പൂമുഖം രാഷ്ട്രീയം വിവാ വെനിസ്വേലാ

വിവാ വെനിസ്വേലാ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഓസ്‌ട്രേലിയയിൽ ലാറ്റിനമേരിക്കൻ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു ചെറു സ്ഥാപനം തുടങ്ങിയ ശേഷമാണ് സൗത്ത്, സെൻട്രൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ വെനസ്വേല, കൊളംബിയ, മെക്സിക്കോ, പെറു, എൽ സാൽവഡോർ, അർജന്റീന, ബ്രസീൽ എന്നീ രാജ്യക്കാരുമായി അടുത്ത് ഇടപഴകാൻ എനിക്ക് അവസരം ലഭിച്ചത്. ഇവരിൽ ബ്രസീൽ ഒഴികെ ബാക്കി എല്ലാ രാജ്യക്കാരുടെയും ഭാഷ സ്പാനിഷ് ആണ്. അതിനാൽ തന്നെ ഇവർക്കെല്ലാമിടയിൽ ഒരു പ്രത്യേക സാഹോദര്യവും അന്തർധാരയും ഉള്ളതായി തോന്നിയിട്ടുണ്ട്. ബ്രസീൽകാരുടെ ഭാഷ പോർച്ചുഗീസ് ആണ്.

ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും, ജീവിത രീതിയിലും വലിയ വൈവിദ്ധ്യങ്ങൾ ഉണ്ടെങ്കിലും, ഭക്ഷണകാര്യത്തിൽ കേരളത്തിൻ്റെ പല ഇഷ്ടഭക്ഷണങ്ങളും വെനസ്വേല, കൊളംബിയ, എൽസാൽവഡോർ തുടങ്ങിയ രാജ്യക്കാരുടെയും ഏറെ പ്രിയപ്പെട്ട വിഭവങ്ങളാണ്. ഉദാഹരണത്തിന്ന് കപ്പയും ഏത്തപ്പഴവും. ദിവസത്തിൽ മൂന്ന് നേരവും ഇവർ കപ്പയും എത്തപ്പഴവും, വിവിധ രൂപത്തിലുള്ള പേരക്കയും കഴിക്കാറുണ്ട്. പഴുത്ത ഏത്തപ്പഴത്തിൻ്റെ പേരാണ് “Platano Maduro”.

ചിക്കൻ, ബീഫ്, പോർക്ക് എന്നിവ ചോറിനോടൊപ്പം വാഴയിലയിൽ പൊതിഞ്ഞ് എടുത്ത “Tamal”വിശേഷ ദിവസങ്ങളിലെ ഇവരുടെ ഏറ്റവും പ്രിയ ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ്.

ലാറ്റിനമേരിക്കക്കാർ പൊതുവിലും, വെനസ്വേലക്കാർ പ്രത്യേകിച്ചും വളരെ സഹൃദയരും, ജീവിതം ആസ്വദിച്ച് മുന്നോട്ട് പോകാൻ താൽപര്യപ്പെടുന്നവരുമാണ്. പൊതുവിൽ ക്രിസ്തുമതവിശ്വാസികൾ ആണെങ്കിലും വിശ്വാസത്തേയും, വിശ്വാസമില്ലായ്മയേയും സ്വകാര്യമായും, തികച്ചും വ്യക്തിപരമായ കാര്യങ്ങളായും കാണാൻ താൽപര്യപ്പെടുന്നവരുമാണ്. പരിചയപ്പെട്ടാൽ ഉടൻ പള്ളിയിൽ പോകാറുണ്ടോ, ഏത് പള്ളിയിലാണ് പോകുന്നത്, പള്ളിപ്പണിക്ക് പിരിവ് കൊടുക്കാറുണ്ടോ, എന്ന മാതിരിയുള്ള ചോദ്യങ്ങൾ ഇവർ ചോദിക്കാറില്ല. മാത്രമല്ല, കേരളത്തിലെ കാസ, ക്രിസംഘികളെപ്പോലെ അന്യമത വിദ്വേഷികളോ, ഇസ്ലാമോഫോബിക്കുകളോ, ഓസ്ട്രേലിയയിലെ പൂട്ടിക്കിടക്കുന്ന പള്ളികൾ എല്ലാം പുനരുദ്ധരിക്കണമെന്ന വാശിയുള്ളവരോ അല്ല.

