ബഹിയ എന്ന വാക്കിനർത്ഥം മഹത്തരം എന്നാണ്. ഏകദേശം 5 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കൊട്ടാരം മരാക്കെഷ് നഗരത്തിലെ ഏറ്റവും വലിയ കൊട്ടാരമാണ്. 1874ഗ്രാൻഡ് വസീർ (പ്രധാനമന്ത്രി)ആയിരുന്നു അഹമ്മദ് ബെൻ മൂസ ആണ് ഇത് നിർമ്മിച്ചത്. അദ്ദേഹത്തിൻ്റെ നാലു് ഭാര്യമാരിൽ ആദ്യത്തെയാളായ ബഹിയയുടെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയത്.1906ൽ ഇദ്ദേഹം മരിച്ചു. അതോടെ അനാഥമായ ഈ കൊട്ടാരത്തിലെ വീട്ടുപകരണങ്ങൾ എല്ലാം മോഷ്ടിക്കപ്പെട്ടു.
1912ൽ മൊറോക്കോയുടെ തെക്കൻഭാഗം ഫ്രഞ്ച് അധീനത്തിലായി. മാർഷൽ ലൂയിസ് ലിയോട്ടി എന്ന ഒരു ഫ്രഞ്ചുകാരനാണ് ഈ കൊട്ടാരം പുനരുദ്ധരിക്കുന്നതിന് മുൻകൈ എടുത്തത്. കൊട്ടാരം താമസയോഗ്യമാക്കുകയും അവിടെ തണുപ്പ് കാലത്ത് ഉപയോഗിക്കാൻ പര്യാപ്തമായ ഒരു ഉഷ്‌ണദായിയായ സംവിധാനം നിർമ്മിച്ചെടുക്കുകയും ചെയ്തു. 1956ൽ മൊറോക്കോയ്ക്ക് സ്വാതന്ത്ര്യം ലഭ്യമാകുന്നത് വരെ അദ്ദേഹം ഇവിടെയാണ് താമസിച്ചത്.
ഇപ്പോഴുള്ള മാറോക്കൻരാജാവിൻ്റെ പിതൃസഹോദരനായ മൂലി അബ്ദുള്ള ആയിരുന്നു. ഇതിന് ശേഷം ഇവിടെ താമസം ഉറപ്പിച്ചത്. അവിവാഹിതനായ അദ്ദേഹം ഇവിടെ മദ്യവും മദിരാക്ഷിയും ആയി ജീവിതം ഒരു ഉത്സവമാക്കി മാറ്റി. ‘JFകെന്നഡിയും ഭാര്യ ജാക്വിലിൻ കെന്നഡിയും 1960ൽ മരാക്കെഷ് സന്ദർശിച്ചപ്പോൾ ഇദ്ദേഹമായിരുന്നു അവരുടെ അനൗദ്യോഗിക ആതിഥേയൻ. മദ്യപിച്ച് വണ്ടിയോടിച്ചതുമൂലമുണ്ടായ അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. ഇതിന് ശേഷമാണിത് ഒരു മ്യൂസിയമായി പ്രഖ്യാപിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. സുപ്രസിദ്ധമായ ലോറൻസ് ഒഫ് അറേബ്യ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തത്. പല പ്രധാന ചിത്രകലാ പ്രദർശനങ്ങളും ഇവിടെ നടന്നു വരുന്നു.
ധാരാളമായി കാണുന്ന കുമ്മായച്ചാന്ത് കൊണ്ട് നിർമ്മിച്ചെടുത്ത അലങ്കാരങ്ങളും കൂഫിക്ക് കാലിഗ്രാഫി എഴുത്തുകളും അതീവ മനോഹരവും ആരെയും ആർഷിക്കുന്നതുമാണ്. ധാരാളം നടുമുറ്റങ്ങളും പൂന്തോട്ടങ്ങളും സലൂണുകളും. അടങ്ങിയ കൊട്ടാരം അതിന്റെ നിർമ്മാണചാരുത കൊണ്ട് ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്നുണ്ട്. ഈ നാട്ടിലെത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണിത്.

