എണ്ണമറ്റ നാടകങ്ങൾ…!
അഞ്ഞൂറ്റിഅമ്പതിലധികം സിനിമകൾ….!
നിരവധി ജനപ്രിയ സീരിയൽപരമ്പരകൾ…!
അഞ്ച് തലമുറയുടെ അഭിനയപ്രതിഭ…!
വിടവാങ്ങിയത് മലയാള സിനിമയുടെ ചരിത്രമാണ്….
അഭിനയം എന്നാൽ എന്താണ് ? ‘ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നുമുള്ള നാട്യം’ എന്ന് ശബ്ദതാരാവലി. വിഭാവത്തിന്റെയും അനുഭാവത്തിന്റെയും സഞ്ചാരി ഭാവത്തിന്റെയും ഔചിത്യപൂർണ്ണമായ സംയോഗത്തിൽ നിന്നാണ് രസാസ്വാദനമുണ്ടാകുന്നതെന്ന് രസസിദ്ധാന്തം. ഇങ്ങനെയുള്ള ഭാവാഭിനയത്തെ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെ നാലായി നാട്യശാസ്ത്രം തരം തിരിക്കുന്നു. എല്ലാതരം അഭിനയ രീതികളുടെയും മർമ്മം ഔചിത്യമാണ്. എല്ലാ ഘടകങ്ങളും അപാരമായ ഔചിത്യഭംഗിയോടെ പ്രവർത്തിക്കുമ്പോഴാണ് പ്രേക്ഷകരിൽ രസാസ്വാദനം സംഭവിക്കുകയും അതുവഴി അനുഭൂതിജന്യമായ ആനന്ദം ഉണ്ടാകുകയും ചെയ്യുന്നതെന്നാണ് ഇപ്പറഞ്ഞതിന്റെയെല്ലാം ചുരുക്കം. അഭിനയത്തിലെ ഔചിത്യത്തെക്കുറിച്ചുള്ള പൗരസ്ത്യ ദർശനത്തിന് പുതിയ കാലത്തും പ്രസക്തിയുണ്ട്.
ഭാവാഭിനയത്തിൽ ഔചിത്യഭംഗിയുടെ തലത്തിൽ നിന്നാണ് ഒരു നടിയുടെ / നടന്റെ അഭിനയ മികവ് വിലയിരുത്തേണ്ടത്. അക്കാര്യത്തിൽ നൂറിൽ നൂറ് മാർക്കും നൽകാവുന്ന നടിയാണ് കെ.പി.എ.സി.ലളിത. മലയാളത്തിൽ ഇങ്ങനെ അധികം നടീനടന്മാരുണ്ടെന്ന് തോന്നുന്നില്ല. ഒരു നടി / നടൻ കഥാപാത്രവുമായി തന്മയീഭവിക്കുന്നതാണ് മികച്ച അഭിനയം എന്നതാണ് നമ്മുടെ പൊതുവെയുള്ള ധാരണ. എന്നാൽ സൂക്ഷ്മമായ നോട്ടത്തിൽ, ഈ തന്മയീഭാവം ഒരു നടിയുടെ / നടന്റെ മികവല്ല കുറവാണ് എന്ന് കാണാം. താൻ കഥാപാത്രത്തിലേക്ക് പ്രവേശിക്കുകയല്ല, കഥാപാത്രത്തെ തന്നിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് അഭിനയകലയുടെ മർമ്മം. അഭിനയ മുഹൂർത്തത്തിലുടനീളം താനൊരു നടിയാണ്/ നടനാണ് എന്ന ബോധം കൈവിടാതെ കഥാപാത്രത്തെ തന്നിലേക്ക് അവാഹിക്കുന്നതാണ് മികച്ച അഭിനയം എന്നർത്ഥം. ഇത് പ്രതിഭയുള്ള അഭിനേതാക്കൾക്ക് മാത്രം സാധ്യമാകുന്ന ഒന്നാണ്. അതില്ലാത്തവരാണ് കഥാപാത്രവും