പൂമുഖം രാഷ്ട്രീയം ഭിന്നിപ്പിന്റെ ആഗോള രാഷ്ട്രീയം: കേരളത്തിലേക്കും നീളുന്ന നിഴലുകൾ

ഭിന്നിപ്പിന്റെ ആഗോള രാഷ്ട്രീയം: കേരളത്തിലേക്കും നീളുന്ന നിഴലുകൾ

നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകളുടെ തരംഗം തുടർന്നുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ മുസ്‌ലിം സംസ്ഥാനമായ കെബ്ബിയിൽ നടന്ന രണ്ടു പുതിയ സംഭവങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും ആ രാജ്യത്തേക്ക് തിരിച്ചു കൊണ്ടുവന്നു. ഏതാനും ദിവസങ്ങൾക്കിടയിൽ തന്നെ, കത്തോലിക്കാസഭ നടത്തുന്ന രണ്ട് സ്കൂളുകളിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത് — ഒന്നിൽ നിന്നും 25 കുട്ടികളെയും മറ്റൊന്നിൽ നിന്നും 215 കുട്ടികളെയും തട്ടിക്കൊണ്ടുപോയി. സാധാരണയായി ശക്തമായ അച്ചടക്കവും സുരക്ഷിതമായ താമസ സൗകര്യങ്ങളും കാരണം വിശ്വാസം നേടിയിട്ടുള്ള ഇവിടങ്ങളിൽ, സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലായി പഠിക്കുന്നത്. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിലെയും മുസ്‌ലിം സമുദായത്തിലെയും വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു, ഏതെങ്കിലും ഒരു പ്രത്യേക മതക്കാരുടെ കുട്ടികളെ അല്ല ഇവർ തട്ടിക്കൊണ്ടു പോയത്.

ഈ തട്ടിക്കൊണ്ടുപോകലുകളുടെ ഉത്തരവാദിത്തം ഇതുവരെ യാതൊരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഇത് ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണമല്ലെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. പണം ലക്ഷ്യമിട്ടുള്ള കവർച്ചാസംഘങ്ങളുടെ പ്രവർത്തനമാണെന്നാണ് അധികാരികളും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഭീഷണി വിദ്യാഭ്യാസരംഗത്ത് മാത്രം ഒതുങ്ങുന്നില്ല. അടുത്തിടെ പ്രതിരോധമന്ത്രാലയത്തിലെ നാല് ഡയറക്ടർമാരെയും, മൂന്ന് മുസ്‌ലിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും, തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സമീപകാലസംഭവങ്ങൾക്കുശേഷം നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്താൻ സൈന്യത്തെയും പോലീസിനെയും കൂടാതെ പ്രാദേശിക സന്നദ്ധ പ്രവർത്തകരേയും വേട്ടക്കാരേയും ഉൾപ്പെടുത്തി ചുറ്റുമുള്ള കാടുകളിൽ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് സർക്കാർ. തുടർച്ചയായ ഈ തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നൈജീരിയയുടെ സുരക്ഷാ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളെയും ക്രിമിനൽ സംഘങ്ങളുടെ വർദ്ധിക്കുന്ന സ്വാധീനത്തെയും വീണ്ടും തുറന്നുകാട്ടുകയാണ്.

സുരക്ഷയാണ് നൈജീരിയ നേരിടുന്ന പ്രധാന പ്രശ്നം. പട്ടാളത്തിനും പോലീസിനും മികച്ച പരിശീലനമോ ആധുനിക ആയുധങ്ങളോ ഇല്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ തീവ്രവാദഗ്രൂപ്പുകൾക്ക് ഇവിടങ്ങളിൽ മേൽക്കൈ നേടാൻ സാധിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി, നൈജീരിയ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ട്, പക്ഷെ അതിനായി അമേരിക്ക ഇപ്പോൾ വിലപേശുകയാണ്.

