പൂമുഖം LITERATUREലേഖനം വ്‌ളോദിമിര്‍ സെലന്‍സ്‌കി നായകൻ അല്ല..!?

വ്‌ളോദിമിര്‍ സെലന്‍സ്‌കി നായകൻ അല്ല..!?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഞാനിത് എഴുതുന്നത് മനുഷ്യസമൂഹത്തിന്റെ ഒരു മഹാ ശാപമായ യുദ്ധത്തെ അനുകൂലിച്ചുകൊണ്ടല്ല. പകരം യുദ്ധത്തെ ഒരു രോഗലക്ഷണമായും, അതിലേക്ക് നയിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക കാരണങ്ങളെ യഥാർത്ഥ രോഗമായും കാണാനുള്ള ഒരു ശ്രമമാണ്. കാര്യ-കാരണങ്ങളെ അങ്ങിനെ വിശദമായി പരിശോധിക്കുമ്പോൾ ചില വീര നായകരുടെ ചിത്രം യഥാർത്ഥത്തിൽ ബുദ്ധിശൂന്യരുടെതാണെന്നു മനസ്സിലാക്കാൻ സാധിക്കും. അന്താരാഷ്‌ട്ര ബന്ധങ്ങൾ താൽക്കാലികമായി ജനപ്രീതി നേടാനുള്ള തമാശക്കളി അല്ല – അതീവ ശ്രദ്ധാപൂർവം ചെയ്യേണ്ടുന്ന ഒരു ചതുരംഗക്കളിയാണ്.

2020 ഒക്ടോബറിൽ ഉക്രെയിനിലെ ഭരണഘടനാ കോടതി – വളരെ വിവാദപരമായ ഒരു വിധി പുറപ്പെടുവിച്ചു. 2014 ലെ ഭരണമാറ്റത്തിന് ശേഷം ഉണ്ടാക്കിയ – അഴിമതി നിരോധന സംവിധാനങ്ങളെ ഇല്ലാതാക്കിക്കൊണ്ടായിരുന്നു ആ വിധി. ഇതിനോട് ചേർന്ന് ആഗോള തലത്തിൽ അഴിമതിക്കെതിരെ പോരാടുന്ന – ട്രാൻസ്പെരൻസി ഇന്റർനാഷണൽ എന്ന സംഘടയുടെ ഉക്രെയിൻ തലവനായ Mr. Andrii Borovyk ആ സംഘടനയുടെ വെബ്‌സൈറ്റിൽ ഒരു ബ്ലോഗ് എഴുതുകയുണ്ടായി. ഈ അഴിമതി നിരോധന സംവിധാനങ്ങൾ ഇല്ലാതാക്കിയതിന്റെ ഏറ്റവും വലിയ പ്രത്യാഘാതമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് – ഇത് യൂറോപ്പുമായി ഏകീകരിക്കപ്പെടാൻ ഉള്ള യുക്രെയിനിന്റെ മോഹങ്ങൾക്ക് തടസമാവും എന്നതാണ്. അതുകൊണ്ട് തന്നെ ഈ വിധി പുറപ്പെടുവിച്ച ജഡ്ജിമാർ രാജിവെക്കേണ്ടതുണ്ടെന്നും പ്രസിഡണ്ടും, പാർലമെന്റും ഇതിൽ ഇടപെടണമെന്നും അദ്ദേഹം എഴുതി.

