Home SPORTS ഫുട്ബോൾ ലഹരിയുടെ റഷ്യൻ രാത്രികൾ

worldcup2018: ഫുട്ബോൾ ലഹരിയുടെ റഷ്യൻ രാത്രികൾ

 

റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ എൺപതിനായിരത്തോളം കാണികളെ സാക്ഷി നിർത്തി 2018ലെ ലോകകപ്പിന് തുടക്കമായിരിക്കുകയാണ്.
നാല് വർഷത്തില്‍ ഒരിക്കൽ നടക്കുന്നത് കൊണ്ടായിരിക്കും ലോകകപ്പിനായുള്ള കാത്തിരിപ്പും തയ്യാറെടുപ്പും വേറിട്ടതാണ്. വൻകരകളുടെ അതിർത്തിയില്ലാതെ ഫുട്‍ബോൾ ജ്വരം പടരുകയാണ്.

ഫുട്‍ബോൾ വിദഗ്ധർ, ഏറ്റവും കൂടുതൽ ജയ സാധ്യത കൽപ്പിക്കുന്നത് ഫ്രാൻസ്, ജർമനി, സ്‌പെയിൻ, ബ്രസീൽ ടീമുകൾക്കാണ്. മെസ്സിയുടെ അർജന്‍റീന, റൊണാൾഡോയുടെ പോർച്ചുഗൽ, കറുത്ത കുതിരകളാവാൻ കെൽപ്പുള്ള ബെൽജിയം, യുവ നിരയായ ഇംഗ്ലണ്ട് എന്നീ ടീമുകളെയും തള്ളിക്കളയാനാവില്ല.

സ്‌പെയിൻ അന്ത്യനിമിഷത്തിൽ പരിശീലകനായ ലോപെറ്റെ ഗുയിയെ പുറത്താക്കി സഹപരിശീലകനായ ഫെർണാണ്ടോ ഫിയേറോയെ പുതിയ പരിശീലകനാക്കിയ വാർത്ത ഞെട്ടലോടെയാണ് ഫുട്‍ബോൾ ലോകം കേട്ടത്. ലോപെറ്റെ ലോകകപ്പിന് ശേഷം സിദാനെയുടെ ഒഴിവിൽ റിയൽ മാഡ്രിഡുമായി കരാറുണ്ടാക്കിയതാണ് സ്പാനിഷ് ഫുട്‍ബോൾ അസോസിയേഷനെ ചൊടിപ്പിച്ചത്.

കേരളത്തിലെ ഫുട്‍ബോൾ ആരാധകർ പതിവ് പോലെ ബ്രസീലും അർജന്‍റീനയുമായി ചേരിതിരിഞ്ഞ് സൈബർ യുദ്ധങ്ങളിലും ഫ്ലെക്സ് ധാരാളിത്തത്തിലും മുഴുകിയിരിക്കുകയാണ്.

മെസ്സിയ്ക്ക് കഴിഞ്ഞ തവണ ഗോൾഡൻ ബോൾ കിട്ടിയെങ്കിലും എക്സ്ട്രാ ടൈമിലേക്ക് വഴുതി വീണ ഫൈനലിന്‍റെ നൂറ്റി പതിമൂന്നാം മിനുട്ടിൽ ജർമനിയുടെ ഗോറ്റ്സെ അടിച്ച ഗോളിന്‍റെ ആഘാതം ഇന്നും മാറാതെ നിൽക്കുന്നു. സെമിയിൽ ജെർമനിയോടേറ്റ 7-1 എന്ന കനത്ത പരാജയം പഴങ്കഥയാക്കാനായിരിക്കും നെയ്മറും കൂട്ടുകാരുമെത്തുക.

ചാമ്പ്യൻസ് ട്രോഫിയിലെ മിന്നും താരങ്ങളായ റൊണാൾഡോവിലും സലയിലും പ്രതീക്ഷ അർപ്പിച്ച് പോർച്ചുഗലും ഈജിപ്തും എത്തുന്നു

പ്രതിരോധത്തിന്‍റെ മാന്ത്രിക കോട്ട തീർക്കുന്ന ഇറ്റലിയും വേഗതയാർന്ന കളി കാഴ്ച വെയ്ക്കുന്ന നെതർലാൻഡ്‌സും ചിലിയും ഇക്കുറി അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരാണ്.