ടിക്കറ്റ് എടുത്ത് അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ധാരാളം ഓറഞ്ച് മരങ്ങളും റോസാച്ചെടികളും അതിരിട്ട ഒരു നടവഴിയാണ് സന്ദർശകനെ സ്വാഗതം ചെയ്യുന്നത്. മനോഹരമായ വർണ്ണങ്ങളിലുള്ള സെലിജ് ടൈലുകൾ, തടിയിൽ ചെയ്ത കൊത്തുപണികൾ, പെയിന്റിംഗുകൾ, സ്റ്റക്കോയിൽ ചെയ്ത വളരെ മനോഹരമായ അലങ്കാരങ്ങൾ എന്നിവ കൊട്ടാരത്തിൽ എല്ലായിടത്തും കാണാം.ഫൗണ്ടനുകൾ ഇറ്റലിയിൽ നിന്നുള്ള കരേര മാർബിൾ കൊണ്ട് നിർമ്മിച്ചതാണ്. മൊറോക്കോയിൽ അക്കാലത്ത് ധാരാളം പഞ്ചസാര ഉൽപ്പാദിപ്പിച്ചിരുന്നു. ഒരു കിലോ പഞ്ചസാരയ്ക്ക് ഒരു കിലോ മാർബിൾ എന്ന നിലയ്ക്കാണ് മാറ്റക്കച്ചവടം നടന്നത്!
ഇസ്ലാമിക് കെട്ടിടനിർമ്മാണവിദ്യയുടെ പ്രധാന ഭാഗമായിരുന്ന മദ്ധ്യഭാഗം മുകളിലേക്ക് കൂർത്ത് പൊങ്ങിയ കമാനങ്ങളാണ് കൊട്ടാരത്തിലുടെനീളം ഉപയോഗിച്ചിരിക്കുന്നത്. ഇതിന് കൂടുതൽ ഉറപ്പും മനോഹാരിതയും ഉണ്ട്.വാതിലുകൾ സിഡർ മരത്തിൻ്റെ തടിയിൽ കൊത്തു പണികളും പ്രകൃതിദത്തമായ വിഭവങ്ങൾ കൊണ്ട് നിർമ്മിച്ച നിറക്കുട്ടുകൾ ഉപയോഗിച്ചുള്ള ചിത്രപ്പണികളും കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. മുട്ടയുടെ മഞ്ഞയും കുങ്കുമപ്പൂവും ചേർന്ന മിശ്രിതമോ വളരെ നേർത്ത സ്വർണ്ണ പാളികളോ മഞ്ഞനിറം കൊടുക്കാൻ ഉപയോഗിച്ചിരിക്കുന്നു. പൊതിനയിലയുടെ ചാറാണ് പച്ചനിറത്തിനായി ഉപയോഗിച്ചത്. മയിലാഞ്ചിച്ചാറാണ് ചുവന്ന നിറത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. തെക്കൻ മൊറോക്കോയിൽ കാണപ്പെടുന്ന നീലനിറത്തിലുള്ള ഇൻഡിഗോ എന്ന കല്ല് പൊടിച്ചാണ് നീലനിറം നിർമ്മിച്ചിരുന്നത് .
