യാത്ര

കൃഷ്ണഗാഥ തേടിയൊരു യാത്ര – 6സന്ന്യാസത്തിന്‍റെ മഹത്വം

ശ്രീ കൃഷ്ണഭൂമിയിലെമ്പാടും വിവിധ തരത്തിലും ഭാവത്തിലുമുള്ള സന്ന്യാസിവര്യന്മാരെ കാണുവാന്‍ കഴിയും. മിക്കവാറും ഇഹലോക പൊള്ളത്തരങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും ഐഹിക വിഷയങ്ങളില്‍ നിലവിട്ടു അഭിരമിക്കാന്‍ കൂട്ടാക്കാത്തവരുമാണ്. അവരുടെ ജീവിതം പുറമേ നിന്ന് നോക്കുന്നവര്‍ക്ക്‌ അലസവും, വിരസവും, ശൂന്യവുമായി തോന്നിക്കൂടായ്കയില്ല.
ദാനമായി ലഭിക്കുന്ന പ്രസാദം ഭക്ഷിച്ച്‌ ശരീരമെന്ന സ്ഥൂല പ്രകൃതിയെ കേവലമായി കരുതുന്നവരുമാണ് മിക്കവാറും പേര്‍ . അതിന്‍റെ ആരോഗ്യത്തിനോ ഭംഗിക്കോ മോടിക്കോ വേണ്ടി യാതൊന്നും അവര്‍ ചെയ്യുന്നതായിക്കണ്ടില്ല. അതുകൊണ്ടുതന്നെ ഗോപീചന്ദനക്കട്ട കുഴച്ച് ശരീരത്തിൽ തേച്ചു പിടിപ്പിച്ച്, ഭസ്മം പുരട്ടിയോ, വെയിലോ, മഴയോ, വകവെക്കാതെ ചുക്കിച്ചുളുക്കി കൊണ്ട് നടക്കുന്നു.
എല്ലിനോട് ഒട്ടിനില്ക്കുന്ന തൊലി മാത്രമാണവരുടെ ശരീരശാസ്ത്രം. അതിനുള്ളില്‍ കൊഴുപ്പ് തങ്ങി നില്ക്കാനുള്ള അവസരം അവരുടെ ജീവിതക്രമത്തിലില്ല. എന്നാല്‍ എല്ലിന്‍ കൂടിനുള്ളില്‍ ജ്വലിക്കുന്ന ആത്മപ്രഭാവത്തിന് ആയിരം സൂര്യരശ്മിയുടെ കരുത്തുണ്ട്.
മനസ്സില്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഈശ്വരബോധത്തെ പലവിധ തപോനുഷ്ഠാന പ്രക്രിയകളിലൂടെ ബലപ്പെടുത്തുവാനായി ഈ ശരീരത്തെ അവര്‍ പല പ്രകാരത്തില്‍ ഉപയോഗിക്കുന്ന കാഴ്ചകളും സുലഭമാണ്.

 v11

ചെറുപ്പക്കാരും പ്രായാധിക്യം വന്നവരും സ്ത്രീപുരുഷഭേദമെന്യേ പ്രദക്ഷിണ വഴികളില്‍ കിലോമീറ്ററുകള്‍ ഉരുണ്ടും, നിരങ്ങിയും, ഒരിഞ്ചുഭൂമിപോലും പാഴാക്കാതെ സാഷ്ടാംഗപ്രണാമം ചെയ്തു മുന്നേറുന്ന ദൃശ്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. എന്നാല്‍ അപൂര്‍വം തപോധനന്മാര്‍ നൂറ്റെട്ട് കല്ലുകള്‍ കാല്പാദത്തിനരികില്‍ കുന്നുകൂട്ടിയിട്ട് ഓരോ നമസ്കാരത്തിനും ഓരോ കല്ല്‌ എന്ന രീതിയില്‍ ഒരിടത്ത് തന്നെ നൂറ്റെട്ട് സാഷ്ടാംഗപ്രണാമം നടത്തി മുന്നേറുന്നു.
ഇപ്രകാരം ഗോവര്‍ദ്ധനത്തെ വലംവയ്ക്കാന്‍ രണ്ടും മൂന്നും മാസങ്ങള്‍ തുടര്‍ച്ചയായി രാപ്പകല്‍ നമസ്കരിച്ചു നീങ്ങിയാലേ കഴിയൂ.
ഇതിനിടയില്‍ സജ്ജനങ്ങള്‍ അലിവു തോന്നി നല്കുന്ന ഭിക്ഷ മാത്രമാണ് അവരുടെ ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്.
ഇത്തരത്തില്‍ സ്വശരീരത്തെ തപിപ്പിച്ചു നേടുന്ന പുണ്യാവസ്ഥയെക്കുറിച്ച് ഐഹിക വിഷയങ്ങളില്‍ ഭ്രമിച്ച് ജീവിക്കുന്നവര്‍ക്ക്‌ ചിന്തിക്കാനേ കഴിയില്ല.

v17

ശരീരമെന്നാല്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഭൌതിക പേടകം മാത്രമാണ്. അതിനുള്ളില്‍ നിറഞ്ഞു നില്ക്കുന്ന ‘ഞാന്‍’ എന്ന ഉൾ സാന്നിദ്ധ്യമാണ്  ഇന്ദ്രിയവ്യവഹാരങ്ങളിലൂടെ എണ്ണിയാലൊടുങ്ങാത്ത ലോകവിഷയങ്ങളെ അഞ്ചു തരത്തില്‍ അനുഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആ പ്രവര്‍ത്തനത്തിന്‍റെ ഫലം സുഖ-ദുഃഖ ദ്വന്ദ രൂപങ്ങളിലാണ് മനുഷ്യന് അനുഭവത്തില്‍ വരുന്നത്. അവ പരസ്പരപൂരകങ്ങളായി നില്ക്കുന്നു. ഏതെങ്കിലും ഒന്നിന് മാത്രമായി സാധുതയില്ല. നിലനില്പ്പില്ല. ഈ ജീവിത സൂത്രം അറിയുന്നവരാണ് യഥാര്‍ത്ഥ താപസന്മാര്‍.
അവര്‍ ശരീരമെന്ന ചിന്ത വെടിഞ്ഞ് അതുള്‍ക്കൊള്ളുന്ന മനസ്സ്-ബുദ്ധി-അഹങ്കാരം-ചേതന എന്നിവയെ കേന്ദ്രമാക്കി ജീവിത പദ്ധതികള്‍ തയ്യാറാക്കി ലോകത്തിനു നല്കുന്നു.

]v9

അതിന്‍റെ നേര്‍ക്കാഴ്ചകളാണ് പലവിധ തപോനുഷ്ഠാനങ്ങളായി നമുക്ക് ചുറ്റും കാണുന്നത്.
രാത്രിയില്‍ വൃന്ദാവനത്തില്‍ വണ്ടിയിറങ്ങുമ്പോള്‍ യമുനയില്‍ പൂനിലാവ്‌ പരന്നു കഴിഞ്ഞിരുന്നു.
വള്ളക്കാരും റിക്ഷക്കാരും അരങ്ങൊഴിഞ്ഞ ശാന്തത എങ്ങും. നിലാവ് വീണ ചെളിക്കുണ്ടില്‍ പന്നികള്‍ വിശ്രമിക്കുന്നു. പശുക്കൂട്ടങ്ങള്‍ റോഡരുകില്‍ കിടന്നു അയവെട്ടുന്നു. ദൂരക്കാഴ്ചകളില്‍ മതിലുകളിലും വാനരകുടുംബങ്ങള്‍ ഗോളാകൃതി പൂണ്ടിരിക്കുന്നു.
ബല്‍ജിയംകാരി രാധാദാസിയും സത്രത്തിലെ സ്ത്രീകളുടെ ഇടയില്‍ ഇടം കണ്ടെത്തി സുന്ദരമായി ഉറങ്ങി.

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.