പൂമുഖം ഓർമ്മ സ്നേഹത്തിന്‍റേയും കവിതയുടേയും സായാഹ്നങ്ങൾ

സ്നേഹത്തിന്‍റേയും കവിതയുടേയും സായാഹ്നങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

മറ്റൊരു ലോകത്തിരുന്നു പുലാക്കാട് ഇത് വായിക്കുമ്പോൾ എന്‍റെ നെറുകയിൽ ആശീർവാദങ്ങൾ വ ർഷിക്കുന്നുണ്ടാവും തീർച്ച

പുലാക്കാടുമായുള്ള ഞങ്ങളുടെ സൗഹൃദം (ഞങ്ങൾ എന്ന് പറയുമ്പോൾ ഞാനും എന്‍റെ സുഹൃത്തും സഹപാഠിയുമായ സതീശൻ പുതുമനയും )1969 ൽ തുടങ്ങി അദ്ദേഹം കോടി മുണ്ട് പുതച്ചു കിടക്കുന്നതു വരെ നീണ്ടു നിന്നു . ഞങ്ങൾ അന്ന് ബിരുദപഠനവും കഴിഞ്ഞു ജോലിക്കു വേണ്ടി ഉഴറി നടക്കുന്ന കാലം..ഒലവക്കോട് റെയിൽവേ കോളനിയിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് .പുലാക്കാടിന്‍റെ അച്ഛനും റെയിൽവേ ഉദ്യോഗസ്ഥയായിരുന്ന സഹോദരിയും അന്ന് റെയിൽവേ കോളനിയിൽ താമസിച്ചിരുന്നു.എല്ലാ വാരാന്ത്യങ്ങളിലും പുലാക്കാട് സഹോദരിയുടെ വീട്ടിൽ വരുമായിരുന്നു .അപ്പോഴൊക്കെ വൈകുന്നേരം ഞങ്ങൾ മൂവരും കൂടി നടക്കാനിറങ്ങും .ആ സായാഹ്ന യാത്രകളിൽ അദ്ദേഹം അപ്പപ്പോൾ എഴുതിയിരുന്ന കവിതകൾ ഞങ്ങളെ ചൊല്ലിക്കേൾപ്പിക്കും.ഞാനിപ്പോഴും ഓർക്കുന്ന ഒരു കവിതയുടെ വരികൾ ഇതാ.

“തിളച്ച വെള്ളത്തിലേ തട്ടി-
ത്തിളയ്ക്കൂ നിന്‍റെ രാഗമ-
ക്കന്യമാരുടെയോ ചുട്ട
കണ്ണീരിങ്കലുമാകയാൽ
തുല്യ ദു:ഖിതരാം ചായേ
നീയും ആ നീൾക്കണ്ണിമാര്‍കളും ”

പുലാക്കാടുമൊത്തുള്ള ഞങ്ങളുടെ യാത്ര ഒലവക്കോട് റെയിൽവേ സ്റ്റേഷന് അപ്പുറത്തുള്ള കോട്ടക്കൽ വൈദ്യ ശാല വരെ നീളും ഡോക്ടർ കർത്താവായിരുന്നു അന്ന് അവിടത്തെ വൈദ്യൻ.വൈദ്യശാലയിലിരുന്നു ഞങ്ങൾ വർത്തമാനങ്ങൾ പറയും.

ശ്രീ മുണ്ടുർ കൃഷ്ണൻകുട്ടിമാഷും ഞങ്ങളോടൊത്ത്ല ചിലപ്പോൾ ഉണ്ടാവും. രോഗികൾ ഇല്ലാത്ത സമയത്തു് ഡോക്ടറും ഞങ്ങളോടൊപ്പം ചേരും .പുലാക്കാട് നല്ലൊരു ഫലിതപ്രിയനും ആയിരുന്നു.ഒരിക്കൽ വൈദ്യശാലയിൽ വന്ന കൈനോട്ടക്കാരൻ പുലാക്കാടിന്‍റെ കൈ നോക്കി പറഞ്ഞു “ലേറ്റ് മാര്യേജിനാണ് യോഗം കാണുന്നത് . ഉടൻ വന്നു അദ്ദേഹത്തിന്‍റെ മറുപടി. “ഇതിൽ ആദ്യത്തെ പാർട് കഴിഞ്ഞു. ഇനി മാര്യേജ് മാത്രമേ ബാക്കിയുള്ളൂ.”ഞങ്ങൾ എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നീട് കുറെ കഴിഞ്ഞാണ് പുലാക്കാട് വിവാഹിതനാവുന്നത് . അദ്ദേഹത്തിന്‍റെ വിവാഹത്തിൽ ഞാൻ പങ്കെടുക്കുകയുണ്ടായിട്ടുണ്ട് .

