പൂമുഖം CINEMA വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ച ചിരി

വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ച ചിരി

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

്ങ്്യാാാാാ….ഹ..!! നീട്ടിയൊരു ചിരിയായിരുന്നു മണി. ജീവിതത്തിന്റെ എല്ലാ വിഹ്വലതകളും ആകുലതകളും അനുഭവങ്ങളും ദുഖവുമെല്ലാം ഒളിപ്പിച്ചു വെച്ചു, മണി ആ ചിരിയിൽ….

ലാലേട്ടൻമാരും വല്യേട്ടൻമാരൂം കളിക്കാനിറങ്ങിയ മലയാളസിനിമയിൽ, മണി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. കൃത്യമായി പറഞ്ഞാൽ, ഓപ്പൺ മാർക്കറ്റ് പോളിസിയുംസാമ്പത്തികഉദാരവത്കരണവും മലയാളിയെ കൂടുതൽ കൂടുതൽ കൺസ്യൂമർവത്കരിച്ചു കൊണ്ടിരുന്ന കാലത്ത്. മണിയുടെ കറുപ്പാണ്, കീഴാളതയാണ് മലയാളസിനിമക്ക് അന്ന് വേണ്ടിയിരുന്നത്. പക്ഷെ അതൊരിക്കലും കീഴാളജീവിതങ്ങളെ ഏറ്റെടുത്തുകൊണ്ടോ, അവരുടെ കഥ പറഞ്ഞുകൊണ്ടോ  ആയിരുന്നില്ല. മറിച്ച്, അന്നത്തെ മലയാളസിനിമകൾ വ്യാപകമായി പരീക്ഷിച്ച സവർണ മേലാളതക്ക് മണിയെപ്പോലൊരു അപരൻ വേണമായിരുന്നു. അയാളുടെ കറുപ്പ്, മെലിഞ്ഞ ശരീരം, നോട്ടം, ഗോത്രച്ചുവയുളള അയാളുടെ ഭാഷ ഇതെല്ലാം മലയാളസിനിമ ഏറ്റെടുത്തത് ആ കച്ചവടസാധ്യതയുടെ പുറത്താണ്. തുടക്കക്കാലത്തെ സിനിമകളിൽ മണി വില്ലനോ നായകനോ ആയിരുന്നില്ല. അയാളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന ഹാസ്യം പോലും അന്നത്തെ മറ്റ് ഹാസ്യതാരങ്ങളുടേതിന് സമമായിരുന്നില്ല. അയാളുടെ ശരീരഭാഷയിലവശേഷിച്ച കീഴാളസാധ്യതകളിലാണ് വൈകൃതകരമായ രീതിയിൽ മലയാളസിനിമ അന്ന് കണ്ണ് വച്ചത്. സവർണ ഹൈന്ദവത കുത്തിനിറച്ച അന്നത്തെ സിനിമകളിൽ കാഴ്ചയുടെ കോമാളിത്തമായി മണി എന്ന നടൻ.
ചില സിനിമകളിൽ മൃഗമായി പോലും മണിക്ക് പ്രത്യക്ഷപ്പെടേണ്ടി വന്നത് അക്കാരണം കൊണ്ടാണ്. മലയാളസിനിമക്ക്, കച്ചവടസിനിമക്ക് ആ അപരത മാത്രം മതിയായിരുന്നു.

പക്ഷെ, മണിയുടെ അപാരപ്രതിഭയെ ആ കുരുക്കിൽ കെട്ടിയിടാൻ കഴിയുമായിരുന്നില്ല. [pullquote align=”full” cite=”” link=”” color=”” class=”” size=””]താനനുഭവിച്ചു തീർത്ത ജീവിതം, അഗാധമായ ഉൾക്കാഴ്ച, പോസിറ്റീവായ നിലപാടുകൾ തുടങ്ങിയവ കൈമുതലാക്കി പാട്ടും നൃത്തച്ചുവടുകളുമായി മണി തിരശീലയിൽ     നിന്നും പ്രേക്ഷകർക്കിടയിലേക്കിറങ്ങി. താരം എന്ന പദവി ഊരിയെറിഞ്ഞ് കൂട്ടുകാർക്കൊപ്പം കളളുകുടിച്ചു, വെടിവട്ടം കൂടി, സമയം കിട്ടുമ്പോഴൊക്കെ ചാലക്കുടി ചന്തയിൽ പഴയ ഓട്ടോഡ്രൈവറായി.[/pullquote]

