പൂമുഖം നിരീക്ഷണം പാരമ്പര്യത്തിന്റെ ആധുനികതയോടുള്ള അഭിമുഖീകരണങ്ങൾ -പുന്നശ്ശേരിയിൽനിന്നുള്ള പാഠങ്ങൾ

പുന്നശ്ശേരി നമ്പി നീലകണ്ഠശർമയുമായി ബന്ധപ്പെട്ടുനടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നവോത്ഥാനവും പുന്നശ്ശേരിയും മുൻനിർത്തിയുള്ള ചില ആലോചനകൾ: പാരമ്പര്യത്തിന്റെ ആധുനികതയോടുള്ള അഭിമുഖീകരണങ്ങൾ -പുന്നശ്ശേരിയിൽനിന്നുള്ള പാഠങ്ങൾ

ആധുനികതയോടുള്ള അഭിനിവേശങ്ങളും പരവേശങ്ങളും പ്രതിരോധങ്ങളും പരിഷ്കരണതാത്പര്യങ്ങളുമായി കൊളോണിയൽ ആധുനികതയെ മലയാളി പലതരത്തിലാണഭിമുഖീകരിച്ചത്. അതിന്റെ ഭാഗമായി സംഭവിച്ച നവോത്ഥാനത്തിനും പല മുഖങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നവോത്ഥാന നായകരെയും അക്കാല മനുഷ്യരെയും ബ്ലാക് ആന്റ് വൈറ്റ് ഫ്രെയിമുകളിലേക്ക് ഒതുക്കുക വയ്യ. അത്യന്തം വൈരുദ്ധ്യാത്മകമായ നിലപാടുകളും ആശയക്കുഴപ്പങ്ങളിലും അവരിലൊക്കെ ഏറിയും കുറഞ്ഞും കാണാം.പുന്നശ്ശേരി നമ്പി ശ്രീ നീലകണ്ഠശർമയെ നവോത്ഥാനവുമായി ചേർത്തുവെച്ചുവായിക്കുമ്പോഴും ഈ പ്രശ്നങ്ങൾ പൊന്തിവരും.
പാശ്ചാത്യ അധിനിവേശത്തോട് മലയാളി സമൂഹം പ്രതികരിച്ചത് നാലു വിധം ആയിരുന്നു എന്നു സാമാന്യമായി പറയാം, ഈ സാമാന്യവത്കരണങ്ങൾ നമ്മളെ കുഴപ്പത്തിൽ ചാടിക്കുമെങ്കിലും.
1. സംസ്കാരിക ദല്ലാളി വർഗത്തിന്റെ ആവിർഭാവം: സംസ്കാരം ഭാഷ വിദ്യാഭ്യാസം തുടങ്ങി സമസ്ത മണ്ഡലത്തിലും പാശ്ചാത്യ അഭിനിവേശത്തിന്റെയും അനുകരണത്തിന്റെയും പ്രചാരണത്തിന്റെയും ഉപകരണങ്ങൾ ആയവർ
നീതിന്യായകോടതികളിൽ പ്രവർത്തിക്കുന്ന വരും ഉദ്യോഗസ്ഥപ്രമാണീമാരുമായ ഒരു മധ്യവർഗം. ആദ്യ കാല നോവലിസ്റ്റുകൾ കഥാകൃത്തുകൾ. ആദ്യ കാല ഗദ്യ സാഹിത്യത്തിലെ ആദർശ നായകത്വം.
2. ജഡീഭൂതമായ പാരമ്പര്യത്തിൽ നിന്നുള്ള ദുർബ്ബലമായ എതിർപ്പുകളുമായി പ്രതിരോധിച്ച സാമ്പ്രദായികർ
3. ആധുനിക ജ്ഞാനോദയത്തിൽ നിന്ന് പുതിയ ലോകബോധം വികസിപ്പിച്ച് സാമൂഹ്യ നവോത്ഥാനത്തിന്റെ വഴിയിലേക്കെത്തിയ പരിഷകരണവാദികൾ.
4. ആധുനികതയുടെ ബാഹ്യസമ്മർദ്ദത്തിന് വിധേയമായി പാരമ്പര്യത്തിലേക്ക് ആധുനികലോകബോധം അന്തസ്സന്നിവേശിപ്പിച്ച് പാരമ്പര്യത്തെ ഘടനാപരമായി പുനക്രമീകരിച്ച് പാശ്ചാത്യ ആധുനികതയെ അഭിമുഖീകരിച്ചക്കുകയും പ്രതിരോധിക്കുകയും ചെയ്തവർ
ഇതിൽ നാലാം ഗണത്തിലാണു പുന്നശ്ശേരി കൂടുതൽ സ്വസ്ഥനായിരിക്കുന്നത്. പലരും വാദിക്കുന്നതുപോലെ പുന്നശ്ശേരി പരമ്പരാഗതമായ സാമൂഹ്യ ക്രമത്തെ അട്ടിമറിച്ച് ഒരു ആധുനിക സമൂഹത്തെ സൃഷ്ടിക്കാൻ ഇറങ്ങിയ നവോത്ഥാന നായകൻ ആയിരുന്നില്ല. അദ്ദേഹം . അധുനികത ബാഹ്യമായ സാമുഹ്യസമ്മർദ്ദമായാണ് അദ്ദേഹത്തിൽ കാണുന്നത്. ആന്തരികമായ ഒരു ജ്ഞാനസത്തയായല്ല. പാരമ്പര്യത്തെ ആധുനിക ലോകബോധത്തിനനുസരിച്ച് പരിഷ്കരിച്ച് പുന:സംവിധാനം ചെയ്ത്, പാരമ്പര്യത്തിനു നവീകരണത്തിലൂടെ അതിജീവന ശേഷി നൽകാൻ ശ്രമിച്ച പാരമ്പരത്തിന്റെ പരിഷ്കരണവാദിയായിരുന്നു അദ്ദേഹം . പുന്നശ്ശേരിയെ നിലപാടുകളിലെ വൈരുദ്ധ്യങ്ങളെയും സംഘർഷങ്ങളെയും ഈ തലത്തിലാണ് വിലയിരുത്തേണ്ടത്.