നൈജീരിയയിലെ ആഭ്യന്തര കലാപങ്ങൾക്ക് പിന്നിലെ സാമ്പത്തിക, ഭരണ പരാജയം

ആഫ്രിക്ക ‘ഇരുണ്ട ഭൂഖണ്ഡം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിന് പ്രധാന കാരണം, അവിടെനിന്നുള്ള വിവരങ്ങൾ പൊതുവെ പുറംലോകത്ത് അറിയാൻ സാധിക്കുമായിരുന്നില്ല എന്നതാണ്. 19-ാം നൂറ്റാണ്ടിനു ശേഷമാണ് ആഫ്രിക്കൻ ജീവിതങ്ങളെപ്പറ്റി ലോകം അറിയാൻ തുടങ്ങിയത്. പ്രധാനമായും വിവിധതരം ആചാരങ്ങളുള്ള അനേകം ഗോത്രങ്ങളാണ് അവിടെ ഭരണം നടത്തിയിരുന്നത്. ശരിയായ ജനാധിപത്യത്തിലേക്ക് ഇപ്പോഴും പൂർണ്ണമായി കടന്നുവന്നിട്ടില്ലാത്ത രാജ്യങ്ങളാണ് പലതും. ഇനി ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ പോലും, ജനാധിപത്യ ഭരണത്തോടൊപ്പം ഗോത്ര ഭരണവും (ഉദാഹരണത്തിന്, വടക്കേ ഇന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകൾ പോലെ) നിലനിൽക്കുന്നുണ്ട്. രാജ്യം അവികസിതമാണ്. ഭരണത്തിൽനിന്ന് വളരെ കുറഞ്ഞ ആനുകൂല്യങ്ങൾ മാത്രമാണ് സാധാരണക്കാർക്ക് ലഭിക്കുന്നത്. കേവലം ഒരു ശതമാനം ജനങ്ങൾ മാത്രമാണ് സമ്പത്ത് മുഴുവൻ അധീനമാക്കി വച്ചിട്ടുള്ളത്.

ആഫ്രിക്കയിൽ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും തമ്മിൽ കാര്യമായ സംഘർഷങ്ങൾ ഇല്ല. ഉദാഹരണത്തിന് ഗാബോൺ എന്ന രാജ്യത്ത് 80% ജനങ്ങൾ ക്രിസ്ത്യാനികളാണ്, വെറും 10 ശതമാനം മാത്രമാണ് മുസ്‌ലിങ്ങൾ. പക്ഷെ, 45 വർഷത്തിൽ ഏറെയായി അവിടെ ഭരിക്കുന്നത് മുസ്‌ലിം പ്രസിഡൻ്റാണ്. സിയറ ലിയോണിൽ ആകട്ടെ, 21% ക്രിസ്ത്യാനികളും 78% മുസ്‌ലിങ്ങളുമാണ്, അവിടെ ഭരിക്കുന്നത് ക്രിസ്ത്യൻ നേതൃത്വമാണ്. ഏറ്റവും വലിയ വംശഹത്യ നടന്ന റുവാണ്ടയിൽ ആകട്ടെ, കൊന്നവരും കൊല്ലപ്പെട്ടവരും ക്രിസ്ത്യാനികൾ (93%) ആയിരുന്നു. അവിടെ മുസ്‌ലിങ്ങൾ പേരിനു മാത്രമേ ഉള്ളൂ. ഇപ്പോൾ വംശഹത്യ നടക്കുന്ന സുഡാനിൽ ആകട്ടെ, 97% മുസ്‌ലിങ്ങളാണ്.

ബൊക്കോ ഹറാം പോലുള്ള തീവ്രവാദ സംഘടനകൾ നടത്തുന്ന അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരിൽ കൂടുതലും ക്രിസ്ത്യാനികളാണ്. നൈജീരിയയിലെ വടക്കൻ മേഖലയിൽ ഭൂരിപക്ഷവും മുസ്‌ലിങ്ങളാണ്. അവരുടെ തീവ്ര ആശയങ്ങളോട് യോജിക്കാൻ സാധിക്കാത്തവരാണ് കൂടുതലും ക്രിസ്ത്യാനികൾ. പക്ഷെ, അവർ മതേതരമായി ചിന്തിക്കുന്ന മുസ്‌ലിങ്ങളെയും കൂട്ടക്കൊല ചെയ്യുന്നുണ്ട്. എന്നാൽ, അവരെക്കാളും കൂടുതൽ കൊലപാതകങ്ങൾ ചെയ്യുന്നത് ഇടയന്മാരായ ഹൗസ ഫുലാനികളാണ്.

