പൂമുഖം LITERATUREലേഖനം അഞ്ചാം തലമുറ രാഷ്ട്രീയം

അഞ്ചാം തലമുറ രാഷ്ട്രീയം

മോഷണവുമായിബന്ധപ്പെട്ട മൂന്നു മെസ്സേജുകൾ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പിൽ ഫോർവേർഡ് ചെയ്തിരുന്നു. ഒരെണ്ണത്തിൽ എൻ്റെ സ്വന്തം നഗരത്തിലെ ഒരു വാർഡിൽ നിന്നുമുള്ള 45 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു പ്രതി. ഇതെന്നെ വേദനിപ്പിക്കുന്നു. എന്തു കൊണ്ടാകും ഒരു സ്ത്രീ ജീവിക്കാൻ വേണ്ടി പിടിച്ചു പറിക്കാൻ ഇറങ്ങേണ്ടി വന്നത്. എൻ്റെ വീടിനു 3 കി.മീ. മാത്രം അപ്പുറമാണ് അവർ താമസിക്കുന്നത്. ഫീസ് അടക്കാൻ കഴിയാത്തതു കൊണ്ട് ഒരു പെൺകുട്ടി മരണം തിരഞ്ഞെടുക്കുന്നു. നല്ല വേതനമുള്ള സർക്കാർ ജോലിക്കാരി പരീക്ഷ ജോലിയിൽ കൃത്രിമം കാണിച്ചു കൈക്കൂലി കൈപ്പറ്റുന്നു. തിളങ്ങി നിൽക്കേണ്ട പ്രായത്തിൽ യുവാക്കൾ സമൂഹത്തിൽ നിന്ന് മാറി ഇരുണ്ട ലോകം തിരഞ്ഞെടുക്കുന്നു .

ഇത്തരം ദൈന്യമായ ഒരവസ്ഥയിൽ ജീവിക്കുന്നത് ഇല്ലാതാക്കാൻ നമ്മുടെ സർക്കാരിന് കഴിയേണ്ടതല്ലേ? ആയൽക്കൂട്ടങ്ങൾ, കുടുംബശ്രീ, പാർട്ടികൾ, ഉദ്യോഗസ്ഥർ, മതസ്ഥാപനങ്ങൾ മുനിസിപ്പാലിറ്റി, പോലീസ് സ്കൂളുകൾ അധ്യാപകർ … അങ്ങിനെ എന്തെല്ലാം സംവിധാനങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ട് ഒരു സ്ത്രീക്ക് മോഷണം നടത്തേണ്ടി വന്നു? ഒരു കുറ്റവാളി -വിശേഷിച്ചും സ്ത്രീ, കുട്ടി കുറ്റവാളി- ഉണ്ടായാൽ പ്രതിയാക്കപ്പെടേണ്ടത് ഭരണാധികാരികൾ ആണ് എന്ന ഒരു ചിന്ത നമുക്ക് ഉണ്ടാകണം. കാരണം കുറ്റങ്ങളും കുറ്റവാളികളും ഇല്ലാതാക്കാൻ വേണ്ടി കൂടിയുള്ളതാകണം ഭരണവും ബഡ്ജറ്റും നിയമനിർമ്മാണവും.

