പൂമുഖം ഓർമ്മ യഹൂദിയായിലെ ഒരു ഗ്രാമത്തില്‍….

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍….

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കാഞ്ഞങ്ങാട് നവരംഗ് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ കത്തുന്ന വലിയ ചുവന്ന നക്ഷത്രവിളക്കിലൂടെ ആയിരുന്നു അന്നൊക്കെ ക്രിസ്മസിന്റെ വരവറിഞ്ഞിരുന്നത് . നക്ഷത്രമായി ഉദിച്ചുയരുന്ന രക്ഷകൻ. പല വീടുകളിലും ക്രമേണ നക്ഷത്രത്തിന്റെ വെള്ളിപൂക്കൾ പൂത്ത് തുടങ്ങും. കാഞ്ഞങ്ങാട് ജോളി ബേക്കറിയിൽ പല നിറത്തിലും ആകൃതിയിലും കേക്കുകൾ വന്നു നിറയും. ചില്ലലമാരകളിൽ അവ കൊതിപ്പിച്ച്‌ നിറഞ്ഞ് നിൽക്കും . ദുർഗ ഹൈസ്കൂൾ വിട്ട് അമ്പലത്തറ ബസിനു വേണ്ടി ബസ്‌ സ്റ്റാന്റിൽ കാത്ത് നിൽക്കുമ്പോൾ അതിന്റെ തിളക്കം പുറത്തേക്ക് ഉണ്ടാകും.

ഒന്നും സംഭവിക്കാതെ തീരുന്ന ക്രിസ്മസ്..

എയർ ഫൊഴ്സിലെ ക്രിസ്മസ് ആഘോഷങ്ങൾ ഏറെ നിറപകിട്ടുള്ളതായിരുന്നു. ഓണമായാലും വിഷുവായാലും ക്രിസ്മസ്,പെരുന്നാൾ ആയാലും ജാതി മത ഭേദമന്യേ ഞങ്ങൾക്ക് അതൊരു ആഘോഷമാണ്. യൂണിറ്റിലെ മലയാളികൾക്ക് പ്രത്യേകിച്ച് ഉത്സാഹമേറും.

ഗുജറാത്തിലെ ഭുജിലെ ക്രിസ്മസ് ആഘോഷം… കരോൾ ഗാനങ്ങൾ പഠിക്കാൻ എല്ലാവരും വരും.

“യഹൂദിയാവിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ”…എന്ന ഗാനം ഇന്നും ഓർക്കുന്നു. വരികളുടെ പകർപ്പ് എല്ലാവർക്കും കൊടുക്കും. അത്തവണ സാന്റോ ആയത് അരുണ്‍ സാമുവൽ ആണ്. വീടുകൾ തോറും കയറിയിറങ്ങി.. മധുവും രഞ്ചനും വർക്കിയും രാജേഷും മോഹൻദാസും ഒക്കെ ഉണ്ടായിരുന്നു, കൂടെ പാടാൻ. അരിച്ചിറങ്ങുന്ന ശൈത്യം അന്നൊരു പ്രശ്നമേ ആയിരുന്നില്ല.

ഞാൻ ആസ്വദിച്ച് ആഘോഷിച്ച മറ്റൊരു ക്രിസ്മസ് രാവ് 2007 ലേതാണ്. എയർ ഫോർസിൽ നിന്ന് പിരിഞ്ഞ് ബാംഗളൂരിൽ കുടുംബത്തോടെ കഴിയുന്ന കാലം. സ്നേഹ സമ്പന്നനായ അയൽവാസി ജോസേട്ടനും കുടുംബവും. കുട്ടനാട്ടുകാരനായ ജോസേട്ടൻ കെട്ടിടം പണിയുടെ കോണ്ട്രാക്ടർ ആണ്. സമീപത്തെ മിക്കമലയാളി വീടുകളും പണിയിച്ചത് ജോസേട്ടനാണ്. ഭാര്യയും രണ്ടുകുട്ടികളും പിന്നെ അമ്മച്ചിയും കൂടെ. ജോസേട്ടന്റെ ബന്ധുക്കളാണ് ഞങ്ങൾക്ക് ചുറ്റും. നന്നായി പാടും. ഒരു പാട്ട് കേട്ടാണ് ഞാൻ പരിചയപ്പെടുന്നത് തന്നെ.

