പൂമുഖം Travel നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം ഒന്ന്

നമ്മള്‍ തൊടുന്ന ബീഹാര്‍ – ഭാഗം ഒന്ന്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ബീഹാറികള്‍ എന്നത് മ്ലേച്ചമായ വാക്കായി നമ്മില്‍ മലയാളികളില്‍ കുരുങ്ങിക്കിടക്കുന്നു. കുളിക്കാത്ത വൃത്തിയില്ലാത്ത തട്ടിപ്പുകാരായ വിവരവും സംസ്കരവുമില്ലാത്ത കുടില ബുദ്ധിയുള്ള അഴിമതി അക്രമവാസനയുള്ള… ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. എന്നാല്‍ നമ്മുടെ ജീവിതനോട്ടത്തെ മാറ്റാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ബീഹാര്‍ സമൂഹം നമുക്ക് തരിക. ബീഹാറില്‍ പോവുക എന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. യാത്രകള്‍ ഓരോരുത്തരുടെയും ഉള്ളിലോട്ടു തന്നെ തിരിഞ്ഞുനോക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒറീസ്സയോടൊപ്പം അതിനുമേലെ ചേര്‍ത്ത്പിടിക്കുന്നതാണ് ബീഹാര്‍.

കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത വാര്‍ത്തകളിൽ നിറയുന്നിടം. വടക്കന്‍ ബീഹാറിലേക്കുള്ള ദൂരം ഇന്ത്യയുടെ ഇനിയും എത്താത്തത്ര വലിയ ദൂരമാണ്. പുതിയകാലത്തിലേക്ക് മാറാന്‍ മടിക്കുന്ന പ്രതലം. ദാരിദ്ര്യവും കഷ്ടപ്പാടും വെള്ളപ്പൊക്കവും പലായനവും. ആകെ 38 ജില്ലകലുള്ള ബീഹാറില്‍ 21 ജില്ലകളും വടക്കന്‍ ബീഹാറിലാണ്.

ഇങ്ങ് തെക്ക് പട്നയ്ക്ക് കീഴെ ഗംഗയുടെ സമൃദ്ധിയില്‍ കൃഷി ചെയ്യുന്ന ഇടങ്ങള്‍ തെക്കന്‍ ബീഹാര്‍ ആയി കണക്കാക്കപ്പെടുന്നു. ഗംഗയുടെ ഒഴുക്ക് ബീഹാറിൻറെ നെഞ്ചിലൂടെ രണ്ടായി മുറിച്ച്  കിഴക്കോട്ടൊഴുകുന്നു. തെക്കൻ ബീഹാറിലെ ഭഗല്‍പൂര്‍ നൌഗചിയ സ്ഥലങ്ങൾ വാഴകൃഷിക്ക് പേര് കേട്ടതാണ്. മൊകാമയും അടുത്ത പ്രദേശങ്ങളും നെല്ലിന്‍ കൃഷിയില്‍ ധന്യം. ദരിദ്രജനതകള്‍ പാര്‍ക്കുന്ന കഘഡിയ, ബങ്ക, ജമുയി, ഭഗല്‍പൂര്‍. കുറേക്കൂടി തെക്കോട്ട്‌ പോയാല്‍ നളന്ദ രാജ്ഗീര്‍ ഗയ ഔറംഗബാദ് ബക്സര്‍ ബീഹാര്‍ ഷരീഫ് ജനപഥങ്ങള്‍. വടക്കന്‍ ബീഹാറിനെ താരതമ്യം ചെയ്യുമ്പോള്‍ തെക്കന്‍ ബീഹാര്‍ സേവനങ്ങളുടെ ലഭ്യതയും അറിവിന്‍റെ സ്ഥാപനങ്ങളുടെ വ്യാപനവും മറ്റുംമൂലം ജീവിതനിലവാരം കുറച്ചുകൂടെ മെച്ചപ്പെട്ടതും ആണ്. ഷേര്‍ഷാ പണികഴിപ്പിച്ച ഗ്രാന്റ് ട്രങ്ക് റോഡ്‌ ഇതിലൂടെ ബംഗാളിലേക്ക് ഓടിപ്പോകുന്നു.

