പൂമുഖം ചുവരെഴുത്തുകൾ ഉടുതുണിയുടെ രാഷ്ട്രീയം

ഉടുതുണിയുടെ രാഷ്ട്രീയം

ശരീരം എങ്ങനെ ഒരു സമരായുധമാക്കാം എന്ന് ഇന്ത്യൻ ജനതയെ ആദ്യം പഠിപ്പിച്ചത് ഗാന്ധിജിയായിരുന്നു. മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധൻ ഒരു ഒറ്റമുണ്ടും ധരിച്ച്, തന്റെ ശോഷിച്ച ശരീരം പാതി മറച്ച് ഇന്ത്യൻ ഗ്രാമങ്ങളിലൂടെ നടന്നുനീങ്ങിയപ്പോൾ ജനങ്ങൾ ഇളകിമറിയുന്നതിന്റെ മന:ശാസ്ത്രം അധികമാർക്കും മനസ്സിലായിരുന്നില്ല. വട്ടമേശസമ്മേളനത്തിൽ സൂട്ടും കോട്ടും ധരിച്ചെത്തിയ ലോകനേതാക്കൾക്കിടയിൽ എല്ലുന്തിയ അർദ്ധനഗ്നമായ തന്റെ ശരീരവും കൊണ്ട് ഗാന്ധി എന്നും വ്യത്യസ്തനായിരുന്നു. ഉണ്ണാനുമുടുക്കാനുമില്ലാത്ത അർദ്ധപട്ടിണിക്കാരായ ജനതയെ സ്വന്തം ശരീരത്തിലാവാഹിച്ചുകൊണ്ടുള്ള ഗാന്ധിയുടെ നില്പിനു രാഷ്ട്രീയമായ അർത്ഥതലങ്ങളേറെയുണ്ടായിരുന്നു. ശരീരമായിരുന്നു എന്നും ഗാന്ധിജിയുടെ പ്രധാന സമരായുധം. അതുകൊണ്ടാണ് ഗാന്ധിജിയെ നിരായുധനാക്കാൻ ശരീരത്തെ ഇല്ലാതാക്കുക മാത്രമാണ് പോംവഴിയെന്ന് ഗോഡ്സെ തിരിച്ചറിയുന്നത്. എന്നാൽ, ശരീരം ഗാന്ധിയുടെ സമരാദർശങ്ങളുടെ പ്രതിനിധാനം മാത്രമാണെന്നും ശരീരത്തിനുമപ്പുറം ഗാന്ധിക്ക് ജീവിതമുണ്ടെന്നും മനസ്സിലാക്കാൻ ഗോഡ്സെയ്ക്ക് തടസ്സമായത് സ്വന്തം മതഭ്രാന്ത് മാത്രമായിരുന്നു. എല്ലാ മതഭ്രാന്തന്മാരും ശരീരത്തെ ലക്ഷ്യം വെയ്ക്കുന്നത് അതുകൊണ്ടാണ്. മനുഷ്യബോംബുകളായി വന്ന് മറ്റു മനുഷ്യരുടെ ശരീരങ്ങൾക്കുമേൽ പൊട്ടിച്ചിതറി അവരുടെ ആദർശജീവിതങ്ങളെ ഇല്ലാതാക്കാം എന്നവർ ധരിക്കുന്നു. എന്നാൽ ശരീരത്തിനപ്പുറമുള്ള എഴുപത് വർഷങ്ങൾ ഗാന്ധിസ്മൃതി സൂര്യവെളിച്ചം പോലെ നിറഞ്ഞുപരക്കുന്നതിന്റെ യുക്തി മനസ്സിലാക്കാൻ മതഭ്രാന്തിന്റെ പരിമിതബോധം മതിയാകില്ല.