മടക്ക യാത്രകളിൽ ഒലവക്കോട് സ്റ്റേഷന്‍റെ അടുത്തുള്ള ബാലമുരുകൻ കഫെ എത്തുമ്പോൾ പുലാക്കാട് പറയും “രാമചന്ദ്രാ , ഒരു വയറിങ് ആവാമല്ലേ?” ദോശയും ചായയും കഴിച്ചു ഞങ്ങൾ അവിടെ നിന്നിറങ്ങും .ഞങ്ങൾക്ക് ജോലിയില്ലാത്തതിനാൽ പുലാക്കാടാണ് എപ്പോഴും പണം കൊടുക്കുക.

kozhi 1

ഒരിക്കൽ റെയിൽവേ പാലത്തിനു മുകളിലുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ ഒരു ഭാഗത്തു നിന്ന് കാളവണ്ടിയും എതിർഭാഗത്തു നിന്ന് ബസ്സും വരുന്നുണ്ടായിരുന്നു. പുലാക്കാട് പറഞ്ഞു ” രാമചന്ദ്രാ നമ്മൾ ഇപ്പോൾ രണ്ട് യുഗങ്ങൾക്കു നടുവിലാണ്.”

സതീശൻ ആയിടക്ക് കോളനിയിൽ ഒരു ട്യുട്ടോറിയൽ കോളേജ് തുടങ്ങിയതിനാൽ ഞങ്ങളുടെ യാത്രയിൽ പങ്കു ചേരുന്നത് കുറച്ചു.പെരിന്തൽമണ്ണ, അലനല്ലൂർ,തൃശ്ശൂർ, കോഴിക്കോട് എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളില്‍ കവി കാഥിക സമ്മേളനത്തിന് പുലാക്കാട് എന്നെ കൊണ്ടുപോയിട്ടുണ്ട് .ഞാൻ ഒരു ശ്രോതാവ് മാത്രമായിരുന്നു.പുലാക്കാടിനൊപ്പം വൈലോപ്പിള്ളി,ഇടശ്ശേരി എന്നിവരുടെ വീടുകളിലേക്കും ഞാൻ പോയിട്ടുണ്ട്. പൊന്നാനിക്കാരനായ ഞാൻ എന്‍റെ തറവാടു വീടിനടുത്തുള്ള ഇടശ്ശേരിയുടെ വീട്ടിലേക്കു പുലക്കാടുമൊത്താണ് ആദ്യം പോയത്.

1974 ൽ ബാങ്കിൽ ജോലി കിട്ടി കണ്ണൂർക്ക് പോകുന്നത് വരെ ഞങ്ങൾ ഈ സായാഹ്നയാത്രകൾ തുടർന്നു.പിന്നീട് അധികം കാണാറുണ്ടായിരുന്നില്ല .റെയിൽവേ കോളനിയിലുള്ള കുട്ടികൾക്ക് പുലാക്കാടിന്‍റെ അച്ഛൻ ഇംഗ്ലീഷ് ട്യൂഷൻ എടുത്തിരുന്നു. ഷേക്‌സ്‌പിയർ വാരിയർ എന്നാണ് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. പുലാക്കാട് എന്‍റെ അച്ഛന്‍റെ അക്ഷരശ്ലോക സുഹൃത്ത് കൂടി ആയിരുന്നു . അദ്ദേഹത്തിന്‍റെ ഒരു കവിതാസമാഹാരത്തിനു പ്രവാസം എന്ന പേര് നിർദേശിച്ചത് എന്‍റെ അച്ഛനായിരുന്നു.’ശ്രീ സി ആർ മേനോന് സൗഹൃദോപഹാരം’ എന്ന് എഴുതി ആ പുസ്തകം അച്ഛന് കൊടുക്കുകയും ഉണ്ടായി.-1973ൽ .

