പൂമുഖം ഓർമ്മ അരിയോട്ടുകോണത്തിന്റെ പ്രണയസൂര്യൻ

അരിയോട്ടുകോണത്തിന്റെ പ്രണയസൂര്യൻ

പ്രണയം വഴി നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ എന്താകും ഉത്തരം?
പ്രണയം വഴിയേ നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാലോ..

നാട്ടുവഴികളിലും, ക്ലാസ് മുറികളിലും, വാഹനങ്ങളിലും, സിനിമകളിലും കണ്ടു മറന്ന ഒരുപാട് പ്രണയരംഗങ്ങൾ മനസ്സിലേക്ക് ഓടിക്കയറി വന്നുല്ലേ..

ഒരു മനുഷ്യൻ പ്രണയമായി പരിവർത്തനം ചെയ്യപ്പെട്ടത്, പ്രണയത്തിൽ ജീവിക്കുന്നത്, പ്രണയം അണിഞ്ഞ കാലുകളിൽ നടക്കുന്നത് കണ്ടിട്ടുണ്ടോ?

കാലങ്ങളായി അരിയോട്ടുകോണത്തിന്റെ പകലുകൾ ഉണരുന്നതും, രാവുകൾ ഉറങ്ങുന്നതും ആ പ്രണയപുരുഷന്റെ കാലൊച്ചകളിലാണ്, അയാൾ നടന്നുതീർക്കുന്ന വഴികളിലാണ്.

കൈയിൽ തേങ്ങയും, പുല്ലും, വിറകുകമ്പുകളുമായി നടന്നുകൊണ്ടിരിക്കുന്ന മനുഷ്യനെ വട്ട് അച്യുതൻ എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

അങ്ങനെയാരും വിളിക്കാറില്ലെങ്കിലും അദ്ദേഹത്തെ രേഖപ്പെടുത്തുന്നത് ആ പേരിന്റെ വട്ടത്തിലാണ്.

പല്ലവികളും അനുപല്ലവികളും മാഞ്ഞുപോയ, ചിട്ടവട്ടങ്ങൾ തെറ്റിച്ച രാഗങ്ങളുടെ അവരോഹണം മാത്രമായിപ്പോയ മനോഹരമായ പ്രണയജീവിതമാണ് അച്യുതൻ അണ്ണൻ.

നിശ്ശബ്ദനായി ചിരിക്കുന്ന ആ മനുഷ്യനാണോ ഭ്രാന്ത്?
അദ്ദേഹത്തെ ഊരുചുറ്റിക്കുന്ന പ്രണയത്തിനാണോ ഭ്രാന്ത്?
അങ്ങനെയെല്ലാം ചോദിച്ചാൽ കണ്ണുമടച്ച് ഒരുത്തരം പറയാൻ അരിയോട്ടുകോണത്തെ തമ്പുരാനും കഴിയില്ല.

ഇഷ്ടമുള്ളവരുടെ നേരെ മാത്രം കൈനീട്ടും. അവർ കൊടുക്കുന്നത് എന്തായാലും വാങ്ങും.
സ്വീകരിക്കപ്പെടുമെന്ന് ഉറപ്പുള്ളയിടങ്ങളിലേക്ക് കയറിച്ചെല്ലും. അവിടെനിന്ന് കിട്ടുന്നതെന്തും സ്വാദോടെ കഴിക്കും.നിറഞ്ഞ ചിരിയുമായി വീണ്ടും വഴിയിലേക്കിറങ്ങും.

അരിയോട്ടുകോണത്ത് നിന്നും തുടങ്ങി കാട്ടായിക്കോണം വഴി കൂനയിൽ ശാസ്താവിന്റെ നടയിലൂടെ ഒരുമാലയിൽ കലുങ്കിന്റെ അരുകിലെ തോട്ടുവക്കത്ത് കൂടി പാടങ്ങൾക്ക് മുകളിൽ മണ്ണിട്ടുയർത്തിയ പുരയിടങ്ങൾക്കിടയിലൂടെ പാക്യാർകോണം വഴി അരിയോട്ടുകോണത്ത് തന്നെ വന്നുനിൽക്കുന്നതാണ് അച്യുതൻ അണ്ണന്റെ പ്രണയവഴി.