ഇതിൻ്റെ പൊടി പഴയ കാലത്ത് മൊറോക്കോയിലെ സഹാറയിലുള്ള ഗോത്രവർഗക്കാർ വസ്ത്രത്തിന് നിറം കൊടുക്കാനായും ഉപയോഗിച്ചിരുന്നു. കൂടാതെ കൊടുംചൂടിൽ നിന്നും പിശാചുക്കൾ, കൃമികീടങ്ങൾ എന്നിവയിൽ നിന്നും രക്ഷപ്പെടാനായി ഇൻഡിഗോയുടെ പൊടി ദേഹത്ത് പുരട്ടുന്ന രീതി ഇവരുടെ ഇടയിൽ നിലവിലിരുന്നു. ഇതുമൂലം ഇവർ “Blue people” എന്നറിയപ്പെടുന്നു. പിൽക്കാലത്ത് മുസ്ലിം വിശ്വാസവും ജീവിതരീതികളും സ്വീകരിച്ചെങ്കിലും ഗോത്രജീവിതത്തിൻ്റെ ഭാഗമായ ധാരാളം അന്ധവിശ്വസങ്ങളും അനാചാരങ്ങളും ഈ ജനത ഇന്നും വച്ച് പുലർത്തുന്നു.
കൊട്ടാരത്തിനകത്ത് ഫർണിച്ചറുകളോ മറ്റലങ്കാരങ്ങളോ ഇല്ല. കെട്ടിടത്തിന്റെ ഭാഗമായുള്ളവ മാത്രമാണ് കാഴ്ചക്കാരന് ഗോചരം ആകുന്നത്. കുറേക്കൂടി നന്നായി ഇത് ഒരുക്കി വയ്ക്കാമെന്ന് തോന്നി.
അൽ ബാദികൊട്ടാരം
അതുല്യമായ’ അല്ലെങ്കിൽ ‘അത്ഭുതങ്ങളുടെ‘ എന്നാണ് അൽബാദി എന്ന വാക്കിനർത്ഥം. 1578ൽ ഇവിടം ഭരിച്ചിരുന്ന സാദിയൻ രാജവംശത്തിലെ സുൽത്താൻ അഹമ്മദ് അൽ മൻസൂർ ആണ് ഇതിൻ്റെ നിർമ്മാണം ആരംഭിച്ചത്. അക്കാലത്ത് അപൂർവ്വമായിരുന്ന സ്വർണ നാണയങ്ങൾ ഇദ്ദേഹത്തിൻ്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടിരുന്നത് മൂലം, സുവർണ്ണരാജാവ് എന്നർത്ഥം വരുന്ന ‘ദഹാബി’ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. ‘The battle of three kings’‘ എന്നറിയപ്പെടുന്ന യുദ്ധത്തിൽ വിജയം വരിച്ച ശേഷം പോർച്ചുഗീസുകാരിൽ നിന്നും ലഭിച്ച മോചനദ്രവ്യവും ഇന്നാട്ടുകാർക്ക് കുത്തക ഉണ്ടായിരുന്ന പഞ്ചസാര വിൽപ്പനയിൽ നിന്നും ലഭിച്ച ധനവും ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചു.
ഇതിനു വേണ്ടിയുള്ള മാർബിൾ പ്രധാനമായും ഇറ്റലിയിൽ നിന്നും, സ്വർണ്ണം ഘാനയിൽ നിന്നുമാണ് കൊണ്ടു വന്നത്. ആനക്കൊമ്പു്, ടെർക്വോയിസ് (ഭാഗ്യത്തിനും ദുഷ്ടശക്തികളിൽ നിന്നുള്ള സംരക്ഷണത്തിനുമായി ഉപയോഗിച്ചിരുന്ന ഇളം നീലനിറത്തിലുള്ള കല്ല്) എന്നിവയും ഇതിൻ്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നു.അക്കാലത്ത് ലഭ്യമായിരുന്നതിൽ വച്ച് ഏറ്റവും പ്രഗത്ഭരായ പണിക്കാരെയാണ് അദ്ദേഹം ഇതിനായി കണ്ടെത്തിയത്. രാജാവിൻറെ സമ്പത്തും പ്രൗഢിയും വെളിവാക്കത്തക്ക രീതിയിൽ നിർമ്മിക്കപ്പെട്ട ഈ കൊട്ടാരം വിശിഷ്ടരായ അതിഥികളെയും അംബാസിഡർമാരെയും സ്വീകരിക്കാനും ആഘോഷങ്ങൾക്കും വേണ്ടിയാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