നിലപാടുകളിലെ വൈരുദ്ധ്യവും സംഘർഷവും സമന്വയവും
സ്മാർത്തവിചാരസന്ദർഭത്തിൽ . ആചാരങ്ങൾ കാലഗതിക്കനുസരിച്ച് പൊയ്പോകുന്നു എന്ന പുരോഗമനപരമായ കാഴ്ചപ്പാടെടുത്തു.എന്നാൽ
മുറജപവിവാദം പഴമയെ കഴിയുന്നത്ര പിന്തുടരണം എന്നായിരുന്നു നിലപാട്
ആധുനിക വൈദ്യ ശാസ്ത്രത്തോട് വിപ്രതിപത്തിയുണ്ടായിരുന്നില്ല. എന്നാൽ വസൂരി പ്രതിരോധ കുത്തിവെപ്പെടുക്കാൻ നമ്പൂതിരിമാരെ നിർബന്ധിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു അദ്ദേഹം. ഗോവസൂരിപ്രയോഗം സാർവ്വത്രികമാവുമ്പോൾ നമ്പൂതിരിമാർ ആ വഴിക്കുവരുമെന്ന യുക്തിയാണദ്ദേഹം ഉന്നയിക്കുന്നത്. ഇങ്ങനെ പലപ്പോഴും ഒരു സമന്വയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
ഭ്രഷ്ട് സംബന്ധിച്ച സന്ദർഭങ്ങളിലും പുന്നശ്ശേരി ഇങ്ങനെ ഒരു തന്ത്രപരമായ നിലപാട് കൈക്കൊള്ളുന്നതുകാണാം. ഭ്രഷ്ടു കൽപ്പിക്കാൻ രാജാവിനേ അധികാരമുള്ളൂ എന്നും മദാമ്മയെ വിവാഹം കഴിച്ചാൽ ഭ്രഷ്ട് വിധിക്കാമെന്ന പ്രമാണമില്ലെന്നും അദ്ദേഹം പറയുന്നുണ്ട് ക്ഷേത്രപ്രവേശനത്തിലും ഈ പ്രമാണമില്ലായ്മ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ടല്ലോ. ജന്മി സംഘടനയുടെ പ്രവർത്തനകാര്യങ്ങളിലും ഈ വൈരുദ്ധ്യം പുന്നശ്ശേരിയിൽ കാണാം.
ക്ഷേത്രപ്രവേശനത്തിലെന്ന പോലെ ജാതിയെ സംബന്ധിച്ചും സവിശേൽപ്പാടായിരുന്നു പുന്നശ്ശേരിയുടേത്. ചാവാൻ പോകുന്നതിനെ കൊല്ലേണ്ടതില്ല. എന്ന സ്റ്റെയ്റ്റ്മെന്റ് തന്നെ നോക്കുക. ഗുരുവിനോ മറ്റ് സാമൂഹ്യപരിഷ്കർത്താക്കൾക്കോ അത്തരമൊരു നിലപാട് കൈക്കൊള്ളാനാവില്ലല്ലോ.
ദേശീയപ്രസ്ഥാനത്തിലോ കോളോണിയൽ വിരുദ്ധ സമരങ്ങളിലോ പുന്നശ്ശേരി ഇടപെട്ടതായി തെളിവുകളില്ല. എന്നാൽ പുന്നശ്ശേരിക്കളരിയിൽ പലരും ദേശീയസമരത്തിൽ സജീവമായിരുന്നുതാനും. ഇന്ത്യൻ സാമ്പത്തികരംഗത്തെക്കുറിച്ച് എഴുതിയ ലേഖനത്തിൽ ബ്രിട്ടീഷ് നയങ്ങളെ അദ്ദേഹം വിമർശിക്കുന്നുമുണ്ട്.
ഇങ്ങനെ പാരമ്പര്യത്തെ നവീകരിച്ച് ആധുനികതയെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുക എന്ന ഒരു സരണിയിലായിരുന്നു പുന്നശ്ശേരിയുടെ ആധുനികതയിലേക്കുള്ള വഴി എന്നു പറയാം. സ്വാഭാവികമായും നിരവധി വൈരുദ്ധ്യങ്ങൾ ഈ സമന്വയവഴിയിൽകാണാം. അഥവാ നവോത്ഥാനം തന്നെ അത്യന്തം വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നുവല്ലോ.
പാരമ്പര്യത്തിന്റെ മിഷണറി