ഓരോ വ്യക്തിയും ജനിച്ചു വീഴുന്നത് അവരവരുടെ സമ്മതമോ താൽപര്യമോ അടിസ്ഥാനമാക്കിയല്ല സാമൂഹിക പ്രക്രിയയിൽ നമ്മൾ കുട്ടികളെ പ്രസവിച്ചു വളർത്തി വലുതാക്കി കൊണ്ടുവരുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ ഒരു വ്യക്തി എന്ന നിലയിൽ അവർ സമൂഹത്തിലേക്ക് ജനിച്ചു വീഴുമ്പോൾ യഥാർത്ഥത്തിൽ തികച്ചും നിരപരാധികളും നിഷ്കളങ്കരുമായാണ്. എന്നാൽ നമ്മുടെ നിലവിലുള്ള സാമൂഹിക അവസ്ഥ പരിശോധിച്ചാൽ അതിൽ ധാരാളം പേർ, പലതരത്തിലുള്ള വിവേചനങ്ങൾ വിഭാഗീയത, ജാതിപരവും മതപരവും ആയ വിഭജനം എന്നിവ കൊണ്ട് പല തട്ടുകളിലാക്കപ്പെടുന്ന വ്യക്തികളായി രൂപപ്പെടുന്നത് കാണാം. അതിനോടൊപ്പം തന്നെ വലിയൊരു വിഭാഗമല്ലെങ്കിൽ പോലും കുറെ അധികം പേർ രോഗികളും കുറ്റവാളികളും ആയിത്തീരുന്നു. വ്യത്യസ്തമായ പുതിയൊരു സമീപനം ആവശ്യമാണ്. സമൂഹത്തിൽ നിലനിൽക്കുന്ന കുറ്റവാളികളും രോഗികളും വ്യവസ്ഥിതിയുടെ ഭാഗമാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ട് കുറ്റവാളികളെയും രോഗികളെയും എങ്ങനെ കുറച്ചുകൊണ്ടുവന്ന് പരമാവധി ഒരു വ്യക്തിക്ക് അവർ അർഹിക്കുന്ന തരത്തിൽ ഉള്ള സന്തോഷം പ്രദാനം ചെയ്യാം എന്ന തരത്തിൽ നമ്മൾ സാമൂഹിക വ്യവസ്ഥിതി നിലവിലുള്ള സാമൂഹികവും ഭരണപരവുമായ സംവിധാനങ്ങളെ ഉപയോഗിച്ചു രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളും രോഗങ്ങളും ഒരേ പോലെ വ്യക്തിപരമായ അവരവരുടെ തന്നെ ഒരു ഉത്തരവാദിത്വമായി അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വമായി കാണുന്ന ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത്. നമുക്ക് ആശുപത്രികളുണ്ട്, നിയമ സംവിധാനങ്ങളും പോലീസും ഉണ്ട്. എങ്കിലും നമ്മൾ മനസ്സിലാക്കേണ്ട കാര്യം വ്യക്തി കേന്ദ്രീകൃതമായ ഒരു സമീപനമാണ് പൊതുവിൽ നാം കുറ്റവാളികളുടെയും രോഗികളുടെയും കാര്യത്തിൽ പുലർത്തി വരുന്നത് എന്നതാണ് . മറിച്ച് ഇവർ സമൂഹത്തിന്റെ ഭാഗമാണെന്നും രോഗികളുടെയും കുറ്റവാളികളുടെയും തുടർ നിരീക്ഷണം വഴി നമുക്ക് കൂടുതൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും രോഗികളെ ഇല്ലാതാക്കുവാനും കഴിയും എന്നും തിരിച്ചറിയണം. ആ ദിശയിൽ നാം പ്രശ്നങ്ങളെ സമീപിച്ചു തുടങ്ങേണ്ടിയിരിക്കുന്നു നിയമസംവിധാനങ്ങൾ അതനുസരിച്ച് കുറയ്ക്കാൻ കഴിയും. നമ്മൾ കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനാലിസിസ് എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ലഭ്യമായ കണക്കുകൾ അനുസരിച്ച് ഈ കുറ്റകൃത്യങ്ങൾ ചെയ്തവരുടെ സ്വഭാവസവിശേഷതകളും കുടുംബപശ്ചാത്തലവും സാമൂഹ്യ പശ്ചാത്തലവും വിലയിരുത്തി,അവ ഭാവിയിൽ ഇല്ലാതാക്കാൻ കഴിയുന്ന തരത്തിൽ ഒരു മാറ്റം വരുത്താൻ ശ്രമിക്കുകയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോൾ നമുക്ക് അസ്വാഭാവികവും അസംഭവ്യവുമായ ഒന്നായി തോന്നാമെങ്കിലും നമ്മൾ ഒരുപാട് കാര്യങ്ങൾ പരിശ്രമിക്കുന്നത് പോലെ ഇത്തരമൊരു പരിശ്രമം നടത്തി ശ്രമിച്ചു നോക്കേണ്ടതുണ്ട്. പരാജയപ്പെട്ടാൽ പോലും ഗുണകരമായ ചില അറിവുകൾ നമുക്ക് ലഭിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