ഇംഗ്ലണ്ടിലെ എലിസബത്ത്(1) രാജ്ഞിയുമായി ചേർന്ന് സ്പെയിനിലെ ഫിലിപ്പ് രണ്ടാമന് എതിരായി ഇദ്ദേഹം ഒരു സഖ്യം രൂപീകരിച്ചു. ധാരാളം വ്യാപാര ഉടമ്പടികളും ഇതോടൊപ്പം നിലവിൽ വന്നു. അക്കാലത്ത് അബ്ദൽ വഹീദ് അൽ മസൂദ് ഇംഗ്ലണ്ടിലെ മൊറോക്കൻ അംബാസിഡറും എഡ്മണ്ട് ഹോഗൻ മൊറോക്കോയിലെ ഇംഗ്ലണ്ടിൻ്റെ അംബാസിഡറും ആയിരുന്നു. 1593ൽ ഇതിൻറെ നിർമ്മാണം പൂർത്തിയായി. അധികം താമസിയാതെ 1603-ൽ നിർമ്മാതാവ് മരണപ്പെട്ടു.പിന്നീട് 75 വർഷങ്ങളോളം അനാഥമായി കിടന്നിരുന്ന ഇവിടെ നിന്ന് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ച മാർബിൾ ഉൾപ്പെടെയുള്ള വിലപിടിച്ച വസ്തുക്കൾ എല്ലാം ഇളക്കി മാറ്റി.മൊറോക്കോയിൽ ആകമാനം ഉള്ള പല നിർമ്മിതികളുടെ ആവശ്യങ്ങൾക്ക് ഇത് പുനരുപയോഗിക്കപ്പെട്ടു.പിന്നീട് വന്ന അലാവിദ് രാജകുടുംബത്തിലെ മൂലി ഇസ്മയിൽ എന്ന മൊറോക്കൻ രാജാവു് മെക്കനസ് എന്ന തൻ്റെ തലസ്ഥാനം നിർമ്മിക്കാനാനായി ഇവിടെ നിന്നുള്ള ധാരാളം വസ്തുക്കൾ ഉപയോഗിച്ചു. ‘ആദ്യകാലത്ത് മരാക്കെഷും പിന്നീട് മെക്കനസ്സും ആധുനികകാലത്ത് റബാത്തും ഈ നാടിൻറെ തലസ്ഥാനങ്ങളായി.

കൊട്ടാരത്തിലേക്ക് നയിക്കുന്ന പാതയ്ക്ക് ഇരുവശവും18മീറ്റർ പൊക്കത്തിലുള്ള മതിലുകൾ കാണാം. ടിക്കറ്റ് എടുത്ത് അകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം കാണുന്ന വലിയ ഹാളിലെ ഭിത്തിയിൽ മൂന്നു വരികളായി തുളകൾ കാണാം ഇതിൽ ആദ്യത്തേത് പ്രാർത്ഥനാസമയത്ത് പാദരക്ഷകൾ സൂക്ഷിക്കാനും രണ്ടാമത്തേത് പ്രാർത്ഥനാ പുസ്തകങ്ങൾക്കായും മൂന്നാമത്തേത് വിളക്കുകൾ സൂക്ഷിക്കാനും ആണ് ഉപയോഗിച്ചിരുന്നതത്രേ! ഈ മതിലുകളുടെ മുകളിൽ ദേശാടനപ്പക്ഷിയായ സ്റ്റോർക്കുകൾ കൂട് കൂട്ടിയിരിക്കുന്നത് കണ്ടു. യൂറോപ്പിയൻ നാടോടിക്കഥകൾ അനുസരിച്ചു കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് നൽകുന്നത് സ്റ്റോർക്കുകൾ ആണ്.
