പൂമുഖം LITERATUREകഥ *കക്കാ……..റച്ചി*

*കക്കാ……..റച്ചി*

 

ഴ്ചയിലൊരിക്കൽ ആറ്റു നോറ്റ് കിട്ടുന്നൊരവധിയാ. അതും പണ്ടാരടക്കാനായിട്ട് ഇങ്ങനെ ഓരോന്ന് വാങ്ങി വയ്ക്കും. എന്നിട്ട് വെറുതേ കാലും നീട്ടി സിറ്റൗട്ടിലിരുന്നാൽ പോരേ? ബാക്കിയൊള്ളോർക്ക് വിശ്രമം പറഞ്ഞിട്ടില്ലല്ലോ. ഞാനിതെപ്പോ പൊളിച്ച് തീർത്തിട്ട് ഒന്നു നടു നിവർത്തുമെന്റെ ഭഗവാനേ…”*
അടുക്കള വാതിലിൽ നിന്നും പുറത്തേയ്ക്കുള്ള പടിയുടെ താഴെ കുത്തിയിരുന്ന് കക്കയിറച്ചിയുടെ ചെറിയൊരു കുന്ന് പൊളിച്ചിടുന്ന അശ്വതിയുടെ പരിഭവവും, ഇടയ്ക്ക് പുറത്തേയ്ക്ക് തെറിക്കുന്ന ശാപവാക്കുകളും കേട്ട് തെങ്ങിൻ ചുവട്ടിൽ കിടന്നിരുന്ന വെളുത്ത പൂച്ച, മടുത്തെന്നോണം മുൻകാലുകൾ നീട്ടി ഒന്ന് വലിഞ്ഞ് നിന്ന് കോട്ടുവായിട്ടു. ശേഷം മുഖം കോട്ടി മുറ്റത്തേയ്ക്ക് നടന്നു. മഴ കുതിർത്തിട്ട വീടിന്റെ പിന്നാമ്പുറത്തെ മുഷിഞ്ഞ ഗന്ധവും, വാഷിംഗ് മെഷീനിൽ താൻ ചെല്ലുന്നതും കാത്ത് വിരിക്കാൻ കിടക്കുന്ന തുണിക്കൂമ്പാരത്തിന്റെ ഓർമ്മകളും, തലങ്ങും വിലങ്ങും കുത്തുന്ന കൊതുകുകളെ അടിക്കാൻ പറ്റാത്ത നിരാശയും, പൊളിച്ചു തീരാൻ ഇനിയും ബാക്കിയുള്ള കക്കയിറച്ചിക്കൂന ഉളവാക്കുന്ന കലിയും ചേർന്ന് വല്ലാത്തൊരവസ്ഥയിലായിരുന്നു അവൾ.