പറഞ്ഞുവരുന്നത്, ശരീരമെന്ന സമരായുധത്തിന്റെ വൈവിദ്ധ്യമാർന്ന സഞ്ചാരപഥങ്ങളെക്കുറിച്ച് തന്നെയാണ്. സത്യാഗ്രഹം ഒരു പ്രധാന സമരമാർഗ്ഗമായി ഗാന്ധി സ്വീകരിക്കുന്നത് ഈ തീഷ്ണമായ ശരീരബോധത്തിൽനിന്നാണ്. സ്വയം ഒരു സമരപ്രതീകമായി രൂപാന്തരപ്പെടുകയായിരുന്നു ഗാന്ധി. ഒരു മനുഷ്യന്റെ ജീവിതത്തെ എങ്ങനെ സമരാഭിമുഖ്യമാക്കാം എന്ന ചിന്തയിൽ നിന്നാണ് സത്യവും അഹിംസയും ഖദറും ഉപ്പും ഗാന്ധിജി കണ്ടെടുക്കുന്നത്. അതുകൊണ്ടാണ് ‘നമ്മൾ നൂറ്റ നൂലു കൊണ്ട് നമ്മൾ നെയ്ത വസ്ത്രം കൊണ്ട് നിർമ്മിതമീയനീതിക്കൊരന്ത്യാവരണം’ എന്ന് ഗാന്ധി ശിഷ്യർ ഊറ്റം കൊള്ളുന്നത്. വസ്ത്രത്തെ ഒരു രാഷ്ട്രീയപ്രതീകമായി ഉയർത്തിക്കാട്ടുന്നതിലൂടെ വസ്ത്രധാരണത്തെ ഒരു രാഷ്ട്രീയ പ്രക്രിയയായി പരിവർത്തിപ്പിക്കുകയായിരുന്നു ഗന്ധി. വസ്ത്രം ധരിക്കുക എന്നതുപോലെ പ്രധാനമാണ് വസ്ത്രം ധരിക്കാതിരിക്കുക എന്നതും. ഒരു മനുഷ്യനു ധരിക്കാൻ എത്ര വസ്ത്രം വേണം എന്നതിന്റെ ഉത്തരം ഗാന്ധിയിലുണ്ട്. വസ്ത്രം ധരിക്കാൻ അവകാശവും ശേഷിയുമുള്ള കുടുംബത്തിൽ ജനിച്ച ഗാന്ധി, ഈ അവകാശത്തെ സ്വയം ത്യജിച്ച് ലളിതജീവിതത്തിന്റെ ആദർശപാഠങ്ങളായപ്പോൾ, വസ്ത്രം ധരിക്കാൻ അധികാരമില്ലാതിരുന്ന അംബേഡ്കർ കോട്ടും സൂട്ടും ധരിച്ചത്, തന്റെ സമൂഹത്തിനു നിഷേധിക്കപ്പെട്ട അധികാരങ്ങളെ മുൻകാലപ്രാബല്യത്തോടെ തിരിച്ചുപിടിക്കാനായിരുന്നു. ആദർശങ്ങളെക്കുറിച്ച് ഒരു ജനത സൂക്ഷിക്കുന്ന നൈതികതയുടെ സൂക്ഷ്മരാഷ്ട്രീയം ഇതിലടങ്ങിയിട്ടുണ്ട്. ഒറ്റമുണ്ടും ധരിച്ച് സമരം നയിക്കുന്ന ഗാന്ധി സ്വീകരിക്കപ്പെട്ടതുപോലെ, ഒറ്റമുണ്ടും ധരിച്ച് സമരം നയിക്കുന്ന അംബേഡ്കർ സ്വീകരിക്കപ്പെടില്ല. ഒറ്റമുണ്ട് ധരിച്ച് നടക്കുന്ന അംബേഡ്കർക്ക് ഒരിക്കലും ഒരു ദലിതനു കൽപ്പിച്ചുനൽകിയ പരിമിതിയെ മറികടക്കാനാകില്ല. അതായത്, വസ്ത്രം ധരിക്കാൻ അവകാശമുള്ളവർ അത് ഉപേക്ഷിക്കുന്നതാണ് വിപ്ലവമെങ്കിൽ. അതിനധികാരമില്ലാത്തവർ ആർഭാടമായി വസ്ത്രം ധരിക്കുന്നതാണ് വിപ്ലവം എന്നർത്ഥം. കഴുത്തിൽ മൺകലവും പിന്നിൽ ചൂലും കെട്ടി നടക്കേണ്ട അംബേഡ്കർ അത് രണ്ടും മുന്നിൽനിന്നും പിന്നിൽനിന്നും പൊട്ടിച്ചെറിഞ്ഞ്, കോട്ടും സൂട്ടും ടൈയ്യും കെട്ടി ഭരണഘടന എഴുതിയുണ്ടാക്കി എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാല്പനികഭംഗി.