ആഫ്രിക്കൻ പ്രതിസന്ധികളുടെ പിന്നിൽ കോളനിവൽക്കരണം

ആഫ്രിക്കയിലെ ഇന്നത്തെ പ്രതിസന്ധികൾക്ക് പിന്നിലെ പ്രധാന കാരണം, യൂറോപ്യൻ കോളനിവൽക്കരണത്തിന്റെ അവശിഷ്ടങ്ങളാണ്. ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടാകുന്ന ആഭ്യന്തര സംഘർഷങ്ങൾ, മതപരവും വംശീയവുമായ വിദ്വേഷങ്ങൾ, രാജ്യങ്ങളുടെ അതിർത്തിത്തർക്കങ്ങൾ, ഇവയിൽ പലതിൻ്റെയും വേരുകൾ യൂറോപ്യൻ കോളനിവൽക്കരണ കാലഘട്ടത്തിലേക്ക് നീളുന്നു.

ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ “ആഫ്രിക്കക്കായുള്ള ഓട്ടം” (Scramble for Africa) എന്ന പേരിൽ ഒരു കേക്ക് മുറിക്കുന്ന ലാഘവത്തോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തെ വിഭജിച്ചു. ഇതിൻ്റെ ദുരന്തഫലം ഇന്നും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ രക്തച്ചൊരിച്ചിലായി തുടരുന്നു. ഭാഷ, സംസ്കാരം, ചരിത്രം, വംശപരമ്പര എന്നിവയൊന്നും പരിഗണിക്കാതെയാണ് യൂറോപ്യൻ ശക്തികൾ ഈ അതിരുകൾ വരച്ചത്.

ഉദാഹരണത്തിന്, റുവാണ്ടയിലെ ഹൂട്ടു–ടുട്ട്‌സി (Hutu–Tutsi) വംശീയ സംഘർഷം സ്വാഭാവികമായിരുന്നില്ല; ബെൽജിയൻ കോളനിവ്യവസ്ഥയാണ് ടുട്‌സികളെ ഉയർന്ന വിഭാഗമായും ഹൂട്ടുക്കളെ താഴ്ന്ന വിഭാഗമായും കണക്കാക്കി ഈ വകഭേദം കൃത്രിമമായി സൃഷ്ടിച്ചത്.

നൈജീരിയയെ ഇന്ന് ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളായ ഗോത്രപരവും വംശീയവുമായ സംഘർഷങ്ങൾക്ക് ബൊക്കോ ഹറാം–ISWAP തീവ്രവാദം, മധ്യ മേഖലയിലെ കർഷക–ഇടയൻ സംഘർഷം, വടക്ക്-തെക്ക് വിരോധം- പിന്നിൽ ഒരു വലിയ ഘടകം ബ്രിട്ടീഷ് ഭരണകാലത്തെ രാഷ്ട്രീയപരമായ പിളർപ്പാണ്.

ഹൗസ–ഫുലാനി, യൊറൂബ, ഇഗ്ബോ തുടങ്ങിയ വലിയ ജനവിഭാഗങ്ങളെ ബ്രിട്ടീഷുകാർ ഒരൊറ്റ രാജ്യത്തിനുള്ളിലാക്കി. ഈ വിഭാഗങ്ങൾക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാഷാപരവും സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നു. കൂടാതെ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണഘടനാപദവികൾ എന്നിവ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ തെക്കൻ മേഖലയിൽ കൂടുതൽ നൽകുകയും വടക്കൻ മേഖലയെ ബോധപൂർവം പിന്നോട്ട് തള്ളുകയും ചെയ്തു. ഈ അസമത്വം ഇന്നും നൈജീരിയൻ രാഷ്ട്രീയത്തിലെ വിവേചനത്തിൻ്റെയും വിഘടനവാദത്തിൻ്റെയും പ്രധാന ഉറവിടമായി തുടരുന്നു.

നൈജീരിയയുടെ മതപരവും വംശീയവുമായ പശ്ചാത്തലം

നൈജീരിയയുടെ ഭൂപടത്തിൽ അക്രമത്തിന് മതപരമായ അതിരുകളില്ല. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 53.5% മുസ്ലീങ്ങളും, 45.9% ക്രിസ്ത്യാനികളുമാണ്. വടക്ക് ഭാഗത്ത് മുസ്ലീങ്ങളും തെക്ക് ഭാഗത്ത് ക്രിസ്ത്യാനികളുമാണ് കൂടുതലെങ്കിലും, ഇരു മതവിഭാഗങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗത്തും നിലനിൽക്കുന്നു. പ്രധാനമായും മൂന്ന് വംശീയ വിഭാഗങ്ങളാണ് നൈജീരിയയിൽ ഉള്ളത്:

ഹൗസ-ഫുലാനി (Hausa-Fulani): വടക്കൻ മേഖലകളിൽ, ഭൂരിഭാഗവും മുസ്ലീങ്ങൾ. യൊറൂബ (Yoruba): തെക്കുപടിഞ്ഞാറൻ മേഖലകളിൽ, മുസ്ലീങ്ങളും ക്രിസ്ത്യാനികളും. ഇഗ്ബോ (Igbo): തെക്കുകിഴക്കൻ മേഖലകളിൽ, ഭൂരിഭാഗവും ക്രിസ്ത്യാനികൾ. ഇന്ത്യയിലെപ്പോലെ വ്യക്തമായ ‘ജാതി’ സമ്പ്രദായം നൈജീരിയയിലില്ലെങ്കിലും, ഈ വംശീയ-ഗോത്ര (Ethnic-Tribal) വിഭജനം സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

സമ്പത്തിന്റെ വിതരണം

നൈജീരിയയിലെ അക്രമത്തിന്റെ ഒരു പ്രധാന കാരണം സാമ്പത്തിക അസമത്വമാണ്. പ്രധാനമായും തെക്കു കിഴക്കൻ ക്രിസ്ത്യൻ ഇഗ്ബോസ് മേഖലയാണ് പരമ്പരാഗതമായി കൂടുതൽ സമ്പന്നം. എന്നാൽ വടക്കൻ മുസ്ലീം ഹൗസ-ഫുലാനി മേഖല കടുത്ത ദാരിദ്ര്യവും വികസനക്കുറവും നേരിടുന്നു. കർഷക-ഇടയ സംഘർഷങ്ങൾക്ക് പിന്നിലെ പ്രധാന കാരണം, കാലാവസ്ഥാ മാറ്റം മൂലം ജീവനോപാധി നഷ്ടപ്പെടുന്ന മുസ്ലീം ഇടയന്മാർ, തെക്കൻ, മധ്യ മേഖലകളിലെ ക്രിസ്ത്യൻ കർഷകരുടെ ഭൂമിയിലേക്ക് നീങ്ങാൻ നിർബന്ധിതരാകുന്നതാണ്.

മതത്തിനപ്പുറമുള്ള അക്രമത്തിന്റെ കേന്ദ്രങ്ങൾ

നൈജീരിയൻ സുരക്ഷാ പ്രശ്നത്തിന് മൂന്ന് പ്രധാന കേന്ദ്രങ്ങളുണ്ട്. ഇവയൊന്നും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിടുന്നില്ല:

1. വടക്കുകിഴക്കൻ ഭീകരവാദം (Boko Haram & ISWAP)

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ബൊക്കോ ഹറാമും, ISWAP-ഉം ആയിരക്കണക്കിന് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുപോലെ കൊന്നൊടുക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾ അവരുടെ തീവ്രവാദ പ്രത്യയശാസ്ത്രത്തെ നിരാകരിക്കുന്ന ആരെയും—അവർ മുസ്ലീങ്ങളായാലും ക്രിസ്ത്യാനികളായാലും—ഇരകളാക്കുന്നു. ക്രിസ്ത്യാനികൾ കുറവുള്ള ഇടം ആയതിനാൽ ഈ മേഖലയിൽ കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു എന്ന് മാത്രം. ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്ന വിഷയങ്ങൾ പാശ്ചാത്യ പത്രലോകത്തു കൂടുതൽ വാർത്താപ്രാധാന്യം നേടുന്നു എന്ന വസ്തുതയും ഉണ്ട്.

2. മധ്യമേഖലയിലെ കർഷക-ഇടയ സംഘർഷം

മധ്യ നൈജീരിയയിലെ ഈ സംഘർഷത്തിന് മതപരമായ മുഖമുണ്ടെങ്കിലും, ഇത് ഭൂമി, വെള്ളം, മേച്ചിൽ അവകാശങ്ങൾ എന്നിവയെച്ചൊല്ലിയുള്ള വിഭവ തർക്കമാണ്.ഇവിടങ്ങളിൽ ക്രിസ്ത്യാനികൾ കർഷകരും മുസ്ലീങ്ങൾ ഇടയന്മാരും ആണ്. പാരിസ്ഥിതിക പ്രശനങ്ങൾ കാരണം, മഴ ദുർല്ലഭമാകുകയും പച്ചപ്പ്‌ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ തങ്ങളുടെ കന്നുകാലികളെയും കൊണ്ട് മുസ്ലിം ഇടയന്മാർ ക്രിസ്ത്യാനികളുടെ കൃഷി ഇടങ്ങൾ കയ്യേറുകയാണ് ഇവിടങ്ങളിൽ.ഇവിടെ ക്രിസ്ത്യൻ കർഷകരും മുസ്ലീം ഫുലാനി ഇടയന്മാരും പരസ്പരം ആക്രമിക്കുന്നു. ഈ സംഘർഷം, ഭരണകൂടം നിയമം നടപ്പാക്കാത്തതിന്റേയും, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാത്തതിന്റേയും നേരിട്ടുള്ള ഫലമാണ്.

