പൂമുഖം SPORTS കളിയാരവങ്ങൾ അടങ്ങുമ്പോൾ

കളിയാരവങ്ങൾ അടങ്ങുമ്പോൾ

ലോകമെമ്പാടുമുള്ള ഫുടബോൾ പ്രേമികൾക്ക് നിദ്രാ വിഹീനമായ രാത്രികളായിരുന്നു കഴിഞ്ഞ കുറെ നാളുകൾ. രാത്രിയിൽ യൂറോ കപ്പും അതി രാവിലെ കോപ്പാ അമേരിക്കൻ കപ്പും നേരിട്ടും, ടെലിവിഷന് മുന്നിലും സ്മാർട്ട് ഫോണിലും ലോകമെമ്പാടുമുള്ള ഫുടബോൾ ആരാധകർ കണ്ടു. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന യൂറോകപ്പ് ഫൈനലിൽ സ്പാനിഷ് വസന്തം വിരിഞ്ഞു. 2012 ന് ശേഷം അവർ ചാമ്പ്യന്മാരായി. നാലു തവണ യൂറോ കിരീടം എന്ന റെക്കോർഡ് നേട്ടമാണ് ഡെലാഫു എൻഡെയുടെ കുട്ടികൾ നേടിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി ടിക്കി ടാക്കയുടെ പേരിൽ പഴി കേട്ട ടീമായിരുന്നു സ്‌പെയിൻ. പാസിന്റെ ആധിക്യം മൂലം ഗോളടിക്കാൻ മറന്നു പോകുന്നവർ എന്നൊരു കുറ്റവും ചാർത്തിയിരുന്നു. ലൂയിസ് ഡെ ലാ ഫോയിന്റെ എന്ന പരിശീലകൻ ടിക്കി ടാക്കയെ പരിഷ്കരിച്ച് പ്രായോഗിക ഫുടബോളിലേക്ക് സ്‌പെയിൻ എന്ന ടീമിനെ സജ്ജമാക്കി എന്ന് വേണമെങ്കിൽ പറയാം. തികച്ചും ആധികാരികമായി 15 ഗോളുകളടിച്ചാണ് അവർ കപ്പുയർത്തിയത്. (യൂറോ കപ്പിൽ മറ്റൊരു റെക്കോർഡ്. മിഡ്ഫീൽഡിലെ ഭാവനാസമ്പന്നമായ കളി കൊണ്ട് റോഡ്രി മികച്ച താരമായി. അവരുടെ വിംഗുകൾക്ക് അസാമാന്യ വേഗത കൊടുത്തത് കൗമാര താരങ്ങളായ നിക്കോ വില്യംസും ലാമിൻ യമാലുമാണ്. യൂറോ കപ്പ് ഫൈനലിന് തലേ ദിവസം 17 വയസ്സ് തികഞ്ഞ യമാൽ സെമിയിൽ ഫ്രാൻസിനെതിരെയുള്ള ഗോളോട് കൂടി യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനുമായി. യമാലിന് ടൂർണമെന്റിലെ മികച്ച കൗമാരതാരമെന്ന ബഹുമതിയും കിട്ടി. ഫൈനലിൽ നിക്കോ വില്യംസ് അടിച്ച ഗോളിന് അസിസ്ററ് ചെയ്തതും ബാഴ്സലോണയുടെ യുവ അക്കാദമി ലാ മസിയയുടെ വാഗ്ദാനമായ യമാലാണ്. ടൂർണമെന്റിൽ 3 ഗോളുകൾ നേടിയ ഓൽമ ,ഫൈനലിന്റെ രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ തിളങ്ങി നിന്ന കുക്കുറോച്ച അങ്ങനെ കാളക്കൂറ്റന്മാരിൽ പലരും കരുത്ത് കാട്ടി. കുക്കുറോച്ചയുടെ പാസിൽ, പകരക്കാരനായി എത്തിയ യെർസബോലിന്റെ ഗോൾ കപ്പിലേക്കുള്ള വഴിയൊരുക്കി.