പടലിപുത്രം എന്ന പാറ്റ്ന

പഴയ പാടലിപുത്രത്തിന്‍റെ ശ്വാസമുള്ള പട്നക്ക് ഒരു ഗ്രാമത്തിന്റെ പ്രതീതിയാണ് ഇപ്പോഴും. അത് പതിയെ മാറിവരുന്നുണ്ടെങ്കിലും കാലത്തിനൊത്ത് മാറാന്‍ കൂട്ടാക്കാത്ത ഒരു നഗരമാണെന്ന് തോന്നും. ഫ്ലൈഓവറുകളും മാളും വലിയ ഷോപ്പുകളും ഇയ്യടുത്തായി ഇടംപിടിച്ചിരിക്കുന്നു. മോടിപിടിപ്പിച്ച വൈകുന്നേരങ്ങളില്‍ രാഷ്ട്രീയ / കച്ചവട നേതാക്കളുടെ ആഡംബര വണ്ടികള്‍ അങ്ങിങ്ങായി നിര്‍ത്തിയിട്ടിരിക്കുന്നു. തോക്കുകളും പിടിച്ച് അംഗരക്ഷകര് പുറത്ത് നില്‍പ്പുണ്ട്. വീ ഐ പ്പികളോ അവരുടെ കുടുംബങ്ങളോ ഉള്ളില്‍ ഷോപ്പിംഗ്‌ നടത്തുകയോ ഭക്ഷണം കഴിക്കുകയോ ആവാം.

ബീഹാറില്‍ ഇ-റിക്ഷ കഴിഞ്ഞ മൂന്ന് നാല് കൊല്ലമായി വളരെ പ്രചാരത്തിലുണ്ട്. പുകരഹിത പ്രകൃതിസൌഹാര്‍ദ ശകടം പട്നയില്‍ എന്നല്ല മിക്ക പട്ടണങ്ങളിലും സുലഭം. പന്ത്രണ്ട് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്താല്‍ അറുപതു കിലോമീറ്ററോളം ഓടും. ദിവസം നാനൂറു മുതല്‍ അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാം. ഇനി വലിയ ആപ്പേ ഓട്ടോറിക്ഷകള്‍ക്ക് പട്ന നഗരത്തില്‍ മൂന്നു കൊല്ലം മാത്രമേ അനുമതിയുള്ളൂ എന്ന് കേട്ടു. അത് കഴിഞ്ഞാല്‍ അവര്‍ക്ക് നഗരത്തിനു പുറത്തു ബൈപാസ് വഴി ഓടിക്കാം. നല്ല കാര്യം.

രാവിലെ തന്നെ ട്യൂഷന് പോകുന്ന കുട്ടികള്‍. അവരെ യാത്ര അയക്കാനായി വന്നിരിക്കുന്ന മാതാപിതാക്കള്‍. പല ഗ്രാമങ്ങളില്‍ നിന്നും ധനികരായ ആള്‍ക്കാര്‍ മക്കളെ പഠിപ്പിച്ച് ഭാവിയിലെ ഡോക്ടറും എഞ്ചിനീയറും ഐ ഏ എസ്സും ആക്കാനുമുള്ള കളരികളാണിത്. ട്യൂഷന് മാത്രം താമസിച്ച് പഠിക്കാന്‍ ഇഷ്ടം പോലെ ഹോസ്റ്റലുകള്‍. എണ്ണിയാല്‍ തീരാത്ത ട്യൂഷന്‍ സെന്ററുകള്‍. കെമിസ്ട്രിക്കും ഫിസിക്സിനും മാത്ത്സിനും വേറെ വേറെ പ്രഗല്‍ഭര്‍ തങ്ങളുടെ കോട്ടിട്ട ചിത്രങ്ങള്‍ വെച്ച കനത്ത വലിയ ബോര്‍ഡുകള്‍.

മീതാപ്പൂരിലേക്ക്

ഇടവും വലവും തിരിഞ്ഞുപോകുന്ന വണ്ടികള്‍ നമ്മള്‍ മീതാപൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്താറായി. ഇവിടെ നിന്ന് ബീഹാറിന്‍റെ വിവിധ സ്ഥലങ്ങളിലേക്കും മറ്റു അന്യസംസ്ഥാനങ്ങളായ ബംഗാള്‍, ജാര്‍ഖണ്ഡ് യൂ പി നേപ്പാള്‍ അതിർത്തിയിലേക്കും ബസ്സുകള്‍ പുറപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് കാറിലോ ബസ്സിലോ തീവണ്ടിയിലോ മുസഫര്‍പൂരിലേക്ക് യാത്ര ചെയ്യാം. പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തീവണ്ടികള്‍ ഉണ്ടെങ്കിലും അവ സമയം തെറ്റി പായുന്ന ഇഴഞ്ഞുനീങ്ങി കൂടുതല്‍ സമയം എടുത്തേ മുസഫര്പൂരില്‍ എത്തുകയുള്ളൂ.

