ബാല്യത്തിൽ
ഏതു കളിയും കളിക്കാം
ഏതു വേഷവും ആടാം
അരയിൽ കുരുത്തോല തൂക്കി
ആപാദം ഭസ്മം പൂശി
ചിരിച്ചാർക്കുന്ന വലയത്തിനുള്ളിൽ
തിളങ്ങുന്ന കണ്ണുകളുമായി
എന്തൊക്കെ കളികൾ !
പരസ്പരം
കാലിൽ, മെയ്യിൽ
പേരും വിലാസവും
കുത്തിക്കുറിക്കുന്ന കളി
തലയ്ക്കു മീതെ വട്ടംചുറ്റി
കഴുകന്മാർ
ഡ്രോണുകൾ
ബോംബറുകൾ
ചുറ്റും ഡയഫ്രം സേനയിലെ
കരിംഭൂതങ്ങൾ
തോക്കുകൾ
ഒരു സ്ഫോടനം
ഒരു പൊട്ടിത്തെറി
മാലപ്പടക്കങ്ങൾ
അമിട്ടുകൾ
അഗ്നിജ്വാലയിൽ
കത്തിക്കരിഞ്ഞും
ചിതറിത്തെറിച്ചും,
തൂളുകളായ് കുരുന്നുകൾ
തെറിച്ചു വീണ ഏതോ തുണ്ടിൽ
ഒരു പേര്,
വിലാസത്തിന്റെ ഒരു പൊട്ട്
വിലാപത്തിനും
വിയോഗത്തിനുമിടയിൽ
തിരിച്ചറിയാൻ.
കണ്ണ് ചിമ്മാനാവാതെ
ശ്വാസമെടുക്കാതെ
ലോകം മുഴുവൻ കണ്ട
പേരിടൽ കളി ….