ഭാഷയിലുള്ള പ്രവർത്തനങ്ങൾ , വിദ്യാഭ്യാസപ്രവർത്തനങ്ങൾ, ആധുനിക ചികിൽസയും ആശുപത്രിയും പ്രചരിപ്പിക്കുക, അച്ചുകൂടങ്ങളും പുസ്തകപ്രസാധനവും വ്യാപിപ്പിക്കുക, വ്യവഹാരഭാഷയോടുള്ള ഇഴയടുപ്പം ,പത്രപ്രവർത്തനം തുടങ്ങി പലകാര്യങ്ങളിലും ക്രിസ്ത്യൻ വിദേശ മിഷണറിമാർ നടത്തിയ പ്രവർത്തനങ്ങൾ പുന്നശ്ശേരി തന്റെ കർമ്മപഥത്തിൽ ഒരു മാത്രകായി എടുത്തിട്ടുണ്ടെന്നുതോന്നുന്നു. അങ്ങനെ ആധുനികതയുടെ പകൽ വെട്ടത്തിൽ പാരമ്പര്യത്തിന്റെ ഒരു നല്ല മിഷണറിയായി പ്രവർത്തിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്.
സംസ്കൃതപാഠശാല സ്ഥാപിച്ച് അതിനെ ആധുനിക വിദ്യാഭ്യാസവുമായി കണ്ണിചേർത്തതുപോലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾ , വൈദ്യശാല, സഹകരണ സംഘം , അച്ചുകൂടം , ബാങ്ക് എന്നിവ സ്ഥാപിക്കൽ പത്രമാധ്യമം ആരംഭിക്കൽ തുടങ്ങിയ നാനാതരം പ്രവർത്തനങ്ങളിലും ഈ മിഷണറി മാതൃകയും ആധുനികജീവിതബോധവും പ്രതിഫലിക്കുന്നുണ്ട്.

കൊളോണിയൽ ആധുനികതയോട് ഒരേസമയം പ്രതിരോധാത്മകവും പരിഷ്കരണാത്മകവുമായ പ്രതികരണമാണ് പുന്നശ്ശേരിയിൽനിന്നുണ്ടായത്. അഞ്ചുതരത്തിലാണ് ഈ ആധുനികാവബോധം അദ്ദേഹത്തിൽ പ്രവർത്തിച്ചതെന്നുവേണമെങ്കിൽ പറയാം.
1. സംസ്കൃത വിദ്യാഭ്യാസത്തിൽ വരുത്തിയ ഘടനാത്മക പരിഷ്കാരങ്ങൾ:
പാഠശാല, മഹാപാഠശാല എന്ന ക്രമത്തിൽ സ്കൂൾ കോളേജ് തലങ്ങൾ ,ബിരുദം , സർട്ടിഫിക്കറ്റ്, സിലബസ്സ് , അഫിലിയേഷൻ , ഗ്രാന്റ്, കലണ്ടർ, ഹോസ്റ്റൽ… തുടങ്ങി ഒരു ആധുനിക സമ്പ്രദായത്തിലുള്ള  ഒരു കോളേജിനുവേണ്ട ഭൗതിക -അക്കാദമിക ഘടന തന്റെ ഗുരുകുലത്തിനുകൊണ്ടുവരുവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സംസ്കൃതപഠനത്തിന് ഈ രീതിയിൽ ആധുനികമായ ഒരു കരിക്കുലം കൊണ്ടുവരുന്നത് പുന്നശ്ശേരിയാണ്.
പരമ്പരാഗത സംസ്കൃതപാഠങ്ങൾക്കൊപ്പം  ഇംഗ്ലീഷ്  മലയാളം പഠനം സ്കൂൾ തലത്തിൽ കൊണ്ടുവന്നത്. കണക്ക് ഭൗമ ശാസ്ത്രം മലയാളം തുടങ്ങിയ വിഷയങ്ങൽ ഉൾച്ചേർത്തത് തുടങ്ങിയ കാര്യങ്ങളും ഈ ദിശയിലുള്ളതായിരുന്നു.