താനും ഒന്നാണെന്ന് ധരിക്കുകയും അരങ്ങിന് പുറത്തും കഥാപാത്രങ്ങളുടെ പെരുമാറ്റം തുടരുകയും ചെയ്യുന്നത്. വില്ലന്മാരെ ഇടിച്ചു വീഴ്ത്തി നീതി നടപ്പിലാക്കുന്ന നായകകഥാപാത്രത്തിന്റെ പെരുമാറ്റ രീതി സിനിമയ്ക്ക് പുറത്തും തുടരുന്ന നടന്മാരുണ്ട് നമുക്ക്. അവർക്കൊരിക്കലും കഥാപാത്രത്തെ കയ്യൊഴിയാൻ കഴിയാറില്ല. രാഷ്ട്രീയപ്രസംഗവേദിയിൽ സിനിമാ ഡയലോഗും കഥാപാത്രങ്ങളുടെ ശരീരഭാഷയുമുള്ള നടന്മാരുണ്ട് നമുക്ക്. സിനിമയിൽ കഥാപാത്രം നടത്തുന്ന ക്രിമിനൽ ഗൂഡാലോചന സിനിമയ്ക്ക് പുറത്തും പ്രയോഗിക്കാൻ ചില അഭിനേതാക്കൾക്ക് തോന്നുന്നതും കഥാപാത്രങ്ങളെ തന്നിൽ നിന്ന് അഴിച്ചു മാറ്റാൻ കഴിയാതിരിക്കുമ്പോഴാണ് ! സൂക്ഷ്മമായി നോക്കിയാൽ, ഇത്തരക്കാരുടെ എത് കഥാപാത്രത്തിലും തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കഥാപാത്രത്തിന്റെ അംശങ്ങൾ കാണാം!
ഇവിടെയാണ് കെ.പി.എ.സി.ലളിത എന്ന നടി വ്യത്യസ്തയാകുന്നത്. അവരെല്ലായിപ്പോഴും തികഞ്ഞ ആത്മബോധമുള്ള നടിയാണ്. അരങ്ങിനു പുറത്ത് ഒരു സാധാരണ സ്ത്രീയായി പെരുമാറാനും അരങ്ങിൽ ഭാവാഭിനയത്തിന്റെ അസാധാരണമായ മേഖലകൾ കീഴടക്കാനും അവർക്ക് കഴിയുന്നത് അതുകൊണ്ടാണ്. താൻ ചെയ്യുന്ന കഥാപാത്രങ്ങളെ അരങ്ങിൽത്തന്നെ ഉപേക്ഷിക്കാനും പുറത്ത് സാധാരണ മനുഷ്യരായി ജീവിക്കാനും കഴിയുക എന്നതാണ് ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ സിദ്ധി. അങ്ങനെയുള്ളവർക്കാണ് പൂർവ്വകഥാപാത്രത്തിന്റെ ബാധ്യതകളില്ലാതെ മറ്റൊരു കഥാപാത്രത്തിന്റെ വ്യത്യസ്തകളിൽ മുഴുകാൻ കഴിയുന്നത്. ഭാവാഭിനയത്തിലെ ഔചിത്യഭംഗി അങ്ങനെ ഉണ്ടാകുന്നതാണ്. കെ.പി.എ.സി.ലളിത അപാരമായ ഔചിത്യബോധമുള്ള ഒരു നടിയാണ്. അതുകൊണ്ടാണവർക്ക് പൂർവ്വഭാരങ്ങളില്ലാതെ കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിക്കാൻ കഴിയുന്നത്. അവർ അവതരിപ്പിച്ച കഥാപാത്രങ്ങളോരോന്നും നമുക്കുള്ളിൽ ജീവിക്കുന്നതും അതുകൊണ്ടാണ്. അവരുടെ വേർപാട് ‘വലിയ നഷ്ട ‘മാകുന്നത് അങ്ങനെയാണ്….. മഹാനടിക്ക് പ്രണാമം.
കവർ : വിത്സൺ ശാരദാ ആനന്ദ്