പൂമുഖം ചിത്രകല റാണിപുരത്തെ സൗഹൃദ ചിത്രങ്ങൾ

റാണിപുരത്തെ സൗഹൃദ ചിത്രങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന കാസറഗോട്ടെ റാണിപുരം കുന്നുകളിൽ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി. കടൽനിരപ്പിൽ നിന്നും 1048 മീറ്ററോളം ഉയർന്നു നിൽക്കുന്ന പ്രദേശമാണ് റാണിപുരം. കോടമഞ്ഞ് മറച്ചു പിടിക്കുന്ന പച്ചക്കുന്നുകൾ തന്നെയാണ് ഇവിടത്തേയ്ക്ക് ഏവരെയും ആകർഷിക്കുന്നത്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താൽ പനത്തടി എത്തും. അവിടന്ന് വലത്തോട്ട് ഒമ്പത് കിലോമീറ്റർ പോയാൽ റാണിപുരത്ത് എത്താം. കാസറഗോഡ് ജില്ലയിലെ പരസ്യ ചിത്രകലാ രംഗത്ത് ജോലിചെയ്യുന്നവരും ചിത്രകാരന്മാരും ചേർന്ന് രൂപീകരിച്ച ആർകേവ്‌ ബ്രഷ് റൈറ്റിംഗ് ആർടിസ്റ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം റാണിപുരത്ത് സംഘടിപ്പിച്ച ദ്വിദിന ജലച്ചായ ചിത്രരചനാ ക്യാമ്പിൽ പങ്കെടുക്കുവാൻ ഒരവസരം എനിക്കും ഉണ്ടായി. കോവിഡിന്റെ കാലത്തെ വീട്ടിലിരിപ്പിൽ നിന്നും മാറി പതുക്കെ പഴയതുപോലെ ഒത്തുചേരലുകൾക്ക്‌ വഴി തുറക്കുന്നതിന്റെ കാഴ്ചകൾ കുറച്ചൊന്നുമല്ല മനസ്സിന്ന ആശ്വാസം ൽകിയത്.

പുറംലോകത്ത് അത്രയധികം അറിയപ്പെടാത്തവരും എന്നാൽ കാലങ്ങളായിട്ട് നമ്മളെയൊക്കെ പിടിച്ചു നിർത്തിയ നഗരത്തിലെ പല പരസ്യചിത്രങ്ങളുടെയും സൃഷ്ടാക്കളും ആയിട്ടുള്ള മികച്ച കുറേ കലാകാരന്മാരെ ഇവിടെവച്ച് പരിചയപ്പെടാനായി എന്നതാണ് വലിയ ക്യാമ്പ് അനുഭവമായി തോന്നിയത്, ഗൾഫുനാടുകളിലൊക്കെ മാറ്റാർക്കോ വേണ്ടി ചിത്രം വരച്ചതിന്റെയും വെയിലേറ്റു പഴുത്തു നിൽക്കുന്ന വലിയ പരസ്യ ബോർഡുകളിൽ പെയിന്റ് വയ്ക്കുമ്പോൾ ദോശചട്ടിയിൽ അരിമാവ് പോലെ ഉണങ്ങി വന്നതിന്റെയും ഒക്കെ കഥകളാണ് കുന്നിന് മുകളിലുള്ള ഗസ്റ്റ്‌ ഹൗസിൽ വച്ച് രാത്രിയുടെ അരണ്ട വെളിച്ചത്തിൽ മുമ്പേ നടന്നവർ പങ്കുവച്ചത്.

ക്യാമ്പിലെ അനുഭവങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട് ഞാനും വരയ്ക്കുകയുണ്ടായി രണ്ട് ചിത്രങ്ങൾ.

ജലച്ചായം എന്ന മീഡിയത്തിന്റെ സുതാര്യതയേയും അനന്ത സാധ്യതകളേയും പറ്റി ഒരു പഠനം നടത്തുന്നതിന് മഞ്ഞിൽ കുതിർന്ന ഒരു സ്ഥലം ഉചിതമായിരിക്കും എന്ന ധാരണയിലാണ് റാണിപുരം ക്യാമ്പിനായി തിരഞ്ഞെടുത്തത്. Thuhinam ’21 വർണ്ണോത്സവം എന്ന് പേര് നൽകിയ ഈ ആർട്ട്‌ ക്യാമ്പിൽ കാസറഗോഡ് ജില്ലയിലെ അമ്പതോളം കലാകാരൻമാർ പങ്കെടുത്തു. വരച്ച ചിത്രങ്ങൾ കൂട്ടായ്മയുടെ കാഞ്ഞങ്ങാടുള്ള ആർട്ട്‌ ഗ്യാലറിയിൽ ഉടനെ പ്രദർശനത്തിന് വയ്ക്കും.

രണ്ടു പകലും ഒരു രാത്രിയും പകർന്നു നൽകിയ ഊർജ്ജം ഏറെയാണ്, അതേപോലെ കലയുടെ ഇടങ്ങളെല്ലാം തന്നെ പഴയതുപോലെ സജീവമാകുന്ന കാഴ്ച നൽകുന്ന പ്രതീക്ഷകളും വലുതാണ്.

Comments
Print Friendly, PDF & Email

You may also like