അച്യുതൻ അണ്ണൻ പ്രണയസൂര്യനാണ്, അദ്ദേഹം നടന്നു വലംവെയ്ക്കുന്ന മണ്ണ് പ്രണയഭൂമിയും.

ഹിന്ദിവിദ്വാൻ ആയിരുന്നുവത്രെ അദ്ദേഹം. സർക്കാർ ജോലിയും ഉണ്ടായിരുന്നു. പ്രണയജീവിതത്തിൽ കുടുംബവും സ്വത്തും ആസ്തിയും അളവുകോലുകൾ ആയപ്പോൾ അതെല്ലാമുപേക്ഷിച്ചാണ് അച്യുതൻ അണ്ണൻ നടക്കാനിറങ്ങിയത്. കൈയിൽ കരുതുന്ന തേങ്ങയും പുല്ലും വിറകുമെല്ലാം അദ്ദേഹത്തിന്റെ പ്രണയോപഹാരങ്ങളായത് വെറുതെയല്ല.

അച്യുതൻ അണ്ണന് വട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ കാഴ്ചക്കാർ പറയൂ. ഭ്രാന്തിന്റെ ആചാരലക്ഷണങ്ങൾ ഒന്നും തന്നെ പരിപാലിക്കാത്തയാളാണ് അദ്ദേഹം. ഒരാളെയും ആക്രമിക്കുകയോ, പൊട്ടിച്ചിരിക്കുകയോ, പൊട്ടിക്കരയുകയോ, ഭ്രാന്തമായി അലറുകയോ ചെയ്യുന്ന ശീലവുമില്ല.

സ്വതവേ നിശ്ശബ്ദനാണ്,ചോദ്യങ്ങൾക്ക് വളരെ കുറച്ച് ഉത്തരങ്ങൾ മാത്രം പറയുന്നവനാണ്, സൗമ്യമായി ചിരിക്കുന്നവനാണ്, vകരുണയും അനുകമ്പയും ഉള്ളവനാണ്. ഇത്രയുമെല്ലാമുള്ള മനുഷ്യർ അപൂർവ്വമായി ക്കൊണ്ടിരിക്കുന്ന കാലത്ത് അച്യുതൻ അണ്ണൻ വട്ടനായി നടിക്കുന്നതുമാകാം.

ദിവ്യാനുരാഗത്തിന്റെ കാല്പനികഭാവങ്ങളിൽ ജീവിതത്തെ കിനാവും കണ്ണീരുമാക്കിയ കഴിഞ്ഞ കാലത്തിന്റെ തിരുശേഷിപ്പാണ് അച്യുതൻ അണ്ണനും അദ്ദേഹത്തിന്റെ പ്രണയവും. പ്രണയം ആയുധമണിയുന്ന, രക്തം ചിന്തുന്ന, ജീവനെടുക്കുന്ന സമകാലിക കാഴ്ചകൾക്കിടയിൽ അദ്ദേഹം വട്ടനായി മുദ്രചാർത്തപ്പെടുന്നതിൽ അത്ഭുതമില്ല.

അരിയോട്ടുകോണത്ത് ഒരുപാട് പ്രണയങ്ങൾ പൊട്ടിവിരിയുകയും, പൂവണിയുകയും ചെയ്തിട്ടുണ്ട്, തല്ലിക്കൊഴിക്കപ്പെട്ട പ്രണയങ്ങളും ധാരാളമുണ്ട്. ഇപ്പോൾ പ്രണയിച്ചു കൊണ്ടിരിക്കുന്നവരും ഭാവിയിൽ പ്രണയിച്ചേക്കാവുന്നവരും ഉണ്ട്. ഈ പ്രണയികൾക്കെല്ലാം ഇടയിൽ കൂടിയാണ് അച്യുതൻ അണ്ണൻ നടന്നതും, നടന്നുകൊണ്ടിരിക്കുന്നതും, ഇനി നടക്കാനുള്ളതും.

ഊന്നുവടിയിൽ പ്രണയവും താങ്ങി വഴിയരികിലൂടെ നടന്നു നീങ്ങുന്ന മനുഷ്യനെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കാൻ മറക്കണ്ട. വിറപൂണ്ട കാലുകൾ പെറുക്കിവെച്ച് നടക്കുന്ന അദ്ദേഹം അരിയോട്ടുകോണത്തിന്റെ പ്രണയസൂര്യനാണ്.

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like