പൂമുഖം COLUMNSഫീച്ചർ 1940 കാലഘട്ടത്തിലെ ആവള: ചരിത്രം, വ്യക്തികള്‍ (ഭാഗം 6)

1940 കാലഘട്ടത്തിലെ ആവള: ചരിത്രം, വ്യക്തികള്‍ (ഭാഗം 6)

E.M.S സ്വത്തെല്ലാം പാര്‍ട്ടിക്ക് എഴുതിക്കൊടുത്ത കാലം. അച്ഛന്‍ ആവള മാനവയ്ക്ക് അടുത്ത് റോഡ്‌ വക്കില്‍ ഒരു നല്ല സ്ഥലം ഒരു തൊഴിലാളിക്ക് വെറുതെ കൊടുത്തു. ഗോപാലേട്ടന്‍ തൈ വെച്ച് കായ്ക്കാന്‍ ആയ സ്ഥലമാണ്‌. കുറൂര കുപ്പയുടെ മകന്‍ അരിപ്പനാണ് കൊടുത്തത്. അരിപ്പന്‍റെ ഒരു മകളെ കായണ്ണ അരീക്കാം വയലില്‍ തെയ്യോന്‍റെ മകന്‍ ബാലകൃഷ്ണനാണ് കല്യാണം കഴിച്ചത്. ബാലകൃഷ്ണന്‍ S.B.I ല്‍ ജോലിക്കാരനായിരുന്നു. അരിപ്പനും ബാലകൃഷ്ണനും ഇന്ന് ജീവിച്ചിരിപ്പില്ല. അരിപ്പന്‍ മരിച്ചിട്ട് ഞങ്ങള്‍ പോയിരുന്നു. ഇന്ന് ആ സ്ഥലത്ത് അരിപ്പന്‍റെ ഭാര്യയും മക്കളും നല്ല വാര്‍പ്പ് വീടുണ്ടാക്കി താമസിക്കുകയാണ്. അവര്‍ക്ക് അതൊക്കെ ഓര്‍മ്മയുണ്ട്.

ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്ത് ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത നിഴല്‍നാടകമായി പഠിച്ചു. ആവള ടി. യാണ് സംവിധായകന്‍. ആ കാലത്ത് പാര്‍ട്ടിയുടെ സമ്മേളന സ്ഥലങ്ങളില്‍ അവതരിപ്പിക്കാനാണ് നാടകം. നാടകമുണ്ടെന്ന് വീടുകയറി പറഞ്ഞാല്‍ സ്ത്രീകളടക്കം എല്ലാവരും എത്തും. അവര്‍ക്ക് അങ്ങനെ കാര്യങ്ങളും മനസിലാക്കാം. നിഴല്‍ നാടകം എന്നാല്‍ ഒരു സ്ഥലത്ത് ഉരലിന്‍റെ മുകളില്‍ ഒരു പെട്രോമാക്സ് കത്തിച്ചു വെക്കും. അതിനു കുറച്ചകലെ ഒരു വലിയ പുതപ്പോ മറ്റൊ കുത്തനെ നിര്‍ത്തും. അഭിനയിക്കുന്നവര്‍ വിളക്കിനും പുതപ്പിനും ഇടയില്‍ നിന്നാണ് അഭിനയിക്കുന്നത്. സംഭാഷണവും കവിതയും എല്ലാം വിളക്കിന് പിറകില്‍ നില്‍ക്കുന്ന ആള്‍ ഉറക്കെ ചൊല്ലും. അഭിനേതാക്കള്‍ ഇതിനനുസരിച്ച് പല ആംഗ്യങ്ങളും കാണിക്കും. നിഴല്‍ പുതപ്പില്‍ കാണികള്‍ക്ക് നന്നായി കാണാം. പുതപ്പിന്‍റെ പിന്നിലായി ആളുകള്‍ ഇരിക്കും. നിഴല്‍ നാടകത്തില്‍ ജന്മി കൊഴക്കോടന്‍ ആണ്. മലയപ്പുലയന്‍ ഗോപാലേട്ടന്‍. കരിവെള്ളോന്‍ ചെറുമകന്‍ കുളമുള്ള കണ്ണനെന്ന കണ്ണന്‍ ചെക്കന്‍. മാതേവന്‍ ചെറുമകന്‍ പിലാവുള്ളതില്‍ അബ്ദുള്ള എന്ന അവുള്ള കുഞ്ഞന്‍, നീലി ചെറുമി ഞാനായിരുന്നു. കണ്ണന്‍ ചെക്കന്‍ ഇപ്പോഴും കല്ലോട് ആശുപത്രിക്ക് സമീപം താമസിക്കുന്നുണ്ട്.