ഒരു രാജ്യത്തെ അഴിമതി നിരോധന സംവിധാനം ശക്തമാകേണ്ടതിന്റെ കാരണം – അത് രാജ്യത്തിന്റെ യൂറോപ്പുമായുള്ള ഏകീകരണത്തിനു (integration) അത്യാവശ്യമാണ് – അതായത് യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ആഗ്രഹത്തിന് ഉപകാരപ്രദമാകാനാണ് എന്ന് ട്രാൻസ്പെരൻസി ഇന്റർനാഷണൽ പോലെ ഒരു സംഘടന എഴുതുമ്പോൾ, എത്രകണ്ട് ശക്തമാണ് യുക്രെയിനിന്റെ കാര്യത്തിൽ യൂറോപ്പിനുള്ള താല്പര്യം എന്ന് നമുക്ക് മനസ്സിലാവും – തിരിച്ചും. സത്യത്തിൽ അത് യൂറോപ്പിന്റെ മാത്രം താല്പര്യമല്ല – യൂറോപ്പും അമേരിക്കയും ചേരുന്ന NATO എന്ന മുതലാളിത്തത്തിന്റെ ആയുധധാരിയായ മുഖത്തിന്റെ ആവശ്യമാണ്. ഇന്ന് യുക്രെയിനിലെ ജനത അനുഭവിക്കുന്ന യുദ്ധമെന്ന കെടുതിയുടെ പിന്നിൽ ഉള്ള ഈ ചരിത്രപരമായ ജിയോ-പൊളിറ്റിക്കൽ പ്രശ്നം ഒട്ടും അവഗണിക്കാവുന്നതല്ല. കാരണം യുദ്ധത്തിലേക്ക് ഒരു രാജ്യത്തെ എങ്ങിനെ തള്ളി വിടാമെന്നതിൽ വിദഗ്ധരാണ് അമേരിക്കയും നാറ്റോയും.

സാന്ദർഭികമായി പറയട്ടെ, NATO യുടെ ആദ്യ സെക്രട്ടറി ജനറൽ ജനിച്ചത് ഇന്ത്യയിലെ നൈനിറ്റാളിൽ ആയിരുന്നു – ജനറൽ ഹേസ്റ്റിങ് ലോൺ ഇസ്മേ (Gen. Hastings Lionel “Pug” Ismay). ബ്രിട്ടീഷ് സേനയുടെയും ഡിപ്ലോമസിയുടെയും ഒക്കെ ഭാഗമായിരുന്ന അദ്ദേഹം NATO ഉടലെടുത്ത കാലത്ത് ആ സംഘടനയുടെ ലക്‌ഷ്യം എന്താണെന്ന് വളരെ കൃത്യവും ഹ്രസ്വവുമായി പറഞ്ഞിട്ടുണ്ട് “to keep the Russians out, the Americans in and the Germans down – അതായത് റഷ്യയെ പുറത്തു നിർത്തി, ജർമ്മനിയെ വളരാൻ അനുവദിക്കാതെ അമേരിക്കയുടെ ലോകം ഉണ്ടാക്കുക”. ഓർക്കുക അദ്ദേഹം അന്ന് സോവിയറ്റ് യൂണിയനെ പുറത്തു നിർത്തണം എന്നല്ല പറഞ്ഞത് – റഷ്യയെ എന്നാണു. അതിനൊരു കാരണമുണ്ട് – റഷ്യ എന്നാൽ ഇന്നും ലോകത്തെ ഒരുകാലത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായ റഷ്യൻ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി തന്നെയാണ് കൊളോണിയൽ മനസ്സുള്ള യൂറോപ്പും, – യൂറോപ്പ് നടത്തിയ ഏറ്റവും കിരാതമായ അധിനിവേശത്തിന്റെ ഉത്പന്നമായ അമേരിക്കയും എന്നും ആ ഭൂവിഭാഗത്തെ കണ്ടിരുന്നത്. ഇന്ന് പുട്ടിൻ തിരിച്ചടിക്കുന്നത് അതെ ചരിത്രപരമായ-നരവംശപരമായ-സാസ്കാരികമായ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നത് ആ നാണയത്തിന്റെ മറുവശമാണ്.

General Hastings Ismay

എന്തായാലും ജർമ്മൻ മതിൽ തകരുകയും, സോവിയറ്റ് യൂണിയൻ ഇല്ലാതാകുകയും ചെയ്തശേഷമുള്ള ലോകത്ത് നാറ്റോയുടെ നിലനിൽപ്പ് എന്തിനെന്ന ചോദ്യം ഉയർന്നു വന്നപ്പോഴേക്കും – ഭീകരവാദത്തിന് എതിരെയുള്ള യുദ്ധത്തിൽ അമേരിക്കക്കൊപ്പം നിൽക്കാനെന്ന ഉത്തരം അവർ തന്നെ കണ്ടെത്തി. പക്ഷെ അവരുടെ ലക്‌ഷ്യം സാസ്കാരികമായി “സോഷ്യലിസ്റ്റ് ഹ്യൂമൻസ്‌കേപ്പുകൾ” ആയിരുന്നു – പ്രധാനമായും റഷ്യ.