പോലീസുകാർ കുറ്റവാളികളെ കണ്ടെത്തുകയും കണ്ടെത്തിയാൽ അവരെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്യുന്നത് വഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരുപാട് വിവരങ്ങൾ കിട്ടുന്നു. എന്തുകൊണ്ട് ചെയ്തു, എങ്ങനെ ചെയ്തു തുടങ്ങിയ ധാരണകൾ ഉണ്ടാവുകയും അവയുടെ അടിസ്ഥാനത്തിൽ കുറ്റവാളികളുടെ മേൽ കൂടുതൽ കുറ്റം സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത് .ഒരു കുറ്റവാളിയെ സൃഷ്ടിക്കുന്നതിൽ ,അതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒട്ടേറെ സംവിധാനങ്ങൾ നിലനിൽക്കുമ്പോഴാണ് നമ്മൾ കുറ്റവാളികളിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നടത്തുന്നത്. ഓരോ കുറ്റവാളിയുടെയും രോഗിയുടെയും സാമൂഹിക സാഹചര്യങ്ങൾ അവലോകനം ചെയ്തു അന്വേഷണം നടത്തുകയും അതനുസരിച്ച് ജീവിതശൈലിയിലും സാമൂഹിക സംവിധാനങ്ങളിലും മാറ്റം വരുത്തുകയും ചെയ്യാൻ കഴിയണം. ഓരോ രോഗിയും ഓരോ കുറ്റവാളിയും അനേകം കുറ്റവാളികളേയും രോഗികളേയും ഇല്ലാതാക്കാൻ കഴിയുന്ന ചെറുമാതൃകകൾ (specimen ) ആകണം.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നൂറിലധികം പ്രവർത്തനങ്ങൾ നടക്കുന്നു. ഉദാഹരണത്തിന് അംഗനവാടികൾ, അക്ഷയ പ്രോജക്റ്റുകൾ , അതി തീവ്ര ദരിദ്രരെ കണ്ടെത്തുന്ന പ്രോജക്ടുകൾ, കുടുംബശ്രീയുടെ പ്രവർത്തനം ,കുടുംബശ്രീയിൽ തന്നെ എ ഡി എസ് , സിഡിഎസ്, സ്നേഹിത ഇങ്ങനെ നൂറുകണക്കിന് പ്രവർത്തനങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ് . ജാഗ്രതാ സമിതികൾ വാർഡ് കേന്ദ്രങ്ങൾഎന്നിവയുണ്ട് . കൂടാതെ ഒരു പഞ്ചായത്തിൽ മിനിമം 10 കോടി രൂപയിലധികം ഉള്ള വർക്കുകൾ ഒരുവർഷം ചെയ്തു വരുന്നു. ഇത് വഴി ധാരാളം ഡാറ്റാബേസ് ഉണ്ടാകുന്നുണ്ട്. ഓരോ പഞ്ചായത്തിലെയും ഇത്തരം വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്യാൻ നിലവിൽ ലഭ്യമായ സോഫ്റ്റ്‌വെയറുകൾ ഒരുപാടുണ്ട്. സൂക്ഷ്മമായ പഠനങ്ങൾ അതിന്റെ നിഗമനങ്ങൾ എന്നിവ നിരന്തരം ഉണ്ടാക്കാൻ കഴിയും. അതിന്മേൽ ചർച്ചകൾ നടത്തുകയും ഉചിതമായ രീതിയിൽ ഇടപെടലുകൾ നടത്തുകയും ചെയ്യാൻ കഴിയും .