തുടർച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ടിനെ ഭാഗ്യം തുണച്ചില്ല. നായകൻ ഹാരി കെയ്ൻ അതിന്റെ ഭാരവും പേറേണ്ടി വരും. കോച്ച് സൗത്ത് ഗേറ്റ് വിരമിക്കുകയാണ്. പ്രതിഭാസമ്പന്നമായിരുന്നു ഇംഗ്ലണ്ട് ടീമും. സെമിഫൈനൽ വരെ തട്ടിമുട്ടി എത്തിയതാണെങ്കിലും സെമിയിൽ ഡച്ച് പടയെ അവർ തുരത്തി. ഇംഗ്ലണ്ടിന് ലഭിച്ച പെനാൽറ്റി ഗോളോടെ ഡച്ച്കാർ തളർന്നു പോയിരുന്നു. സ്‌പെയിൻ ടീമിന്റെ വീര്യം തുടക്കം തൊട്ട് മറ്റ് ടീമുകൾക്ക് ബോധ്യമായി. ക്രൊയേഷ്യ ,ഇറ്റലി (കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാർ) ടീമുകൾക്ക് ആദ്യ റൌണ്ട് പോലും കടക്കാൻ കഴിഞ്ഞില്ല. പുതുക്കിപ്പണിത് തോൽക്കാതെയെത്തിയ ജർമനിയെ, സ്പെയിൻ ക്വാർട്ടറിൽ മറി കടന്നു. ആക്രമ പ്രത്യാക്രമണങ്ങൾ കൊണ്ട് ഉജ്ജ്വലമായിരുന്നു ഈ ക്വാർട്ടർ മത്സരം. സെമിയിൽ ഫ്രാൻസ് ആയിരുന്നു എതിരാളികൾ. പരിക്കിന് ശേഷം എംബാപ്പെ നിറം മങ്ങി. ഗ്രീസ്മാനും ഫോമിൽ ആയിരുന്നില്ല. കാന്റെ മാത്രം അധ്വാനിച്ച് കളിച്ചു. സെൽഫ് ഗോളുകളുടെ ആധിക്യം. അങ്ങനെ ഫ്രാൻസ് ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു യൂറോ കപ്പ് ആയിരിക്കും ഇത്. ക്വാർട്ടറിൽ ഫ്രാൻസിനോട് ടൈ ബ്രേക്കറിൽ തോറ്റു പുറത്തായപ്പോൾ റൊണാൾഡോയും പെപ്പേയും വേദനിച്ച് കെട്ടിപിടിക്കുന്ന ചിത്രവും ആരാധകർ മറക്കില്ല. ഇനിയൊരു യൂറോ കപ്പിന് അവരുണ്ടാകാനുള്ള സാധ്യതയില്ല. കന്നിയങ്കത്തിനെത്തിയ ജോർജിയ മികച്ച പ്രകടനം നടത്തി.

അമേരിക്കയിലെ ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ടിക്കറ്റ് എടുക്കാത്ത കാണികളുടെ തള്ളിക്കയറ്റം കാരണം ഒന്നര മണിക്കൂർ വൈകിത്തുടങ്ങിയ കോപ്പാ അമേരിക്കൻ ഫുട്ബോൾ ഫൈനലിൽ കൊളംബിയ അർജന്റീനയെ വിറപ്പിച്ചു നിർത്തിയെങ്കിലും എക്സ്ട്രാ ടൈമിലെ 112 ആം മിനുട്ടിൽ ലൗറാറ്റൊ മാർട്ടിനസ് അടിച്ച ഗോളിൽ അർജന്റീന തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി. ഈ ടൂർണമെന്റിൽ ലൗറാറ്റൊയുടെ അഞ്ചാമത്തെ ഗോൾ. ലൗറ്റാറോയിക്ക് ഗോൾഡൻ ബൂട്ടും കിട്ടി. സ്കലോണി വിജയങ്ങൾ രചിക്കുന്ന പരിശീലകനായി. ലോക കപ്പ്, 2 കോപ്പാ കിരീടങ്ങൾ, ഫൈനലസീമ അങ്ങനെ നാല് കിരീടങ്ങൾ. ഫൈനലിൽ പരിക്കേറ്റ മെസ്സിയ്ക്ക് 67 ആം മിനുട്ടിൽ പുറത്തു പോകേണ്ടി വന്നു.കൊളംബിയയുടെ അക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞത് അർജന്റീനയുടെ പ്രതിരോധ നിരയിലെ ലിസൻഡ്രോയും റൊമാരിയോയുമാണ് .ഡീപ്പോളും കളം നിറഞ്ഞു കളിച്ചു.

