പൂമുഖം CINEMA നീയും ഞാനും

നീയും ഞാനും

 

കെ സാജൻ 90 കളിലെ മലയാള സിനിമയുടെ പ്രിയപ്പെട്ട പേരുകളിൽ ഒന്നാണ്. അന്നത്തെ ഹിറ്റ് പടങ്ങളായ ധ്രുവവും കാശ്മീരവും ബട്ടര്ഫ്ളൈസും ഒക്കെ എഴുതിയ കഥാകാരൻ ആയിരുന്നു അദ്ദേഹം. വളരെ സജീവമായ ഒരു സിനിമാ കരിയർ അദ്ദേഹത്തിനുണ്ട്. സ്റ്റോപ്പ് വയലൻസിലൂടെ സംവിധായകൻ ആയി. മിക്കവാറും ത്രില്ലർ ഗണത്തിലുള്ള സിനിമകൾ ആയിരുന്നു അദ്ദേഹത്തിൻറെ വഴി. ഇടയ്ക്കു ഹ്യൂമറും പരീക്ഷിച്ചു. പക്ഷെ അദ്ദേഹത്തിൻറെ സിനിമകളിലെല്ലാം തന്നെ തീവ്ര പ്രണയത്തിന്റെ അംശങ്ങൾ ഏറിയും കുറഞ്ഞും ഉണ്ടായിരുന്നു. പുതിയ നിയമത്തിനു ശേഷം എടുത്ത ഇടവേളക്കിപ്പുറം ആണ് നീയും ഞാനും ആയി എ കെ സാജൻ വീണ്ടും എത്തുന്നത്. പേര് കൊണ്ട് ഒരു സെറ്റിൽ റൊമാന്റിക് സിനിമയുടെ തോന്നലുകൾ ഉണ്ടാക്കുന്നുണ്ട് നീയും ഞാനും. വലിയ പ്രീ റിലീസ് ബഹളങ്ങൾ ഇല്ലാതെ ആണ് ഈ സിനിമ റിലീസ് ചെയ്തത്. വലിയ താര നിരയുടെ ബഹളവും സിനിമക്കുണ്ടായില്ല. ഷറഫുദീന്റെ ആദ്യ നായക വേഷം കൊണ്ട് കൂടിയാണ് നീയും ഞാനും ശ്രദ്ധിക്കപ്പെട്ടത്. പലപ്പോഴും പരാജയപ്പെടുന്ന അശ്ലീലം പറയുന്ന വായ്നോക്കിയിൽ നിന്നും ഒരു പ്രമോഷൻ അദ്ദേഹത്തിന് കൊടുത്തത് വരത്തൻ ആണ്. ഇത്രയും പേടിപ്പിക്കുന്ന വില്ലനെ മലയാള സിനിമ അടുത്തൊന്നും കണ്ടിട്ടില്ല. എന്തായാലും അതിനു ശേഷം മുഴുനീള നായക വേഷത്തിലാണ് ഷറഫുദീനെ കാണുന്നത്. അനു സിതാര ആണ് നായിക ആവുന്നത്. സ്വിജു വിൽസൺ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ത്രികോണ പ്രണയ കഥ എന്ന് സൂചിപ്പിക്കും മട്ടിലാണ് സിനിമയുടെ പരസ്യങ്ങൾ കണ്ടത്. വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, അജു വർഗീസ് തുടങ്ങീ വലിയ ഒരു താര നിര തന്നെ സിനിമയിലുണ്ട്. സിയാദ് കോക്കറിന്റെ കോക്കേഴ്സ് ഫിലിംസ് ആണ് സിനിമ നിർമിക്കുന്നത്. എ കെ സാജനെയും സിയാദ് കോക്കറിന്റെയും പേരുകൾ തരുന്ന ഗൃഹാതുരതയും സിനിമക്ക് ഉണ്ട്.

