്ച പോലെ പറയുന്ന ഇത്തരം കൃതികളിൽ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ സുവ്യക്തവും ആയിരിക്കും. വായനക്കാരനെ പ്രബുദ്ധരാക്കാൻ ഇത് ധാരാളം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഇതിന്റെ പരിമിതി, കഥ എന്ന ചട്ടക്കൂട് വിട്ട് അത് ലേഖന സ്വഭാവം ഉള്ളതാകുന്നു എന്നുള്ളതാണ്. കഥയുടെ സൗന്ദര്യം അല്ലെങ്കിൽ കലയുടെ ഭാവുകത്വം വളരെ കമ്മി ആകും ഇവിടെ. നേരെമറിച്ച് ചില കഥകളിൽ, കലാപരമായ സൗന്ദര്യം കാണും. അതിൽ ദർശനങ്ങളും രാഷ്ട്രീയവും കാണും. പക്ഷേ ഈ കാഴ്ച വളരെ പരിമിതമായ ആസ്വാദക വൃന്ദത്തിന് മാത്രമേ പ്രാപ്യം ആവുകയുള്ളൂ. അതായത് ചില സാഹിത്യകൃതികളിലെ രാഷ്ട്രീയവും ദർശനവും ഗവേഷണം ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ വായനക്കാരന്. കലാപരമായ സൗന്ദര്യവും ദാർശനികവും രാഷ്ട്രീയവുമായ ഉൽബോധനവും ഒരേ അളവിൽ സമ്മേളിക്കുമ്പോൾ അത്തരം സൃഷ്ടികൾക്ക് അസാധാരണമായ മൂല്യം കൈവരുന്നു. ആ കഥയുടെ രചയിതാക്കൾ പ്രതിഭാധനർ തന്നെ എന്ന് വായനക്കാരൻ സമ്മതിച്ചു കൊടുക്കുന്നു.

പതിവിൽ നിന്നും വിഭിന്നമായി ഇപ്രാവശ്യം ആദ്യം പറയാനുദ്ദേശിക്കുന്നത് സമകാലിക മലയാളം വാരികയിൽ മൃദുൽ വി. എം എഴുതിയ കുളെ എന്ന കഥയെക്കുറിച്ചാണ്.

“എനിക്ക് പെണ്ണിനെ ഇണ്ടാക്കി താടാ…” എന്നലറുന്ന ചേട്ടനെ സ്വപ്നം കണ്ടാണ് സജീവൻ ഉറക്കം ഞെട്ടി എണീറ്റോടിയത്…. കഥയുടെ തുടക്കത്തിലെ വാചകങ്ങളിലൊന്നാണിത്.

മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് വായനക്കാർ ഇവിടെ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇതിന് ശേഷമുള്ള നാലോ അഞ്ചോ വാചകങ്ങൾ കൊണ്ടുതന്നെ സജീവൻ, സത്യഭാമ എന്നിവരെക്കുറിച്ചും ആ വീടിനെ കുറിച്ചും അവരുടെ വിശ്വാസാചാരങ്ങളെക്കുറിച്ചുമെല്ലാം ഉള്ള ഏകദേശധാരണ വായനക്കാരന് കിട്ടിക്കഴിഞ്ഞിരിക്കും. സ്വപ്നത്തിൽ വന്നത് സജീവന്റെ ജ്യേഷ്ഠന്റെ ആത്മാവാണെന്ന് അനുവാചകൻ അറിയുന്നു. തന്നിൽ നിന്നും പോയി ഇരുപത്തിനാല് വർഷമായിട്ടും, പ്രസവിച്ച കുഞ്ഞിനോടുള്ള സവിശേഷമായ വാത്സല്യം തരിമ്പും ചോരാതെ ഇന്നും മനസ്സിലുള്ള സത്യഭാമയുടെ മാതൃനിർവിശേഷമായ നിഷ്കളങ്കതയും വായനക്കാർ മനസ്സിലാക്കുന്നു. സജീവൻറെ സ്വാർത്ഥതയും അച്ഛന്റെ ഉയർന്ന ജാതിചിന്തയും കാണുന്നു. കഥാപാത്ര ചിത്രീകരണത്തിൽ എഴുത്തുകാരനുള്ള പ്രാഗത്ഭ്യം വിശദമാക്കാൻ വേണ്ടിയാണ് ഇത് ഇവിടെ പറഞ്ഞത്.

