പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം – 11

കഥാവാരം – ഭാഗം – 11

കഥയെഴുത്ത് എളുപ്പപ്പണിയല്ലായെന്നും, അതിനുള്ള പ്രതിഭയും ആശയവും ഒരാളിലുണ്ടാവുക എന്നത് ഏറെ ആദരിക്കപ്പെടേണ്ടതാണെന്നും അറിയാവുന്നവരാണ് നമ്മൾ. എഴുതി പൂർത്തിയാകും വരെ, ഒരു കഥാകൃത്ത് കടന്നു പോകുന്ന മാനസികമായ ബുദ്ധിമുട്ടുകൾ, അതിനു വേണ്ടി അവർ ഉപയോഗിക്കുന്ന സമയം, അദ്ധ്വാനം എന്നിവയെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയാം.

ആരാണ് വായനക്കാരൻ എന്നതിന് പുതിയ നിർവചനം ആവശ്യമാണെന്ന് തോന്നുന്നു. കഥ എഴുതുക. അത് കനപ്പെട്ട ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വരിക. അതുവഴി നമ്മെ സഹൃദയർ അറിയുക. മലയാള സാഹിത്യ ചരിത്രത്തിൽ ഒരിടത്ത് അങ്ങനെ നമ്മളും കയറിപ്പറ്റുക. ഈയൊരു ആഗ്രഹമുള്ള ലക്ഷക്കണക്കിന് പേർ ഈ ഭൂമി മലയാളത്തിൽ ഉണ്ടാകുമിന്ന്.

ഒരു കഥ എഴുതിയിട്ട് കുറച്ച് കാലമായിരിക്കുന്നു, ഇനിയും എഴുതിയില്ലെങ്കിൽ എന്നെ വായനക്കാർ മറന്നുപോവും. അതിനാൽ ഉടനടി ഒരു കഥ എഴുതേണ്ടിയിരിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടാകും. അത്തരം ഒരു അവസ്ഥ വന്നു പെട്ടാൽ അതിന്റെ ഗുരുതരമായ ഫലം അനുഭവിക്കേണ്ടി വരുന്ന പാവങ്ങളെ വായനക്കാർ എന്നു വിളിക്കാം. (പാർശ്വ ഫലങ്ങൾ എഴുത്തുകാർക്കും സംഭവിക്കാം.)

വർഗീസ് അങ്കമാലി എഴുതിയ ‘ദയറാ’ എന്ന കഥയാണ് മാതൃഭൂമിയിൽ.

വർഗീസ് അങ്കമാലി

ക്രിസ്തീയ പശ്ചാത്തലത്തിലെ സാങ്കേതിക ശബ്ദങ്ങളെക്കുറിച്ച് അജ്ഞനായ ഒരാൾ, കഥയുടെ ഒഴുക്കിലേക്ക് സ്വയമേ വീഴാൻ പര്യാപ്തമല്ല ഇതിന്റെ തുടക്കം. നല്ല ആയാസം ഉണ്ട് കഥയിലേക്കൊന്ന് ഇറങ്ങിച്ചെല്ലാൻ. ഒരുപരിധിവരെ ചെറിയ രീതിയിലുള്ള നാടകീയത വരുത്താൻ കഴിയുന്നു എന്നത് മാറ്റി നിർത്തിയാൽ, മഹാപ്രളയത്തിനും മുൻപുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്നു ഇക്കഥ. പറയാൻ മാത്രം നവീന രീതിയിലും അല്ല അതിന്റെ അവതരണം.