സര്‍ക്കാര്‍ ബസ്സില്‍ പോകണമെങ്കില്‍ ഒരു മണിക്കൂര്‍ കാത്തിരിക്കണം. സ്വകാര്യ ബസ്സ്‌ ആണെങ്കില്‍ ഓരോ രണ്ടു മിനിട്ടിലും പുറപ്പെടും. അതില്‍ ഏ സി യും നോണ്‍ ഏ സി യും 110 ഉം 125 ഉം നിരക്കില്‍ ടിക്കറ്റ്‌ എടുക്കണം. സര്‍ക്കാര്‍ ബസ്സിന്‍റെ ചാര്‍ജ് അതിന്‍റെ പകുതി. സര്‍ക്കാര്‍ ബസ്സിന്‍റെ സര്‍വീസ് ദൈര്‍ഘ്യം കൂടുന്നത് സ്വകാര്യ ബസ് സര്‍വീസ്കളുടെ ലോബിയാണ്. നിങ്ങള്‍ക്ക് സൌകര്യത്തില്‍ പോകണമെങ്കില്‍ സ്വകാര്യ ബസ്സില്‍ കയറണം. ഭാഗ്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ബസ്സില്‍ സീറ്റ് കിട്ടും. കഷ്ടിച്ചിരുന്നു പോകാം.

നമ്മള്‍ സര്‍ക്കാര്‍ ബസ്സില്‍ തന്നെ കയറി. കണ്ടക്ടര്‍ വന്നു 65 രൂപ കൊടുത്ത് മുസഫര്‍പൂര്‍ക്ക് ടിക്കറ്റ്‌ എടുത്തു. സീറ്റുകള്‍ വേഗം നിറഞ്ഞു. ബസ്സ്‌ പുറപ്പെട്ടു. ആസ്പത്രിയില്‍ വന്ന രോഗികളോ അവരോടൊപ്പം കൂട്ട് നില്‍ക്കുന്നവരോ അല്ലെങ്കില്‍ വീട്ടില്‍ എന്തെങ്കിലും രോഗമോ മരണമോ ഉണ്ടായി പോകുന്നവരോ അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ജീവിതങ്ങളോ അതുമല്ലെങ്കില്‍ ചരക്കുകള്‍ പട്നയില്‍ വിറ്റ് തിരിച്ചുപോകുന്നവരോ ഒക്കെ ആകാം ബസ്സിൽ. കഷ്ടപ്പാടുകളുടെ ദുരിതങ്ങളുടെ അവസാനിക്കാത്ത ജീവിതങ്ങള്‍. നീങ്ങിനിരങ്ങുന്ന ബസ്സുകള്‍. സര്‍ക്കാര്‍ ബസ്സുകള്‍ അത്ര ആധുനികവല്കരിച്ചിട്ടില്ല. മുസഫര്‍പൂര്‍ക്ക് എത്താന്‍ പട്നയില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരമുണ്ട്. ട്രാഫിക് ഇല്ലെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ എത്തേണ്ട നമ്മള്‍ പാലത്തില്‍ ട്രാഫിക് ഉണ്ടെങ്കില്‍ മൂന്നു മണിക്കൂറോളം എടുക്കും. പുറത്ത് റോഡിലേക്കിറങ്ങുന്ന അഴുക്കുചാല്‍ വെള്ളത്തിന് മീതെ കെട്ടിപ്പൊക്കിയ ചായക്കടകള്‍, ധാബകള്‍ ബാര്‍ബര്‍ ഷാപ്പുകള്‍ ജീവിതത്തിന്‍റെ നേര്‍കാഴ്ചകള്‍ കാട്ടിത്തരുന്നു. കുറച്ചുദൂരം കഴിഞ്ഞ് ഗംഗാനദി പാലം എത്താറായി. അവിടെ നിറയെ വാഹനങ്ങളും തിരക്കും.