LSGD (തദ്ദേശസ്വയംഭരണ വകുപ്പ് ) സൈറ്റുകളിൽ ഏറ്റവും അടിത്തട്ടിലുള്ള വാർഡുകളുടെ വിശദമായ ഡാറ്റ ലഭ്യമാണ്. അതിൽ ജന സംഖ്യ, സ്ത്രീ- പുരുഷ അംഗ സംഖ്യ, വാർഡ് മെമ്പർ, സിറ്റിംഗ് മെംബേർസ്, എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങൾ വെച്ച് Virtual നിയമസഭ ഉണ്ടാക്കാൻ കഴിയും. അതിനു 140 അംഗങ്ങൾ മതി. ഓരോ മണ്ഡലത്തെ അടിസ്ഥാനമാക്കി വിവരങ്ങൾ ശേഖരിച്ചു ചർച്ച ചെയ്ത് ഡോക്യൂമെന്റുകളും വിഡിയോകളും ഇറക്കാൻ കഴിയും. തൊഴിൽ, തൊഴിലില്ലായ്മ, തൊഴിൽ ശേഷി വരുമാനം, വരുമാനമില്ലായ്മ ബാധ്യതകൾ, ആശ്രയിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ശേഖരിച്ചു വിശകലനം ചെയ്ത് ക്രിയാത്മകമായ തിരുത്തൽ മാർഗങ്ങളും നിർദേശങ്ങളും നടപടികളും ഉണ്ടാവണം.

അധികൃതരിൽ നിന്നല്ല സമൂഹത്തിൽ നിന്നാണ് ഈ ദിശയിൽ ഒരു ശ്രമം നടക്കേണ്ടത് . PG യും PhD യും വരെ എടുക്കുന്ന ഇക്കണോമിക്സ് വിദ്യാർത്ഥികൾ എന്തുകൊണ്ട് സ്വന്തം വാർഡിലെ/പഞ്ചായത്തിലെ പോലും ബജറ്റ് എത്രയെന്ന് അറിയാതെ പോകുന്നു? എവിടെയോ ഉത്തരം കണ്ടെത്താൻ കഴിയൂം. കാരണം സിലബസ് എത്രത്തോളം gender sensitized ആണെന്ന ചോദ്യം പോലെ തന്നെയാണ് എത്രത്തോളം ജനാധിപത്യപരമാണെന്നതും. constitutional sensitive ആണു് എന്നതും. സിലബസിൽ പഞ്ചായത്ത് നഗരപാലികാ നിയമം ഉൾപ്പെടുത്തിയില്ല അല്ലെങ്കിൽ അതിൻ്റെ സത്ത ഉൾചേർത്തില്ല എന്നതിനും ആരാണ് ഉത്തരവാദി എന്ന ചോദ്യം പ്രധാനമല്ലേ?. ഒരു വാർഡ് സഭകളിലും പങ്കെടുക്കാത്ത ഒരാൾ എങ്ങിനെ കലക്റ്റർ പോയിട്ട് ഒരു പഞ്ചായത്ത് സെക്രട്ടറി പോലും ആകുന്നു എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. ജനപ്രതിനിധികളുടെ കാര്യം വേറെ.അവിടെയാണ് ഒരു പുതിയ രാഷ്ട്രീയം പ്രസക്തമാവുന്നത്.