3. വടക്കുപടിഞ്ഞാറൻ മേഖലയിലെ കവർച്ചാ ഗ്രൂപ്പുകൾ

സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള കവർച്ചാ ഗ്രൂപ്പുകൾ , പണം ആവശ്യപ്പെട്ട് കൂട്ടത്തോടെ തട്ടിക്കൊണ്ടുപോകലുകൾ നടത്തുന്നു. ഈ മേഖലയിലെ ഭൂരിപക്ഷം മുസ്ലീങ്ങളായതിനാൽ, ഇവരുടെ ഇരകളിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഇവരുടെ പ്രവർത്തനം മതപരമോ രാഷ്ട്രീയപരമോ അല്ല, മറിച്ച് കേവല കുറ്റകൃത്യമാണ്.

ഭരണകൂടത്തിലെ മതസന്തുലനം

ക്രിസ്ത്യാനികൾക്കെതിരെ സർക്കാർ സ്പോൺസർ ചെയ്യുന്ന പക്ഷപാതമുണ്ടെന്ന വാദങ്ങളെ നൈജീരിയൻ നേതൃത്വത്തിന്റെ ഘടന ചോദ്യം ചെയ്യുന്നു. നൈജീരിയയിലെ നിലവിലെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ എന്നിവർ മുസ്‌ലിം സമുദായത്തിനുള് നിന്നുള്ളവർ ആണെങ്കിൽ സെനറ്റ് പ്രസിഡന്റ് ഗോഡ്സ്വില്‍ അകാബിയോ, ചീഫ് ജസ്റ്റിസ് ഒലുകായോഡെ അരീവോള, ഇപ്പോൾ റിട്ടയർ ചെയ്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ക്രിസ്റ്റഫർ ജി. മൂസ, കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ താവോ ലഗുവാജ എന്നിവർ ക്രിസ്ത്യാനികൾ ആണ്. സുരക്ഷാ സേനകളിലെ ഉയർന്ന പദവികളിൽ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഉൾപ്പെടുത്തുന്നത്, സുരക്ഷാ തീരുമാനങ്ങൾ ഏകപക്ഷീയമായ ഒരു മത അജണ്ടയാൽ നയിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നു.

ഭരണ പരാജയം: യഥാർത്ഥ കുറ്റവാളി

നൈജീരിയിലെ അക്രമത്തിന്റെ യഥാർത്ഥ കാരണം, തുടർച്ചയായ ഭരണകൂടങ്ങളുടെ അഴിമതി, ദുർബലമായ സുരക്ഷാ സംവിധാനം, നിയമവാഴ്ച നടപ്പാക്കാനുള്ള കഴിവില്ലായ്മ എന്നിവയാണ്. പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ഭരണത്തിനു കീഴിലും ഈ പ്രശ്നങ്ങൾ തുടരുന്നു. ദാരിദ്ര്യം, തൊഴിലില്ലായ്മ, ദുർബലമായ സ്ഥാപനങ്ങൾ തുടങ്ങിയ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നതിനാലാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുന്നത്. ആക്രമണങ്ങളുടെ സങ്കീർണ്ണതയ്ക്ക് ലളിതമായ മതപരമായ വിശദീകരണങ്ങൾ നൽകുന്നത് പ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെടാനാണ് സാധ്യത. നൈജീരിയയെക്കുറിച്ചുള്ള ആഗോള ആഖ്യാനങ്ങൾ വസ്തുതകൾക്ക് മുൻഗണന നൽകണം.

ഐസിസ് (ISIS) പോലുള്ള സംഘടനകൾ ഈ തീവ്രവാദികളെ സാമ്പത്തികമായി സഹായിക്കുന്നുണ്ടെങ്കിൽ പോലും, ഈ ഇസ്‌ലാമിസ്റ്റ് തീവ്രവാദികൾ ഉപയോഗിക്കുന്ന ആയുധങ്ങൾ, നൈജീരിയൻ, കാമറൂൺ, ചാഡ് തുടങ്ങിയ രാജ്യങ്ങളിലെ സൈന്യത്തെയും പോലീസിനെയും ആക്രമിച്ചു കവർന്നവയും, പഴയ ലിബിയയിൽനിന്ന് കടത്തിയവയും ആണ്. അല്ലാതെ നൈജീരിയൻ സർക്കാർ ഒരു വിധത്തിലും ഒരു വംശീയ ഹത്യക്കു പിന്തുണ നൽകുന്നില്ല.

