കൈവീശി അകന്നു പോകുന്നു
ഉറക്കത്തിന്റെ അവസാന വണ്ടി,
മെഴുതിരിക്കാലിന്റെ ചോട്ടിൽ
ഉരുകി വീണു തണുത്ത
മെഴുകടർത്തുമ്പോൾ
ഓരോന്നിനും ഓരോ രൂപം.
പറന്നു പോകുന്ന ശലഭങ്ങൾ,
നീളൻ കുപ്പായമുള്ള നർത്തകി,
ഇലകളെല്ലാം കൊഴിഞ്ഞു പോയ മരം
സങ്കൽപ്പങ്ങൾ കൊണ്ട് ചുറ്റിയ നാടുകൾ
ഗൂഢ വനങ്ങൾ.
ആരുടെയും കൺനോട്ട-
മെത്താത്തൊരു കുഞ്ഞുറുമ്പ്,
മഴപ്പെയ്ത്തിലൊരാഴി നീന്തുന്നു.
അതിൽ തനിച്ചെന്ന വാക്കിന്റെ ചുഴി
വട്ടത്തിനുള്ളിൽ പൊഴിഞ്ഞു വീണ
വെളിച്ചത്തിന്റെ പൊട്ടു തരികൾ,
തീയ്ക്ക് കുറുകേ പായിച്ച ചൂണ്ടു വിരൽച്ചൂട്
പാതിരാക്കവിതകൾ
വിളക്കുകാലിന്റെ നിഴലും വെളിച്ചവും
വീണലിഞ്ഞു പോകുന്ന
രാത്രിത്തെരുവ്.
പതഞ്ഞു തൂവിയ പാല് പോലെ പകൽ
തനിച്ചിരിപ്പിന്റെ മൊരിഞ്ഞ വെയിലിലേക്ക്
കണ്ണ് പുളിക്കുമ്പോൾ
മേശമലുരുകിത്തീര്‍ന്ന
മെഴുകുതിരിക്കമ്പിന്റെ തണുത്ത ചുവട്.
ഇരുട്ട്.