നീലത്തിരമാലകളുടെ മാലാഖ ഡീ മാരിയോയുടെ അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ചത് കൊണ്ട് ഈ കിരീടം അദ്ദേഹത്തിന് വേണ്ടി നേടണമെന്ന് ടീം അദമ്യമായി ആഗ്രഹിച്ചിരുന്നു. ക്വാർട്ടറിൽ ഇക്കോഡോറിനോട് സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇക്കുറിയും ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി. മെസ്സിയുടെ ആദ്യ കിക്ക് പിഴച്ചിട്ടും ഇക്കോഡോറിന്റെ രണ്ട് കിക്കുകൾ തടുത്ത് മാർട്ടിനസ് തന്റെ ടീമിന്റെ സെമി ബർത്ത് ഉറപ്പിച്ചു. സെമിയിൽ കിട്ടിയത് കാനഡയെ ആയിരുന്നു. അതിൽ മെസ്സിയ്ക്കും ഗോൾ നേടാനായി . കൊളംബിയ വരവറിയിച്ചത് ബ്രസീലിനെതിരെയുള്ള സമനിലയോടെയാണ്. റോഡ്രിഗ്രസിന്റെ തിരിച്ചു വരവ് ടീമിനെയും ഉണർത്തി. സെമിയിൽ ഭീഷണിയായ ഉറുഗ്വയെ ലെർമ്മയുടെ ഹെഡർ ഗോളിന് മുട്ട് കുത്തിച്ചു. ബ്രസീൽ നിറം മങ്ങിയിരുന്നു. വിനീഷ്യസ് 2 ഗോളുകൾ നേടിയത് ഒഴിച്ചാൽ കാര്യമായി ആരും തിളങ്ങിയില്ല. ക്വാർട്ടറിൽ ഉറുഗ്വയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ പിഴച്ച് പുറത്തായത് ബ്രസീൽ ആരാധകരെ നിരാശരാക്കി.

കോപ്പാ അമേരിക്കൻ കപ്പിന് ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗ് കുറവായിരുന്നെങ്കിലും അമേരിക്കൻ സ്റ്റേഡിയങ്ങളിൽ കാണികൾ തിങ്ങി നിറഞ്ഞിരുന്നു. അർജന്റീന ടീമിന്റെ വിജയാഘോഷത്തിനിടയിൽ കളിക്കാരനായ എൻസോ ഫെർണണ്ടസ്, ഫ്രാൻസിന്റ എംബാപ്പേയെ വംശീയമായി അധിക്ഷേപിച്ച് പാട്ട് (racist chants) വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ ഫെർണാണ്ടസ് ക്ഷമ പറഞ്ഞെങ്കിലും ഫ്രാൻസ് പരാതിയുമായി ഫിഫയെ സമീപിച്ചിട്ടുണ്ട്. കളിയുടെ സ്പോർട്സ് മാൻ സ്പിരിറ്റിനെ ബാധിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. കളിമികവും വേഗതയും മാനദണ്ഡമാകുമ്പോൾ തന്നെ വലിയ ടൂർണമെന്റിൽ,നിർണ്ണായക മാച്ചുകളിൽ എക്സ്ട്രാ ടൈമിലേക്കും ടൈ ബ്രെക്കറിലേക്കും കളി നീങ്ങുമ്പോൾ,സമ്മർദ്ദം അതിജീവിക്കാനുള്ള കഴിവും ടീമിന്റെ ഒത്തിണക്കവും ഏറെ പ്രാധാന്യമർഹിക്കുന്നു. യൂറോ കപ്പിലും കോപ്പയിലും കളിമികവ് കാട്ടിയവരെ സ്വന്തമാക്കാൻ വൻകിട ക്ലബ്ബുകൾ മത്സരിക്കുകയാണ്. ആരാധകർക്ക് ഇനി അടുത്ത ലോകകപ്പ് വരെ ക്ലബ്‌ മത്സരങ്ങൾ ആസ്വദിയ്ക്കാം.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like