സിനിമയുടെ കോഴിക്കോടൻ പരിസരം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ടൈറ്റിലുകൾ എഴുതികാട്ടുന്നത്. യാക്കൂബ് മുഹമ്മദ് (ഷറഫുദ്ദീൻ )ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണ്. ഫോട്ടോഗ്രാഫർ ആകാൻ ആഗ്രഹിച്ചു പോലീസുകാരൻ ആയി തീർന്ന ഒരാളാണ് യാക്കൂബ്. ആ ജോലി ഉപേക്ഷിക്കാൻ കാരണം കണ്ടെത്തുന്ന ഒരാളെ പോലെ ആണ് ഓരോ ദിവസവും അയാൾ ജോലിക്കെത്തുന്നത്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് അയാൾ ഹാഷ്മി അൻസാരി (അനു സിതാര )എന്ന പെൺകുട്ടിയെ കാണുന്നത്. സഹോദരന്റെ മാവോയിസ്റ്റ് ബന്ധവും കാമുകന്റെ ദുരൂഹമായ തിരോധാനവും സംഗീത കോളേജിൽ പഠിച്ചു ഒന്നുമാവാതെ നിൽക്കുന്ന നിരാശയും ഒക്കെ കൂടി ഹാഷ്മിയെ തളർത്തിയ സമയത്താണ് ഇവർ കണ്ടു മുട്ടുന്നത്. യാക്കൂബിന് ഹാഷ്മിയോടു കടുത്ത പ്രണയം തോന്നുന്നു. അയാളെ അവളും ഇഷ്ടപ്പെടാൻ തുടങ്ങുന്നു. അവൾക്കു വേണ്ടി അയാൾ പോലീസ് ജോലി വരെ കളയുന്നു. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു. രണ്ടു പേരും വീട്ടിൽ നിന്ന് മാറി ഒഴിഞ്ഞ ഒരു ഗ്രാമത്തിൽ വാടകക്ക് താമസിക്കാൻ തുടങ്ങുന്നു. ഹാഷ്മി ആ നാട്ടിലെ അവരുടെ സഹായി ആയ ഗണപതിയുടെ (വിഷ്ണു ഉണ്ണികൃഷ്ണൻ )സഹായത്തോടെ സംഗീതം പഠിപ്പിക്കാൻ തുടങ്ങുന്നു. വീട്ടമ്മ ആയ സുഭദ്രക്കുട്ടി (സുരഭി ലക്ഷ്മി )അടക്കം തരക്കേടില്ലാത്ത ശിഷ്യഗണം അവൾക്കുണ്ടാവുന്നു. യാക്കൂബിന് ഗൾഫിൽ ഒരു ജോലി ശരിയാവുന്നു. ആ ഗ്രാമത്തിനുണ്ടെന്നു അവർ വിശ്വസിക്കുന്ന സുരക്ഷിതത്വത്തിൽ അവളെ വിട്ടു അയാൾ ഗൾഫിൽ പോകുന്നു. എന്നാൽ പിന്നീട് രണ്ടു പേരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിലൂടെ ആണ് സിനിമയുടെ കഥ വികസിക്കുന്നത്.