ഒരു വൈകുന്നേരം..

“മാണിക്യവീണയുമായെൻ…” കേൾക്കുന്നു. അയൽ വീട്ടിൽ നിന്ന്. വാടക വീട്ടിലെ പുതിയ താമസക്കാരനായ ഞാൻ ധൈര്യപൂർവ്വം അങ്ങോട്ട് കയറി ചെന്നു. ഹാർമോണിയവും തബലയും ഉണ്ട്. ജോസേട്ടനും മക്കളും കൂടെ ബന്ധുക്കളും പാടുന്നു. മുഖവുര കൂടാതെ തന്നെ അങ്ങനെ ആ സംഗീതവിരുന്നിൽ പങ്കെടുത്ത് അയല്ക്കാരനും സുഹൃത്തുമായി. ജോസേട്ടൻ പറഞ്ഞ കുട്ടനാടിന്റെയും ബാംഗലൂരിന്റെയും കഥകൾ ഞങ്ങളുടെ സായാഹ്നങ്ങളെ സമ്പുഷ്ടമാക്കി.

അങ്ങനെ ക്രിസ്മസ് വന്നു. ജോസേട്ടന്റെ ടെറസിൽ ക്രിസ്മസ് ട്രീ ഒരുക്കാൻ ഞാനും കൂടി. അതിൽ കുഞ്ഞു മണികൾ ഉള്ള വെള്ളിവിളക്കുകൾ കത്തിച്ചു തൂക്കിയിട്ടു. ടെറസ് ആകെ മുല്ലപൂക്കൾ വിതറിയപോലെ. താഴെ പുൽക്കൂട്‌ ഒരുക്കി. പള്ളിയിൽ നിന്ന് അച്ചനും കൂട്ടരും വരും. നന്നായി അലങ്കരിച്ചവർക്ക് സമ്മാനം. ജോസേട്ടനും കുടുംബങ്ങളും പള്ളിയിലെ പാട്ടുകാരും കൂടിയാണ്.

അതി രാവിലെ അവർ എല്ലാവരും പള്ളിയിൽ പോയി. തിരുപ്പിറവി ദിനം. പ്രാതലിനു ജോസെട്ടന്റെ അമ്മച്ചി ഞങ്ങളെ എല്ലാവരെയും വിളിച്ചു. അപ്പവും കോഴിക്കറിയും.. അതിന് മുമ്പ് ഇത്തിരി വീഞ്ഞും അമ്മച്ചി എനിക്ക് തന്നു.

ദൈർഘ്യം കുറവുള്ള പകൽ ക്രിസ്മസ് രാവിന് വഴിമാറി. കരോളിൽ ജോസേട്ടനും സംഘത്തിനോടൊപ്പം ഞാനും ചേർന്നു. വർണ രാജികൾ പൂത്ത ദിനം. സാന്റോയും മേളങ്ങളുമായി ഞങ്ങൾ അയൽ വീടുകൾ കയറിയിറങ്ങി. പള്ളീലച്ചനും സംഘവും ഞങ്ങളുടെ വീട്ടിലും വന്നു.

കരോൾ വാദ്യമേളങ്ങളുടെ വെളിച്ചത്തിൽ ഓരോ വീട്ടിലേക്കുള്ള വാതിലും തുറക്കപ്പെട്ടു. വിഭിന്ന രീതിയിലുള്ള ക്രിസ്മസ് പലഹാരങ്ങളുടെ സ്വാദ്. ജോസേട്ടൻ എന്നെ അയൽക്കാരനായി എല്ലാർക്കും പരിചയപ്പെടുത്തി. വാനിൽ നക്ഷത്രപൂക്കൾ വിരിഞ്ഞ് പരിലസിക്കുന്നു. ക്രിസ്മസ് ട്രീയിലെയും പുൽക്കൂടുകളിലെയുംദീപാലങ്കാരങ്ങൾ.കുട്ടികളെല്ലാരുംഉൽസാഹഭരിതരാണ്. ആഘോഷങ്ങൾക്കൊടുവിൽ വീട്ടിലെത്തിച്ചേരുന്നത് അർദ്ധ രാത്രി കഴിഞ്ഞാണ്.

വാനില്‍ സംഗീതം മന്നിതില്‍ സന്തോഷം…

ക്രിസ്മസ് ആശംസകൾ

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like