റോഡരികിലെ പുറമ്പോക്കിൽ ഷീറ്റ് കുടിലില്‍ താമസിക്കുന്ന ദരിദ്ര സ്ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളെയും കൂട്ടി അതിരാവിലെ പാടത്ത് പണിചെയ്യാന്‍ പോകുന്ന കാഴ്ചകള്‍. കയ്യില്‍ ഒരു ബിസ്കറ്റോ ജിലേബിയോ പെട്ടിക്കടകളില്‍ നിന്ന് വാങ്ങി റോഡ്‌ മുറിച്ചുകടന്നോടുന്ന ചെറിയ കുട്ടികള്‍. പ്ലാസ്റ്റിക്‌ സഞ്ചിയില്‍ ചായ വാങ്ങി വീട്ടിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍. അതിനിടയ്ക്ക് പെട്ടെന്ന് റോഡ്‌ മുറിച്ചുകടക്കുന്ന നാടന്‍ കോഴികളുടെ കൂട്ടങ്ങള്‍. ആട്ടിന്‍ കുട്ടികള്‍.

മഹാത്മാഗാന്ധി സേതു

വടക്കോട്ടുള്ള പ്രധാന ആശ്രയമായ മഹാത്മാഗാന്ധി പാലം 1972 ല്‍ തുടങ്ങി 1982 ല്‍ ഉല്‍ഘാടനം കഴിഞ്ഞ് അഞ്ചു വര്‍ഷമാകുമ്പോഴേക്കും തുടങ്ങിയ അറ്റകുറ്റപ്പണികള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. വണ്ടികളുടെ ബാഹുല്യം, സാങ്കേതിക വിദ്യയുടെ പ്രശ്നങ്ങള്‍ അഴിമതി എല്ലാം കൂടെ ഈ പാലത്തെ ക്ഷീണിപ്പിച്ചു. ഇപ്പോള്‍ ഈ പാലം ഒരു ഭാഗം പൊളിച്ച് പ്രവര്‍ത്തി നടക്കുന്നു. ഒരുഭാഗത്തുകൂടെ മാത്രം വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നിരങ്ങുന്നു. ഒരു ദിവസം ഏകദേശം ഒരു ലക്ഷത്തോളം വാഹനങ്ങള്‍ ഈ പാലം വഴി പോകുന്നു.

വടക്കന്‍ ബീഹാറിനെ ബന്ധിപ്പിക്കുന്ന മറ്റൊരു പാലമുള്ളത് ഭഗല്‍പൂര്‍-നൌഗചിയ വിക്രംശില പാലം ആണ്. പക്ഷെ അത് കൂടുതല്‍ സമയമെടുക്കും. പുതുതായി പണികഴിപ്പിച്ച ദിഗ-സോന്‍പൂര്‍ റെയില്‍-റോഡ്‌ പാലം താഴെക്കൂടെ തീവണ്ടികള്‍ക്കും മേലെ റോഡില്‍ കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. ഈ പാലം വടക്കന്‍ ബീഹാറില്‍ നിന്ന് വരുന്ന പുതുതായി അനുവദിച്ച AIIMS ആസ്പത്രിയിലേക്ക് പോകാന്‍ വളരെ ഉപകാരമാണ്. ഷെയര്‍ ഓട്ടോകളും സുലഭം.

മെല്ലെ മെല്ലെ നീങ്ങുന്ന വണ്ടികള്‍. ഇത്തവണ മഴ കുറവായത്കൊണ്ട് ഗംഗയില്‍ വെള്ളം കുറവാണ്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തര്‍ പ്രദേശില്‍ പെയ്ത മഴയില്‍ വെള്ളം കുറേശ്ശെ കൂടിയിരിക്കുന്നു. പട്നയില്‍ ഗംഗയില്‍ നമ്മള്‍ മഴക്കാലത്ത്‌ വരണം. പേടിപ്പിക്കുന്ന കടല്‍പോലെ. ഹാജിപൂരിലെ പ്രസിദ്ധമായ വാഴത്തോട്ടങ്ങളെ വിഴുങ്ങിനില്‍ക്കുന്നത് കാണാം. പൊട്ടിപ്പൊളിഞ്ഞ പാലത്തിന്‍റെ നടപ്പാതയിലൂടെ പച്ചയും പഴുത്തതുമായ വാഴക്കുലകള്‍ കെട്ടിവെച്ചു ജീവിതത്തിലേക്ക് സൈക്കിള്‍ ഉന്തിക്കൊണ്ട്പോകുന്ന ദരിദ്രകര്‍ഷകരെ കാണാം. ഇതെല്ലം പട്ന മാര്‍കറ്റില്‍ വിറ്റ് ഉടന്‍ തന്നെ തിരിച്ചുപോരണം.

