പൂമുഖം നിരീക്ഷണം കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചക്കായി ഒന്നിച്ചു പൊരുതണം

കേരളീയ നവോത്ഥാനത്തിന്റെ തുടര്‍ച്ചക്കായി ഒന്നിച്ചു പൊരുതണം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

തം,ജാതി, കുലം, തൊഴില്‍, ദേശം, നിറം, ലിംഗം, വിശ്വാസം എന്നിങ്ങനെ നൂറുകൂട്ടം വേലികള്‍ തീര്‍ത്ത് മനുഷ്യനെ പല ദൂരങ്ങളില്‍ അകത്തി നിര്‍ത്തിയിരുന്ന കാലത്ത് സമത്വം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉഴുതുമറിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്ത്രാലയം എന്ന് വിശേഷിപ്പിച്ച കാലത്ത് നിന്ന്  ആധുനിക കേരളം സൃഷ്ടിച്ചെടുക്കാന്‍ നടന്ന പോരാട്ടങ്ങളുടെ ബാക്കിപത്രമാണ് നാം ഇന്നു കാണുന്ന സാക്ഷര സുന്ദര കേരളം.

നവോത്ഥാന പോരാട്ടങ്ങളിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴ വേലായുധപണിക്കരും വൈക്കം സത്യാഗ്രഹ സമരത്തിലെ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപ്പിള്ളയും മുതല്‍ പാലിയത്ത് ക്ഷേത്ര പ്രവേശനത്തിനായി നടന്ന സമരത്തിന് നേതൃത്വം നല്‍കി രക്തസാക്ഷിത്വം വരിച്ച കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകന്‍ എ.ജി വേലായുധന്‍ വരെയുള്ള ധീരന്മാര്‍ വീഴ്ത്തിയ രക്തത്തിന്റെ നനവില്‍ വാര്‍ത്തെടുത്തതാണീ കേരളം. മുലക്കരം ചോദിച്ചു വന്നവർക്ക് മുന്നിൽ മുല ഛേദിച്ച് നൽകിയ നങ്ങേലി മുതല്‍ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ ഭ്രഷ്ട് കല്പിച്ച് സവർണ്ണ മാടമ്പിമാർ ആട്ടിപ്പായ്ച്ച പി.കെ റോസി വരെയുള്ള സ്ത്രീ പോരാളികളുടെ സ്മരണ കേരളീയ നവോത്ഥാനത്തിന്റെ കരുത്താണ്.

നവോത്ഥാന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജവും വെളിച്ചവും പകര്‍ന്ന ശ്രീനാരായണ ഗുരു മുതല്‍ ഗുരുവായൂർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റു നേതാവ് പി.കൃഷ്ണപ്പിള്ള വരെയുള്ള മഹാന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ കരുത്തിലാണ് ഈ നാട് ഇന്നും അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്നത്.

നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വി.ടി ഭട്ടതിരിപ്പാടിന്റെയും മണ്ണില്‍ പണിയെടുക്കുന്നവരുടെ മക്കള്‍ക്ക് പൊതു പള്ളിക്കൂട്ടത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി കര്‍ഷകത്തൊഴിലാളി പണിമുടക്കിന് നേതൃത്വം നല്‍കിയ മഹാത്മ അയ്യങ്കാളിയുടെയും അവർണ്ണർക്ക് ക്ഷേത്രപ്രവേശനം വിലക്കിയിരുന്ന കാലത്ത് എല്ലാ ജാതി മതസ്ഥർക്കും പ്രവേശനമുള്ള, വിഗ്രഹങ്ങൾക്ക് പകരം കണ്ണാടി പ്രതിഷ്ഠിച്ച മാതൃകാ ക്ഷേത്രങ്ങൾ സ്ഥാപിച്ച് മഹാവിപ്ലവത്തിന് തുടക്കം കുറിച്ച വൈകുണ്ഠസ്വാമികളുടെയും ക്രിസ്ത മതം സ്വീകരിച്ച പുതു ക്രിസ്ത്യാനികൾക്കു വേണ്ടി പ്രത്യക്ഷ ദൈവസഭയ്ക്ക് നേതൃത്വം നൽകിയ പൊയ്കയിൽ അപ്പച്ചന്റെയും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടു കിടന്നിരുന്ന മുസ്ലീം സമുദായത്തെ ആധുനിക ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ മുന്നിൽ നിന്ന് പരിശ്രമിച്ച  വക്കം മൗലവിയുടെയും പാദസ്പര്‍ശമേറ്റ മണ്ണില്‍ ചവിട്ടിയാണ് ആചാരത്തിന്റെ പേരിൽ നാമജപ ഘോഷയാത്ര ഉള്‍പ്പെടെയുള്ള  ആഭാസങ്ങൾ അരങ്ങേറുന്നത്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് പ്രഖ്യാപിച്ച സി.കേശവനും തൊട്ടുകൂടാതിരുന്നവരെ ഒരു പന്തിയില്‍ ഇരുത്തി മിശ്രഭോജനം നടത്തി സവര്‍ണ്ണ മേലാളന്മാരെ വെല്ലുവിളിച്ച സഹോദരന്‍ അയ്യപ്പനും ഉള്‍പ്പടെയുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയതാണീ നാടിനെ. നവ മലയാളിയെ, നവോത്ഥാന കേരളത്തെ, ആചാരങ്ങളുടെ പേരിൽ, പിന്നോട്ട് നടത്താന്‍ ആരു ശ്രമിച്ചാലും അരുതെന്ന് പറയാന്‍, പ്രതിരോധിക്കാൻ, പ്രതിഷേധിക്കാൻ ഏറെ ആലോചനയുടെ ആവശ്യമില്ല.

മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള യാത്രയുടെ ഓരോ ഘട്ടത്തിലും നടക്കേണ്ട പ്രക്രിയയാണ് നവോത്ഥാനം. അത് കാലത്തെ പോലെ തുടര്‍ച്ചയാണ്. എതിര്‍പ്പുകളെയും വെല്ലുവിളികളെയും തട്ടിമാറ്റിയുള്ള പ്രവാഹമാകണം നവോത്ഥാനം. ആചാരലംഘനങ്ങളും ദൈവനിഷേധവും ധീരതയുടെ അടയാളങ്ങളാവണം. എന്തുകൊണ്ടോ, കേരളീയ നവോത്ഥാനത്തിന് ഒരു ഘട്ടത്തില്‍ അതിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടതിന്റെ ദുരന്തമാണ് നാം ഇന്ന് കാണുന്ന പുഴുക്കുത്തുകളും പേക്കൂത്തുകളും സമുദായവും ജാതിയും പറഞ്ഞുള്ള സമരങ്ങളും.

ആരാധനാലയങ്ങള്‍ക്ക് പകരം വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ ശാലകളും സാംസ്ക്കാരിക കേന്ദ്രങ്ങളും പടുത്തുയര്‍ത്താന്‍ മനുഷ്യര്‍ സന്നദ്ധരായിരുന്ന കാലത്തുനിന്ന് നാം പിറകോട്ടാണ് നടക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ കലാപം ഉയര്‍ത്തുകയും ശാസ്ത്രീയ ചിന്തയും യുക്തിബോധവും ജനാധിപത്യ ശീലങ്ങളുമാണ് മനുഷ്യനെ സംസ്‌കാര സമ്പന്നരാക്കുകയെന്ന്  പഠിപ്പിക്കുകയും ചെയ്ത കാലത്ത് നിന്ന്  നാം എത്ര ദൂരം പിന്നോട്ട് നടന്നു എന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്. ആള്‍ ദൈവങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങൾക്കും മുന്നില്‍ തങ്ങള്‍ നേടിയ അറിവുകള്‍ അടിയറവയ്ക്കുന്ന ഒരു തലമുറയാണ്  കേരളത്തിൽ ഇന്ന്   എന്ന സത്യം ഇപ്പോഴെങ്കിലും മലയാളിയെ അലോസര പ്പെടുത്തണം  ഇല്ലെങ്കിൽ, കൈമോശം വരുത്തിയത് എപ്പോൾ എങ്ങനെ നമ്മൾ തിരിച്ചുപിടിക്കും?

എല്ലാ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഇടയിൽ, ഇന്ന്, മലയാളി പടിയടച്ച് പിണ്ഡം  വച്ച അനാചാരങ്ങള്‍ കടന്നു വന്നിരിക്കുന്നു. അത്തരം ശീലങ്ങൾ കൂടെ കൊണ്ടുനടക്കുന്നതിൽ  നാണിച്ചിരുന്നവർക്ക് അതെടുത്ത് തലയിലണിയാൻ ഒരു ലജ്ജയും തോന്നാത്ത കാലത്തിലേക്ക് നവോത്ഥാന കേരളം വളർന്നിരിക്കുന്നു. ജാത്യഭിമാനവും തറവാട്ട് മഹിമയും പേരിന്റെ കൂടെയുള്ള ജാതിവാലുമാണ് ഇന്ന് പലർക്കും അഭിമാന ചിഹ്നങ്ങൾ.

ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗ സമത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച് ശബരിമലയിലെ യുവതീ പ്രവേശനത്തിന് വഴിതുറക്കുന്നതിന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് നടത്തിയ വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് അരങ്ങേറിയ വിവാദങ്ങളും കലാപങ്ങളും വിരല്‍ ചൂണ്ടിയത് നമ്മളിലേക്കു തന്നെയാണ്. സ്വയം വിമര്‍ശനത്തിനും സ്വയം തിരുത്തലിനുമുള്ള സമയമാണിത്.