മൃദുൽ വി. എം.

ആദ്യത്തെ മൂന്നോനാലോ പാരഗ്രാഫുകൾ കൊണ്ടുതന്നെ പ്രധാന കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യക്തമായ ചിത്രം വായനക്കാരുടെ മനസ്സിൽ പതിപ്പിക്കാനായാൽ പിന്നെ അവരോടൊപ്പം വായനക്കാർ സഞ്ചരിച്ചു കൊള്ളും. ശേഷം കഥ വികസിക്കുന്നത് ക്രമാനുഗതമായാണ്. ആവശ്യമുള്ള വേഗത സ്വീകരിക്കുമ്പോൾ തന്നെ കഥയുടെ കേന്ദ്ര സ്ഥാനത്തേക്ക് അനുവാചകർ കടന്നുചെല്ലുന്നത് മന്ദമന്ദമാണ്. നോക്കൂ, എത്ര മനോഹരമായാണ് ഓരോ കഥാപാത്രത്തെയും നമുക്കുമുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്!
അവർക്കുള്ള സംഭാഷണങ്ങൾ എത്രമാത്രം പരിമിതമാണ്!

എന്നിട്ടും എല്ലാ കഥാപാത്രങ്ങളെയും കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുന്നു വായനക്കാർക്ക്.

ഒന്നാംഭാഗത്തിന്റെ അവസാനത്തോടുകൂടി കഥയുടെ ‘ആത്മാവിലേക്ക്’ വായനക്കാർ പ്രവേശിക്കുന്നു.

തുളുഭാഷയിൽ കുളെ എന്നാൽ പ്രേതം എന്നർത്ഥം. താരതമ്യേന അധികമാരും പറയാത്ത പ്രേതങ്ങളുടെ കല്യാണമാണ് കഥാവിഷയം. വടക്കൻ കാസറഗോഡ്, പ്രത്യേകിച്ചും തുളു സംസ്കൃതി പിന്തുടരുന്നവർക്കിടയിൽ നിലനിൽക്കുന്ന ആചാരമാണ് ഈ പ്രേതക്കല്യാണം. വ്യത്യസ്ത ഇല്ലങ്ങളിലും ഒരേ ജാതിയിലുമുള്ള ആത്മാക്കൾക്ക് മാത്രമേ വിവാഹം കഴിക്കാൻ പറ്റൂ എന്നാണ് ശാസ്ത്രം. കണിയാന്മാരാണ് ശാസ്ത്രജ്ഞർ. ജാതി തെറ്റിച്ചുള്ള ആത്മാക്കളുടെ കല്യാണക്കഥ പറയുമ്പോൾ, ഏതൊരു കല്യാണത്തിലും നടക്കുന്ന സ്വാഭാവികമായ ഒരു കാര്യം എന്ന് കരുതി വായനക്കാർ അതിന് പിന്നാലെ പോകുന്നു. രാഘവൻ നായരുടെ മകൻ രാജീവൻ നായരുടെയും താരതമ്യേന താഴ്ന്ന ജാതിയിലുള്ള മുന്ദന്റെ മകൾ ബീനയുടെയും – പ്രേതങ്ങളുടെ- കല്യാണം. മരിച്ചുപോയ മകന്റെ വധുവിന്റെ കഴുത്തിൽ താലി അണിയിക്കുന്ന അമ്മയെ വർണിച്ചിരിക്കുന്നത് നോക്കുക.

“സത്യഭാമ മുന്നോട്ട് വന്ന് ചേട്ടന്റെ കയ്യിൽ നിന്ന് മാല വാങ്ങി. കുനിഞ്ഞ് ബീനയുടെ കഴുത്തിൽ കെട്ടി. സ്വർണ്ണ നൂലിന്റെ അറ്റത്ത് ഒരു കക്കത്താലി കനമില്ലാതെ ഇളകിക്കിടന്നു. അന്നേരം ആൾരൂപത്തിൽ നിന്ന് ഒരാൾ സ്നേഹത്തോടെ തന്നെ തൊട്ടതായി അവർക്ക് തോന്നി. അവൾക്ക് കരച്ചിൽ വന്നു…. “

ഇതുപോലെ ഒരു പാരഗ്രാഫ് എഴുതുവാൻ ഏതൊരു കഥാകൃത്താവും ആഗ്രഹിക്കാതിരിക്കുക!