Politics 5th generation

കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും data ശേഖരിച്ചു വിശകലനം ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം ഉണ്ടാക്കുക . കുറച്ച് സമയം നീക്കി വെച്ചാൽ സാമാന്യബോധം ഉള്ള ആർക്കും ഒരു smart ഫോൺ സഹായത്തോടെ ചെയ്യാവുന്നത്. ഇത് വെച്ച് Virtual നിയമസഭ ഉണ്ടാക്കാൻ കഴിയും. അതിനു 140 പേര് മതി. ഓരോ മണ്ഡലത്തെ അടിസ്ഥാനമാക്കി വിവരങ്ങൾ ശേഖരിച്ചു ചർച്ച ചെയ്ത് documentsഉം video കളും ഇറക്കുക.ഇത് വിദ്യാർത്ഥികളിലേക്കും , ഗൃഹ സദസ്സിലേക്കും , ജനസഭകളിലേക്കും എത്തണം .അവരിൽ നിന്ന് നിർദേശങ്ങളും പരിഹാരനടപടികളും ഉൽപ്പാദിപ്പിക്കപ്പെടണം നിയമപാലകരുടെയും ജനപ്രതിനിധികളുടെയും മാത്രം കർമ്മമണ്ഡലമല്ല ഇത് ..സമൂഹത്തിന്റെ രോഗാതുരത , മാനസിക സമ്മർദ്ദങ്ങൾ ,നിരാശകൾ , മൂല്യ നിരാസം , കുറ്റകൃത്യങ്ങളോടുള്ള ആഭിമുഖ്യം , എന്നിവ വിദഗ്ധമായി കൈകാര്യം ചെയ്യപ്പെടണം .അങ്ങനെ മാത്രമേ ഈ നാടിനെ , രക്ഷിക്കാനാവൂ .

ഇത് സംരംഭകത്വത്തിന്റെ കാലമാണല്ലോ സോഷ്യൽ എന്റർപ്രൈസ് ആയി ഒരു സ്റ്റാർട്ട് അപ്പ് നു രൂപം കൊടുക്കുക . ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കി ഇത്തരം വിവരങ്ങൾ ഓൺലൈനിൽ ശേഖരണം നടത്താൻ കഴിയുന്ന ആളുകളെ കണ്ടെത്തുക. Startup ന് ഫണ്ട് കണ്ടെത്തണം. നന്നായി ഓരോ നടപടിയും രേഖപ്പെടുത്തി ലഭ്യമാക്കണം . വെബ്സൈറ്റുകൾ നിർമ്മിക്കലും പ്രോഗ്രാമിങ്ങും ആവശ്യമായി വരും. ഡിജിറ്റൽ ആഭിമുഖ്യമുള്ള ,സോഷ്യൽ പ്രതിബദ്ധതയുള്ള യുവാക്കളെ കണ്ടെത്തണം.

സംരംഭത്തിൽ സ്ത്രീ പങ്കാളിത്തത്തിനു വളരെ പ്രാധാന്യമുണ്ട് സ്ത്രീകൾക്ക് സൂക്ഷ്മത കൂടും. ഇന്ന് സ്ത്രീകളുടെ ആശയങ്ങൾ നയ രുപീകരണത്തിലോ, നിയമ നിർമ്മാണത്തിലോ ഒരു പങ്കും വഹിക്കുന്നില്ല അതിനു പരിഹാരം എന്ന നിലയിൽ ആണ് സ്ത്രീകളുടെ പങ്കാളിത്തം മുഖ്യമായിരിക്കണം എന്ന നിർദ്ദേശം. സ്റ്റാർട്ട് അപ്പ് ആവുമ്പോൾ മൂലധനവും പ്രവർത്തന ചിലവും കണ്ടെത്തണം .അത് അടുത്ത ഘട്ടമാണ് . തുടക്കത്തിൽ ആശയത്തിന്റെ പ്രായോഗികതയും പ്രവർത്തന ക്ഷമതയും, ഫലപ്രാപ്തിയും ബോധ്യപ്പെട്ടാൽ പിന്നീടുള്ളവ സംഭവിച്ചു കൊള്ളും. നേതാക്കന്മാരില്ലാത്ത, ഫണ്ട് പിരിവ് ഇല്ലാത്ത, കൊലപാതകങ്ങൾ ഇല്ലാത്ത മുഴുവൻ പേരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അഞ്ചാം തലമുറ രാഷ്ട്രീയം സാധ്യമാണ്! പങ്കെടുക്കുക! വിജയിപ്പിക്കുക!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like