പ്രീ ക്വാർട്ടർ ഘട്ടം തൊട്ട് തുല്യ ശക്തികളുടെ ഏറ്റുമുട്ടൽ ഉണ്ടാകും. ചിലർ മരണ ഗ്രൂപ്പിനെ അതിജീവിച്ചു വരുന്നവർ. കരുത്തുറ്റ കളിക്കാരും പെരുമയും മാത്രം പോരാ ഈ ഘട്ടത്തിൽ ജയിക്കാൻ. സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കെൽപ്പും ഇത്തിരി ഭാഗ്യവും ഈ അവസരത്തിൽ തുണയാകും. 94ൽ റോബർട്ടോ ബാജിയോ വരെ പെനാൽറ്റി പുറത്തേക്കു അടിച്ചതാണ്. കോപ്പ അമേരിക്കൻ കപ്പ് ഫൈനലിൽ പെനാൽറ്റി പുറത്തേക്കടിച്ച മെസ്സി കളിയിൽ നിന്ന് വിരമിയ്ക്കാൻ ഒരുങ്ങിയതാണ്.

കാച്ചികുറുക്കിയെടുത്ത പാസുകളുമായി കവിത രചിക്കുന്ന ലാറ്റിൻ അമേരിക്കൻ ശൈലിയോടാണ് മലയാളികൾക്ക് കൂടുതൽ താൽപര്യം. അത് കൊണ്ട് തന്നെ പെലെയും മറഡോണയും നൂറ്റാണ്ടിന്‍റെ താരങ്ങളായി തിളങ്ങുന്നു. എഴുത്തുകാരനും കവിയുമായ റാംമോഹൻ പാലിയത്ത് പറയുന്നത് ഫിക്ഷനും ഭാവനയും ഉള്ളിടത്തേ ഫുട്‍ബോൾ തിളങ്ങൂ എന്നാണ്. ലാറ്റിൻ അമേരിക്കയിലെയും യൂറോപ്പിലെയും ഫിക്ഷൻ ഗംഭീരമാണ്. അത് കൊണ്ട് ഫുട്‍ബോളും.

ഇന്ത്യക്കാരെപ്പോലെ അധിനിവേശക്കാരായത് കൊണ്ടുള്ള മലയാളിയുടെ ലാറ്റിൻ അമേരിക്കൻ പ്രേമം കപടമാണെന്നാണ് ചെറുകഥാകൃത്ത് എസ് ഹരീഷ് അഭിപ്രായപ്പെട്ടത്. അത് കൊണ്ട് ഹരീഷ് യൂറോപ്യൻ ടീമായ ഫ്രാൻസിനെ പിന്തുണയ്ക്കുന്നു .

“ഗോൾ പോസ്റ്റിന്‍റെ പൊരുന്ന ചൂട് അനുഭവിയ്ക്കാൻ വെറളി പിടിച്ചു തിരിച്ചെത്തുന്ന മറ്റുഗോളികളിൽ നിന്ന് വ്യത്യസ്തനായി ഹിഗ്വിറ്റ ഗോൾ പോസ്റ്റിലേക്ക് മടങ്ങുന്നു, ശാന്തനായി യാതൊരു ഗൃഹാതുരത്വവും കൂടാതെ ”
(ഹിഗ്വിറ്റ, എൻ എസ് മാധവൻ )
ഇങ്ങനെ പരമ്പരാഗത രീതികൾ തകർക്കുന്ന കളിക്കാർ ഇക്കുറിയും ഉയർന്നു വരും. അത് 32 രാജ്യങ്ങളിൽ നിന്ന് ആരുമാകാം. കളിയ്ക്കുമ്പോഴും കളി കാണുമ്പോഴും മറ്റെല്ലാം മറന്നു ഏകാഗ്രതയിലേക്കെത്തുന്നു. ഇപ്പോൾ ലഹരിയായ സ്മാർട്ട്‌ ഫോണിൽ നിന്ന് തലയുയർത്തി കളി കാണാനും നമ്മളെ പ്രേരിപ്പിയ്ക്കും.

ഫുട്‍ബോൾ എന്ന യുദ്ധത്തിലൂടെ ലോക സഹോദര്യമെന്ന സമാധാനം സംജാതമാകട്ടെ. ടോൾസ്റ്റോയ് പറഞ്ഞത് പോലെ സമയവും ക്ഷമയും ഏറ്റവും മികച്ച പോരാളികൾ ആവട്ടെ. വാതുവെപ്പുകാരുടെ പ്രവചനങ്ങൾക്കപ്പുറം റഷ്യൻ പുണ്യ നിശകളിലൂടെ ഫുട്‍ബോൾ ലഹരി പടരട്ടെ

Comments
Print Friendly, PDF & Email

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like