വൈശാലി

പാലം കടന്നാല്‍ നാം പ്രവേശിക്കുന്നത് വൈശാലി ജില്ലയില്‍ ആണ്. ബുദ്ധവിഹാരം. ബുദ്ധന്‍ ഗയയില്‍ നിന്ന് നടന്ന് വന്ന് മഴക്കാല താമസ പഠന പ്രഭാഷണ കാലങ്ങള്‍. ഇവിടെനിന്നായിരുന്നു ബുധന്‍ കുശിനഗരത്തിലേക്ക് പോകാറ്. ലോകത്തെ ആദ്യത്തെ റിപബ്ലിക് എന്നറിയപ്പെടുന്ന വൈശാലി രാജ്യം. രാജാ വൈശാലി കാ ഘര്‍. ഇവിടെയുള്ള മിക്ക ഗ്രാമങ്ങളിലും പുരാതന ചരിത്രത്തിന്‍റെ അടയാളങ്ങള്‍. ബുദ്ധന്‍ തന്‍റെ അവസാനകാലത്തിനു മുന്നേ ചെയ്ത ഭാഷണവും. സൌന്ദര്യത്തിന്‍റെ അളവു കോലായിരുന്ന കൊട്ടാരം നര്‍ത്തകി അമ്രപാലി (അംബപാലി എന്നും വിളിക്കും) നിറഞ്ഞുനിന്നയിടം. ബുദ്ധന്‍റെ കാലവും അതോടൊന്നിച്ചുയര്‍ന്ന സാമ്രാജ്യങ്ങളും ജ്ഞാനത്തിന്‍റെ ഉറവകളും അരുവികളുമായിരുന്നു. ഇക്കാലത്ത് വൈശാലി ഒരു വലിയ നഗരമായിരുന്നു, ആറാം ബി സി കാലം. ഇവിടെയാണ് ഇരുപത്തിനാലാമത് തീര്‍ഥങ്കര ഭഗവാന്‍ മഹാവീര്‍ ജനിച്ചതും വളര്‍ന്നതും.

ഹാജിപൂര്‍ ആണ് വൈശാലിയുടെ ആസ്ഥാനം. ധൃതിപിടിച്ച ജങ്ക്ഷന്‍. ആര്‍ക്കും എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലാതെ ഓടുന്ന വണ്ടികള്‍. വെറും പത്തുകിലോമീറ്റര്‍ മാത്രമേ ഹാജിപൂരും പട്നയും തമ്മിലുള്ളൂ. ഈ അടുപ്പം കാരണം പട്നയുടെ ഇനിയുള്ള വികാസം ഹാജിപൂര്‍ ചേര്‍ത്തായിരിക്കാം. വിവിധയിനം വാഴപ്പഴങ്ങള്‍ക്ക് പ്രസിദ്ധികേട്ടതാന് ഗംഗയുടെ തീരങ്ങള്‍. ഹാജിപൂര്‍ കേല. ഹാജിപൂര്‍ എത്തുമ്പോഴേക്കും പഴങ്ങള്‍ വില്‍ക്കുന്ന കുട്ടികളെ കാണാം. പൊരിവെയിലില്‍ ബസ്സിനു കാറിനു പുറകെ ഓടുന്ന ചെരുപ്പില്ലാത്ത കാലുകള്‍. ഡസന് ഇരുപതു രൂപ മുതല്‍ നൂറ്റമ്പത് രൂപവരെ അതിനിടയില്‍ തില്‍ക്കുട്ടും തേങ്ങാപ്പൂളും കാക്ടിയും വില്‍ക്കുന്നവര്‍. ജീവിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍.

സോണ്പൂര്‍ മേള

ഹാജിപൂരില്‍ നിന്ന് സോൻപൂരിലെക്ക് വളരെ അടുത്താണ്. അവിടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ആന മേള നടക്കാറ്. ആസ്സാമില്‍ നിന്നും മറ്റു നോര്‍ത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ ഇവിടെ എത്തിച്ചു ലേലം ചെയ്യുന്നു. നമ്മുടെ തൃശ്ശൂര്‍ ഗഡികള്‍ ഇവിടെനിന്നായിരുന്നു ആനകളെ വാങ്ങിയിരുന്നത്. ഇപ്പോള്‍ ഇത് നിരോധിച്ചിരിക്കുന്നു. ആനകളെ പ്രദര്‍ശനത്തിനു മാത്രമേ വെക്കാന്‍ പാടുള്ളൂ. എന്നാലും വില്പന നിയമം തെറ്റിച്ച് നടക്കുന്നുണ്ടാകാം.