സക്കറിയയുടെ കഥയുണ്ട് ഭാഷാപോഷിണിയിൽ. ‘രാജേഷും മറിയയും’ എന്നപേരിൽ. ശാന്തമായ മനസ്സോടെ ആ കഥ വായിച്ചു നോക്കൂ. ഒന്നാന്തരം ആക്ഷേപഹാസ്യമായി നിങ്ങൾക്ക് തോന്നാം. എത്ര മനോഹരമായി എഡിറ്റ് ചെയ്യപ്പെട്ട കഥയാണിത്! എന്തൊരു സ്വാഭാവികതയാണ് കഥയുടെ ഒഴുക്കിന്. പ്രഗത്ഭരായ എഴുത്തുകാർക്ക് കഥകളിൽ പ്രയോഗിക്കുന്ന ഒന്നോ രണ്ടോ വാചകം മതി, ഗഹനങ്ങളായ ആശയങ്ങളുടെ ക്രിയാത്മകമായ സംവേദനത്തിന്. രാജേഷ്, മറിയ ഈ രണ്ട് കഥാപാത്രങ്ങളെയും പൂർണമായി അറിയുവാൻ പര്യാപ്തമാണ് കഥാകൃത്തിന്റെ ആഖ്യാനം. വിദ്യാസമ്പന്നയായ, മറ്റു നാടുകൾ കണ്ട മറിയ, കമ്മ്യൂണിസത്തെ അപനിർമാണം ചെയ്യാൻ ആഗ്രഹിക്കുന്ന, മൂലധനാനന്തര ദർശനങ്ങൾ കൊണ്ട് ഈ ലോകത്തെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രാക്ടിക്കൽ കമ്മ്യൂണിസ്റ്റ് ആണ് രാജേഷ്, അവന്റെ ചുറ്റുവട്ടത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ചുവരെഴുത്ത് കമ്മ്യൂണിസ്റ്റ്. ഒരു പോസ്റ്ററൊട്ടിക്കൽ കമ്മ്യുണിസ്റ്റ്. ഒരു മുദ്രാവാക്യ കമ്മ്യൂണിസ്റ്റ്. ആ ലോകം അവസാനിച്ചെന്ന് രാജേഷിനോട് പറയുന്നു മറിയ. അവർ തമ്മിലുള്ള സംഭാഷണം തീരുമ്പോൾ, കാമുകിയോട് തങ്ങൾ തമ്മിലുള്ള പ്രേമത്തെ കുറിച്ച് ചോദിച്ചു പോകുന്നു രാജേഷ്. “പ്രേമം നമ്മൾ പുനർ വായനയ്ക്ക് വിധേയമാക്കണം” എന്ന മറിയയുടെ പരാമർശത്തോടെ, ആത്മഹത്യ എന്ന കടുത്ത തീരുമാനത്തിലേക്കാണ് രാജേഷ് എത്തിച്ചേരുന്നത്. നിഷ്കളങ്കതയുള്ള അതേസമയം തീരെ ദുർബലനായ ഒരൊന്നാന്തരം ഗ്രാമീണ സ്വഭാവത്തിലുള്ള രാജേഷ്, ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിനു ശേഷമുള്ള ചെയ്തികളും തോന്നലുകളുമൊക്കെ വിചാരിക്കുന്നത്, സക്കറിയ സ്റ്റൈലിനേക്കാൾ ബഷീറിനെ ഓർമ്മിപ്പിക്കുന്നു. ഈയടുത്ത് വായിച്ചവയിൽ, സംതൃപ്തിയോടെ ചിരിക്കാൻ പറ്റിയ കഥ.

സക്കറിയ

ഏറ്റവും ഗംഭീരമായി തോന്നിയത് മറിയ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിപ്പാണ്. തന്റെ കാമുകനുവേണ്ടി പഴയകാല നാടൻ കമ്മ്യൂണിസ്റ്റ് ആകാനായി, ബൈക്കിൽ ഇരുപുറവും കാലിട്ടിരിക്കാതെ, ഒരു വശത്തേക്ക് മാത്രം കാലിട്ട്, രാജേഷിന്റെ വയറിൽ ചുറ്റിപ്പിടിച്ച് പോകുന്ന മറിയ. പ്രത്യയ ശാസ്ത്രം എന്നത് മാറ്റി വെച്ച് ചിന്തിക്കുമ്പോൾ, എത്രമാത്രം ചുരുങ്ങിപ്പോകുന്നവരാണ് മനുഷ്യർ എന്ന് കാണിക്കുന്നു ഇത്.