ഭീകരതക്കെതിരായ യുദ്ധങ്ങളിൽ കൊസോവോ ലിബറേഷൻ ആർമിയും, അൽ-ഖായിദയും പോലെ NATO അമേരിക്കക്കൊപ്പം നിന്ന് പോരാടി തോൽപ്പിച്ച സംഘടനകളിൽ മിക്കതും അമേരിക്ക വളർത്തിയ സംഘടനകളായിരുന്നു. അമേരിക്കയുടെ “വർഗ്ഗ ശത്രുക്കളെ” – സദ്ദാം ഹുസൈനെയും, ഗദാഫി യെയും ഒക്കെ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു കൊന്നു തീർക്കാനും NATO കൂട്ടുനിന്നു. അമേരിക്കൻ വിരുദ്ധരായ ഭരണാധികാരികൾ എല്ലാവരും മാത്രം പടിഞ്ഞാറൻ മാധ്യമങ്ങളുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വിവരണങ്ങളിൽ ക്രൂരരായ ഏകാധിപതികളായി. ഫലത്തിൽ, NATOയുടെ അവതാര ലക്ഷ്യമായ അമേരിക്കൻ മുതലാളിത്ത ലോകം സൈനിക ശക്തികൊണ്ട് അവർ ഉണ്ടാക്കിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, എന്നക്കെയുള്ള മനോഹരമായ വാക്കുകൾകൊണ്ട് തങ്ങളുടെ ക്രൂരമായ അധിനിവേശങ്ങൾ, അക്രമങ്ങൾ ഈ സഖ്യം മറച്ചു വച്ചു.

ഭീകരവാദത്തിന് എതിരെയുള്ള യുദ്ധങ്ങളുടെ മറവിൽ പക്ഷെ സോഷ്യലിസ്റ്റ് ലോകത്തിന്റെ അന്ത്യം കുറിക്കാൻ അവതാര ലക്ഷ്യവുമായി ജനിച്ച ആ സഖ്യം നിരന്തരം റഷ്യക്ക് ചുറ്റുമുള്ള രാജ്യങ്ങളെ തങ്ങളോടൊപ്പം ചേർത്ത് വീണ്ടും വീണ്ടും റഷ്യയെ പ്രകോപിപ്പിച്ചു. വെറുതെ റഷ്യയെ പ്രകോപിപ്പിക്ക മാത്രമല്ല NATO ചെയ്തുകൊണ്ടിരുന്നത്. ഈ രാജ്യങ്ങൾക്ക് വ്യക്തമായ പ്രതിരോധ സാമ്പത്തിക സഹായം അമേരിക്ക നൽകിക്കൊണ്ടിരുന്നു. അമേരിക്കയുടെ ആറാമത്തെ വലിയ സൈനിക – സാമ്പത്തിക സഹായം ലഭിക്കുന്നത് യുക്രെയിനാണ്.

NATO Expansion – 1

ഈ മൊത്തം ചിത്രത്തിൽ നിർണ്ണായകമായ ഒരു വർഷമാണ് 2008. 2008 ന്റെ തുടക്കത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ജോർജ് ബുഷ് രണ്ടാമൻ യുക്രെയിനിന്റെയും, ജോർജിയയുടെയും യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള താല്പര്യത്തെ അമേരിക്ക പിന്തുണക്കുന്നു എന്ന് പ്രസ്താവിച്ചു. സോവിയറ്റ്-അനന്തര കാലത്ത് റഷ്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണക്ക് വിരുദ്ധമായായിരുന്നു ഈ നടപടി. വെറുമൊരു പിന്തുണയ്ക്ക് അപ്പുറം ബുഷ് അതെ പത്ര സമ്മേളനത്തിൽ മറ്റൊന്നുകൂടി പറഞ്ഞു – കിഴക്കൻ യൂറോപ്പിൽ അമേരിക്ക നടത്താൻ പോകുന്ന മിസൈൽ വിന്യാസത്തെ കുറിച്ച് തങ്ങൾക്ക് റഷ്യയുമായി ഒന്നും സംസാരിക്കാനില്ല എന്ന്. യുക്രെയിനും ജോർജിയ്ക്കും നേരെ നീട്ടിയ പിന്തുണയുടെ ഇടയിൽ റഷ്യയുടെ സുരക്ഷയെ ബാധിക്കുന്ന ഈ വലിയ പ്രസ്താവന ഒളിഞ്ഞു കിടന്നു – പക്ഷെ റഷ്യക്ക് അത് വലിയൊരു പ്രകോപനമായിരുന്നു. അന്ന് ഉക്രെയിൻ ഭരിച്ചിരുന്നത് റഷ്യൻ പിന്തുണയുള്ള ഭരണകൂടമായിരുന്നു – അതുകൊണ്ടു തന്നെ റഷ്യ 2008 ഓഗസ്റ്റിൽ ജോര്ജിയയിലേക്ക് പടനയിച്ചു. ആ യുദ്ധം അവസാനിച്ചത് ജോർജിയയുടെ യൂറോപ്യൻ യൂണിയൻ അംഗത്വ മോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ്.