രമേഷ് കുമാർ കെ.എസ് എന്ന രമേശനാവട്ടെ, വീടിന്റെ പൂമുഖത്തേയ്ക്ക് തെറിച്ചു വരുന്ന ശാപവാക്കുകളെയും, ചാഞ്ഞു പെയ്യുന്ന മഴയെയും ഒരേ നിർവികാരതയോടെ നോക്കിയിരുന്ന്, അർജന്റീനയുടെ രണ്ടാം റൗണ്ട് സാധ്യതകൾ വിശകലനം ചെയ്യുകയായിരുന്നു. വാഷിംഗ് മെഷീനിലെ തുണിയോ, തോരാതെ പെയ്യുന്ന മഴയ്ക്കിടെ, ദയ തോന്നിയെന്നോണം ആകാശം നീട്ടിത്തുപ്പുന്ന വെയിലോ അയാളെ അലട്ടിയില്ല. അല്ലെങ്കിൽ അത്തരം അദ്ധ്വാനങ്ങളോട് അപരിചിതത്വം ഭാവിക്കുന്ന ആഗോള പുരുഷ ശൃംഖലയുടെ ഇങ്ങേയറ്റത്തെ ഒരു കണ്ണിയായിരുന്നു അയാളും. ശാന്തപ്രകൃതി. അശ്വതിയൊരു ഫാർമസിസ്റ്റാണ്. രമേശൻ കെ.എസ്.ആർ.ടി സി കണ്ടക്ടറും. അശ്വതിയുടെ അവധി ഒരേയൊരു ഞായറിലൊതുങ്ങുമ്പോൾ, രമേശന് ഒന്നിടവിട്ട ദിവസങ്ങളിൽ അവധി കിട്ടും.എന്നിട്ടും വഴക്കുകൾ മാത്രം ആ വീട്ടിൽ അവധിയെടുക്കാതെ പണിയെടുത്തു കൊണ്ടേയിരുന്നു. രണ്ട് മക്കളും അവരും ചേരുന്ന ആ ചെറിയ ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇത്തരം ചെറിയ വിഷയങ്ങളിലായിരുന്നുതാനും. രാവിലെ തുടങ്ങുന്ന ഓരോ യുദ്ധങ്ങളും ഏതാണ്ട് ഉച്ചയൂണ് സമയത്തെ വട്ടമേശ ചർച്ചകളിൽ അവസാനിക്കുകയും ചെയ്യും. എങ്കിലും അതേ ആഴ്ചയിൽ മൂന്നാം തവണയും കക്കയിറച്ചി പൊളിക്കേണ്ടി വന്ന അശ്വതിയുടെ അങ്കക്കലി, പോരുകോഴിയെപ്പോലെ വീടിനുള്ളിലെല്ലാം പറന്നു നടക്കുകയും, അർജന്റീനയുടെ രണ്ടാം റൗണ്ട് സാദ്ധ്യത തുലാസിലായതിൽ തീർത്തും നിരാശനായിരുന്ന രമേശൻ പതിവില്ലാതെ അതേറ്റു പിടിക്കുകയും ചെയ്തതോടെ, മക്കള് രണ്ടും വലിയ പരിക്കുപറ്റാതിരിക്കാൻ കിടപ്പുമുറിയുടെ ചുവരുകൾക്കുള്ളിലെ സുരക്ഷിത മേഖലയിലേക്കൊതുങ്ങി. അത്തവണ അടുക്കളയിൽ നിന്നും സ്വീകരണ മുറിയിലേക്ക് പടർന്നു പിടിച്ച യുദ്ധം, അത്ര വില പിടിപ്പില്ലാത്ത പല സാധന സാമഗ്രികൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. കക്കയിറച്ചിയുടെ അരികുകളിൽ വന്നിരുന്ന ഈച്ചകൾ, സഹികെട്ട് തലകുടഞ്ഞ് മറ്റു വീടുകളെ ലക്ഷ്യമാക്കി പറന്നകന്നു. അമ്മിണിപ്പൂച്ചയാവട്ടെ, തന്റെ ഊഴം വരുന്നതും കാത്ത് വിറകുപുരയുടെ പിന്നിൽ തല പൂഴ്ത്തിയിരുന്നു. വീണ്ടുമെണീറ്റ്, ഒരിക്കൽ ഇതേപോലൊരു വഴക്കിനിടയിൽ പറന്നു വന്നു വീണ മത്തിക്കഷണങ്ങളുടെ സുഖമുള്ള ഓർമ്മകളിൽ മുങ്ങി, വിറകുകെട്ടുകൾക്കിടയിലേക്ക് നുഴഞ്ഞു കയറിക്കിടന്നു. ഏതു നിമിഷവും പറന്നു വരാവുന്ന കക്കയിറച്ചി പോലൊരു കൊതിപ്പിക്കുന്ന സ്വപ്നം, അതിന് മുൻപോ പിൻപോ അവൾ കണ്ടിട്ടുമുണ്ടായിരുന്നില്ല.

*”നശിക്കാനായിട്ട് ഓരോ സാധനവും കൊണ്ട് ഓരോരുത്തൻ വന്നോളും. ഈ കാലനൊക്കെ വേറെ വഴിക്ക് പൊയ്ക്കൂടേ “* എന്ന അശ്വതീ ശാപം, ചുട്ടുപഴുത്ത ഇരുമ്പ് പന്തുകളായി രൂപം പ്രാപിച്ച്, ജനാലച്ചില്ലുകളും തകർത്ത് പുറത്തേക്ക് പാഞ്ഞ്, ആ വഴിയിലൂടെത്തന്നെ മടങ്ങുകയായിരുന്ന, വൃദ്ധനായ ആ പാവം കക്കയിറച്ചിക്കാരന്റെ നെഞ്ചിലേക്ക് തുളച്ചുകയറുന്നതും, വല്ലാതെ പൊള്ളിപ്പിടഞ്ഞ അയാളുടെ കണ്ണിൽ നിന്ന് ചോര വീഴുന്നതും രമേശൻ കണ്ടിരുന്നു. അതാണ് അയാളെ പ്രകോപിപ്പിച്ചതും. ഏതാണ്ടറുപത്തഞ്ച് വയസ് പ്രായം തോന്നിക്കുന്ന, കറുത്തുമെല്ലിച്ച ആ മനുഷ്യൻ, തലയിലേറ്റി വച്ചിരിക്കുന്ന പ്രാരാബ്ധങ്ങളുടെ ഭാരത്താൽ കൂനിക്കൂനിയാണ് നടന്നിരുന്നതെങ്കിലും, ആരുടെയും ദയയ്ക്ക് കാക്കാതെ ജീവിക്കുന്നതിൽ അഭിമാനം കൊണ്ടെന്നോണം തല ഉയർന്നു തന്നെ നിന്നു. കാറ്റൊന്ന് ആഞ്ഞ് തള്ളിയാൽ വീണു പോകാനും മാത്രം ദുർബലനായിരുന്നു അയാളെന്ന് രമേശന് തോന്നി. രമേശനെ നോക്കി, വെളുത്ത കടലാസു പോലൊരു നോവ് ചിരി സമ്മാനിച്ച്, ഇടം കൈയ്യാൽ, കൈലിയുടെ കോന്തല ഉയർത്തി കണ്ണ് തുടച്ച് ആ പാവം നടന്നകലുന്നതും നോക്കി രമേശൻ വിഷ്ണനായിരുന്നു.

