
നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തേക്ക് വന്നിട്ടുള്ള ഒരു വിദേശിയും ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല. അതൊരു ഐതിഹ്യമായിരിക്കുമെന്നും മനുഷ്യഭാവനയിൽ മാത്രമായിരിക്കും അതിന്റെ സ്ഥാനമെന്നും അവർ അനുമാനിച്ചു. നിർഭാഗ്യവശാൽ ആ വിശ്വാസം നമ്മളും സ്വീകരിച്ചു.
പക്ഷെ, നമുക്ക് തെറ്റുപറ്റിയതാണെങ്കിലോ …? ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ …? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ…? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യന്…! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ് അമീഷ് തൃപാഠിയുടെ ശിവപുരാണത്രയം. അതിലെ ആദ്യ പുസ്തകമാണ് ‘മെലൂഹയിലെ ചിരഞ്ജീവികൾ ‘.
തിബറ്റിന്റെ താഴ്വാരങ്ങളിൽ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറു ന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്റെ കർമ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥ യാണിത്.
ടിബറ്റിലെ കൈലാസപർവ്വതത്തിന്റെ അടിവാരത്തിലെ ഗുണ എന്ന ഗോത്ര വർഗത്തിന്റെ തലവനായിരുന്ന ശിവനെ മഹാപർവതത്തിനു അപ്പുറത്ത് നിന്നും എത്തിയ വിദേശി, മെലൂഹ എന്ന തന്റെ രാജ്യത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. മാനസ സരോവരമെന്ന പുണ്യ തടാകത്തിനു അടുത്തു തന്നെ തങ്ങളുടെ ഗ്രാമത്തെ നിലനിർത്തുന്നതിനായി വിവിധ മലവർഗ്ഗക്കാരുമായി നിരന്തരം യുദ്ധം ചെയ്യേണ്ടി വരുന്നത് ശിവനെ വല്ലാതെ അലട്ടി യിരുന്നു. ഈ സന്ദർഭത്തിലാണ് വിദേശിയുടെ ക്ഷണം.
അങ്ങിനെയാണ് ശിവൻ, തന്റെ ഗോത്രത്തെയും പറിച്ചെടുത്തു മെലൂഹയിലേക്ക് യാത്ര യായത്. മഹാപർവതം കയറിയിറങ്ങി കാശ്മീർ താഴ്വരയുടെ തലസ്ഥാനമായ ശ്രീനഗറിൽ എത്തിയപ്പോൾ ഒരു പറുദീസ പോലെ കാണപ്പെട്ട മെലൂഹയെന്ന നിർമലമായ ജീവിതഭൂമിക ശിവനെ അത്ഭുതസ്തബ്ദനാക്കി.
മെലൂഹയിൽ രോഗപ്രതിരോധത്തിനായി നല്കിയ സോമരസം ശിവന്റെ കഴുത്തിന് തണുപ്പും നീല നിറവും നല്കുന്നു. മെലൂഹയിലെ സൂര്യവംശികളുടെ വിശ്വാസപ്രകാരം നൂറ്റാണ്ടുകളായി അവർ കാത്തിരിക്കുന്ന രക്ഷകന്റെ അടയാളമാണത്. എന്നാൽ, ശിവൻ അതംഗീകരിക്കാൻ തയ്യാറാകുന്നില്ല. എങ്കിലും തന്നിൽ നിക്ഷിപ്തമായ കർമപഥങ്ങളിലൂടെ മുന്നോട്ടു പോകുന്ന ശിവൻ ചന്ദ്രവംശികൾക്കെതിരെ യുദ്ധം ചെയ്യുന്ന സൂര്യവംശികളെ നയിച്ച് യുദ്ധം ജയിക്കുന്നു….
സൂര്യവംശികളോ ചന്ദ്രവംശികളോ ശരിയെന്ന പ്രഹേളികയിൽ കുടുങ്ങുന്ന ശിവനിലെ നന്മ മനുഷ്യനെയും സതിയിൽ അനുരക്തനാകുന്ന ശിവനെയും സുഹൃത്തുക്കൾക്ക് ആപത്തു ണ്ടാകുമ്പോൾ രോഷം കൊള്ളുന്ന, പ്രതികാരദാഹിയാകുന്ന ശിവനെയും ഇവിടെ കാണാൻ കഴിയും.
മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യവംശത്തിന്റെയും ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്കു നയിക്കുന്ന രചന വിവർത്തനത്തിന്റെ മടുപ്പിക്കുന്ന അപാകതകളില്ലാതെ വായിക്കാൻ കഴിയും.
ശ്രീ. രാജൻ തുവ്വര മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ‘ശിവപുരാണം’ പൂർണ പബ്ലിക്കേഷൻസ് കോഴിക്കോടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.