ലാറ്റിനമേരിക്കക്കാർക്കിടയിൽ ഏറ്റവും ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ജോലികളും ജീവിത നിലവാരവും പുലർത്തുന്നവരാണ് വെനസ്വേലക്കാർ എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മദൂരോ അമേരിക്കൻ പട്ടാളത്തിൻ്റെ കസ്റ്റഡിയിൽ ആയ ശേഷമുള്ള സംഭവവികാസങ്ങളെപ്പറ്റി വെനസ്വേലക്കാരും കൊളംബിയ അടക്കമുള്ള ഏതാനും അയൽ രാജ്യക്കാരുമായും സംസാരിക്കുകയുണ്ടായി.

വെനസ്വേലക്കാരി Adrianaയുടെ അഭിപ്രായം നിക്കോളാസ് മദൂരോ ഒരു കളിപ്പാവയും അഴിമതിക്ക് കൂട്ടുനില്ക്കുന്നവനും ആയിരുന്നു എന്നും, ഷാവേസിന് ശേഷമുള്ള തിരഞ്ഞെടുപ്പുകൾ പട്ടാള അട്ടിമറിയിലൂടെയും, ജനാധിപത്യവിരുദ്ധമായ ക്രമക്കേടുകളിലൂടെയുമാണ് അവർ നേടിയതെന്നുമാണ്. ഇക്കാര്യത്തിൽ ഇന്നത്തെ ഇന്ത്യയുമായി ആ രാജ്യത്തിന്‌ ഒരു പാട് സാമ്യം ഉള്ളതായി എനിക്കു തോന്നി. ഒരേ തൂവൽ പക്ഷികൾ.

മരിയ കൊറീന മച്ചാഡോയ്ക്ക് നോബേൽ സമ്മാനം കിട്ടിയ വിഷയം പങ്കുവെച്ചപ്പോൾ ഷോപ്പിലെ പതിവ് സന്ദർശകയായ വെനസ്വേലക്കാരി പൗലീനാ സന്തോഷംകൊണ്ട് കരയുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും കണ്ടപ്പോൾ അവർ വെനസ്വേലയിലെ പുതിയ സംഭവ വികാസങ്ങളിൽ സന്തോഷത്തോടൊപ്പം അമേരിക്കയുടെ ഇടപെടലിൽ ആശങ്കയും പങ്കുവച്ചു.

ഹ്യൂഗോ ഷാവേസിൻ്റെ മരണം വരെ വെനസ്വേലയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷാവേസിൻ്റെ നയങ്ങളെ പിന്തുണക്കുന്നവരും ഷാവേസ് അനുകൂലികളുമായിരുന്നു. തിരഞ്ഞെടുപ്പുകളിൽ ഷാവേസ് സർക്കാർ ഒരു തിരിമറിയും കാട്ടാതെ 90% വരെ വോട്ടുകൾ നേടി വിജയിച്ചിരുന്നു. ഷാവേസിൻ്റെ മരണത്തിന് മുൻപ് തന്നെ വെനസ്വേലയിൽ അമേരിക്ക ഏർപ്പെടുത്തിയ കയറ്റുമതി/സാമ്പത്തിക ഉപരോധങ്ങൾ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു തുടങ്ങിയിരുന്നു.

വെനസ്വേലൻ വിഷയത്തിൽ എൻ്റെ സുഹൃത്തും, ഷോപ്പിലെ നിത്യ സന്ദർശകനുമായ ഗുസ്താവോയെ ഒന്ന് കാണാൻ സാധിച്ചിരുനെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചപ്പോൾ തന്നെ ഗുസ്താവോ ഷോപ്പിൽ എത്തുകയുണ്ടായി.