പുതിയ പാതകള്‍

ബീഹാറിന്‍റെ പല പ്രധാന റോഡുകളും പുനര്‍നിര്‍മ്മാണത്തിന്‍റെ തിരക്കിലാണ്. ഇതില്‍ ആദ്യം പണിത മുസാഫര്‍പൂര്‍ വഴി വന്ന ഈസ്റ്റ്‌ വെസ്റ്റ് കോറിഡോര്‍ ആണ് (പോര്‍ബന്ദര്‍-സില്ചാര്‍). ഈ പാത ദര്‍ഭംഗ വഴി സിംരാഹി കഴിഞ്ഞ് കിഷന്‍ഗന്ജിലൂടെ ബംഗാളില്‍ കടന്ന്‍ ആസ്സാമിലെ സില്ചാറില്‍ അവസാനിക്കുന്നു. ദര്‍ഭംഗ-സിംരാഹി വഴിയുള്ള തണുപ്പിലൂടെയുള്ള വൈകുന്നേരങ്ങളിലെ യാത്ര ദരിദ്രജീവിതങ്ങളുടെ കെടാന്‍ പോകുന്ന വെളിച്ചങ്ങളെ കാണിക്കുന്നു. അതിനോട് ചേര്‍ന്ന കോശി മഹാ സേതുവും കടന്ന് മധുബനിയും നേപ്പാള്‍ ബോര്‍ഡറിലെ ബീര്പൂരിലെക്കും പോകുമ്പോള്‍ ബീഹാര്‍ എന്നത് നമ്മുടെ നെഞ്ചില്‍ പൊള്ളും.

മുസഫര്‍പൂര്‍

റോഡിനിരുവശവും പുറമ്പോക്കില്‍ താമസിക്കുന്നവരുടെ കുടിലുകള്‍ കൃഷിപ്പാടങ്ങള്‍ ലിച്ചി തോട്ടങ്ങള്‍ മാവിന്‍ മരങ്ങള്‍‍. മഞ്ഞ വിരിച്ച കടുകിന്‍ പാടങ്ങള്‍ കരിമ്പിന്‍ തോട്ടങ്ങളും ഉരുളക്കിഴങ്ങും ചോളവും സൂര്യകാന്തിയും നിറഞ്ഞിരിക്കുന്നു. ലിച്ചി കൂടുതലും ഉണ്ടാകുന്നത് മുസഫര്‍പൂര്‍ ആണെങ്കിലും വൈശാലി സീതമഡി മോതിഹാരി എന്നിവിടങ്ങളിലും തോട്ടങ്ങള്‍ ഉണ്ട്. മുസഫര്‍പൂര്‍ അടുക്കാറായി. ബസ്സ് മുന്നോട്ട് മോത്തിഹാരിക്കാണ് പോകുന്നത്. നമ്മള്‍ ഇവിടെ ഹൈവേയില്‍ ഇറങ്ങണം. എന്നിട്ട് മുസഫര്‍പൂര്‍ പട്ടണത്തിലേക്ക് പോകാം. ഭഗവാന്‍പൂര്‍, റാം ദയാലു, മജോളിയ, സീറോ മെയില്‍ തുടങ്ങിയ ഏതെങ്കിലും സ്റ്റോപ്പില്‍ ഇറങ്ങാം. രാം ദയാലു ആദ്യം വരുന്നത് കൊണ്ട് അവിടെ നിന്ന് മുസാഫര്‍പൂര്‍ക്ക് പോകുന്നതാണ് സൗകര്യം.

