ഈ ലോകകപ്പ് അട്ടിമറിയുടേതാകുമോ? ഫിഫ റാങ്കിങ്ങ് എന്നത് വെറും കടലാസു രേഖകൾ മാത്രമായി മാറുമോ? റാങ്ക് കിട്ടിയ പുലികൾ വെറും കടലാസുപുലികൾ മാത്രമാകുമോ? മാത്രമല്ല ഭൂഖണ്ഡങ്ങൾ തന്നെ മാറി പുതിയ ചരിത്രം കുറിക്കുമോ ഈ ലോകക്കപ്പ്? എന്താണീ ഫിഫ റാങ്കിങ്ങ് ? ഇങ്ങനെ ഒട്ടേറെ സംശയങ്ങൾ ജനിപ്പിക്കാൻ, ഇങ്ങനെ പല ചോദ്യങ്ങളുടെയും ഉത്തരമായി മാറിക്കൊണ്ടിരിക്കുകയാണ് ഖത്തർ ലോകകപ്പ്. വമ്പന്മാർ അടിതെറ്റി വീഴുകയും എഴുനേറ്റ് നില്ക്കാൻ പാടുപെടുകയും ചെയ്യുമ്പോൾ പുതിയ കുറേ താരങ്ങൾ ഊർജ്ജസ്വലതയോടെ വിജയഗാഥ കുറിക്കുന്നു. ഫിഫ റാങ്കിങ്ങിലെ വമ്പൻമാർ അട്ടിമറിക്കപ്പെട്ട മത്സരങ്ങൾ ലോകത്താകമാനം ചർച്ച ചെയ്യപ്പെടുന്നു.
സൂറിച്ച് സർവ്വകലാശാലയിലെ സ്വിസ് അദ്ധ്യാപകരായ മാർക്കസ് ലാംപ്രെക്റ്റുമും
ഡോ. ഹാൻസ്‌പീറ്റർ സ്റ്റാമും 1992ൽ രൂപപ്പെടുത്തിയ റാങ്കിങ് ഫോർമുലയാണ് പിന്നീട് ഒട്ടേറെ
പുനഃപരിഷ്കരണങ്ങളിലൂടെ ഇന്ന് നാം ഉപയോഗിച്ചുവരുന്ന റാങ്കിങ് സമ്പ്രദായം.
ഫിഫ അംഗീകരിച്ച എല്ലാ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഫലങ്ങളെ അടിസ്ഥാനമാക്കി
പോയിന്റ് നൽകിയുള്ള സിസ്റ്റം അനുസരിച്ച് ഏറ്റവും മുന്നിലെത്തിയവരാണ് ഇന്ന് ലോകകപ്പിൽ
മുട്ടിലിഴയുന്നത്. ഈ ലോകകപ്പ് അട്ടിമറിയുടേതാകുമെന്ന് തുടക്കം തന്നെ സൂചന
നൽകിക്കൊണ്ടിരുന്നു. മൂന്നാം റാങ്കുകാരായ,ലോകത്താകമാനം ആരാധകരുള്ള
സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയെ അൻപത്തിമൂന്നാം റാങ്കുകാരായ
സൗദ്യ അറേബ്യ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് അട്ടിമറിച്ചപ്പോൾ ലോകം ഞെട്ടി.
മെസ്സി ആരാധകരെ സങ്കടക്കടലിൽ ആഴ്ത്തി.
ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ ഇക്കുറി ഇരുപത്തിരണ്ടാം റാങ്കുള്ള മൊറോക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചു. അതോടെ ബ്രസൽസ് കത്തി.പലരുടെയും പ്രവചനത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു ബെൽജിയം. നാലു തവണ ലോക ചാമ്പ്യൻമാരായ ജർമനിയെ ജപ്പാൻ പരാജയപ്പെടുത്തുന്നു, സമനിലയിൽ പിടിക്കുന്നു. ഇങ്ങനെ , പ്രവചനങ്ങൾക്ക് അപ്പുറത്താണ്. ഫിഫ റാങ്കിങ്ങിനൊന്നും വലിയ പ്രസക്തി ഇല്ലാതാകുന്നു.
കവർ : നിയ മെതിലാജ്