K. P. R
ഒരു പോലീസുകാരനെ കൊന്ന കേസില്‍ K.P.R നെ തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചു. ഈ വിവരം ആവളയിലും എത്തി. നാട്ടിലുള്ള പലരും K.P.R നെ കൊല്ലരുതെന്നും പറഞ്ഞ് കമ്പി അടിക്കാന്‍ തുടങ്ങി. ആവളയില്‍ നിന്ന് അച്ഛനും ഏട്ടന്മാരും കമ്പി അടിച്ചു. ആവളയിലെ മറ്റ് പലരെയും കൊണ്ട് അച്ഛന്‍ കമ്പി അടിപ്പിച്ചു. ഏതായാലും KPR നെ വെറുതെ വിട്ടു. K.P.R ന്‍റെ അനുജന്‍ കെ പി ആര്‍ രയരപ്പനെ പിന്നീട് കായണ്ണയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ O.M. കുഞ്ഞിക്കണാരന്‍ കൂട്ടിക്കൊണ്ട് വന്നിരുന്നു. അന്ന് നമ്പ്രത്തുമ്മല്‍ വന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

സ: ചോയി
സ: ചോയി മരിക്കുന്ന ദിവസം ആവള വന്ന് താഴെകുറൂരയില്‍ നിന്ന് ഭക്ഷണവും കഴിച്ചാണ് പോയത്. ചോയി ഒരു ചുവന്ന ടവ്വല്‍ തലയിലും ഇളം റോസ് ഷര്‍ട്ടുമാണ് ധരിച്ചത്. കൂടെയുള്ള കണ്ണന്‍ മാസ്റ്റര്‍ ഒരു നീല ടവ്വല്‍ തലയിലും ഇളം നീല ഷര്‍ട്ടുമാണ് ധരിച്ചത്. അമ്മ പറഞ്ഞു മഴ പെയ്ത് നനഞ്ഞപ്പോള്‍ നിറം താഴോട്ട് ഒലിച്ചതായിരിക്കും അല്ലെ എന്ന്. ഒരു തമാശ. ഞാന്‍ ജാനു ഏട്ടത്തിയോട് ചോദിച്ചു അതാരാണ്? ഉടന്‍ കണ്ണന്‍ മാസ്റ്റര്‍ പറഞ്ഞു “പടച്ചവന്‍”. കണ്ണന്‍ മാസ്റ്റരുടെ നിര്‍ബന്ധപ്രകാരമാണ് പിന്നെ ഞാന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ സ്ഥാനാര്‍ഥിയായത്.

1985 നു ശേഷമുള്ള കാലത്ത് ഓ. ഭരതനും സുഭാഷിണി അലിയും ഏ. കണാരനും വി. വി. ദക്ഷിണാമൂര്‍ത്തിയും സുകുമാര്‍ അഴീക്കോടും എല്ലാം ഞങ്ങളുടെ നമ്പ്രത്തുമ്മല്‍ (കായണ്ണ) വീട്ടില്‍ വന്നിട്ടുണ്ട്. സുഭാഷിണി അലി വീട്ടില്‍ വന്നപ്പോള്‍ അന്ന് ബോംബെയിലുള്ള എന്‍റെ മകള്‍ നീനയോട് ചോദിച്ചാണ് ഭക്ഷണം ഉണ്ടാക്കിയത്. വന്ന പാടെ പല സ്ഥലത്തും E.M.S ന്‍റെ ഫോട്ടോ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു ഇദ്ദേഹം നിങ്ങളുടെ ദൈവമാണോ എന്ന്? അതെ എന്ന് ഞാനും.

ഈ കുറിപ്പിന്‍റെ ഓഡിയോ രൂപം കേൾക്കാം. ശബ്ദം നല്‍കിയത് ജ്യോതിലക്ഷ്മി ഉമാമഹേശ്വരൻ

കവര്‍: വിത്സണ്‍ ശാരദ ആനന്ദ്‌

അവസാനിച്ചു.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.