ക്ഷേത്ര ങ്ങളെ സംബന്ധിച്ച് ഉൽപത്തിയും, പ്രതിഷ്ഠയുടെ മാഹാത്മ്യവും, ആചാരാനുഷ്ഠാനങ്ങളും, വഴിപാട് വിവരങ്ങളും അനുഗ്രഹ സാക്ഷ്യങ്ങളും നിറഞ്ഞ ഒരു പതിവ് പുണ്യ ഗ്രന്ഥം എന്ന് അബോധമായി പ്രതീക്ഷിച്ചു ഞാൻ വായന തുടങ്ങുന്നു; മുൻ വിധികളെ തൂത്തെറിഞ്ഞു, തികച്ചും പുതുമയും വൈവിധ്യവും, നാടോടി കഥകളും, ഐതിഹ്യവും, തോറ്റം പാട്ടും കീഴാള ജീവിതവും, ക്ഷേത്രാരാധനയുടെ നഗരവൽ ക്കരണവും ഒരു പുഴ പോലെ ഒഴുകി തിടം വെക്കുന്ന ഒരു വായനയിലേക്ക് ഞാൻ ആവാഹി ക്കപ്പെടുന്നു. വഴിയിൽ ഭക്തിയുടെ പലഭാവരൂപങ്ങളും, ദൃശ്യമാവു ന്നു. വയലിറമ്പത്തെ വൈക്കോൽ പുരയിൽ മടക്കി വെച്ച ഒരു തുണ്ട് ശീലയെ തോറ്റം പാടി വണങ്ങുന്ന ഗ്രാമീണർ … ഉച്ചവെയിലിൽ സർവം മറന്ന് , എരിഞ്ഞും പുകഞ്ഞും സ്വയം നിവേദ്യമായി സമർപ്പിക്കുന്ന നാനാ ദേശത്തു നിന്നുള്ള സ്ത്രീകൾ……, ആശ്രയം തേടി, സന്നിധിയിലെത്തി, തന്റെ ആരാധനാ മൂർത്തിയുടെ ജീവിത കഥയിലേക്ക് ആഴ്ന്നിറങ്ങി, ഭക്തിയുടെ അതീന്ദ്രിയാനുഭവങ്ങളിലേക്കുയരുന്ന എഴുത്തുകാരി ….. , ലോകാത്ഭുതമായി, വൻ സാമ്പത്തിക വ്യവഹാരമായി വളർന്നു പന്തലിക്കുന്ന ഭക്തിപ്രസ്ഥാനം… എന്തെന്തു വൈവിധ്യങ്ങൾ! എഴുതിയതിലും അപ്പുറമായിരിക്കണം എഴുതാത്തവ. യഥാർത്ഥവും ഭ്രമാത്മകവുമായ എത്രയോ അനുഭവങ്ങൾ അക്ഷരങ്ങളിലേക്ക് പകരാനാവാതെ എഴുത്തുകാരിയിൽ ആത്മാംശമായി നിലനിൽക്കുന്നുണ്ടാവുമെന്നു എനിക്ക് ബോധ്യമായിരുന്നു. അതാണ് എന്റെ ചോദ്യത്തിന് പിന്നിൽ .

തോറ്റം പാട്ടിൽ ഭദ്രകാളിയായിരുന്ന ആറ്റുകാലമ്മ ചിലപ്പതികാരത്തിലെ നായികയായി ക്രമേണ മാറ്റി വരക്കപ്പെട്ടു. ഇളം കോവടികൾ ചിലപ്പതികാരം രചിക്കുന്നതിനും എത്രയോ മുൻപ് കന്യാവ് എന്ന പെണ്കൊടിയുടെ കഥ തോറ്റം പാട്ടുകളിൽ സ്ഥാനം പിടിച്ചിരുന്നു. എഴുതിവെക്കപ്പെട്ടിട്ടില്ലാത്തതു കൊണ്ട് കാലാനുസൃതമായി വായ്പ്പാട്ടുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്തുക എളുപ്പമാണ്. തോറ്റം പാട്ടിൽ പാടുന്നത് കണ്ണകി ചരിതമാണെന്നു തെറ്റിദ്ധാരണ പടരുന്നത് അങ്ങനെയാണ്.

:

