പൂമുഖം LITERATUREപുസ്തകം മെലൂഹയിലെ ചിരഞ്ജീവികൾ

മെലൂഹയിലെ ചിരഞ്ജീവികൾ

meluha

നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തേക്ക് വന്നിട്ടുള്ള ഒരു വിദേശിയും ഇത്രയും മഹാനായ ഒരാൾ യഥാർത്ഥത്തിൽ ഈ രാജ്യത്ത് ജീവിച്ചിരിപ്പുണ്ടാകുമെന്ന് വിശ്വസിച്ചിട്ടുണ്ടാവില്ല. അതൊരു ഐതിഹ്യമായിരിക്കുമെന്നും മനുഷ്യഭാവനയിൽ മാത്രമായിരിക്കും അതിന്‍റെ സ്ഥാനമെന്നും അവർ അനുമാനിച്ചു. നിർഭാഗ്യവശാൽ ആ വിശ്വാസം നമ്മളും സ്വീകരിച്ചു.

പക്ഷെ, നമുക്ക് തെറ്റുപറ്റിയതാണെങ്കിലോ …? ശിവഭഗവാൻ ഭാവനാകല്പിതമല്ലെങ്കിലോ …? പകരം രക്തവും മാംസവുമുള്ള മനുഷ്യനായിരുന്നെങ്കിലോ…? കർമ്മം മൂലം ഈശ്വരരൂപം കൈവരിച്ച ഒരു മനുഷ്യന്‍…! ആ അനുമാന കല്പനയിൽ കാല്പനികതയും ചരിത്ര യാഥാർത്ഥ്യങ്ങളും ചേർത്ത്, പൌരാണിക ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ വാക്കുകളിലൂടെ വരച്ചുവെച്ചിരിക്കുന്നതാണ് അമീഷ് തൃപാഠിയുടെ ശിവപുരാണത്രയം. അതിലെ ആദ്യ പുസ്തകമാണ് ‘മെലൂഹയിലെ ചിരഞ്ജീവികൾ ‘.

തിബറ്റിന്‍റെ താഴ്വാരങ്ങളിൽ നിന്ന് മെലൂഹയുടെ സംസ്ക്കാരവിശേഷത്തിലേക്ക് കുടിയേറു ന്ന ശിവൻ എന്ന പച്ചയായ മനുഷ്യൻ തന്‍റെ കർമ്മകാണ്ഡത്തിലൂടെ മഹാദേവനാകുന്ന കഥ യാണിത്‌.

ടിബറ്റിലെ കൈലാസപർവ്വതത്തിന്‍റെ അടിവാരത്തിലെ ഗുണ എന്ന ഗോത്ര വർഗത്തിന്‍റെ തലവനായിരുന്ന ശിവനെ മഹാപർവതത്തിനു അപ്പുറത്ത് നിന്നും എത്തിയ വിദേശി, മെലൂഹ എന്ന തന്‍റെ രാജ്യത്തേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. മാനസ സരോവരമെന്ന പുണ്യ തടാകത്തിനു അടുത്തു തന്നെ തങ്ങളുടെ ഗ്രാമത്തെ നിലനിർത്തുന്നതിനായി വിവിധ മലവർഗ്ഗക്കാരുമായി നിരന്തരം യുദ്ധം ചെയ്യേണ്ടി വരുന്നത് ശിവനെ വല്ലാതെ അലട്ടി യിരുന്നു. ഈ സന്ദർഭത്തിലാണ് വിദേശിയുടെ ക്ഷണം.

അങ്ങിനെയാണ് ശിവൻ, തന്‍റെ ഗോത്രത്തെയും പറിച്ചെടുത്തു മെലൂഹയിലേക്ക് യാത്ര യായത്. മഹാപർവതം കയറിയിറങ്ങി കാശ്മീർ താഴ്‌വരയുടെ തലസ്ഥാനമായ ശ്രീനഗറിൽ എത്തിയപ്പോൾ ഒരു പറുദീസ പോലെ കാണപ്പെട്ട മെലൂഹയെന്ന നിർമലമായ ജീവിതഭൂമിക ശിവനെ അത്ഭുതസ്തബ്ദനാക്കി.

മെലൂഹയിൽ രോഗപ്രതിരോധത്തിനായി നല്കിയ സോമരസം ശിവന്‍റെ കഴുത്തിന്‌ തണുപ്പും നീല നിറവും നല്കുന്നു. മെലൂഹയിലെ സൂര്യവംശികളുടെ വിശ്വാസപ്രകാരം നൂറ്റാണ്ടുകളായി അവർ കാത്തിരിക്കുന്ന രക്ഷകന്‍റെ അടയാളമാണത്. എന്നാൽ, ശിവൻ അതംഗീകരിക്കാൻ തയ്യാറാകുന്നില്ല. എങ്കിലും തന്നിൽ നിക്ഷിപ്തമായ കർമപഥങ്ങളിലൂടെ മുന്നോട്ടു പോകുന്ന ശിവൻ ചന്ദ്രവംശികൾക്കെതിരെ യുദ്ധം ചെയ്യുന്ന സൂര്യവംശികളെ നയിച്ച്‌ യുദ്ധം ജയിക്കുന്നു….

സൂര്യവംശികളോ ചന്ദ്രവംശികളോ ശരിയെന്ന പ്രഹേളികയിൽ കുടുങ്ങുന്ന ശിവനിലെ നന്മ മനുഷ്യനെയും സതിയിൽ അനുരക്തനാകുന്ന ശിവനെയും സുഹൃത്തുക്കൾക്ക് ആപത്തു ണ്ടാകുമ്പോൾ രോഷം കൊള്ളുന്ന, പ്രതികാരദാഹിയാകുന്ന ശിവനെയും ഇവിടെ കാണാൻ കഴിയും.

മെലൂഹ എന്ന സംസ്കൃതിയുടെയും മനുഷ്യവംശത്തിന്‍റെയും  ദേവനായി അവതരിക്കുന്ന ശിവനെ ഇതിഹാസത്തിനപ്പുറത്തേക്കു നയിക്കുന്ന രചന വിവർത്തനത്തിന്‍റെ മടുപ്പിക്കുന്ന അപാകതകളില്ലാതെ വായിക്കാൻ കഴിയും.

ശ്രീ. രാജൻ തുവ്വര മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ‘ശിവപുരാണം’ പൂർണ പബ്ലിക്കേഷൻസ് കോഴിക്കോടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments
Print Friendly, PDF & Email

എറണാകുളം മരട് സ്വദേശി. ഇപ്പോൾ കാനഡയിലെ മിസ്സിസ്സാഗയിൽ താമസം. നീർമിഴിപ്പൂക്കൾ, വാക്കുകൾ പൂത്ത മേപ്പിൾവീഥികൾ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You may also like