പൂമുഖം LITERATUREനിരൂപണം കഥാവാരം -13

കഥാവാരം -13

നിരൂപണം, വിമർശനം, അവലോകനം, തുടങ്ങിയവയെല്ലാം സാഹിത്യത്തിന്റെ ആസ്വാദനത്തെയോ പഠനത്തെയോ വ്യക്തമാക്കുന്നു. ഒരു കലാസൃഷ്ടിയുടെ പരിപൂർണ്ണമായ അപഗ്രഥനമാണ് നിരൂപകന്റെ ചുമതല. അതിന്റെ സൗന്ദര്യ ശാസ്ത്രത്തെയും ആശയത്തെയുമെല്ലാം അയാൾ വിശകലനം ചെയ്യുന്നു. കല എന്ന നിലക്ക് അത് എത്രത്തോളം ഉൽകൃഷ്ടമാണ് എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രാഡ്വിവാകന്റെ ( ജഡ്ജി )കർത്തവ്യമാണ് അദ്ദേഹം നിർവഹിക്കുന്നത്. അതിനാൽ തന്നെ വായനക്കാരനും എഴുത്തുകാരനുമിടക്കുള്ള പാലമാണ് നിരൂപകൻ എന്ന അഭിപ്രായത്തോട് നമുക്ക് യോജിക്കാൻ വയ്യ. റിസർച്ച് പുസ്തകങ്ങൾക്കായുള്ള ‘ഗൈഡ്’ എന്നത് പോലെയല്ല സാഹിത്യ സൃഷ്ടികൾക്ക് നിരൂപകൻ. അങ്ങനെയാണെങ്കിൽ കല ബഹുജനത്തിനുവേണ്ടിയാണ് എന്ന ധാരണയെ നമ്മൾ ഉപേക്ഷിക്കേണ്ടിവരും. കഥയിൽ എഴുത്തുകാരൻ കണ്ടതും കാണാത്തതുമായ കാര്യങ്ങൾ വായനക്കാരൻ ചിലപ്പോൾ കണ്ടെത്തിയേക്കാം. അതല്ലാതെ ഈ കഥയിൽ ഇന്നതിന്നതൊക്കെയുണ്ട് എന്ന് പറഞ്ഞു കൊടുക്കേണ്ട ഒരു അധ്യാപകന്റെ ജോലിയല്ല സാഹിത്യത്തിൽ നിരൂപകനും വിമർശകനും ചെയ്യുന്നത്. വായനക്കാരന്റെ സംവേദന ശക്തിയെ അത്രക്ക് വിലകുറച്ച് കാണേണ്ട ഒരു കാര്യവുമില്ല എഴുത്തുകാരന്.

രാഷ്ട്രീയം പറയുന്ന കഥയാണ് എൻ ഹരി മാതൃഭൂമിയിൽ എഴുതിയ ‘ബഹദൂർ ഗ്രൂപ്പ്.’
ലക്ഷ്മിക്കുട്ടിയമ്മയുടെ വീട്ടിൽ താമസിക്കുന്ന രണ്ടു പേർ. കഥാനായകനും കൂട്ടുകാരനായ ആന്റിക് എന്ന മോഷ്ടാവും. ഇന്തോ-ചൈനീസ് യുദ്ധസമയത്തെ തന്റെ അനുഭവം പങ്കു വെക്കുന്നു ലക്ഷ്മിക്കുട്ടിയമ്മ. ഐ എൻ എ യിലെ പട്ടാളക്കാരനായിരുന്ന അച്ഛനെക്കുറിച്ചുള്ള ഓർമകളും, ചരിത്രവും ഒക്കെ പറഞ്ഞുപോകുന്നുണ്ട്. പിന്നീട്, തന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരുവളായ മേരിയുടെ വീട്ടിലേക്ക് പാതിരാ നേരത്ത് പോകുന്നു ഇവർ മൂവരും. അതു വരെ റിയലിസ്റ്റിക് ആണ് കഥ. അതിന്റെ പിറ്റേ ദിവസം പുലർന്നപ്പോൾ കഥാനായകനും ആന്റിക്കും ആ വീട്ടിൽ ലക്ഷ്മിയമ്മയെ കാണുന്നില്ല. കുറേ ബ്രാഹ്‌മണ പുരോഹിതർ പൂജാദി കർമങ്ങൾ ചെയ്യുന്നതേ കാണുന്നുള്ളൂ. തിരിച്ച് മേരിയുടെ വീട്ടിലെത്തുമ്പോൾ, അവർ കഥയിലെ പ്രധാനരൂപകമായ ആ തോക്ക് ഉയർത്തിക്കാണിച്ച് പറയുന്നു നാലു വർഷം മുൻപ് അവസാനമായി ലക്ഷ്മിയമ്മ വന്നപ്പോൾ കൊടുത്ത തോക്കാണ് അത് എന്ന്. അപ്പോൾ വായനക്കാരന് മനസ്സിലാകുന്നു ഇത് ഫാന്റസി ആണെന്നും ഇതുവരെ കണ്ടതൊന്നും യാഥാർത്ഥ്യമായിരുന്നില്ല എന്നും. എന്നോ മരിച്ചു പോയവരായിരുന്നു ആ കഥാപാത്രങ്ങളൊക്കെയും! അതിദുർബലമാണ് കഥയുടെ അവതരണം. ചരിത്രത്തിന്റെ അപനിർമിതിയാണോ എഴുത്തുകാരൻ പറയാനുദ്ദേശിച്ചത്? അതോ പറഞ്ഞുപറഞ്ഞു പഴകിയ ഫാഷിസത്തിന്റെ വർത്തമാനകാല ആസുരതയാണോ? എന്താണെങ്കിലും ശരി, കഥ എന്ന രീതിയിൽ വികാരങ്ങളുടെ ഒഴുക്ക് വായനക്കാരനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചതല്ല ഈ സൃഷ്ടി. വായിച്ചതും അനുഭവിച്ചതുമായ ചരിത്രത്തിന്റെ ചില സ്പർശനങ്ങൾ, ചെറിയ തോതിലുള്ള ഗൃഹാതുരത്വം ഉണ്ടാക്കുന്നു എന്നതൊഴിച്ചാൽ, കഥയെഴുത്തിലെ നൈസർഗിത ഇതിൽ കാണാൻ കഴിയുന്നില്ല.

