പൂമുഖം SPORTS ഒരു സമുറായി വീരഗാഥ

ഒരു സമുറായി വീരഗാഥ

ലോകകപ്പ് ഫുട്ബോളിലെ അവസാന ലീഗ് മത്സരങ്ങൾ നാല് ടീമുകൾക്കും നിർണ്ണായകമാകുന്ന കാഴ്ച ഗ്രൂപ്പ് എ യിൽ കണ്ടു. അവസാന നിമിഷം വരെ ആരൊക്കെ പ്രീ ക്വാർട്ടറിൽ കടന്നു എന്ന് പറയാൻ പറ്റാത്ത അവസ്ഥ. ടെലിവിഷനിൽ രണ്ടാം പകുതിയുടെ അവസാനം സ്പിളിറ്റ് സ്ക്രീൻ വഴി (ജർമ്മനി – കോസ്റ്ററിക്കയും, സ്‌പെയിൻ – ജപ്പാനും തമ്മിലുള്ള കളികൾ ) കണ്ടത് വേറിട്ടൊരു അനുഭവമായിരുന്നു.

ജർമ്മനി കോസ്റ്റ റിക്ക മത്സരം നിയന്ത്രിച്ചത് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതകൾ.
ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപോർട്ടും ബ്രസിലിന്റെ ന്യൂയുസാ ബെക്കും മെക്സിക്കോയുടെ കാരൻ ഡിയാസും.

സ്‌പെയിൻ ജപ്പാൻ മൽസരത്തിൽ തുടക്കത്തിൽ സ്‌പെയിൻ മികച്ച കളി പുറത്തെടുത്തു. ടിക്കി ടാക്ക പാസുകളിൽ അവർ നിരന്തരം ജപ്പാൻ ഗോൾ മുഖത്തെ ആക്രമിച്ചു. പതിനൊന്നാം മിനുട്ടിൽ അതിന് ഫലം കണ്ടു. മോറാട്ടയുടെ ഹെഡ്ഡർ ഗോൾ. ആദ്യ പകുതി ആ ലീഡ് നിലനിന്നു. രണ്ടാം പകുതിയിൽ പൊടുന്നനെ കാര്യങ്ങൾ മാറി മറിഞ്ഞു. ജപ്പാന്റെ ഡോണിന്റെ മികച്ച ഷോട്ട് ഗോൾ ആയി. മൂന്ന് മിനുട്ട് കഴിഞ്ഞ് വിവാദമായ ക്രോസിലൂടെ രണ്ടാം ഗോൾ.

ഒറ്റനോട്ടത്തിൽ ഗ്രൗണ്ടിന് പുറത്താണെന്ന് വ്യക്തമാകുന്ന ആംഗിളിൽ നിന്നായിരുന്നു. അതിവേഗത്തോടെ മിറ്റോമ റാഞ്ചിയെടുത്ത പന്ത് വലയിലെത്തിച്ചത് തനാക . അസിസ്റ്റന്‍റ് റഫറി പന്ത് പുറത്തുപോയെന്ന് പറഞ്ഞതോടെയാണ് വാർ പരിശോധന നടത്തിയത്. വാറില്‍ ജപ്പാന് അനുകൂലമായി തീരുമാനം. എന്നാൽ ചില ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് എതിരാളികൾ വിമർശനം ഉന്നയിച്ചത്.
പിന്നീട് ജപ്പാൻ മികച്ച രീതിയിൽ ഈ ലീഡിനെ പ്രതിരോധിച്ചു നിന്നു. ജപ്പാന്റെ കോച്ച് മോറിയാസുവിന് അഭിമാനിയ്ക്കാം. ഒരു ഏഷ്യൻ ടീം ഗ്രൂപ്പ് ചാമ്പ്യൻസ് ആയി പ്രീ ക്വാർട്ടറിലേക്ക് എത്തുന്നു, രണ്ട് മുൻ ലോക ചാമ്പ്യൻമാരെ ആട്ടിമറിച്ചു കൊണ്ട്.
2-1 ന് കളി തോറ്റെങ്കിലും മികച്ച ഗോൾ ആവറേജിൽ സ്‌പെയിൻ രണ്ടാം സ്ഥാനത്തെത്തി പ്രീ ക്വാർട്ടറിലേക്ക്.

ജയിച്ചാൽ കോസ്റ്ററിക്കയ്ക്ക് ബർത്ത് കിട്ടുമായിരുന്ന ജർമനിയുമായുള്ള കളി. നാർബി തുടക്കത്തിൽ ജർമ്മനിയ്ക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ കളി മാറി മറിഞ്ഞു. 58 മത്തെ മിനിറ്റിൽ കോസ്റ്ററിക്കയുടെ തെ ജേഡാ ഗോൾ മടക്കി. പിന്നീട് മറ്റൊരു ഗോൾ കൂടി കോസ്റ്ററിക്കയ്ക്ക് കിട്ടി, അങ്ങനെ 2-1 ന്റെ ലീഡ്.
തുടർന്ന് ആക്രമിച്ച് കളിച്ച ജർമ്മനി ഹാർവേഡ്സിലൂടെ രണ്ട് ഗോളുകൾ നേടി ലീഡ് നേടി. ഒടുവിൽ 89 മത്തെ മിനിറ്റിൽ ഫുൾ ക്രെഗിന്റെ വക മറ്റൊരു ഗോളും ( ഓഫ് സൈഡ് എന്ന് തോന്നിയിരുന്നു ) മത്സരം 4-2 ന് ജർമ്മനി ജയിച്ചെങ്കിലും തുടർച്ചയായി രണ്ടാം ലോക കപ്പിലും പ്രീ ക്വാർട്ടർ കാണാതെ പുറത്തായി ജർമ്മനി.

2002 ൽ നാലാം സ്ഥാനം നേടിയ സൗത്ത് കൊറിയയുടെ നേട്ടമാണ് ഒരു ഏഷ്യൻ രാജ്യം ലോകകപ്പിൽ നേടിയ ഏറ്റവും ഉന്നതമായ വിജയം. അതിനോടൊപ്പം എത്താനോ, മറി കടക്കാനോ മറിയാസുവിന്റെ സമുറായികൾക്ക് ആകുമോ എന്ന് കാത്തിരുന്ന് കാണാം.

ചരിത്ര നിമിഷം

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like