ഫ്രാൻസിസ് നൊറോണ എഴുതിയ ‘കാണി പണിയുന്ന കസേരകൾ’ വിചിത്രമായ ഒരു കഥയാണ്. മനപൂർവ്വം തന്നെയാണ് വിചിത്രമായ ഒരു കഥ എന്ന് പറഞ്ഞത്. വായനക്കാരനെ എത്രത്തോളം ആശയക്കുഴപ്പത്തിലാക്കാമോ അത്രത്തോളം കഥ ഗംഭീരമാകും എന്ന് നമ്മൾ വിശ്വസിക്കുക. കഥയുടെ തുടക്കത്തിൽ നാടകം എഴുതാൻ വരുന്ന ആൾക്ക് സഹായിയായി കൊടുക്കുന്ന പെണ്ണ്, അവളുടെ നെറുകം തലയിൽ കാരമുള്ള് പോലെ ഒരു കറുത്ത പാട്, അയാൾ താമസിക്കുന്ന വീട്, അവിടെയുള്ള നരിച്ചീറും പല്ലിയും ഉറുമ്പും…. ഇങ്ങനെയൊക്കെ അനന്തമായി എഴുതിയെഴുതി ഒരു യക്ഷിക്കഥയുടെ നിഗൂഢത കഥയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് എഴുത്തുകാരൻ. അതെന്തിന് എന്ന് നമുക്കറിയില്ല. നാടകം എഴുതുന്ന ആൾക്ക് ഉറക്കം കുറഞ്ഞു പോകുന്നുണ്ടെന്നും, അയാളുടെ ഭ്രാന്ത് വന്ന അനിയനും തുടക്കത്തിൽ ഇതേ ലക്ഷണമായിരുന്നു എന്നും പറയുന്നു. ഭൂതകാല നക്സലിസവും നാടകങ്ങളും വെടിവെപ്പും എല്ലാം ഇക്കഥയിലുണ്ട്. പഴയ ഏതോ സിനിമയെ ഓർമ്മിപ്പിക്കുന്നു അവസാനത്തിലെ നാടകാവതരണം. അങ്ങനെ തോന്നിപ്പോകരുത് എന്ന് കരുതി മേല്പറഞ്ഞ ആ ആശയക്കുഴപ്പവും സങ്കീർണ്ണതയും നന്നായി കൂട്ടിക്കുഴക്കുന്നുണ്ട് കഥയിൽ. ആയാസപ്പെട്ടു നമ്മൾ വായിച്ചു തീർക്കുന്നു. കഥയെന്തായിരുന്നു എന്നറിയണമെങ്കിൽ കവടി നിരത്തി നോക്കേണ്ടി വരുന്നു എന്ന പ്രശ്നം മാത്രമേ പോരായ്മയായി പറയാനുള്ളൂ.

ഫ്രാൻസിസ് നൊറോണ

എഴുത്തിൽ വളരെയേറെ അനുഭവസമ്പത്തുള്ള ഒ വി ഉഷയുടെ ചെറിയ കഥയാണ് ‘ഒരു വൈകുന്നേരം.’ ഇത് വായിക്കുന്നത് വഴി എന്ത് അനുഭൂതിയാണ് നമുക്ക് ലഭ്യമാകുന്നത് എന്നറിഞ്ഞുകൂടാ. ആ കഥയുടെ ആശയം എന്താണ്? അതുപോട്ടെ, ഭാഷാപരമായോ പ്രയോഗപരമായോ അവതരണത്തിലോ കഥാപാത്രങ്ങളുടെ നിർമ്മാണത്തിലോ എന്തെങ്കിലും പുതുമ! ഒന്നുമില്ല. പത്രവാർത്ത എന്നതിലപ്പുറം ഒരു സവിശേഷതയുമില്ലാത്ത സൃഷ്ടി.