തലേ ആഴ്ചയിലെ ഒരവധിയുടെ പിറക്കാൻ തുടങ്ങുന്ന ഉച്ചയിലേക്ക്, രണ്ട് പെഗ് മാൻഷൻ ഹൗസ് ഫ്രഞ്ച് ബ്രാണ്ടി ചാലിച്ച് ചേർത്ത് വിരസതയകറ്റവേയാണ് രമേശനയാളെ ആദ്യമായി കാണുന്നത്. മക്കൾ രണ്ടും സ്കൂളിലും, അശ്വതി ഫാർമസിയിലേയ്ക്കും പോയിരുന്നു. “കക്കാ…….റച്ചീ” എന്ന വിളിയുടെ താളമാണ് അയാൾ ആദ്യം ശ്രദ്ധിച്ചത്. ഇത്തരം ‘മെനക്കെടലുക’ളോടുള്ള അശ്വതിയുടെ പ്രതികരണം അറിയാവുന്നതു കൊണ്ട്, വേണ്ട എന്ന് പറയാൻ നാവുയർത്തിയെങ്കിലും, വൃദ്ധന്റെ കണ്ണുകളിലെ ദൈന്യത, അയാളുടെ നാവിനെക്കൊണ്ട് “എന്താ വില” എന്നാണ് ചോദിപ്പിച്ചത്.ഒരു മനുഷ്യൻ ,മറ്റൊരു മനുഷ്യനെ, അവന്റെ നിസ്സഹായതകളെ സംസാരഭാഷയിലൂടെയല്ലാതെ തിരിച്ചറിയുന്ന, അപരിചിതനായ ഒരുവന്റെ നോവുകളെ മറ്റൊരുവൻ സ്നേഹം കൊണ്ട് തൊട്ടെടുക്കുന്ന ഇത്തരം സുഗന്ധമുള്ള സന്ദർഭങ്ങൾ രമേശന്റെ ജീവിതത്തിൽ ആവോളമുണ്ടായിരുന്നുതാനും. രമേശനും, രണ്ടു മക്കളും, അവരുടെ വീടുമായിരുന്നു അശ്വതിയുടെ ലോകമെങ്കിൽ, താൻ ജീവിക്കുന്ന ചുറ്റുപാടുകളിലേക്ക് ആകെ അലിഞ്ഞു ചേർന്ന മനുഷ്യനായിരുന്നു അയാൾ. രമേശന്റെ അനുകൂല ഭാവത്തിൽ സന്തോഷം തോന്നിയ വൃദ്ധനാകട്ടെ, വില പറയും മുമ്പ് തലച്ചുമട് ക്ലേശിച്ച് താഴേയ്ക്കിറക്കി വച്ചു. കെട്ടുപിണഞ്ഞു കിടക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളെന്നോണം ,അയാളുടെ കാലിലെ പിണഞ്ഞു കിടക്കുന്ന ഞരമ്പുകളിൽ ചിലത് കരിനീലിച്ചും, ചിലത് ചുവന്നും കിടന്നു.
പിഞ്ചിത്തുടങ്ങിയ കൈലിയുടെ മടക്കിക്കുത്തഴിച്ച്, വെള്ളയിൽ നിന്നും മഞ്ഞയിലേക്ക് എന്നോ പരിവർത്തനം ചെയ്തു തുടങ്ങിയ ഷർട്ടിന്റെ കൈകൾ ,ഒന്നുകൂടി തെറുത്ത് വച്ച്, തലയിലെ മുഷിഞ്ഞ തോർത്തഴിച്ച്, പടികളിലേക്കിരുന്നു കൊണ്ട് വൃദ്ധൻ മുഖവും, കഴുത്തും അമർത്തിയുഴിഞ്ഞു. വേറൊന്നും ചെയ്യാനില്ലാതെ രമേശനാവട്ടെ അയാളുടെ പ്രവർത്തികൾ സാകൂതം കണ്ട് നിന്നു. കക്കയിറച്ചിയുടെ വിലയിൽ കോർത്ത സംഭാഷണത്തിന്റെ ആദ്യ മുത്തിന് പിന്നാലെ, മനോഹരമായൊരു സൗഹൃദമാലയായി അത് നിമിഷങ്ങൾ കൊണ്ട് പരിണമിച്ചു. കൊല്ലത്തു നിന്നും മാവേലിക്കര വരെയുള്ള ദൂരം നാൽപ്പത്തൊൻപതര കിലോമീറ്ററെന്ന് മനസിലോർത്ത രമേശൻകണ്ടക്ടറിന്, ഈ പ്രായത്തിലും ചുമടുമായി ഇത്ര ദൂരം താണ്ടി ഇവിടത്തെ വഴികളിൽ നടന്ന് ദിവസം തീർക്കുന്ന പാവം വൃദ്ധനോട് വല്ലാത്തൊരു കനിവു തോന്നി. മകളെ കെട്ടിച്ച കടബാദ്ധ്യതയും, തളർന്ന് കിടക്കുന്ന ഭാര്യയുടെ ചികിത്സ ചെലവുകളുടെ ഭാരവുമാണ് താനീ ചുമന്ന് തീർക്കുന്നതെന്ന് ,വൃദ്ധന്റെ നെഞ്ചു പറിഞ്ഞു വന്ന ഒരു ചുമയിൽ കൂടി പറഞ്ഞത് കേട്ടപ്പോൾ, അസഹനീയമായൊരു വേദന തുളഞ്ഞു കയറിയെന്നോണം രമേശൻ ഇരു ചെന്നികളും അമർത്തിപ്പിടിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയാണ്, ആഴ്ചയിൽ മൂന്നാം തവണയും, ആവശ്യമില്ലാതിരുന്നിട്ടുപോലും രമേശനെക്കൊണ്ട് കക്കയിറച്ചി വാങ്ങിപ്പിച്ചത്.

