പൂമുഖം ഓർമ്മ അരിയോട്ടുകോണത്തിന്റെ ചട്ടമ്പിക്കാലം

അരിയോട്ടുകോണത്തിന്റെ ചട്ടമ്പിക്കാലം

കാലം മാറുമ്പോൾ കോലവും മാറണമെന്നാണ് പ്രമാണം, എന്നാൽ എന്തൊക്കെ മാറിയാലും മാറാത്തതായി ഒന്നുണ്ട്, അത് നാടിന്റെ നിനവുകളുറങ്ങുന്ന ഭൂതകാലമാണ്.

കാലത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന വഴിയിറമ്പുകളിൽ പലരും കാത്തിരിപ്പുണ്ട്. മുനിഞ്ഞു കത്തിയും, തെളിഞ്ഞു കത്തിയും വിസ്‌മൃതിയിലാണ്ടുപോയവർ.

ചുണ്ടുകളുടെ കോണിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ തുപ്പൽ രണ്ടാം മുണ്ടിന്റെ കോന്തലയിൽ തുടച്ചുകൊണ്ടാണ് ചെമ്പു അമ്മ കുന്നംവിള മൂക്കിലേക്ക് കടന്നുവന്നിരുന്നത്. എണ്ണക്കറുപ്പുള്ള ദേഹവും, ഇടതൂർന്ന ചുരുണ്ട മുടിയും, തിളങ്ങുന്ന കണ്ണുകളുമുള്ള അവരുടെ രൂപം നാടിന്റെ അടയാളമായിരുന്നു.

മുറുക്കിയുടുത്ത കോറമുണ്ടിന്റെ മടിശീലയിൽ നിറഞ്ഞിരിക്കുന്ന മുറുക്കാൻ പൊതിയിലെ വെറ്റിലയുടേയും, നാടൻ പൊകയിലയുടേയും, പഴുക്കാപ്പാക്കിന്റേയും ഗന്ധത്തിനൊപ്പം, വാറ്റുചാരായതിന്റെ കത്തിയിറങ്ങുന്ന ചൂരും, ലഹരിയും അറിഞ്ഞിരുന്ന സ്ത്രീയെ ചട്ടമ്പികളുടെ തലതൊട്ടമ്മയായി വാഴ്ത്തിയവരാണ് പലരും.

കൈയൂക്കും, കായബലവും, കരളുറപ്പും കൊണ്ട് നാടുഭരിച്ചവർ ഒരുപാടുണ്ട്, അവരിൽ ചിലരെ കുറിച്ചെഴുതുമ്പോൾ ചെമ്പു അമ്മയെ ഓർക്കാതെ പോകുന്നതെങ്ങിനെ?.

ചെമ്പു ചാന്നാട്ടിയുടെ ധൈര്യവും തന്റേടവും എല്ലാ മക്കൾക്കും കിട്ടിയില്ലെങ്കിലും ശ്രീധരൻ എന്ന മകന് അത് ആവശ്യത്തിലേറെ കിട്ടി. കോട്ട ശ്രീധരൻ എന്ന ചട്ടമ്പി ജനിച്ചതിനും, വളർന്നതിനും, വാണതിനും, വീണതിനും സാക്ഷിയാണ് അരിയോട്ടുകോണം. വാറ്റുചാരായം കാച്ചിയും, ചട്ടമ്പിത്തരം കാണിച്ചും നാടുഭരിച്ചിരുന്ന അദ്ദേഹത്തിന്റെ പേരിൽ കോട്ടമുക്ക് എന്ന ഒരു സ്ഥലം തന്നെയുണ്ടായതും ചരിത്രം.

കാലക്രമത്തിൽ കോട്ടമുക്ക് എന്ന പേര് മാറ്റി പുനർനാമകരണം ചെയ്‌തെങ്കിലും, കോട്ട ശ്രീധരൻ എന്ന പേര് ഇപ്പോഴും അരിയോട്ടുകോണത്തെ ചട്ടമ്പിക്കാലത്തിന്റെ അടയാളമാണ്. പാട്ടാരിയിലെ കുഴിയിൽ വാറ്റുന്ന ചാരായം കുടിക്കാനെത്തുന്നവർക്കും, നാട്ടുകാർക്കും കോട്ട ശ്രീധരനേക്കാൾ പേടി പട്ടാരിയിലെ ചുടലമാടനെയും ചുമടുതാങ്ങിയെയും ആയിരുന്നുവെന്നും പറയുന്നുണ്ട്. കള്ളച്ചാരായം വാറ്റാനും വിൽക്കാനുമുള്ള മറയായി ചുടലമാടനെയും ചുമടുതാങ്ങിയെയും വളർത്തിയെടുത്തതാണെന്ന് പറഞ്ഞു ചിരിക്കുന്നവരുമുണ്ട്.