ഒ വി ഉഷ

ഭാഷാപോഷിണിയിൽ യുവ സഭ എന്ന വിഭാഗത്തിലാണ് ഡി ശ്രീശാന്ത് എഴുതിയ ‘അഞ്ചാം വേല’ എന്ന കഥയുള്ളത്. ഉത്സവപ്പറമ്പിൽ വച്ച് നടക്കുന്ന ഒരു കൊല. അതിനു പ്രതികാരമായി കഥാനായകൻ ചെയ്യാനുദ്ദേശിക്കുന്ന വേറൊരു കൊല. ആദ്യത്തെ കൊലയാളിയെ കൊല്ലാൻ ശ്രമിച്ച കഥാനായകൻ കൊല്ലപ്പെട്ടു പോകുന്നു എന്നതാണ് ഈ കഥ വഴി എഴുത്തുകാരൻ പറയുന്നത്. വാരികകളിൽ പേരച്ചടിച്ച് വരിക എന്നത് നല്ല കാര്യമാണ്. അതിലപ്പുറം ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. എഴുതിത്തെളിഞ്ഞവർ തന്നെ നമ്മെ നൈരാശ്യത്തിന്റെ പടുകുഴിയിലേക്ക് എറിഞ്ഞിട്ട ഈ ആഴ്ച, ഒരു പുതുമുഖ എഴുത്തുകാരന്റെ കഥയെക്കുറിച്ച് ഞാൻ മൗനംപാലിക്കുകയാണ്.

ഡി ശ്രീശാന്ത്

അതിനാടകീയത തുളുമ്പുന്ന പ്രസ്താവനകളുണ്ടെന്നോ, പഴകിയ ആശയമെന്നോ, അനുചിതമായ അലങ്കാര പ്രയോഗങ്ങളെന്നോ പറയുന്നില്ല. അനുഭവ സമ്പന്നരായ മറ്റു എഴുത്തുകാരുടെ കഥകളിലും അതൊക്കെ ഉണ്ടല്ലോ!

തൊണ്ണൂറ്റി അഞ്ച് വയസ്സിലും ആരോഗ്യമുള്ള ശരീരവും മനസ്സും കാത്തുസൂക്ഷിക്കുന്ന വ്യക്തിയെക്കുറിച്ച് പറയുന്ന കഥയാണ് ‘വിരലടയാളം.’ രാജ് നായരുടെ ഈ കഥ സമകാലിക മലയാളം വാരികയിൽ. കഥാനായകനായ വൃദ്ധൻ ഹമീദ് ഒറ്റയ്ക്ക് കഴിയുന്നു. അയാളുടെ സുഹൃത്തുക്കൾ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുമ്പോൾ ഹമീദ് ഐ ഫോൺ ഉപയോഗിക്കുന്നു. മകൾ അമേരിക്കയിൽ. ഇത്രയുമാണ് ഒരു ശരാശരി വായനക്കാരന് ആ കഥ വായിക്കുമ്പോൾ മനസ്സിലാവുക. അതിനപ്പുറം വേറെ എന്തൊക്കെയോ ഉണ്ട്. കിറ്റ് വാങ്ങാൻ ക്യൂ നിൽക്കുമ്പോൾ ഇടക്ക് ഒരു പട്ടം വന്നു വീഴുന്നു. പണ്ട് മകളോടൊപ്പം അമേരിക്കയിൽ പോയപ്പോൾ ഒരു മദാമ്മയുടെ മരണം കണ്ടിരുന്നു. ഇതാണ് കഥയുടെ അടുത്ത ഭാഗം. ഇതിൽ നിന്നും നിങ്ങൾക്ക് തോന്നുന്നത് അനുമാനിച്ചു, ഊഹിച്ചു ആസ്വദിച്ചു കൊള്ളണം.