എൻ. ഹരി

എന്തു കൊണ്ടാണ് കഥയുടെ അടിത്തട്ടിലേക്ക് വായനക്കാരന് പ്രവേശനം ദുസ്സഹമായത് എന്ന് ചോദിച്ചാൽ കാരണങ്ങൾ അനവധി സൂചിപ്പിക്കാൻ കഴിയും. വൃദ്ധയും കഥാനായകനും ആന്റിക്കും – അവരെ പറഞ്ഞു കൊണ്ട് കഥ തുടങ്ങുന്നു.
ലക്ഷ്മിയമ്മയുടെ വിശദമായ ചരിത്രം അവർ തന്നെ ഒരു പ്രഭാഷണമായി അവതരിപ്പിക്കുന്നുണ്ട്. കഥാനായകന്റെ ഭാര്യക്ക് ആന്റിക്കിനെ കണ്ടു കൂടാ. വീട്ടിൽ താമസിപ്പിക്കാൻ അവൾ സമ്മതിച്ചില്ല. അതു കൊണ്ട് അയാൾ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വീട് വീട്ടിറങ്ങി. കുറച്ച് വിഷവും കയ്യിലെടുത്ത്! വായനക്കാരന്റെ ലോജികിനു നേരെ ചിരിച്ചു കാട്ടുന്നില്ലേ ഈ ഭാഗം?

കഥാപാത്രങ്ങളോട് വിശ്വാസ്യത തോന്നിപ്പിച്ചില്ലെങ്കിൽ കഥയോടും വിശ്വാസം വരില്ല വായനക്കാരന്. ചില വിവരണങ്ങൾ, യുക്തിയെ പൂർണമായും കയ്യൊഴിയാൻ വായനക്കാരനെ പ്രാപ്തരാക്കും. പ്രതിഭാധനർ അതിമനോഹരമായി അത് ചെയ്തതുമാണ്. ഉറങ്ങിയേണീറ്റപ്പോൾ, ഗ്രിഗർ സാംസ ഒരു ഷഡ്പദമായി എന്ന് തന്നെ നമ്മൾ വിചാരിക്കുന്നില്ലേ! വിശ്വവിഖ്യാതമായ മൂക്കിലെ നായകൻ ഉള്ളത് തന്നെ എന്ന് കരുതാനും നമുക്ക് പ്രയാസമില്ലല്ലോ. പക്ഷേ, കൂട്ടുകാരനെ ഇഷ്ടമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച്, വിഷവുമായി വീട് വീട്ടിറങ്ങുന്ന കഥാപാത്രം നമ്മുടെ യുക്തി ബോധത്തെ കഷ്ടപ്പെടുത്തുന്നു. കഥയുടെ പുറം വായനയാണിത്.