2. സംസ്കൃതപഠനത്തെ പൊതു സരണിയിലാക്കാനുള്ള ശ്രമങ്ങൾ ആണ് പ്രധാനം. സെപ്റ്റംബർ ,1889 – സാരസ്വതോദ്യോതിനി സംസ്കൃതപാഠശാലയുടെ സമാരംഭിച്ചത്. അതിനെ സർവകലാശാലയുമായും പൊതുവിദ്യാഭ്യാസവുമായും ബന്ധിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാൻ വൈകാതെ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പിന്നാക്ക ജാതികൾ, സ്ത്രീകൾ, മുസ്ലീങ്ങൾ . ക്രിസ്ത്യാനികൾ തുടങ്ങിയവർക്ക് സംസ്കൃതവിദ്യാഭ്യാസം പ്രാപ്യമാക്കൽ പാഠശാലയുടെ ഒരു ലക്ഷ്യമായിരുന്നു. മദിരാശി ഗവണ്മെന്റിന്റെ നിർദേശം ഇതിനു പ്രേരകമായിട്ടുണ്ട്. 1906-07 സംസ്കൃത പാഠശാലയ്ക്ക് മദിരാശി ഗവണ്മെന്റിന്റെ അംഗീകാരവും ഗ്രാന്റും ലഭിച്ചു. 1910 മദ്രാസ് യൂണിവേഴ്സിറ്റി പാഠശാലയെ മോഡൽ സംസ്കൃത പാഠശാലയായി അംഗീകരിക്കുന്നു. 11.06.1911 നാണ് മോഡൽ സംസ്കൃത പാഠശാല സെൻട്രൽ സാൻസ്ക്രിറ്റ് കോളേജ് പട്ടാമ്പി എന്ന പേരിൽ മഹാപാഠശാലയാക്കി പരിവർത്തിപ്പിക്കുന്നത്. അവർണ്ണജാതികളും സ്ത്രീകളും അന്യമതസ്ഥരും സംസ്കൃതാഭ്യസനം നടത്തിയ ഈ കോളേജിൽ വിദ്യാർത്ഥികളാവാൻ നമ്പൂതിരിമാർ വിമുഖരായിരുന്നു എന്നുകൂടി പറയേണ്ടതുണ്ട്.