സമുദായ നേതാക്കളും ആത്മീയ ആചാര്യന്മാരും വര്‍ഗീയവാദികളും കല്പിക്കുന്നത് അതേപടി വിഴുങ്ങി അവരുടെ വിഷം തുപ്പുന്ന പ്രസംഗങ്ങളിൽ കുടുങ്ങി നിസ്സഹായരായി പോകുന്നവരായിരുന്നില്ല രണ്ടു പതിറ്റാണ്ട് മുമ്പുവരെ മലയാളി. പതിയെ പതിയെ ആണെങ്കിലും നവോത്ഥാന മൂല്യങ്ങളെ കയ്യൊഴിയുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും സന്നിവേശിപ്പിക്കുകയും ചെയ്തതിന്റെ  ദുര്‍ഗന്ധമാണ് നമുക്കു ചുറ്റും ഉയരുന്നത്.

ഭരണഘടനയെക്കാളും മുകളിലാണ് വിശ്വാസമെന്നും സുപ്രീം കോടതി വിധിച്ചാലും അനുസരിക്കാന്‍ മനസില്ലെന്നും വിളിച്ചുപറയാന്‍ ആളുണ്ടാവുന്നത് അതുകൊണ്ടാണ്. ഇവര്‍ക്ക് മുന്നില്‍ കൈകെട്ടി കാഴ്ചക്കാരാവുകയല്ല, മറിച്ച് ഇവര്‍ ഓരോ ദിവസവും പടച്ചുവിടുന്ന നുണകളെ മുളയില്‍ തന്നെ നുള്ളിക്കളഞ്ഞും ചരിത്രവായനയിലൂടെ നമ്മള്‍ കടന്നുവന്ന വഴികളെ കുറിച്ച് പരസ്പരം ഓര്‍മ്മപ്പെടുത്തിയും അതിന്റെ കരുത്തില്‍ പുതിയ പ്രതിരോധം സൃഷ്ടിച്ചും നവോത്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണം സാധ്യമാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. അത് ഇപ്പോള്‍ തുടങ്ങണം. നിര്‍ദ്ദോഷമെന്നു കരുതി, ആചരിക്കുന്ന അനാചാരങ്ങളെ വഴിയില്‍ ഉപേക്ഷിക്കാന്‍ മലയാളി തയ്യാറാവണം. അമ്പലങ്ങളുടെയും കാവുകളുടെയും പള്ളികളുടെയും പുനർനിർമ്മാണവും പുനരുദ്ധാരണവും പുനഃപ്രതിഷ്ഠയുമല്ല, സംസ്‌കാരിക സംഘടനകളുടെയും സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും പൊതുവിദ്യാലയങ്ങളുടെയും പൊതു  ജനാരോഗ്യ പ്രവർത്തനങ്ങളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രശ്നങ്ങളാവണം നാടിന്റെ മുഖ്യ അജണ്ട. അതിനിടയിൽ മനുഷ്യർക്ക് ഒത്തുകൂടാനുള്ള സാംസ്ക്കാരിക ഉത്സവങ്ങളാവണം ആരാധാനാലങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങൾ.

ആദര്‍ശാത്മകമായ വ്യക്തിജീവിതവും പൊതുജീവിതവും ആഘോഷിക്കപ്പെടണം. അതാണ് മാതൃകയെന്ന ബോധം പുതുതലമുറയിലേക്ക് പകരണം. വിദ്യകൊണ്ട് പ്രബുദ്ധരാവാനും സംഘടനകൊണ്ട് ശക്തരാവാനും ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളാവണം വീടിന്റെ ഐശ്വര്യമാവേണ്ടത്. അല്ലാതെ ആറ്റുകാലമ്മയുടെയും അമൃതാനന്ദമയിയുടെതും ചിത്രങ്ങളല്ല. ജാതി തിരിച്ചുള്ള വിവാഹ ബ്യൂറോകളും ഓരോ മതവിഭാഗത്തിനുമായുള്ള പള്ളിക്കൂടങ്ങളും ബഹിഷ്‌കരിക്കാന്‍ നമുക്ക് കരുത്തുണ്ടാവണം. പ്രണയമോഹങ്ങളും വിപ്ലവലക്ഷ്യങ്ങളും പൂവണിയുന്ന കാലം സ്വപ്‌നം കാണുന്ന പുതുതലമുറയാണ് നമുക്കാവശ്യം. അവരുടെ ഉത്തരവാദിത്തമാണ് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും തുടര്‍ച്ചയും എന്ന ബോധ്യത്തിലേക്ക് യുവസമൂഹത്തെ നയിക്കാനാകണം. അപ്പോള്‍ ആചാര ലംഘനം കുറ്റകരമാവുന്ന കാലത്തു നിന്നും, ആര്‍ത്തവം അയിത്തമാകുന്ന ശീലത്തില്‍ നിന്നും  നമുക്ക് വഴി മാറിനടക്കാന്‍ കരുത്തു കിട്ടും. അതോടൊപ്പം സ്വയം ശാക്തീകരണത്തിലേക്ക് സ്ത്രീ സമൂഹത്തെ നയിക്കുകയും വേണം.

Comments
Print Friendly, PDF & Email

You may also like