ബുഷിന് ശേഷം വന്ന ഒബാമ ഭരണകൂടത്തിലെ വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡൻ ധാരാളം സമയം യുക്രെയിൻ റഷ്യ വിഷയത്തിൽ ചിലവഴിച്ചു. ഒപ്പം ഒബാമ World Trade Organizationൽ ചേരാൻ റഷ്യയെ പ്രേരിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. ബൈഡൻ ഉക്രെയിനുമായി ചേർന്ന് അവരുടെ യൂറോപ്യൻ വ്യാപാര-രാഷ്ട്രീയ ബന്ധങ്ങളെ വളർത്താൻ ശ്രമിച്ചു. അമേരിക്കൻ കച്ചവട കെണിയിൽ വീഴാതെ പുട്ടിൻ വഴുതി. അവസാനം 2014 ൽ യൂറോപ്പുമായുള്ള വ്യാപാര കരാറുകൾ റഷ്യൻസമ്മർദ്ദത്തിൽ പെട്ട് പിൻവലിക്കേണ്ടി വന്നതോടെ യുക്രെയിനിൽ ജനങ്ങൾ തെരുവിലിറങ്ങി. അമേരിക്കൻ – നാറ്റോ പിന്തുണയോടെ ജനങ്ങൾ റഷ്യൻ പക്ഷപാതിയായ ഭരണകൂടത്തെ മാറ്റിയപ്പോൾ റഷ്യ ക്രിമിയകീഴടക്കി. ബൈഡൻ നാല് വർഷത്തോളം നടത്തിയ ശ്രമങ്ങളെ പുട്ടിൻ ഒറ്റയടിക്ക് പരാജയപ്പെടുത്തി. ചുരുക്കത്തിൽ അമേരിക്കൻ – നാറ്റോ തന്ത്രങ്ങൾ എന്നൊക്കെ യുക്രയിനിലും, ജോർജിയയിലെ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെയും റഷ്യ സൈനികമായി പ്രതികരിച്ചിട്ടുണ്ട്. അതിനപ്പുറം ലോകത്ത് മറ്റെവിടെയും നടക്കുന്ന കാര്യങ്ങളിൽ റഷ്യ ഈയിടെ ഇടപെട്ടിട്ടില്ല.

NATO Expansion – 2

റഷ്യ ലോകത്തിലെ മറ്റു രാജ്യങ്ങളെ പോലെയല്ല. ധാരാളം പ്രകൃതി വാതകവും, പെട്രോളിയവും സ്വന്തമായുള്ള രാജ്യം, ഒരു ചതുരശ്ര കിലോമീറ്ററിന് 9 മനുഷ്യർ എന്ന കുറഞ്ഞ ജനസാന്ദ്രത, കമ്യുണിസ്റ്റ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണത്തിന് കീഴിൽ ജീവിച്ച ചരിത്രവും അനുഭവുമുള്ള ജനത തുടങ്ങി അനേകം പ്രത്യേകതകൾ റഷ്യക്കുണ്ട്. റഷ്യയുടെ ഇറക്കുമതി പ്രധാനമായും യന്ത്ര ഉപകരണങ്ങളും, മരുന്നുകളും മറ്റുമാണ് – അതും പ്രധാനമായും ചൈനയിൽ നിന്ന്. ഈ പ്രത്യേകതകൾ ഒക്കെയും എത്ര കടുത്ത ഉപരോധത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള ശേഷി ആ രാജ്യത്തിന് നൽകുന്നുണ്ട്. ആണവായുധ ശേഷി അവരെ സൈനികമായി അക്രമങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നു. ഭക്ഷണവും ഊർജ്ജവും അടക്കം ജീവിക്കാനുള്ള വിഭവങ്ങളുടെ കാര്യത്തിൽ യൂറോപ്പിനും മറ്റു രാജ്യങ്ങൾക്കും റഷ്യയെ ആണ് ആവശ്യം. ഈ പാഠങ്ങളിൽ നിന്ന് വേണം യുക്രെയിനിലെ നാറ്റോ-അമേരിക്കൻ അനുകൂല ഭരണകൂടത്തിന്റെ നിലപാടുകളെ കാണാൻ.