സ്വാഭാവികമായി പറഞ്ഞുപോകുന്ന ഈ കഥ നോക്കൂ. എത്ര അലങ്കാരപ്രയോഗമുണ്ട്? എത്ര അന്തരീക്ഷ വർണനയുണ്ട്? വളരെ വളരെ തുച്ഛം. കഥാവസാനം വരെ, വേറൊന്നും ചിന്തിക്കാത്ത വണ്ണം കഥയിൽ തന്നെ വായനക്കാരനെ ഇരുത്താനുള്ള മുറുക്കം സാധ്യമാക്കുന്നത് ഇങ്ങനെയാണ്. അനുഭൂതിദായകമായ ഈ കഥ വായിച്ചു തീർന്ന ശേഷം വായനക്കാരുടെ മനസ്സിൽ ബാക്കിയാകുന്ന വേറെ പല കാര്യങ്ങളും ഉണ്ട്. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല മരിച്ചവർക്ക് ഇടയിലും ജാതിചിന്തയുടെ നാറുന്ന മാറാപ്പ് കയറ്റി വച്ചിരിക്കുന്നു ചിലർ. മകളെപ്പോലെ ബീനയെ സത്യഭാമ ചേർത്തുപിടിക്കുമ്പോൾ,’ ഇതെങ്ങനെയാ സരോജിനീ നീയീ പുളിശ്ശേരി വെക്ക്ന്ന്’ എന്ന് ചോദിക്കുമ്പോൾ ജാതി ബോധത്തിന് അതീതമായി നമ്മൾ മനുഷ്യരാകുന്നു. ഏറ്റവും ചുരുങ്ങിയ വാചകങ്ങളിൽ, ഏറ്റവും മനോഹരമായി, താരതമ്യേന അധികമാരും പറയാത്ത ഒരു വിഷയം അതിസുന്ദരമായി അവതരിപ്പിച്ച ഈ ചെറുപ്പക്കാരൻ മലയാളി വായനക്കാർക്ക് ഒരു പ്രതീക്ഷയാണ്.

ഇല്ലസ്ട്രേഷൻ ഒഴിവാക്കിയാൽ കഷ്ടിച്ച് ഒന്നര പേജ് മാത്രമുള്ള കൊച്ചു കഥയാണ് മാതൃഭൂമിയിൽ സി വി ബാലകൃഷ്ണൻ എഴുതിയ ‘ജാതി മരങ്ങളുടെ മാതാവ്.’ സുന്ദരങ്ങളായ വാചകങ്ങൾ നമുക്കതിൽ കാണാം. മണവാട്ടി ആകാൻ ഒരുങ്ങുന്ന സിൽവിയ, തന്റെ മുത്തശ്ശിയായ വെറോണിക്കയുടെ അടുത്ത് വരുന്നതാണ് കഥ. തൊടിയിൽ അവർക്ക് കുറെയേറെ മരങ്ങളുണ്ട്. ജാതിക്കയും ജാതിപത്രിയും മലഞ്ചരക്ക് വ്യാപാരിക്ക് വിറ്റ് ആ പണം ദാനം ചെയ്യുന്ന വൃദ്ധ, അവരുടെ യൗവനകാലത്ത് ഭർത്താവിനാൽ അവഗണിക്കപ്പെട്ട കഥ പറയുന്നു. ‘കഥ പറയുന്നു’ എന്ന പ്രസ്താവന എത്രത്തോളം നീതിപൂർവ്വം ആണ് എന്നെനിക്കറിഞ്ഞുകൂടാ. പറയാൻ മാത്രമുള്ള കഥയൊന്നുമില്ല ഇതിൽ. ഈയൊരു എഴുത്ത് വഴി സി വി ബാലകൃഷ്ണൻ പറയാൻ ഉദ്ദേശിച്ചതെന്ത് എന്നതും വ്യക്തമായി നിർവ്വചിക്കപ്പെട്ടതല്ല. ഇതൊക്കെ കേട്ടതിനുശേഷം കല്യാണം കഴിക്കാൻ പോകുന്ന തനിക്ക് നല്ല ഉപദേശം തരൂ എന്ന് പറയുന്നു സിൽവിയ. അന്നേരം ജാതിക്ക, ജാതിപത്രി ഇവയുടെ അനന്തമായ ഉപയോഗങ്ങളും ഫലങ്ങളും പറഞ്ഞുകൊടുക്കുന്നു മുത്തശ്ശി. ഇതാണ് മൊത്തത്തിൽ കഥ. മേൽപ്പറഞ്ഞ, ഭർത്താവിന്റെ അവഗണനയും, മക്കൾ ഇഷ്ടംപോലെ സമ്പാദിക്കുന്നതും, പിന്നെ ഈ ഒരു കാര്യവും! മാതൃഭൂമി വായനക്കാർക്ക് ആഹ്ലാദ ചിത്തരാവാൻ ഇത്രയും മതി എന്ന് കഥാകൃത്തിനു തോന്നിയാൽ അത്രയും മതി എന്ന് മാത്രമേ ഞാനും പറയുന്നുള്ളൂ.