വസ്ത്രബോധം എന്നും അപരത്വത്തിൽനിന്നാണുണ്ടാകുന്നു എന്നതിന് ചരിത്രത്തിൽ തെളിവുകളുണ്ട്. ചില സ്ത്രീകൾ മാത്രം മാറുമറയ്ക്കുകയും മറ്റുള്ളവർക്ക് മാറുമറയ്ക്കാൻ അവകാശമില്ലാതിരിക്കുകയും ചെയ്തപ്പോഴാണ് മാറുമറയ്ക്കുക എന്നത് ഒരു അവകാശപ്രശ്നമായി ഉയർന്നുവന്നത്. മുട്ടിനു താഴെ മുണ്ടുടുക്കാൻ എല്ലാവർക്കും അവകാശമില്ലാത്തപ്പോഴാണ് അതൊരു മനുഷ്യാവകാശപ്രശ്നമായി മാറിയത്. ഇന്ന് ഏത് വസ്ത്രം ധരിക്കാനുമുള്ള അവകാശം ജനാധിപത്യപരമായി നമുക്കുണ്ടെങ്കിലും അത് പദവീപരമായി മാത്രമേ പരിഗണിക്കപ്പെടാറുള്ളൂ. പണക്കാരനല്ലാത്ത ഒരാൾ ആഡംബരമായി വസ്ത്രം ധരിച്ചാൽ, അത് അഹങ്കാരമായോ കോമാളിത്തമായോ കരുതുന്നിടത്തേയ്ക്ക് മാത്രമേ നമ്മുടെ ജനാധിപത്യബോധം വികസച്ചിട്ടുള്ളൂ. വസ്ത്രം സാമൂഹ്യാധികാരത്തിന്റെ ചിഹ്നമായി മാറിയതിനു സാമൂഹ്യജീവിതത്തോളം തന്നെ പഴക്കമുണ്ട്. വസ്ത്രധാരണം എക്കാലത്തും അധികാരത്തിന്റെ ഒരു പ്രവർത്തനരൂപമായിരുന്നു. ഇന്ത്യൻ വസ്ത്രധാരണരീതിയെ ആധുനികമായ അധികാരഘടനയുമായി ആഴത്തിൽ കൂട്ടിയിണക്കിയത് കൊളോണിയൽ ഭരണവ്യവസ്ഥയായിരുന്നു. ഉദ്യോഗസ്ഥ ഭരണതലങ്ങളിലും വിദ്യാഭ്യാസക്രമങ്ങളിലും വ്യത്യസ്തങ്ങളായ ‘ഡ്രസ്കോഡുകൾ’ നിർമ്മിച്ചുകൊണ്ട് അധികാരത്തെ എങ്ങനെ പരസ്പപൂരകമായി പ്രവർത്തിപ്പിക്കാം എന്ന് അത് കാണിച്ചുതന്നു. വിവിധതരം യൂണിഫോമുകൾ നിലവിൽ വന്നതങ്ങനെയാണ്. യൂണിഫോമിറ്റി എന്നത് അധികാരത്തിനു കടന്നുവരാനുള്ള വഴിയാണ് എന്ന ആനന്ദിന്റെ നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണ്. സ്ക്കൂളുകളിൽ യൂണിഫോമുകൾ നിർബന്ധമാക്കുന്നതിനുപിന്നിൽ പലതരം ആദർശങ്ങളുണ്ടെങ്കിലും അത് ആന്തരികമായി ലക്ഷ്യം വെയ്ക്കുന്നത് അധികാരപ്രയോഗത്തെത്തന്നെയാണ്. ഒരു കൂട്ടത്തെ വൈകാരികമായി ഏകീകരിക്കുക എന്ന ലക്ഷ്യം ഇതിനുപിന്നിലുണ്ട്. ഞാനും അവളും വ്യത്യസ്തരല്ല, എന്ന വൈകാരിക ബോധം ഉല്പാദിപ്പിക്കപ്പെട്ടാൽ മാത്രമേ അധികാരത്തിനു പ്രവർത്തിക്കാനാകൂ. വ്യത്യസ്തരാണെന്ന യാഥാർത്ഥ്യത്തെ അത് ആന്തരികമായി നിരാകരിക്കുന്നുണ്ട്. ഇത് വാസ്തവത്തിൽ അധികാരത്തിനു വിധേയപ്പെടുന്നവരുടെ ആവശ്യമല്ല, അധികാരിയുടെ ആവശ്യമാണ്. ഒരു അധികാരഘടനയ്ക്കകത്ത് നിർമ്മിച്ചെടുക്കുന്ന ചില ഏകത്വങ്ങളുടെ ബലത്തിലാണ് അധികാരം എന്നും പ്രവർത്തിക്കുന്നത് എന്നർത്ഥം. അതുകൊണ്ട് കുട്ടികളുടെ യൂണിഫോം എന്നത് കുട്ടികൾ ധരിക്കുന്ന വെറും വസ്ത്രമല്ലെന്നും അത് അധികാരബന്ധങ്ങളുടെ പ്രതീകമാണെന്നും സൂക്ഷ്മനിരീക്ഷണത്തിൽ തെളിയുന്നുണ്ട്. എന്നാൽ, ഇതിൽനിന്ന് തീർത്തും വ്യത്യസ്തമാണ് അദ്ധ്യാപകരുടെ വസ്ത്രധാരണത്തിന്റെ പ്രശ്നം.