നിരന്തരം പോലീസ് പിടിക്കുവാനും, അടുത്ത തലമുറ കായികമായി നേരിടുവാനും തുടങ്ങിയതോടെയാണ് കോട്ട ശ്രീധരൻ എന്ന ആസ്ഥാന ചട്ടമ്പി കളമൊഴിഞ്ഞത്. മദ്യത്തിന്റെ ലഹരിയിൽ നടുറോഡിൽ കിടക്കുവാനും, ഏക സഞ്ചാര മാർഗ്ഗമായ ബസ് തടയുവാനും തുടങ്ങിയതോടെ നാട്ടുകാർക്ക് ചട്ടമ്പിയോടുള്ള ഭയവും ആരാധനയും കുറഞ്ഞില്ലാതാവുകയും ചെയ്തു.

കോട്ട കെട്ടിയ ചട്ടമ്പിക്കാലത്തിന് അപ്പുറവും അരിയോട്ടുകോണത്ത് ചട്ടമ്പികൾക്ക് പഞ്ഞമുണ്ടായിട്ടില്ല. ഒരു ചട്ടമ്പി ഒറ്റയ്ക്ക് ഭരിച്ചിരുന്ന നാട്ടിൽ എണ്ണം പറഞ്ഞ ചട്ടമ്പിമാർ നിരന്നുനിന്ന് ഭരിക്കുവാൻ തുടങ്ങിയതാണ് ഐക്യമത്യം വിളിച്ചോതിയ മാറ്റം.

ഒരു വശത്ത് പള്ളിയാപറമ്പിന്റെ പേരും അരിയോട്ടുകോണത്തെ മാടൻ തമ്പുരാന്റെ പേരും കൂട്ടിയിണക്കിയ പള്ളിയാപറമ്പ് മാടന്മാരും, മറുവശത്ത് പേരിനൊപ്പം റൗഡി എന്ന പട്ടം ചാർത്തി കിട്ടിയ റൗഡി അപ്പൂപ്പൻ എന്ന ഒറ്റയാനും. സംഗതി എല്ലാപേരും ചട്ടമ്പിത്തരം കാണിച്ചിരുന്നുവെങ്കിലും, പരസ്പരം മുട്ടാനോ കൊമ്പുകോർക്കാനോ ശ്രമിച്ചിട്ടില്ലാത്തത് കൊണ്ട് ഇവരിൽ ആരായിരുന്നു മുഴുത്ത ചട്ടമ്പിയെന്ന ചോദ്യം ഉയർന്നിരുന്നില്ല.

പള്ളിയാപറമ്പ് സഹോദരങ്ങളിൽ പ്രമുഖരെല്ലാം അറിയപ്പെടുന്ന പന്തൽ പണിക്കാരായായിരുന്നു. നാട്ടിലെവിടെ ഉത്സവമുണ്ടെങ്കിലും, ആരുടെ വീട്ടിൽ കല്ല്യാണമുണ്ടെങ്കിലും പന്തൽ കെട്ടുന്നത് പള്ളിയാപറമ്പുകാരായിരുന്നു. കവുകും, മുളയും തോളിലേറ്റി ഉയരങ്ങളിലേക്ക് കയറിപ്പോയി കമാനങ്ങൾ കെട്ടിയുയർത്തിയിരുന്ന സഹോദരങ്ങളിൽ ചട്ടമ്പിസ്ഥാനം ഉണ്ടായിരുന്നത് ദിവാകരൻ എന്ന ഒരാൾക്ക് മാത്രമായിരുന്നുവെങ്കിലും, സഹോദരങ്ങളായ കരുണാകരൻ, കൃഷ്ണൻകുട്ടി എന്നിവരുടെ പേരുകളും പ്രശസ്തമാണ്.

പള്ളിയാപറമ്പ് മാടന്മാർ എന്ന വിളിപ്പേരിനോപ്പം അവരുടെ ആകാരവും ചട്ടമ്പിമാർക്ക് ചേർന്നതായിരുന്നു, ഒത്ത ഉയരവും, അതിനുവേണ്ട ശരീരവും, പിരിച്ചു വെച്ച കൊമ്പൻ മീശയും, കൂട്ടത്തിൽ പരുപരുത്ത ശബ്ദം കൂടിയാകുമ്പോൾ ഇവരിൽ ആരെ കണ്ടാലും ചട്ടമ്പിയാണെന്ന് തോന്നിപ്പോകുന്നതിൽ അതിശയമുണ്ടായിരുന്നില്ല.

മേസ്തിരിയായിരുന്ന കുഞ്ഞിക്കൃഷ്ണൻ വലിയ ചട്ടമ്പിത്തരം ഒന്നും കാണിച്ചിട്ടല്ല റൗഡി അപ്പൂപ്പൻ എന്ന ചായക്കടക്കാരനായി പരിണമിച്ചത്. ആജാനബാഹുവും ആരെയും കൂസാത്ത പ്രകൃതവുമുള്ള മനുഷ്യന് അരിയോട്ടുകോണം ചാർത്തിക്കൊടുത്ത പേരാണ് റൗഡി.