ഒരു സൈക്കിള്‍ റിക്ഷ പിടിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം. വിലപേശാതെ അയാള്‍ പറയുന്ന പൈസ കൊടുക്കുക. സൈക്കിള്‍ റിക്ഷാക്കാരന്‍ ബീഹാറിന്‍റെ കണ്മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. റോഡിന്നിരുവശങ്ങളില്‍ കൂട്ടം കൂട്ടമായി നിര്‍ത്തിയിട്ട് ചടഞ്ഞിരിക്കുന്ന ബീഡി വലിച്ച് ആകാശത്തേക്ക് നോക്കുന്ന റിക്ഷാക്കാരെ കാണാം. പലരും അവരെ ഇപ്പോള്‍ വിളിക്കാറില്ല. ഇ റിക്ഷയും ടൂ വീലറും കൂടി. അതില്‍ പോകുന്നതൊരു കുറവാണെന്ന തോന്നല്‍. ഇവര്‍ക്ക് വേറെ പണി അറിയില്ല. ചെറുപ്പക്കാര്‍ റിക്ഷക്കാരായി വളരെ കുറവാണ്. മിക്കവാറും നാല്‍പതിനു മേലെ പ്രായമുള്ളവര്‍. ശോഷിച്ച ആരോഗ്യം. ദാരിദ്ര്യത്തിന്‍റെ കീറിയ വേഷങ്ങള്‍. ഇവരോട് വിലപേശി കയറുന്ന മാര്‍വാഡി കച്ചവട കുടുംബങ്ങള്‍.

ഇതില്‍ ഹ്യൂമാനിറ്റി നോക്കുകയാണെങ്കില്‍ അയാളോട് അയാളുടെ ജീവിതത്തോട് ബാര്‍ഗൈന്‍ ചെയ്യാതെ അയാള്‍ പറയുന്ന പൈസയോ അല്ലെങ്കില്‍ പത്തുരൂപ കൂടുതലോ കൊടുക്കുക എന്നതാണ്‌. അത് തന്നെയൊരു ഹ്യൂമാനിറ്റെറിയന്‍ അടയാളമാണ്. സൈക്കിള്‍ റിക്ഷക്കാരന്‍ എന്നും അരികുവല്‍ക്കരിക്കപ്പെട്ട ജീവിതമാണ്‌. കാറിലും മറ്റും പോകുന്നവര്‍ ഇവരെ വെറും അധമന്‍മാരായും അറിവില്ലാത്തവരുമായി കാണുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നമ്മുടെ സൈക്കിള്‍ റിക്ഷക്കാരന്‍ തന്‍റെ ജീവിത സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കും. ഒരു പത്ത് പതിനഞ്ച് മിനിട്ട് സൈക്കിള്‍ റിക്ഷയില്‍ ഇരുന്നാല്‍ നമ്മള്‍ മുസഫര്‍പൂര്‍ പട്ടണത്തിന്‍റെ ഉള്ളില്‍ പ്രവേശിക്കും.

ജീവിതത്തിന്‍റെ മറുവശങ്ങള്‍

സൂര്യന്‍റെ കത്തുന്ന ചൂടില്‍ പാടത്ത് തളര്‍ന്നുറങ്ങുന്ന കുഞ്ഞുകുട്ടികള്‍. രാവിലെ യാതൊരു ഭക്ഷണവും കഴിക്കാതെ അതിരാവിലെ അഞ്ചുമണിക്ക് അമ്മയോടൊപ്പം പോകുന്നവര്‍. അതിനിടയ്ക്ക് വിശക്കുമ്പോള്‍ വെറും വയറ്റില്‍ തിന്നുന്ന ലിച്ചിപ്പഴങ്ങള്‍ മാത്രം. തിരിച്ചു പതിനൊന്നു പന്ത്രണ്ടു മണിയോടെ വീട്ടിലെത്തി ചാവലും ദാലും കിട്ടിയാല്‍ പിനീട് വൈകുന്നേരം ആറു മണിയോടെ കിട്ടുന്ന ശോഷിച്ച റൊട്ടിയും ആലു ബുജിയയും.  അതോടെ തീരുന്നു അന്നത്തെ ഭക്ഷണം. രണ്ടുനേരം കഷ്ടി. വൈകുന്നേരം ആറേഴുമണിയോടെ തളര്‍ന്നുറങ്ങുന്ന ജീവിതം. ദളിത്‌ ടോളയില്‍ വെളിച്ചം നേരത്തേ കേട്ട് അന്ധകാരത്തിലേക്ക് പോകും പിറ്റേന്നത്തെ കഷ്ടപ്പാടിനു വേണ്ടി.

(തുടരും)…

Comments
Print Friendly, PDF & Email

യാത്രികൻ. പരിസ്ഥിതിപ്രവർത്തകൻ, എഴുത്തുകാരൻ,

You may also like