വെനിസ്വെലൻ സുഹൃത്ത് ഗുസ്താവോയ്ക്കൊപ്പം ലേഖകൻ

ഗുസ്താവോ അവസാനമായി സ്വന്തം നാട്ടിൽ അവധിയിൽ പോയത് 8 വർഷങ്ങൾക്ക് മുൻപാണ്. ജന്മനാട്ടിൽ അന്നയാൾ കണ്ട കാഴ്ചകൾ ഏതൊരു രാജ്യസ്നേഹിയേയും സങ്കടത്തിൽ ആഴ്ത്തുന്നതായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ശേഖരമുള്ള രാജ്യത്ത് ഇത്തിരി പെട്രോളിനായി നീണ്ട ക്യൂവിൽ കാത്ത് നിൽക്കേണ്ടി വന്ന അവസ്ഥ!തങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും അവിഭാജ്യഘടകമായ Massa Lista എന്ന Corn flour വാങ്ങാൻ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ, നാഷനൽ ID നമ്പറിലെ odd, even നമ്പറുകളെ അടിസ്ഥാനമാക്കി ആഴ്ചയിലെ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം അവ ലഭ്യമാകുന്ന അവസ്ഥ, അവശ്യമരുന്നുകളുടെ ദൗർലഭ്യം അങ്ങനെ നീണ്ടുപോകുന്ന ഈ ദുരവസ്ഥകൾക്ക് എല്ലാം പ്രധാന കാരണക്കാർ ലോകപോലീസ് ചമയുന്ന അമേരിക്കയും, അന്യൻ്റെ സ്വത്തിൽ അവർ കാട്ടുന്ന അത്യാഗ്രഹങ്ങളുമാണ് എന്ന് ഏതൊരു വെനസ്വേലക്കാരനേയും പോലെ ഗുസ്താവോക്കും നല്ല തിരിച്ചറിവുണ്ട്. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങൾ സൃഷ്ടിക്കുന്ന ആഭ്യന്തര കലഹം, തൊഴിലില്ലായ്മ, ഭക്ഷ്യ വിഭവങ്ങളുടെയും, മരുന്നുകളുടേയും ദൗർലഭ്യത, മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടം മയക്കുമരുന്ന് സംഘങ്ങൾക്ക് എതിരേ പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ, പ്രതികരിക്കുന്നവർ അവരുടെ വെടിയേറ്റ് മരിക്കുന്ന സാഹചര്യം എന്നിവയെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെയായി ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള പല വെനസ്വേലക്കാരേയും രാജ്യം വിട്ടുപോകാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ആയിരുന്നു.

റിക്കാർഡോ എന്ന കൊളംബിയക്കാരൻ്റെ അഭിപ്രായത്തിൽ തങ്ങളുടെ എല്ലാവരുടേയും മുഖ്യ ഭക്ഷണം ആയ Corn flour ൻ്റെ വില ഇത്രയധികം വർദ്ധിച്ചതും, ലഭ്യത പരിമിതമായതും, അമേരിക്കൻ കമ്പനികളുടെ അത്യാഗ്രഹവും, കുത്തകവൽക്കരണവും മൂലവുമാണ്. ലാറ്റിനമേരിക്കക്കാരായ തങ്ങളുടെയെല്ലാം ജീവിതം അമേരിക്ക ദുസ്സഹവും, ദുരിത പൂർണ്ണവുമാക്കുന്നു.

ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ബഹുഭൂരിപക്ഷം ആളുകളും മദൂറോയുടെ ഭരണത്തോട് വിയോജിപ്പും, അസംതൃപ്തിയും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, അവരുടെ രാജ്യം നേരിടുന്ന ഇന്നത്തെ ദുരവസ്ഥക്ക് പ്രധാന കാരണക്കാർ അമേരിക്കയും, വർഷങ്ങളായി അമേരിക്ക അടിച്ചേൽപിക്കുന്ന സാമ്പത്തിക ഉപരോധങ്ങളുമാണ് എന്ന ബോധ്യം അവരിൽ പലർക്കുമുണ്ട്.

കൊളംബിയ, മെക്സിക്കോ, സെൻട്രൽ അമേരിക്ക, സൗത്ത് അമേരിക്ക, ലാറ്റിനമേരിക്ക എന്നീ പ്രദേശങ്ങളിലെ ഏതൊരാളോടും സംസരിച്ചാൽ അവരുടെയെല്ലാം ഉള്ളിൽ ഉള്ള പൊതുവികാരം അമേരിക്കൻ സാമ്രാജ്യത്വവിരുദ്ധതയും ആ രാജ്യത്തോടുള്ള വിശ്വാസമില്ലായ്മയുമാണ് എന്നത് പ്രകടമാകും. ചെറുത്തുനില്പ് – അത് ഒരു ഇടത് വികാരമാണ്.