അശ്വതിയുടെ വാക്കുകൾ വൃദ്ധനെ നന്നായി നോവിച്ചു എന്ന് രമേശന് മനസ്സിലായി. തളർന്ന്, മുടന്തി തലച്ചുമടുമായി നടന്നു നീങ്ങുന്ന ആ ദൈന്യരൂപത്തിൽ നിന്ന്, പിന്നീടുയർന്ന “കക്കാ………..റച്ചീ” വിളികൾക്കൊന്നും, ശബ്ദമോ പഴയ താളമോ ഇല്ലെന്ന് രമേശന് തോന്നി. അയാൾ കണ്ണിൽ നിന്നു മറയാതിരിക്കാൻ രമേശനതിയായി ആഗ്രഹിച്ചു. പിന്നാലെ ചെന്ന് വിളിക്കാൻ, അച്ഛനെയെന്നോണം ആ വൃദ്ധനെ നെഞ്ചോടു ചേർക്കാൻ അയാൾ വല്ലാതെ കൊതിച്ചു. ഇനിയത്തെ വരവിന് അയാളോട് മാപ്പു പറയണമെന്നും, അയാളുടെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണമെന്നും രമേശൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അനന്തരം, അടക്കി വച്ച കോപവും, വേദനയുമെല്ലാം ചേർന്ന് പൊളിച്ചതും, പൊളിക്കാൻ ബാക്കിയുള്ളതുമായ കക്കയിറച്ചി തുണ്ടുകൾക്ക് ചിറകു വയ്ക്കുന്നതും, അവ കൂട്ടത്തോടെ പറന്നുയർന്ന് വിറകുപുരയ്ക്കുള്ളിൽ ഉറങ്ങിത്തുടങ്ങിയിരുന്ന അമ്മിണി പൂച്ചയുടെ മുന്നിലേക്ക് പെയ്തു വീഴുന്നതും , അവിശ്വസനീയമായൊരു നോട്ടത്തോടെ അശ്വതി കണ്ടു നിന്നു. വൈകുന്നേരമായി , സന്ധ്യയായി , ആ ദിവസമങ്ങനെ തീർന്നു. അതിനു ശേഷം ഓരോ ദിവസവും, ഉള്ളിലുറഞ്ഞു കൂടിയ വേദനയോടെ,
ആ വൃദ്ധനെ കാത്ത് അയാളിരുന്നെങ്കിലും, പിന്നീടൊരിക്കലും ആ മൺവഴികളിലെങ്ങും
“കക്കാ- – – – -റച്ചീ” എന്ന പതിഞ്ഞ വിളി ഉയർന്നില്ല. ദൂരെയൊരു വഴിയുടെ മൂന്നാമത്തെ വളവിൽ, ചോര പുരണ്ടൊരു കക്കയിറച്ചി പാത്രം അനാഥമായിക്കിടന്നത് രമേശനൊരിക്കലും അറിഞ്ഞതുമില്ല….

Comments
Print Friendly, PDF & Email

You may also like