കേരളം പഠിക്കേണ്ട പാഠം: സൗഹാർദ്ദത്തിന് നേരെ ഉയരുന്ന വെല്ലുവിളികൾ

യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ നൈജീരിയയിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ളതാണെന്ന് പരസ്യമായി വിമർശിച്ചതോടെ, ഈ ഏകപക്ഷീയ പ്രചാരണത്തിൻ്റെ പ്രതിധ്വനികൾ ഇന്ന് കേരളത്തിലും ശക്തമായി കേൾക്കുന്നുണ്ട്.

കേരളത്തിലെ സൗഹാർദ്ദപരമായ സമൂഹങ്ങളിൽ, ചില സംഘപരിവാർ ശക്തികളും CASA പോലുള്ള തീവ്ര ക്രിസ്ത്യൻ ഗ്രൂപ്പുകളും ചേർന്ന്, നൈജീരിയയിലെ സംഭവങ്ങൾ ക്രിസ്ത്യൻ വംശീയ ഉന്മൂലനമാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. സത്യങ്ങൾ മനസ്സിലാക്കാതെ, അല്ലെങ്കിൽ മറച്ചുവെച്ച് നടത്തുന്ന ഈ വിദ്വേഷ പ്രചാരണങ്ങൾ കേരളത്തിൻ്റെ സാമൂഹികഐക്യത്തിന് ഗുരുതരമായ അപകടമാണ്. ഇത്തരം വാദങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന ചില മതപുരോഹിതരുടെ നടപടികളും ഈ ധ്രുവീകരണത്തിന് സഹായകമാകുന്നുണ്ട്.നൈജീരിയയിലെ “ക്രിസ്ത്യൻ വംശഹത്യ” എന്ന തെറ്റായ ആഖ്യാനം കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്, ഇവിടെ ദീർഘകാലമായി നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന് വിള്ളലുണ്ടാക്കും. മുനമ്പത്തെ ഭൂമി തർക്കം പോലുള്ള ചെറിയ പ്രാദേശിക പ്രശ്നങ്ങളെപ്പോലും ആഗോള തലക്കെട്ടുകളുമായി ബന്ധിപ്പിച്ച് മതപരമായ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നത്, കേരളം കാത്തുസൂക്ഷിക്കുന്ന ബഹുസ്വരതക്ക് ഭീഷണിയാണ്.

നൈജീരിയയിലെ പ്രതിസന്ധിക്ക് കാരണം മതപരമായ അജണ്ടയല്ല, മറിച്ച് ദുർബലമായ ഭരണകൂടവും സംരക്ഷണ സംവിധാനങ്ങളിലെ വീഴ്ചകളുമാണ്. ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നതിലൂടെ മാത്രമേ, ഭിന്നിപ്പിന് പകരം ഐക്യം വളർത്താൻ സാധിക്കുകയുള്ളൂ.

വസ്തുതകൾക്ക് മുൻഗണന നൽകുക

കേരളത്തിലെ ഐക്യവും സൗഹാർദ്ദവും നിലനിർത്താൻ, ഇവിടത്തെ മാധ്യമങ്ങൾ വസ്തുതകൾ, വിശദമായ വിശകലനം, സുതാര്യമായ വാർത്താപ്രചരണം എന്നിവക്ക് മുൻഗണന നൽകണം.വികാരപരമായ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ്, സത്യത്തെ അടിസ്ഥാനമാക്കി മാത്രം പ്രതികരിക്കുമ്പോഴാണ് നൈജീരിയൻ ദുരന്തം നമുക്കൊരു പാഠമായി മാറുന്നത്. നൈജീരിയക്ക് വേണ്ടത് ബാഹ്യ ഇടപെടലുകളേക്കാൾ, സുരക്ഷാ സേനയെ ശക്തിപ്പെടുത്താനുള്ള സഹായവും, സാമ്പത്തിക പരിഷ്കാരങ്ങളുമാണ് എന്ന സന്തുലിതമായ കാഴ്ചപ്പാടാണ് ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് സമാധാനപരമായ സഹവർതിത്വത്തിന് സഹായകമാവുക.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.