19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ കൊക്കോ കോള എന്ന സാമ്രാജ്യത്വ ഭീകരനെ പ്രതിരോധിക്കാൻ പെറു, മെക്സിക്കോ, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ രാജ്യങ്ങളുടെ സ്വന്തം ദേശീയ പാനീയം എന്ന ആശയത്തിന് പ്രചാരം നൽകുകയും അവ പ്രാവർത്തികമാക്കുകയും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഉടനീളം തങ്ങളുടെ ദേശീയ പാനീയങ്ങൾക്ക് വലിയ പ്രചാരം കൊണ്ടുവരികയും ചെയ്തു. പെറുവിൻ്റെ INCA Colaയും, മെക്സിക്കോയുടെ Jarritosഉം, കൊളംബിയയുടെ Postobon ഉം, ബ്രസീലിൻ്റെ Guarana Antarctica യുമൊക്കെ അത്തരം സ്വാഭിമാനത്തിൽ നിന്നും, സ്വത്യബോധത്തിൽ നിന്നും ഉയർന്നുവന്ന ആശയങ്ങളാണ്.

ഞങ്ങളുടെ ഷോപ്പിൽ ലഭ്യമായിട്ടുള്ള INCA Cola യും, Jarritos ഉം ഒക്കെ വാങ്ങി കുടിക്കുന്ന പെറുക്കാരൻ്റെയും, മെക്സിക്കൻ്റെയും, കൊളംബിയക്കാരൻ്റെയും മുഖത്ത് ഓരോ കവിൾ കുടിക്കുമ്പോഴും വിടർന്നു വരുന്ന സ്വാഭിമാനവും, അമേരിക്കൻ വിരുദ്ധതയും ഞാൻ ദിവസേന കാണാറുണ്ട്. ഇവരിലാരും ഒരിക്കൽ പോലും Coca Cola വാങ്ങുന്നത് ഞാൻ കണ്ടിട്ടേയില്ല.

സ്വന്തം രാജ്യത്തിൻ്റെ പ്രകൃതി വിഭവങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം ഇഷ്ടമുള്ളവർക്ക് വിൽപന നടത്താനും, അതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ഒരു അമേരിക്കക്കാരൻ്റെയും ഇപെടലുകളോ, നിയന്ത്രണങ്ങളോ ഇല്ലാതെ സ്വന്തം നാട്ടിൽ ആത്മാഭിമാനളള്ള പൗരന്മാരായി, ജനാധിപത്യ അവകാശങ്ങളോടെ തലയുയർത്തി ജീവിക്കാനും സാധിക്കുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യം – അതാണ് ഏതൊരു വെനസ്വേലക്കാരൻ്റേയും സ്വപ്നം. അത് തന്നെയാണ് എല്ലാ ലാറ്റിനമേരിക്കൻ രാജ്യക്കാരൻ്റേയും സ്വപ്നവും.

മറ്റു രാജ്യങ്ങളിലെ പൗരന്മാരുടെ മനുഷ്യാവകാശങ്ങൾക്കും, ജനാധിപത്യമൂല്യങ്ങൾക്കും തെല്ലും വില കല്പിക്കാത്ത, യുദ്ധക്കൊതിയന്മാരായ, അന്യൻ്റെ സ്വത്തുക്കൾ കണ്ട് കണ്ണ് മഞ്ഞളിക്കുന്ന അമേരിക്ക എന്ന സാമ്രാജ്യത്വ ഭരണകൂടം ഭൂമിയിൽ ഉള്ളിടത്തോളം കാലം അത് എത്രമാത്രം പ്രാവർത്തികമാണെന്നത് മറ്റെല്ലാ രാഷ്ട്രങ്ങൾക്കും എന്നും ഒരു ചോദ്യ ചിഹ്നമായിരിക്കും, അതിലേറെ വെല്ലുവിളിയും.

നമുക്കാകെ ചെയ്യാൻ കഴിയുന്നത് വിവാ വെനിസ്വേലാ (long live Venezuela) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുക എന്നത് മാത്രമാണ്.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.