പുലാക്കാടിനെ ഞാൻ അവസാനമായി കണ്ടത് ഗുരുവായൂരിൽ വെച്ചാണ് .1995ൽ .ക്ഷേത്രത്തിന് പുറത്തുള്ള ഒരു പന്തലിൽ “പുലാക്കാട് രവീന്ദ്രന്‍റെ കവിതകൾ “എന്ന പുസ്തകത്തിന്‍റെ പ്രകാശനം നടക്കുകയായിരുന്നു..കുഞ്ഞുണ്ണിമാഷും പുലാക്കാടും സ്റ്റേജിൽ ഉണ്ടായിരുന്നു.” പുലാക്കാടിന്‍റെ പുറം കണ്ണ് നഷ്ടപ്പെട്ടുവെങ്കിലും അകക്കണ്ണ് എപ്പോഴും തുറന്നിരിക്കും”എന്ന് കുഞ്ഞുണ്ണി മാഷ് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് പറഞ്ഞു. പുലാക്കാട് എഴുന്നേറ്റു മെല്ലെ മെല്ലെ മൈക്കിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് അദ്ദേഹത്തിന്‍റെ കാഴ്ച നഷ്ടപ്പെട്ട വിവരം ഒരു ഞെട്ടലോടെ ഞാനറിയുന്നത്.യോഗം കഴിഞ്ഞപ്പോൾ സദസ്സിന്‍റെ ഏറ്റവും പിന്നിലിരുന്ന ഞാൻ ഓടിച്ചെന്നു അദ്ദേഹത്തിന്‍റെ കരങ്ങൾ ഗ്രഹിച്ചു. ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു . പുറം കണ്ണ് കൊണ്ട് എന്നെ കാണാൻ കഴിയാത്തതിലുള്ള പുലാക്കാടിന്‍റെ ദു:ഖവും ,ഇങ്ങനെ ഒരവസ്ഥയിൽ അദ്ദേഹത്തെ കാണേണ്ടി വന്നതിലുള്ള എന്‍റെ ദു:ഖവും ഞങ്ങൾ മൂകമായി കൈമാറി .തിരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ പുലാക്കാടിന്‍റെ വരികള്‍ എന്‍റെ കൂടെ വന്നു.

“എന്നിൽ നിന്നൊളിച്ചോടിപ്പോകുവാൻ കഴിയാത്തൊ-
രെന്‍റെ ദുഃഖത്തെക്കുറിച്ചാരറിഞ്ഞിരിക്കുന്നു….”

ഏതാനും മാസങ്ങൾ കഴിഞ്ഞു ഞാൻ കാണുന്നത് കോടി മുണ്ട് പുതച്ചു കിടക്കുന്ന പുലാക്കാടിനെയാണ്. അദ്ദേഹത്തിന്‍റെ വരികൾ തന്നെയാണ് എനിക്ക് അപ്പോൾ ഓർമ്മ വന്നത്.
“കോടിമുണ്ടുടുപ്പിച്ചിതാരെന്നെയാദ്യം ശവ –
ക്കോടിയിൽ പൊതിഞ്ഞേനാ വാത്സല്യത്തിടമ്പിനെ
അലയും മുറയുമായ് കാൽക്കൽ വീഴുന്നൂ ദുഃഖം
തലയ്‌ക്കലെഴുന്നേറ്റു തെളിഞ്ഞു കത്തും ദീപം “

Comments
Print Friendly, PDF & Email

രാമചന്ദ്രന്‍ കോഴിപ്പുറത്ത് -വിരമിച്ച ബാങ്ക് ഓഫീസര്‍ (SBI)- പാലക്കാട് വിശ്രമ ജീവിതം -വായനക്കാരന്‍ -സാഹിത്യാസ്വാദകന്‍- ഒരു വലിയ സുഹൃദ് വലയത്തിന്‍റെ ഉടമ .

You may also like