ഇന്ന് യുദ്ധവീരനായി പടിഞ്ഞാറൻ മാധ്യമങ്ങൾ എടുത്തു കാണിക്കുന്ന യുക്രെയിൻ പ്രെസിഡൻഡ് വൊളോദിമിര്‍ സെലന്‍സ്‌കിയുടെ അമേരിക്കൻ- യൂറോപ്യൻ പക്ഷപാത നിലപാടുകളെ ഈ പിൻചിത്രത്തിനു മുന്നിൽ വച്ച് വേണം വിശകലനം ചെയ്യാൻ. മെക്സിക്കോ നാളെ റഷ്യയിൽ നിന്ന് ആയുധങ്ങളും സഹായവും സ്വീകരിച്ചു തുടങ്ങിയാൽ അമേരിക്കൻ പ്രതികരണം ഇതിലും രൂക്ഷമായിരിക്കും. ഓരോ തവണ റഷ്യ അവരുടെ പടിഞ്ഞാറൻ അതിർത്തിയിലെ അമേരിക്കൻ ഇടപെടലുകളെ സൈനികമായി പ്രതിരോധിക്കുമ്പോഴും അതിന്റെ ശക്തി വർദ്ധിക്കുന്നുണ്ട് – അത് അവർ അമേരിക്കക്ക് കൊടുക്കുന്ന ശക്തമായ സൂചനയാണ്.

Wlodimir Selenski

ഈ യുക്രയിൻ യുദ്ധം ലോകത്തെ രണ്ടോ മൂന്നോ വിഭാഗങ്ങളായി വിഭജിക്കാൻ പോലും ശേഷിയുള്ളതാണ്. അത്തരമൊന്നു തുടങ്ങുകയും, അതിൽ സിവിലിയൻ ജനതയോട് ആയുധമെടുത്ത് രാജ്യത്തിനു വേണ്ടി മരിക്കാൻ ആഹ്വാനം ചെയ്യുകയും, അവസാനം ലോകത്തിന്റെ ഏതുഭാഗത്തു നിന്നും യുക്രെയിനു വേണ്ടി യുദ്ധം ചെയ്യാൻ ആളുകൾക്ക് വിസയില്ലാതെ തന്റെ രാജ്യത്തേക്ക് വരാമെന്ന അപകടകരമായ പ്രസ്താവന നടത്തുകയും ചെയ്യുമ്പോൾ വൊളോദിമിര്‍ സെലന്‍സ്‌കിയുടെ നയതന്ത്ര പരാജയമാണ് വെളിവാവുന്നത്. യുദ്ധം വല്ലാത്തൊരു അവസ്ഥയാണ് – വീരനായകർ വില്ലനാവാനും, പുതിയ നായകർ ഉണ്ടാകാനുമൊക്കെ മണിക്കൂറുകൾ മാത്രം ആവശ്യമുള്ള ഒരു പ്രത്യേക അവസ്ഥ. വൊളോദിമിര്‍ സെലന്‍സ്‌കി, റഷ്യൻ അതിർത്തിയിൽ ഇരുന്നുകൊണ്ട് അമേരിക്കക്ക് വേണ്ടി നടത്തുന്ന ഈ യുദ്ധം ഒഴിവാക്കേണ്ടിയിരുന്നു.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Photos Courtesy : Google Images

Comments
Print Friendly, PDF & Email

You may also like