സി. വി. ബാലകൃഷ്ണൻ

വെറും ക്രാഫ്റ്റിനാൽ മാത്രം രൂപപ്പെടുത്തപ്പെട്ട കഥയാണിത്. നേരത്തെ പറഞ്ഞതുപോലെ ഇടക്ക് സുന്ദരമായ വാചകങ്ങളും പ്രയോഗങ്ങളും കാണാം. അന്തരീക്ഷ നിർമ്മിതി മനോഹരമായി നമുക്ക് അനുഭവപ്പെടുന്നുണ്ട് ചില സ്ഥലങ്ങളിൽ. അപ്പോഴും തികച്ചും അനാവശ്യമായ വിവരണങ്ങൾക്കും കുറവൊന്നുമില്ല.

“കാറ്റില്ലാതെതന്നെ ജാതിയുടെ ഏതോ ചില്ലയിൽ നിന്നും ഒരു ജാതിക്ക അടർന്നുവീണു. അതിന് മൂപ്പെത്തിയിരുന്നു. വീഴ്ചയോടെ തോട് രണ്ടായി. കായ ഒരു വയറ്റിൽനിന്നോണം പുറത്തുചാടി അൽപ്പദൂരം ഉരുണ്ട ശേഷം ഒരു കരിയിലയ്ക്കടിയിൽ പതുങ്ങി ഇരിപ്പായി. “

സിൽവിയയെ പരാമർശിക്കുമ്പോൾ ഈ ഒരു വാചകം പറയുന്നതുവഴി ഒരു വമ്പൻ ദർശനമാണ് നമ്മെ അനുഭവിപ്പിക്കുന്നത് എന്ന ധാരണയിലാണ് ഇത് കഥാകാരൻ ചെയ്തത് എങ്കിൽ, വായനക്കാർക്ക് തോന്നുന്നത് തികച്ചും അസംബന്ധമായ പ്രസ്താവനയാണല്ലോ ഇത് എന്ന് മാത്രമാണ്. സി വി യെപ്പോലെ അനുഭവ സമ്പന്നരായ എഴുത്തുകാർ കഥകളെഴുതുമ്പോൾ വായനക്കാർ വല്ലതും പ്രതീക്ഷിക്കുന്നുണ്ട്!