പ്രാഥമികമായി ഒരു പ്രണയ കഥ തന്നെയാണ് നീയും ഞാനും. വിവാഹ പൂർവ പ്രണയം വിവാഹത്തിലൂടെ ശുഭ പര്യവസായി എന്നൊക്കെയുള്ള സങ്കല്പങ്ങളിലൂടെ അല്ല ഈ കഥ വികസിക്കുന്നത്. സിനിമ ഏതാണ്ട് മുഴുവനായും പറയുന്നത് വിവാഹാനന്തര പ്രണയത്തെ കുറിച്ചാണ്. പ്രായോഗികമായി ജീവിച്ചു തുടങ്ങുമ്പോളും പ്രണയം പരസ്പരം സൂക്ഷിക്കുന്നവരാണ് ഹാഷ്മിയും യാക്കൂബും. മലയാള സിനിമ വിവാഹത്തിന് മുന്നെ തുടങ്ങി വിവാഹത്തോടെ ശുഭമാകുന്നതോ അല്ലെങ്കിൽ വിവാഹാനന്തര കലഹങ്ങളിലൂടെ ആണ് മുന്നോട്ട് പൊതുവെ നീങ്ങാറ്.ഇവർ ജീവിതം കരുപ്പിടിപ്പിക്കാൻ ഒന്നിച്ചു ശ്രമിക്കുന്നു. ഹാഷ്മി കൂടുതൽ ആത്മവിശ്വാസമുള്ളവൾ ആണ്. യാക്കൂബ് തൊഴിലും വീട്ടുകാരെയും ഉപേക്ഷിച്ച ഏതൊരു ചെറുപ്പകാരനെയും പോലെ അസ്വസ്ഥനാണ്. സ്ഥായി ആയി ആത്മവിശ്വാസക്കുറവ് അയാളിൽ ഉണ്ട്. ആദ്യ പകുതിയിൽ ആണ് സിനിമ കോഴിക്കോടും ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഇവിടെ പുതിയ സിനിമകൾ പാടി പുകഴ്ത്തിയ ‘ഖൽബിൽ തേനോഴുകണ കോഴിക്കോട് ‘ രീതിയിൽ തന്നെയാണ് നീയും ഞാനും ആ നഗരത്തെ ഉപയോഗിച്ചിട്ടുള്ളത്. സുലൈമാനി, കടൽത്തീരം, മിട്ടായി തെരുവ് ഒക്കെ കാല്പനികവത്കരിച്ച പതിവ് സിനിമാ കാഴ്ച. കൊച്ചി അതിന്റെ കലർപ്പില്ലാത്ത നഗര പ്രാന്തങ്ങൾ കൊണ്ടും തൃശൂർ ഭാഷ കൊണ്ടും ഇപ്പോൾ സിനിമയിൽ ചെയ്യുന്നതാണ് കോഴിക്കോട് നഗരത്തിന്റെ ഗൃഹാതുരത കൊണ്ട് ചെയ്യുന്നത്. സ്ഥിരം രീതിയിൽ ഉള്ള കോഴിക്കോടൻ കാഴ്ചകളിലൂടെ നീയും ഞാനും മുന്നോട്ട് നീങ്ങുന്നു. ചെറിയ സൂചനകൾ അല്ലാതെ ഹാഷ്മിയുടെ ഭൂതകാലത്തെ കുറിച്ച് വ്യക്തമായ ചിത്രം തരാതേ സിനിമ ഒരു കൗതുകം ബാക്കി വെക്കുന്നു. ആ കൗതുകത്തിലൂടെ ആവും സിനിമ വികസിക്കുക എന്നൊരു സൂചന കൂടി തരുന്നുണ്ട്.