രാജ് നായർ

ഷാഹിന ഇ കെ യുടെ കഥ ‘തമാലം’ മാധ്യമം ആഴ്ചപ്പതിപ്പിൽ. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ദമ്പതികളുടെ കഥയാണിത്. മക്കളില്ല. വിഭിന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിനാൽ പാരമ്പര്യ സ്വത്തൊന്നും കിട്ടാത്ത ഭാര്യ. സ്വത്ത്‌ വീതം വെച്ചപ്പോൾ സഹോദരങ്ങളാൽ സമർത്ഥമായി ഒതുക്കപ്പെട്ട ഭർത്താവ്. ഒരു ഔദാര്യം പോലെ അവർ കൊടുത്ത സ്ഥലത്ത് റിട്ടയർമെന്റ് ജീവിതം നയിക്കുന്നു ഇരുവരും. ഒരു പരിഭവവുമില്ല. അറുപതു സെന്റ് സ്ഥലത്ത് കുറേ മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയോട് അത്രക്ക് സ്നേഹം. അവിചാരിതമായി ആ പറമ്പിൽ ചന്ദന മരം കണ്ടെത്തുന്നതും അതിനെ ആരോ കട്ടുമുറിച്ച് കൊണ്ട് പോകുന്നതുമാണ് കഥ. അപ്പോൾ ഈ മാതൃകാ ദമ്പതികൾക്കുണ്ടാകുന്ന ദുഃഖം ആണെന്ന് തോന്നുന്നു കഥാവിഷയം.

ഷാഹിന ഇ കെ

കഥയുടെ ചുരുക്കം കൊണ്ട് അതിനെ വിലയിരുത്തുന്നത് ശരിയല്ല എന്നത് സത്യം തന്നെ. പക്ഷേ, പ്രതിപാദ്യ വിഷയം ഇത്രക്ക് ദുർബലമായിരിക്കെ, അതിന്റെ അവതരണത്തിൽ കഥാകൃത്തിനുണ്ടാവേണ്ടിയിരുന്ന സാമർത്ഥ്യം ഇതിൽ കാണാൻ കഴിയില്ല. കുറേ പൊതു വിജ്ഞാനം. കുറച്ച് ചരിത്രം. കുറേ മരങ്ങളുടെ പേര്. കഥയിൽ ജീവിതമോ വികാരങ്ങളോ ഇല്ല. കഥയുടെ ഘടന കല്ലുകടിയുണ്ടാക്കുന്നു. “വ്യസനമടങ്ങാത്ത കരച്ചിലിനോടടുത്ത ഒരൊച്ചയിൽ ഞാനപ്പോൾ അവളെ വിളിച്ചു.” വിളിച്ചതാരാണെന്നും ആരെയാണെന്നും വായനയിൽ പിന്നീട് മനസ്സിലാവും. “ഞാനപ്പോൾ” എന്നത് എപ്പോളെന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

വർത്തമാനകാലത്തിലെന്ന് തോന്നിപ്പിക്കുന്ന മേല്പറഞ്ഞ വാചകത്തിൽ കഥ തുടങ്ങുന്നു. പിന്നെ, സാമാന്യ ഭൂതകാലത്തിലെ പ്രസ്താവനകളാണ് കഥ മുഴുവൻ. ഈ ഫ്ലാഷ് ബാക്കിൽ നിന്നും ആദ്യത്തെ വാർത്തമാനത്തിലേക്ക് കഥയെ ബന്ധിപ്പിക്കുന്ന വാചകമേതെന്ന് വായനക്കാരന് അറിയുന്നതേയില്ല. അതിനാൽ “എപ്പോൾ?” എന്നത് ഇപ്പോളും ഒരു ചോദ്യമായി എന്നിൽ ബാക്കി നിൽക്കുന്നു.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like