കൊട്ടാരത്തിൻ്റെ ചില അവശിഷ്ടങ്ങളും പൂന്തോട്ടങ്ങൾ ഉണ്ടായിരുന്ന ഇടങ്ങളും ചുറ്റു മതിലുകളും മാത്രമാണ് ഇന്ന് കാണാൻ സാധിക്കുന്നത്. 135X110 മീറ്റർ വലിപ്പമുള്ള അതിവിശാലമായ ഒരു മുറ്റം ഇവിടെയുണ്ട്. ഭൂനിരപ്പിന് താഴെയായി കാണപ്പെടുന്ന നാല് ദീർഘചതുരാകൃതിയിലുള്ള പൂന്തോട്ടങ്ങളും ഇതിനിടയിൽ 90×20 മീറ്റർ വലിപ്പത്തിലുള്ള രണ്ട് ബൃഹത്തായ ജലസംഭരണികളുമാണ് മറ്റു കാഴ്ചകൾ.കൊട്ടാരത്തിലേയ്ക്കും തോട്ടങ്ങളിലേയ്ക്കും വെള്ളം എത്തിക്കാനാവശ്യമായ കാര്യക്ഷമമായ ഒരു ജലവിതരണസംവിധാനം ഇതോടനുബന്ധിച്ചു പ്രവർത്തിച്ചിരുന്നുവത്രെ! നാരകം,ഓറഞ്ച് എന്നിവയുടെ മരങ്ങളും റോസാച്ചെടികളും ഇന്നും ഈ തോട്ടങ്ങളിൽ കാണാം. മുല്ല, റോസ് തുടങ്ങിയ സുഗന്ധവാഹിയായ പുഷ്പങ്ങളാണ് ഇവിടെ അധികമായി കാണപ്പെട്ടിരുന്നത്! അക്കാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ അതിമനോഹരമായ ഒരു കൊട്ടാരമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്നതിന് ഉപോൽബലകമായ വിവരങ്ങൾ ഉണ്ട്. ലോകത്തിന്റെ ആഭരണം എന്ന് പേരുകേട്ട സ്പെയിനിലെ ഗ്രനാഡയിലെ അൽഹംറയുടെ മാതൃകയിലാണ് ഈ കൊട്ടാരം നിർമ്മിച്ചത്.
പ്രവേശനദ്വാരത്തിനടുത്തു തന്നെ കൊട്ടാരത്തിന്റെ അടിത്തട്ടിലേക്ക് പോകാനുള്ള പടിക്കെട്ടുകളിലൂടെ താഴേക്കിറങ്ങിയാൽ അവിടെയുണ്ടായിരുന്ന മുറികളുടെ അവശിഷ്ടങ്ങൾ കാണാം. ചിത്രപ്പണികളോട് കൂടിയ തറയോടുകൾ പാകിയ മുറികളുടെ അവശിഷ്ടങ്ങൾക്ക് ഇത്രയും വർഷങ്ങൾക്ക് ശേഷവും നിറം മങ്ങിയിട്ടില്ല.
കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് അക്കാലത്തെ നാണയങ്ങൾ, ഉത് ഘനനം ചെയ്തെടുക്കപ്പെട്ട വസ്തുക്കൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ള ഖുതുബിയ പള്ളിയിലെ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രസംഗപീഠം(Minbar)അക്കാലത്തെ ഇസ്‌ലാമിക ശിൽപവിദ്യയുടെ ഉത്തമോദാഹരണമാണ്. രാജവംശങ്ങൾ മാറിവന്നുവെങ്കിലും1962 വരെ ഇത് ഉപയോഗത്തിലിരുന്നു. തടികൊണ്ട് നിർമ്മിച്ച പടിക്കെട്ടുകളോട് കൂടിയ ഇത് ലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന കലാവസ്തുക്കളിൽ ഒന്നാണ്.