ഉപരിതലത്തിലെ സൂചകങ്ങൾ കൊണ്ട് അഗാധതയിലെ കഥയെ അനുഭവിപ്പിക്കണമെങ്കിൽ പ്രതിഭ വേണം. കഥയുടെ പ്രധാന സവിശേഷതകളിലൊന്നായ ലാളിത്യം വേണം. അല്ലെങ്കിൽ കലക്കവെള്ളം കാണിച്ച് അടിത്തട്ടിലേക്ക് നോക്കൂ എന്ന് പറയും പോലെ നിരർത്ഥകമാകും കഥ.

എഴുപത് വയസ്സിനു മേൽ പ്രായമുള്ള ലക്ഷ്മിയമ്മ, ആ വീട്ടിൽ താമസിക്കുന്നവരോട് തന്റെ ചരിത്രം പറയുന്നുവല്ലോ. ക്രമാനുഗതമായി, കഥയെ വികസിപ്പിക്കാൻ എഴുത്തുകാരൻ കൈക്കൊണ്ട ഈ രീതി, പക്ഷേ അതേ രീതിയിൽ വൈകാരികമായി കഥാപാത്രത്തോട് അടുപ്പിക്കാൻ തക്കവണ്ണമുള്ള ജൈവികമായ പറച്ചിലാണെന്ന് പറയുക വയ്യ. അച്ചടി ഭാഷയിലുള്ള ഭാഷണം. സ്വാഭാവികതയെക്കാൾ, കൃത്രിമത്വം എന്നാണ് തോന്നുക.

ബിജു സി പി യുടെ കഥ ‘ലെ പ്രാന്തിസ്’ ആണ് ഇക്കുറി സമകാലിക മലയാളത്തിൽ. പ്രതിഭ തിളക്കത്തിന് പുരസ്കാരം ലഭിക്കുന്ന കുഞ്ഞ്ഔസേപ്പും അദ്ദേഹത്തിന്റെ അമ്മയും പുരസ്കാര സദസ്സിൽ വച്ച് നടത്തുന്ന ‘പ്രസംഗമാണ്’ കഥ. സമകാലിക മലയാളത്തിന് ഒരു പ്രത്യേകതയുണ്ട്. അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കഥകൾക്ക് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാവും. നമ്മുടെ ആ ധാരണ അസ്ഥാനത്താണ് എന്നു സ്ഥാപിക്കുന്നതാണ് ലേ പ്രാന്തിസ്.

ബിജു സി. പി

ബിജു സി പി തുടക്കക്കാരനായ എഴുത്തുകാരനല്ല. അതിനാൽ തന്നെ കഥയ്ക്ക് അത്യാവശ്യമായത്, ആവശ്യമായത്, അനാവശ്യമായത് തുടങ്ങിയവ എന്തൊക്കെയാണെന്ന് അറിയായ്കയില്ല. അലങ്കാരപ്രയോഗങ്ങൾ കഥയ്ക്ക് അനിവാര്യമല്ലെങ്കിൽ അതുണ്ടാക്കുന്ന അനുഭൂതി നിഷേധരൂപത്തിലാവും. ആദ്യ മൂന്നു വാക്യങ്ങളിൽ മൂന്ന് ഉപമകൾ! ആശയം കൊണ്ട് കല ഉണ്ടാക്കുന്നതിനേക്കാൾ ക്രാഫ്റ്റ് കൊണ്ട് – കരകൗശല വിദ്യ കൊണ്ട്- സൗന്ദര്യമുണ്ടാക്കാനുള്ള ശ്രമം! ആ ഉദ്യമത്തിൽ എഴുത്തുകാരൻ വിജയിക്കുന്നുവോ എന്ന് വായന നമുക്ക് പറഞ്ഞു തരുന്നു.

പ്രസംഗം കൊണ്ട് കഥയുടെ വൈകാരികാനുഭവം ഉണ്ടാക്കാൻ പറ്റില്ല എന്ന് പറഞ്ഞു കൂടാ. പക്ഷേ, ആ പ്രസംഗം അഥവാ പ്രഭാഷണം വായനക്കാരനെ അതിൽ ലായിപ്പിക്കുന്നതാവണം. ഒരാളുടെ ആത്മകഥ തുടർച്ചയായി പറഞ്ഞു കൊണ്ടേ ഇരുന്നാൽ മതിയാവില്ല; അതൊരു ജീവിതസംഗ്രഹം മാത്രമേ ആകൂ. കഥയ്ക്ക് വേണ്ട സ്വാഭാവിക നാടകീയതയില്ലെങ്കിൽ ആ പറച്ചിൽ, ഒരു വെറുംപറച്ചിലായി ഒടുങ്ങും.