സിനിമയിലെ മണി അതേ വേഷത്തിൽ തന്നെ കവലകളിലും കടവരാന്തകളിലും പ്രത്യക്ഷപ്പെട്ടു.പ്രേക്ഷകനിലേക്കിറങ്ങിയ ആ മണിയേയാണ്, സിനിമയിലെ മണിയേക്കാൾ ജനം കൂടുതൽ സ്നേഹിച്ചത്. അയാൾ ഒരിക്കലും തന്റെ ഭൂതകാലവും കീഴാളസത്വവും എവിടെയും മറച്ചുവെച്ചില്ല. പ്രേക്ഷകരുമായി മണി നടത്തിയ ആ ഐക്യപ്പെടലാണ് കീഴാള അപരതയെ കോമാളിത്തമാക്കി മാറ്റി, മണിയുടെ ശരീരഭാഷയിൽ നിക്ഷേപിക്കാമെന്ന മലയാളസിനിമവ്യവസായത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഒരുപക്ഷേ, തന്റെ കീഴാളസത്വവും ഭൂതകാലവും സ്ക്രീനിനു പുറത്ത് മറച്ചുവെക്കാൻ മണി ശ്രമിച്ചിരുന്നെങ്കിൽ, തിരശീലയിലെ ഏതാനും കോമാളി കഥാപാത്രങ്ങളിൽ ഒതുങ്ങിപ്പോകുമായിരുന്നു ആ നടൻ.

2000 ങ്ങളിൽ ഇറങ്ങിയ സിനിമകളിൽ മണി സ്വഭാവനടനായി പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് അങ്ങനെയാണ്. നായകന്റെ കൂട്ടുകാരനോ അടുപ്പക്കാരനോ ഒക്കെ ആയി മാറിയപ്പൊഴും അയാളുടെ കീഴാളസത്വം അതേപടി നിലനിർത്താൻ മലയാളസിനിമ ശ്രമിച്ചുപോന്നു. മണി പ്രേക്ഷകർക്കിടയിൽ നേടിയെടുത്ത അടുപ്പമാണ്, മണിയുടെ കഥാപാത്രങ്ങളെയും നായകരുടെ അടുപ്പക്കാരാക്കിയത്.

എന്നാൽ മണി അവിടെയും ഒതുങ്ങിയില്ല. ഓൺസ്ക്രീനിൽ നായകസാധ്യതകളെ ചുരുക്കുന്നതിൽ പ്രധാനപ്രതിസന്ധി തന്റെ ശരീരത്തിൽ ആരോപിക്കപ്പെടുന്ന കീഴാളതയാണെന്ന് തിരിച്ചറിഞ്ഞ മണി അതിനെ മറികടന്നത്, വലിയൊരു മെയ്ക്കോവറിലൂടെയാണ്. കൂടുതൽ തടിച്ചും മുഖം ഒരല്പം വെളുപ്പിച്ചും മുടി മിനുക്കിയുമൊക്കെ നടത്തിയ ആ മെയ്ക്കോവറിലൂടെ ഓൺസ്ക്രീനിൽ തന്റെ കീഴാളതയെ നിഷേധിക്കുകയാണ് മണി ചെയ്തത്. അതേസമയം ഓഫ്സ്ക്രീനിൽ അയാൾ തന്റെ പഴയ ജീവിതം തന്നെ ജീവിച്ചു തീർത്തു.

മണിയുടെ കഥാപാത്രങ്ങൾ വില്ലൻമാരായി മാറുന്നത് സവർണഫാസിസത്തിന്റെ സമീപമൂർധന്യത്തിലാണ്. കീഴാളരും കീഴാളജീവിതവും ടാർജറ്റ് ചെയ്യപ്പെടുന്ന കാലമാണ് , അതേ ഗോത്രലക്ഷണമുളള മണിയെയും വില്ലനും ക്രൂരനുമാക്കുന്നത്.
ആടിത്തീർത്ത കഥാപാത്രങ്ങളേക്കാൾ ജീവിച്ചു തീർത്ത ജീവിതത്തിന്റെ പേരിലായിരിക്കും മണിയെ വരും കാലം ഓർമ്മിക്കുക. ഒരു വലിയ കോൺഫിഡൻസായിരുന്നു മണി. കീഴാളതയെന്നത് അപകർഷതയാണെന്ന് വിളിച്ചു പറയപ്പെടുന്ന ഒരു കാലത്ത്, തന്റെ കീഴാളസത്വത്തെ ഇത്രമേൽ പ്രഖ്യാപിക്കുകയും ഭൂതകാലത്തെ മുറുകെ പിടിക്കുകയും ചെയ്ത ഒരാൾ മലയാളസിനിമയിലില്ല.

“ചാലക്കുടി ചന്തക്ക് പോകുമ്പൊ
ചന്ദനചോപ്പുളള
മീങ്കാരിപ്പെണ്ണിനെ കണ്ടേ ഞാൻ….”

end line

Comments
Print Friendly, PDF & Email

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ സ്വദേശി. സാംസ്കാരികപ്രവർത്തകൻ. സൗത്ത് ഇൻഡ്യൻ ബാങ്കിൽ കോഴിക്കോട് ജോലി ചെയ്യുന്നു.

You may also like