പക്ഷെ പ്രണയത്തിന്റെ ട്രാക്കിൽ നിന്ന് മാറി ഒരു ആക്ഷേപ ഹാസ്യ സ്വഭാവം കൂടിയുള്ള സാമൂഹ്യ വിമര്ശനത്തിലേക്ക് സിനിമയുടെ രണ്ടാം പകുതി വഴി മാറുന്നു. തീർത്തും വ്യത്യസ്തമായ രണ്ടു സാഹചര്യങ്ങളിൽ ഒറ്റപ്പെടുമ്പോളും പരസ്പരം സൂക്ഷിക്കുന്ന പ്രണയം ഊർജ്ജമാകുന്നു എന്നതു മാത്രമാണ് ഈ പകുതിയിലെ പറയാതെ പറഞ്ഞ പ്രണയ സാധ്യത. ഈ സാമൂഹ്യ വിമർശങ്ങളിൽ തീർച്ചയായും വലിയ കാലിക പ്രസക്തിയുണ്ട്. വരത്തന് ശേഷം സദാചാര പോലീസിങ്ങിനെ പറ്റി ശക്തമായി പറയുന്ന സിനിമ തന്നെയാണ് നീയും ഞാനും. ജാതി രാഷ്ട്രീയത്തെ ഇതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. വളരെ പുരോഗമനപരമായി തന്നെ ഇത്തരം അവസ്ഥകളെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിക്കുന്നുണ്ട്. നാട്ടിന്പുറ നന്മ എന്ന വലിയ കപടതയെ പരിഹസിക്കുന്നുണ്ട്. പക്ഷെ ഒന്നാം പകുതിയിൽ നിന്ന് രണ്ടാം പകുതിയിലേക്കു ബന്ധിപ്പിക്കുന്ന ഏതോ കണ്ണി സിനിമയിൽ ഇല്ല. ആവശ്യത്തിൽ അധികം ഡീറ്റൈലിംഗ് ഉപയോഗിക്കുന്ന രീതി ആണ് ഇവിടെ വില്ലൻ ആയത് എന്ന് തോന്നുന്നു. രണ്ടേ മുക്കാൽ മണിക്കൂറോളം ഉള്ള സിനിമയിൽ എഡിറ്റിങ്ങ് സംഭവിച്ചിട്ടുണ്ടോ എന്ന് തോന്നും വിധം ആയിരുന്നു രണ്ടാം പകുതി മുഴുവനും. ഒരു തരത്തിലും സിനിമക്ക് അനിവാര്യം അല്ലാതിരുന്ന നിരവധി രംഗങ്ങൾ സിനിമയിൽ ഉണ്ട്. മനഃപൂർവം ആണോ അല്ലയോ എന്നറിയില്ല, ഒരേ ആശയം കലർന്ന സംഭാഷണങ്ങളുടെ ആവർത്തനം സിനിമയിൽ ഉണ്ട്. ഏതാണ്ട് രണ്ടാം പകുതി മുഴുവനായി മുന്നോട്ട് നീങ്ങുന്നതും ഇങ്ങനെ ആണ്. വലിയ ബിൽഡ് അപ്പ് കൊടുത്ത ഹാഷ്മിയുടെ ഭൂതകാലം പ്രത്യേകിച്ച് ഒരു കൗതുകവുമുണ്ടാക്കാത്ത കഥ ആയി മുഴച്ചു നിന്നു. സംഗീത കോളേജിലെ പഠനം പൂർണമായും ഒരു സവർണ രീതി അല്ല എന്ന് പറയുന്ന ഭാഗം രസമുണ്ട്. പക്ഷെ ഇതിനൊക്കെ അപ്പുറവും ഇപ്പുറവും ഒരേ കാര്യം വീണ്ടും വീണ്ടും ഒരു ഡോക്യൂമെന്ററി സ്വഭാവത്തിൽ പറയുന്നത് പോലെ തോന്നി.

നീയും ഞാനും സത്യസന്ധമായ ആത്മാർത്ഥമായ ഒരു ശ്രമമാണ്. ഗിമ്മിക്കുകൾ കൊണ്ട് പ്രേക്ഷകരെ പറ്റിക്കുന്ന കപടത ഇല്ല. പക്ഷെ വളരെ ചെറിയ നേരം കൊണ്ട് പറഞ്ഞു തീരാവുന്ന ഒന്നിന്നെ വലിയ നീണ്ട ഒരു സിനിമാ ശ്രമമാക്കി. അത് വളരെ ആയാസകരമായ ഒരു കാഴ്ച്ചാനുഭവമായി മാറുകയും ചെയ്തു.

Comments
Print Friendly, PDF & Email

എഴുത്തുകാരി സിനിമാ നിരൂപക . ജേർണലിസത്തിൽ ഗവേഷണം ചെയ്യുന്നു.

You may also like