ഒരു വശത്ത് സുകുമാരൻ വൈദ്യർ എന്ന ശാന്തനായ മനുഷ്യൻ ആയുർവ്വേദമരുന്നുകൾ കച്ചവടം ചെയ്യുന്ന അങ്ങാടിക്കട, തൊട്ടടുത്ത് ക്ഷിപ്രകോപിയായ കുഞ്ഞികൃഷ്‌ണൻ മേസ്തിരിയുടെ ചായക്കട. സൗമ്യനായി സംസാരിക്കുന്ന, മരുന്നുകളും ഉപദേശങ്ങളുമായി നാട്ടുകാർക്ക് ആശ്വാസമായിരുന്ന വൈദ്യരുടെ അരികിൽ, ധാർഷ്ട്യത്തോടെ സംസാരിക്കുന്ന വേണ്ടി വന്നാൽ ആർക്കിട്ടും ഒന്ന് പൊട്ടിക്കാൻ മടിക്കാത്ത ഒറ്റയാനായ കുഞ്ഞികൃഷ്ണൻ എന്ന മനുഷ്യൻ നിൽക്കുമ്പോൾ, അദ്ദേഹം റൗഡിയാണെന്ന് ആർക്കും തോന്നിപ്പോകുന്നത് സ്വാഭാവികം.

കൃത്യമായ രാഷ്ട്രീയവും, രാഷ്ട്രീയ നിലപാടുമുണ്ടായിരുന്ന റൗഡി അപ്പൂപ്പൻ അദ്ദേഹത്തിന്റെ സഹധർമ്മിണിയുമായി പിണങ്ങിപ്പിരിഞ്ഞത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടായിരുന്നുവെന്നതാണ് രസകരം. അദ്ദേഹം നിർദ്ദേശിച്ച പാർട്ടിയുടെ സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്യുവാൻ തയ്യാറാകാത്ത ഭാര്യയെ ഒരേസമയം ചായക്കടയിൽ നിന്നും ജീവിതത്തിൽ നിന്നും പുറത്താക്കിക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയാഭിമുഖ്യം വ്യക്തമാക്കിയത്.

പുകഞ്ഞുയരുന്ന ലഹരിയുടെ ഉന്മാദം ആസ്വദിക്കുകയും, മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്ന കാലവും അദ്ദേഹത്തിനുണ്ടായിരുന്നു. പൊലീസിന് ഒറ്റുകൊടുത്ത നാട്ടുകാരോട് ‘വൈക്കോലും വൈക്കോലിൽ കെട്ടാനുള്ള വള്ളിയും എന്റെ കൈയിൽ തന്നെയുണ്ടാകും’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുപ്രസിദ്ധമായ ഇടിവണ്ടിയിൽ കയറിപ്പോയതത്രെ.

പേരെടുത്ത ചട്ടമ്പിമാർ വാണിരുന്ന കാലത്തൊന്നും അരിയോട്ടുകോണത്ത് വരത്തൻ ചട്ടമ്പിമാർ വിലസിയിരുന്നില്ലെന്നാണ് പഴമക്കാർ പറയാറുള്ളത്. കൊണ്ടും കൊടുത്തും നാട് ഭരിച്ചിരുന്ന ഒരു കൂട്ടം മനുഷ്യർക്ക് ശേഷം ആ ശ്രേണിയിലേക്ക് പുതിയവരാരും കടന്നു വന്നിട്ടില്ല.

ഭൂതകാലം പറഞ്ഞിരിക്കുന്നവരുടെ വായ്താരികളിൽ ചട്ടമ്പികഥകളും കൂട്ടുകെട്ടുന്നത് സ്വാഭാവികം. തല്ലി തീർത്തിരുന്ന തലമുറകളുടെ കാലത്തിനിപ്പുറം ആയുധങ്ങളണിഞ്ഞു പോരിനിറങ്ങുന്ന ഉച്ചാളികളുടെ കാലമാണിത്, അംഗബലത്തിനും ചങ്കുറ്റത്തിനും പകരം ആളെണ്ണവും ആയുധങ്ങളും കണക്ക് തീർക്കുന്ന കാലത്ത് ചട്ടമ്പിമാരോ ചട്ടമ്പിത്തരങ്ങളോ ബാക്കിയില്ല, പകരമുള്ളത് ഗുണ്ടകളും ഗുണ്ടായിസവും മാത്രം.

അരിയോട്ടുകോണത്ത് ഇപ്പോൾ ചട്ടമ്പിമാരുമില്ല ഗുണ്ടകളുമില്ല. നാടിന്റെ പടിയിറങ്ങുന്ന ഒരുകൂട്ടരും, പിടിച്ചു നിൽക്കുന്ന മറ്റൊരുകൂട്ടരും, അവർക്കിടയിലേക്ക് കുടിയിരിക്കുവാൻ വരുന്ന പുറംനാട്ടുകാരും മാത്രമേയുള്ളൂ.

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like