ക്ഷേത്രപ്രവേശനം, ആധുനിക പ്രതിരോധ ചികിൽസ തുടങ്ങി പല കാര്യങ്ങളിലും ഉത്പതിഷ്ണുത്വം തുറന്നു കാട്ടാതെ, സ്വജീവിതത്തിൽ ജാതിയും അയിത്തവും പുലർത്തി ജീവിക്കുമ്പോഴും സരസ്വതിക്കു തീണ്ടലില്ല എന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടു.
3. സംസ്കൃതകൃതികൾ അച്ചടിച്ചു പ്രചരിപ്പിക്കാനായി അച്ചുകൂടത്തിന്റെ സ്ഥാപനം അവിടെ നിന്നുള്ള പുസ്തക പ്രസാധനം മറ്റൊരു ചുവടാണ് –പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധമായിരുന്നു.
4. വൃത്താന്തപത്രപ്രവർത്തനം. – ഇൻഡ്യയിൽ തന്നെ സംസ്കൃതത്തിലെ ആദ്യ പത്രം വിജ്ഞാന ചിന്താമണി തുടങ്ങി. 1883 വെള്ളാണശ്ശേരി വാസുണ്ണി മൂസദിന്റെ സഹായത്തോടെ വിജ്ഞാന ചിന്താമണി പ്രസിദ്ധീകരണം. മൂന്നു ഘട്ടങ്ങളിലായി പ്രസാധനം. (1883, 1887,1891 .. )
പിൻഗാമികളെ ഇൻഡ്യഒട്ടാകെ സൃഷ്ടിച്ചു. സംസ്ത്ത്തിൽ ഒരു പുതിയ വ്യവഹാരസാധ്യതയുടെ തുറന്നിടൽ. സാഹിത്യ വൈജ്ഞാനിക ചർച്ചകൾ മാത്രമല്ല ആനുകാലിക വിഷയങ്ങൾ, മുഖ പ്രസംഗം, നിരീക്ഷണങ്ങൾ തുടങ്ങി സമകാലികജീവിതത്തിനുപയുക്തമായ ഒരു മാധ്യമഭാഷയാക്കി സംസ്കൃതത്തെ മാറ്റാനുള്ള ശ്രമങ്ങൾ ഈ മാസികയിലുണ്ടായി , സംസ്കൃതത്തെ പത്രഭാഷ യാക്കാനുള്ള ശ്രമങ്ങളും ഒരു പ്രധാനചുവടായിരുന്നു . സംസ്കൃതത്തിനു മലയാളത്തിനും പ്രത്യേക ഖണ്ഡങ്ങൾ ഉൾപ്പെടുത്തി മലയാളത്തെയും ഒപ്പം കൂട്ടി എന്നതും പ്രസ്താവ്യമാണ്, പിന്നീട് മലയാളപ്രസിദ്ധീകരണങ്ങളുടെ വ്യാപനത്തോടെ സംസ്കൃതത്തിൽ മാത്രം ഉറപ്പിക്കുന്നു. ഗ്രന്ഥലിപിയിൽ നിന്ന് ദേവനാഗിരി ലിപിയിലേക്ക് മാറ്റി അഖിലേൻഡ്യാതലത്തിലേക്ക് വായനാലോകത്തെ വികസിപ്പിക്കൽ, ഇൻഡ്യയിൽ പലയിടത്തായി ചിതറി കിടക്കുന്ന സംസ്കൃതഭാഷാതല്പരരെ സംഘടിപ്പിക്കൽ തുടങ്ങി ഒരു അഖിലേന്ത്യാകാഴ്ചപ്പാട് ഈ മാസികയിലദ്ദേഹം വികസിപ്പിക്കുന്നതുകാണാം.
5. സാമ്പ്രദായിക സംസ്കൃതപഠനത്തിനപ്പുറം സംസ്കൃതജ്ഞാന ശാസ്ത്രത്തിന്റെ വ്യാഖ്യാനാത്മകമായ ശേഷിയെ വികസിപ്പിക്കലും അതിനു പ്രാദേശികഭാഷകളിലേക്ക് സ്വാംശീകരിക്കലുമാണ് പുന്നശ്സേരിയുടെയും അദ്ദേഹത്തിന്റെ ഗുരുകുലത്തിന്റെയും പ്രധാന സംഭാവന. പുന്നശ്ശേരി പാഠശാലയിൽ നിന്ന് പുറത്തിറങ്ങിയവർ പ്രവർത്തിച്ച് പ്രസിദ്ധരായത് മലയാള ഭാഷയിലെയും സാഹിത്യത്തിലെയും നൂതനശാഖകളിൽ ആയിരുന്നു.. അവരാകട്ടെ ഈ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്ന പാശ്ചാത്യആധുനികത സങ്കല്പങ്ങളെയും സമീപനരീതികളെയും പ്രതിരോധിക്കുകയും മലയാള സാഹിത്യത്തെ ഭാരതീയമായ സാന്ദര്യശാസ്ത്രത്തിലും ചിന്തയിലും ഉറപ്പിച്ചു നിർത്തുകയും ചെയ്തു.. കുട്ടികൃഷ്ണമാരാരുടെ ഭാരതീയചിന്തയുടെ പുതിയ രീതിയിലുള്ള പ്രയോഗവും പി കുഞ്ഞിരാമൻ നായരിൽ കാണുന്ന കോളോണിയൽ ആധുനികതക്കെതിരായ നിലപാടുകളും ഈ രീതിയിൽ വിശകലനം ചെയ്യാവുന്നതാണ്.


 

ഏഴുവർഷങ്ങൾക്കു മുമ്പ് പുന്നശ്ശേരിയെക്കുറിച്ചുള്ള ഒരു അവതരണത്തിനായി തയ്യാറാക്കിയ പ്രബന്ധമായി വികസിപ്പിച്ചിട്ടില്ലാത്ത  കുറിപ്പ് മാറ്റങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്നത്.

Comments
Print Friendly, PDF & Email

You may also like