മനു ജോസഫ്

ഖെദ്ദ’ എന്ന് പറഞ്ഞാൽ കെണി എന്നർത്ഥം. ഈ ഒരറിവ് വായനക്കാരന് നൽകുന്നു എന്നതൊഴിച്ചാൽ ആ പേരിൽ മാധ്യമം വാരികയിൽ മനു ജോസഫ് എഴുതിയ കഥയ്ക്ക് വേറെ ഫലമൊന്നുമില്ല. ചെറുപ്പത്തിൽ, നമ്മുടെ അറിവ് കുറഞ്ഞ പ്രായത്തിൽ പൈങ്കിളി വാരികകളിൽ വായിച്ചതോ, ജനപ്രിയ സിനിമകളിൽ കണ്ടു മറന്നതോ ആയ ഒരു കഥ. കഥയിലെ ഏതെങ്കിലുമൊരു വാചകം, ഒരു രംഗം, അല്ലെങ്കിൽ ഒരു കഥാപാത്രം, അങ്ങനെയൊന്നും തന്നെ എഴുത്തുകാരന്റെ സ്വന്തം എന്ന് പറയാനില്ല. തുടക്കത്തിൽ തന്നെ പ്രതികാരത്തിന്റെ അനേകമനേകം സൂചനകൾ നൽകി കൊണ്ട് കഥയെ വിരസമാക്കുന്നതിൽ വായനക്കാരനെ സഹായിക്കുന്നുണ്ട് കഥാകൃത്ത്. ലവ് ജിഹാദിന്റെ കാലത്ത്, മകളുടെ ഭിന്ന മതസ്ഥനായ കാമുകനെ ചതിയിൽ വെടി വെച്ചു കൊല്ലുന്ന പിതാവ്. എന്തൊരു അബ്സേഡ് ആശയം! എന്തുമാത്രം ബാലിശമാണ് അവതരണം.

അജിത്ത് വി. എസ്

അജിത് വി എസ് മലയാളനാടിൽ എഴുതിയ ‘തിമോത്തി അരിക്കാടി’ എന്ന കഥയെക്കുറിച്ച് ഫോകസ് ഇല്ലായ്മ എന്ന് ഒറ്റവാക്കിൽ പറയാം. ആശയം പുതിയതല്ലെങ്കിലും, രണ്ട് തരത്തിലുള്ള അവതരണം എഴുത്തുകാരൻ ശ്രമിച്ചതായി കാണാം. കഥയിൽ ഫിലോസഫി സന്നിവേശിപ്പിക്കുന്നതോടൊപ്പം ആക്ഷേപ ഹാസ്യത്തിന്റെ ഭാഷ കൂടി ഉപയോഗിക്കുക എന്നത്. പക്ഷേ, ഏറെക്കുറെ ഒരു കഥയുടെ ചേരുവകളെല്ലാമുണ്ടായിട്ടും ഈ രചന അത്രക്ക് ആകർഷകമാകാതിരിക്കാൻ കാരണം, കഥയുടെ ആശയത്തോട് ചേർന്ന് നിൽക്കാത്ത ഭാഷയുടെ ഉപയോഗമാണ് എന്ന് കാണാം. ഗൗരവത്തിൽ വായിച്ചു പോകുമ്പോൾ ഹാസ്യവും, ഹാസ്യത്തിനിടക്ക് ഗൗരവവും കടന്നുവരുന്നു. കഥ ദുർബലമാവുകയും ചെയ്തു.

കുറിപ്പ് : മലയാളനാടിലെ ഈ കോളം വിമർശനമോ നിരൂപണമോ ആണെന്ന് കുറിപ്പുകാരൻ ഒരിക്കലും അവകാശപ്പെടുന്നില്ല. അത്രയും ഗഹനമായി സൃഷ്ടികളെ സമീപിക്കുകയും, കാലികമായ നിരൂപണ ശാസ്ത്രവും സിദ്ധാന്തങ്ങളും അവലംബിച്ചു കൊണ്ടുള്ള സാഹിത്യ വിമർശനവുമല്ല ഇത്. ഒരു വായനക്കാരൻ എന്ന നിലക്ക്, കുറിപ്പുകാരന്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ സൃഷ്ടികളെ ആസ്വദിക്കുകയേ ചെയ്യുന്നുള്ളൂ. ആ ആസ്വാദനം ചിലപ്പോൾ പൂർവസൂരികൾ അഭിപ്രായപ്പെട്ട സാഹിത്യ നിർവചനങ്ങളോട് പൊരുത്തപ്പെട്ടതാവാം എന്ന് മാത്രം പറയുന്നു.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like