മാധ്യമം വാരികയിലെ കഥയെഴുതിയത് ശരത് കൃഷ്ണയാണ്. കഥ ‘കഠാരക്കാറ്റിലെ ചോരമണം.’ കഥയുടെ തുടക്കവും ഒടുക്കവും കണ്ടാൽ എഴുത്തുകാരന്റെ കഥയെഴുത്തിനെയും ഭാഷാപ്രാവീണ്യത്തെയും കുറിച്ച് മതിപ്പ് തോന്നും വായനക്കാർക്ക്. പക്ഷേ ആ പ്രതിഭ, കഥയുടെ വിഷയ സ്വീകരണത്തിലോ ചില സ്ഥലങ്ങളിലെ സംഭാഷണത്തിലോ കാണാവുന്നതല്ല. സിനിമയാണ് കഥയുടെ പിന്നാമ്പുറം. സംവിധായകനും കഥാകൃത്തും തമ്മിലുള്ള ഈഗോ ക്ലാഷ്. അതിന് കാരണമാകുന്നത് അല്ലെങ്കിൽ അതിന്റെ ഇരയാകുന്നത് പ്രശസ്തയും സുന്ദരിയുമായ നായികാനടി. ഈ നടിയാണ് സിനിമാലോകത്ത് ഏറ്റവും തിരക്കുള്ള, ഏറെ വായിക്കുന്ന, ധൈര്യവും ആത്മാഭിമാനവും വേണ്ടുവോളമുള്ള, കഥാകൃത്തിന്റെ കാമുകി. സുന്ദരിയും സുശീലയുമായ ഈ പെൺകുട്ടിക്ക് ഒരു കയ്പ്പേറിയ ഭൂതകാലം വേണ്ടേ? വേണം. കൗമാരത്തിന്റെ തുടക്കകാലത്ത് തന്നെ, സിനിമ കൊണ്ട് തകർന്നുപോയ സ്വന്തം പിതാവിനെ സാമ്പത്തിക ദുരിതത്തിൽ നിന്നും കരകയറ്റുവാൻ പണച്ചാക്കായ നിർമാതാവിന്റെ ആഗ്രഹത്തിന് വഴങ്ങി ക്കൊടുക്കേണ്ടി വന്നിട്ടുണ്ട് ഈ പെൺകുട്ടിക്ക്!!

ശരത് കൃഷ്ണ

സിനിമാക്കഥ ആവുമ്പോൾ സംശയാലുവായ കാമുകനോ കാമുകിയോ വേണ്ടേ? അതും വേണം. അതാണ് അലക്സി. പൈങ്കിളിക്കഥ വായിക്കുന്നതുപോലെ അതൊക്കെയങ്ങ് വായിച്ചു പോകാം. അതിലപ്പുറം ഒന്നുമില്ല കഥയിൽ. ഒന്നാന്തരം എന്ന ഗണത്തിൽ തന്നെ പെടുത്താവുന്ന ക്ലീഷേ രണ്ടെണ്ണം മുകളിൽ പറഞ്ഞുവല്ലോ. കോടമ്പാക്കത്ത് പഴയകാല നടി ജമീലയുടെ കഞ്ഞിക്കടയിൽ അലക്സി വന്നിരിക്കുമ്പോൾ, അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ചിലർ കാമുകിയായ ദേവകിയെക്കുറിച്ച് അപവാദം പറയുന്നത് കേൾക്കുന്നു അലക്സി. അന്നേരം കഥാനായകന്റെ പ്രതികരണം വിവരിച്ചത് ഒന്നു വായിച്ചു നോക്കുക. അതുവരെ ഒഴുക്കോടെ വായിച്ചുപോയ ഈ കഥയിൽ അത്തരമൊരു രംഗവും അത്തരം സംഭാഷണങ്ങളും ഉണ്ടാക്കുന്നത് വഴി കഥയുടെ നിലവാരം കൂടു കയാണോ കുറയുകയാണോ എന്ന് വായനക്കാർ പറയട്ടെ.

“പുറത്ത് റബ്ബർ മരങ്ങളുടെ ചില്ലകളെ പ്രാപിച്ചു വന്ന കാറ്റ് തുറന്നിട്ട ജനാലയുടെ കരണത്തടിച്ച ശേഷം മുറിയിലേക്ക് അതിക്രമിച്ചു കയറി”.

തുടക്കവും ഒടുക്കവും കൊള്ളാമെന്ന് പറയുമ്പോഴും ഈ വാചകത്തിന്റെ വൻ കൃത്രിമത്വം തൊണ്ടയിൽ തടയുന്നു.

“Rama killed Ravana”

‘രാമൻ രാവണനെ കൊന്നു’. ടീച്ചർ പറഞ്ഞു.

“രാമൻ എന്തിനാ രാവണനെ കൊന്നത്? രാമൻ റഹീമിനെയല്ലേ കൊല്ലേണ്ടത്?” കുട്ടി ചോദിച്ചു.

ഇത് ഒരു മിനിക്കഥയാണെന്ന് പറഞ്ഞാൽ എന്റെ വായനക്കാർ വിശ്വസിക്കുമോ?