ലളിതവസ്ത്രം എന്ന ക്ലാസിക് അധ്യാപക സങ്കല്പം നമുക്കുണ്ട്. ഖദർ വസ്ത്രവും ധരിച്ച് നീളൻ കുടയുമെടുത്ത് നാട്ടിലെ ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളിലും അവസാനവാക്കായി നാട്ടിടവഴികളിലൂടെ ആദരവേറ്റുവാങ്ങിക്കൊണ്ട് നടന്നു പോകുന്ന ഒരു ‘മാതൃകാധ്യാപകൻ’ ചരിത്രത്തിലുണ്ട്. സ്ത്രീകൾ വ്യാപകമായി അധ്യാപനരംഗത്തേയ്ക്ക് കടന്നുവന്നതോടെ അദ്ധ്യാപനമെന്ന സങ്കല്പത്തോടൊപ്പം മാതൃത്വംകൂടി ചേർത്തുവെയ്ക്കപ്പെട്ടു. അങ്ങനെ മാതാവും പിതാവും ഗുരുവും ദൈവവുമെല്ലാം ഒരു അദ്ധ്യാപനബിംബത്തിലേക്ക് അന്വയിക്കപ്പെട്ടു. ഈ ആദർശബിംബനിർമ്മിതിയുടെ പരിസരത്ത് നിന്നുകൊണ്ടാണ് ഇന്നും അദ്ധ്യാപകരെക്കുറിച്ചുള്ള സങ്കല്പം വികസിക്കുന്നത്. അതുകൊണ്ട്തന്നെ അധ്യാപകരുടെ വേഷം, ഭാഷ, പെരുമാറ്റം ഇവയെല്ലാം ഒരു സവിശേഷവ്യവഹാരത്തിനകത്ത് നിർവ്വചിക്കപ്പെടുന്ന അവസ്ഥ ഇന്നും തുടരുന്നു. അദ്ധ്യാപകരിൽ നിന്നും പൊതുസമൂഹം ചില സവിശേഷമായ പെരുമാറ്റം പ്രതിക്ഷിക്കുന്നത് അതുകൊണ്ടാണ്. അദ്ധ്യാപകരുടെ പെരുമാറ്റം പോലെ വസ്ത്രധാരണവും പഠിതാക്കളുടെ ബോധരൂപീകരണത്തിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുണ്ട്. പതിനായിരത്തിന്റെ സാരി ധരിച്ച് കുട്ടിക്ക് മുന്നിൽ നിൽക്കുന്ന അദ്ധ്യാപികയ്ക്ക് ഒരിക്കലും എല്ലാ കുട്ടികളുടെയും അധ്യാപികയാകാനാകില്ല. ഇടപെടുന്ന സമൂഹവുമായി ആഴത്തിലുള്ള ഹൃദയബന്ധമുണ്ടാകാൻ അവരുടെ വേഷവും ഭാഷയുമായി താതാത്മ്യപ്പെട്ടവരായിരുന്നു ചരിത്രത്തിൽ ജനനേതാക്കളായി മാറിയിരുന്നത്. ആദിവാസിജനതയുടെ മനസ്സിലിടം നേടാൻ അവരുടെ കല്ലുമാലയും ചേലയും ധരിച്ച് ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന ദയാഭായി നമുക്ക് മുന്നിലുണ്ട്. മുന്നിലിരിക്കുന്ന കുട്ടിയുടെ ഹൃദയത്തിലിടം നേടുക എന്നതാണ് അധ്യാപകരുടെ എക്കാലത്തെയും വെല്ലുവിളി. അതുകൊണ്ട് വസ്ത്രധാരണം എന്നത് ഒരു വ്യക്തിപരമായ പ്രശ്നമല്ലെന്നും അതിനു സാംസ്കാരികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുണ്ടെന്ന് അദ്ധ്യാപകർ തിരിച്ചറിയേണ്ടതുണ്ട്. കാരണം അധ്യാപികയെ നോക്കി ജീവിതം സ്വാശീകരിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടി ഇപ്പൊഴും നമ്മുടെ ക്ലാസ് മുറിയിലുണ്ട്.

Comments
Print Friendly, PDF & Email

You may also like