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി ദേശാഭിമാനി എഡിറ്റർ വിശ്വസിക്കുന്നുണ്ട് ഇതൊരു മിനിക്കഥയാണെന്ന്. ഇതുമാത്രമല്ല ഇതുപോലെ ഒൻപതെണ്ണം വേറെയുമുണ്ട്. ‘പത്ത് മിനിക്കഥകൾ’ ദേശാഭിമാനി വാരികയിൽ. എഴുതിയത് വി ഷിനിലാൽ.

ഒന്നും പറയാനില്ല.

വി. ഷിനിലാൽ

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥയാണ് ബഷീർ മേച്ചേരി എഴുതിയ മിണ്ടാപ്രാണി. കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സംസാരശേഷിയില്ലാത്ത ഒരു വൃദ്ധയാവണം തലക്കെട്ട് വഴി സൂചിത കഥാപാത്രം. അല്ലെങ്കിൽ കഥാനായകന്റെ വീട്ടിലെ പൂച്ചകൾ. ഒരു പ്രത്യേകമായ വിഷയത്തിൽ അല്ലെങ്കിൽ, ഏതെങ്കിലും ഒരു പ്രധാന ആശയത്തെ ചുറ്റിപ്പറ്റി പോകുന്നതല്ല കഥ. വിവരണങ്ങൾ ഒരു ചെറുകഥയ്ക്ക് ചേരാത്ത വിധം സുദീർഘമാണ്. തുടക്കത്തിൽ കഥാനായകനെ കുറിച്ച് പറയുന്നു. അദ്ദേഹത്തിന്റെ ഗൾഫ് ജീവിതം. അദ്ദേഹത്തിന്റെ പാരമ്പര്യം, പ്രവാസം മതിയാക്കി നാട്ടിൽ വന്നതിനു ശേഷം അയാൾ ചെയ്യുന്ന ഓഹരി വിപണിയിലെ കച്ചവടങ്ങൾ. അതിനുശേഷം കോവിഡ് സമയത്ത് ആ വീട്ടിലേക്ക് ജോലിക്ക് വന്നിരുന്ന മിണ്ടാപ്രാണി ആയ വൃദ്ധയെ കുറിച്ച്. പിന്നെ ആ വീട്ടിൽ താമസമാക്കിയ പൂച്ചയും കുഞ്ഞുങ്ങളും. അതിനിടക്ക് വീണ്ടും പറയുന്നു ഓഹരിവിപണിയിലെ ചില കച്ചവടങ്ങളെക്കുറിച്ച്. അതിനു വേണ്ടി ഉണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ സുഹൃത്തുക്കളെ കുറിച്ച്. ഒരു ദിവസം നടത്തിയ ട്രേഡിങ് വഴി കിട്ടിയ അയ്യായിരം രൂപ ലാഭത്തെ കുറിച്ച്. കഥ ഒരിടത്തും ഉറക്കാതെ ചാടിച്ചാടി പോകുന്നു. ഏതൊരു കഥയും സവിശേഷമായ ഒരു തുടക്കം കൊണ്ട് വായനക്കാരനെ ആകർഷിക്കണം. കഥാകൃത്തിന് വ്യക്തമായ ധാരണ വേണം അതിന്റെ കേന്ദ്രാശയം എന്താണെന്ന്. ആ ആശയത്തിലേക്ക് പതുക്കെപ്പതുക്കെ കഥ എത്തിച്ചേരണം. അപ്പോഴാണ് പൂർണമായ ചിത്രമായി, അല്ലെങ്കിൽ ഒരു ശിൽപം ആയി അത് മാറുന്നത്. അക്കാര്യത്തിൽ മിണ്ടാപ്രാണി എന്ന ഈ കഥ വിജയിക്കുന്നില്ല. മുറുക്കം ഇല്ലാത്ത ശ്ലഥ രൂപത്തിലുള്ള അവതരണം ആയതുകൊണ്ട് വായനക്കാരന് പുട്ടമ്മ എന്ന കഥാപാത്രത്തോടോ, കുഞ്ഞു നഷ്ടപ്പെട്ട പൂച്ചയോടോ യാതൊരു അടുപ്പവും തോന്നുന്നുമില്ല.

ബഷീർ മേച്ചേരി

കവർ ഡിസൈൻ : ജ്യോതിസ് പറവൂർ

Comments
Print Friendly, PDF & Email

You may also like